ADVERTISEMENT

ആകാശത്തോളം വളർന്നു നിൽക്കുന്ന പൈൻ മരത്തിന്റെ ചുവട്ടിൽ ഒരു ഒരു പിടിമുറ്റാത്ത അപ്പൂപ്പൻ വേരിൽ അവനെയും കാത്തു കാത്ത് അവൾ ഇരുന്നു. പ്രകൃതി മനോഹരമായ ഹോളി ഹിൽ റാഞ്ചിൽ വന്നെത്താമെന്നു അവൻ പറഞ്ഞതനുസരിച്ചാണ് അവൾ അവിടെ തന്നെത്താൻ കാറോടിച്ചു രാവിലെ തന്നെ എത്തിയത്.  ഹോളി ഹിൽ റാഞ്ച് അമേരിക്കയിലെ ഒരു മനോഹരമായ റിസോർട്ട് ആണ്. പൊലീസ് സെക്യൂരിറ്റിയോടെ ആയിരം ഏക്കറിലധികം വരുന്ന റാഞ്ചിൽ പ്രകൃതി ദത്തമായ ഒരു തടാകത്തിന്റെ ശാഖയോടൊപ്പം കുന്നുകളും കാടുകളും പൂന്തോപ്പുകളൂം ചെറിയ വീടുകളും കൊണ്ട് സമ്പന്നമാണെന്നു മാത്രമല്ല മിനി ഗോൾഫ് ഉൾപ്പടെ, ടേബിൾ ടെന്നീസ്, ടെന്നീസ്, ബാസ്കറ്റ് ബോൾ, വോളി ബോൾ, സ്വിമ്മിങ് പൂൾ, പുല്തകിടികൾ മുതലാവയും അതിഥികളെ ആകർഷകരാക്കുന്നു. മാൻ പേടകളും, കേഴകളും, മുയലും പക്ഷികളും ഹോളി ഹില്ലിന്റെ പ്രത്യേകതയാണ്. ഫിഷിങ്ങ് ഇവിടെ എത്തുന്നവരുടെ ഒരു ഹോബി തന്നെ ആണ്.ഓണർഷിപ് ഉള്ളവർക്കുമാത്രമേ പ്രവേശനം ഉള്ളു എന്നത് പ്രത്യേകതയാണ്. അനുവാദത്തോടെ ഓണേഴ്സിന്റെ ഗസ്റ്റുകൾക്കും താമസിക്കാം.

 

മെർലിൻ തന്റെ ഐ ഫോണിൽ വാട്സ് ആപ്പ് ക്ലോസ് ചെയ്തിട്ടു സമയം നോക്കി. സന്ധ്യക്ക്‌ ആറു മണിയോടെ എത്തുമെന്നാണല്ലോ അവൻ പറഞ്ഞിരുന്നത്. ഇവിടെ ഡേ ലൈറ്റ് സേവിങ് ആയതിനാൽ ഇരുട്ടാൻ എട്ടുമണിയെങ്കിലും ആകുമെന്നത് ആശ്വസമായി. ഇപ്പോൾ ആറുകഴിഞ്ഞു പത്തുമിനിട്ടുകൂടി മുമ്പോട്ടു പോയിരിക്കുന്നു. 'അഞ്ചു മിനിറ്റുകൂടി നോക്കാം പിന്നെ ഒന്നുകൂടി സെല്ലിൽ വിളിച്ചു നോക്കാം' അവൾ മനസ്സിൽ പറഞ്ഞു. " ഐ വിൽ ബി ദെയ്ർ വിഥിൻ ഫൈവ് മിനിറ്റ് ഡാർലിംഗ്" പെട്ടെന്നാണ് അവൾ ടെക്സ്റ്റ് മെസ്സേജ് കണ്ടത്.  ആ അഞ്ചു മിനിറ്റ് അവൾക്കു അഞ്ഞൂറ് മൈൽ യാത്ര ചെയ്യുന്ന ദൂരം പോലെ തോന്നി. വീട്ടിലിരുന്നു മടുത്തപ്പോൾ ആണ്  അവൾക്കു പുറത്തേക്കിറങ്ങി പ്രകൃതി ഒന്ന് ആസ്വദിക്കാൻ തോന്നിയത്.  ആകാശം മുട്ടെ വളർന്നു നിൽക്കുന്ന പൈൻ മരങ്ങളുടെ കാട്.  അതിന്റെ ഇലച്ചില്ലിനിടയിൽ കൂടി സൂര്യ രശ്മികൾ ഭൂമിയിൽ ശരങ്ങൾ പോലെ അരിച്ചിറങ്ങി നിലത്തു പതിച്ചു കൊണ്ടിരുന്നു.  മനോഹാരിത പരത്തി വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ വെള്ളിമേഘങ്ങൾ വിശാലമായ നീലാകാശത്തു പറന്നു കളിക്കുന്നു. തൂവെള്ള നിറമുള്ള മുഴുത്ത മഗ്നോളിയ പൂക്കളുടെ ഗന്ധം അവളുടെ മൂക്കിൽ തുളച്ചു കയറി. നാടൻ ഗന്ധരാജൻ പൂക്കളെ ഓർത്തുകൊണ്ട് അവൾ ഒരു പൂവ് ഇറുത്തെടുത്തു മണപ്പിച്ചു.  ഹാ..എന്തൊരു വാസന...ഈ പൂവിന്റെ പൂമ്പൊടി തേനീച്ചകൾ ഒരു പ്രത്യേക സെല്ലിൽ ശേഖരിക്കുമെന്ന് തേനീച്ച വളർത്തുന്ന എബ്രഹാം അങ്കിൾ പറഞ്ഞതവൾ പെട്ടെന്ന് ഓർത്തുപോയി.

 

വീണ്ടും അവൾ നോക്കെത്താത്ത ദൂരത്തു കണ്ണും നട്ട് അവനെ ഓർത്തിരുന്നു. അവൻ അടുക്കൽ ഉള്ളപ്പോൾ ഇത്രയുമില്ല, പക്ഷെ അകലെയാകുമ്പോൾ....മനസിന്റെ അകത്തളത്തിൽ  മൊട്ടിട്ട വിരഹത്തിന്റ ഗർത്തത്തിൽ നിന്നും പ്രേമത്തിന്റെ ഇളം മന്ദമാരുതൻ മെല്ലെ വീശുന്നതവൾ അറിഞ്ഞു. ഉത്തമ ഗീതത്തിലെ പ്രേമ പരവശയായ, സുന്ദരിയായ മെലിഞ്ഞു കറുത്ത പെൺകുട്ടിയെ പോലെ എന്തിനോ വേണ്ടി അവൾ തിരഞ്ഞു. ശരിയാണ് പ്രേമത്തെ ഇളക്കുവാൻ പാടില്ലെന്നാണ് ഉത്തമ ഗീതത്തിൽ എഴുതിയിരിക്കുന്നത്. കാത്തിരിപ്പിന്റെ വിരസതയിൽ അവൾ പൈൻ മരത്തിന്റെ ഉണങ്ങിയ പൂക്കൾ നിരത്തി ഒരു പുതിയ പൂവിനു രൂപം നൽകി. അതോടൊപ്പം അവളുടെ അടുക്കളയിൽ ഇലട്രിക് സ്റ്റോവിൽ കഞ്ഞിയും പയറും തയാറായിക്കൊണ്ടിരുന്നു എന്ന് അവൾ ഓർക്കാൻ മറന്നില്ല. വേവാൻ സമയമുണ്ടല്ലോ....

 

ഒടുവിൽ അവന്റെ ബെൻസിന്റെ ശബ്ദം അവളുടെ കാതുകളിൽ ഇരമ്പലായി, പിന്നെ ഒരു നാദ സ്വരം പോലെ ഇമ്പമായി മാറി. "റോബർട്ട് " തന്റെ പ്രിയൻ ഇതാ എത്തുന്നു. ബിസിനസ് ട്രിപ്പുമായി ഒരുമാസമായി സിംഗപൂരിലായിരിന്നു അവൻ. അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ, പ്രേമത്തിന്റെ മിന്നലുകൾ ആയിരം കൊള്ളിമീൻ പോലെ മിന്നി മറഞ്ഞു. അവൻ എന്തുകൊണ്ടും സുന്ദരൻ തന്നെ. കറുത്ത ജീൻസും നേവി ബ്ലൂ ടി ഷർട്ടും ധരിച്ചു ചൂടിനെ നേരിടാൻ ഒരു സ്റ്റൈലൻ കൂളിംഗിൽഗാസും ധരിച്ചു അവൻ കാറിൽ നിന്നും ഇറങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു.  അവനെ താൻ കണ്ടില്ലെന്ന ഭാവത്തിൽ അവൾ മുഖം കുനിച്ചിരുന്നു. "അവൻ തന്നെ വിളിക്കട്ടെ" അവൾ മനസ്സിൽ ഓർത്തുകൊണ്ട് മറ്റൊരു കലാരൂപം സൃഷ്ടിക്കുന്നതിൽ തിരക്കിലായി. "ഹായ് മെർലിൻ..." അവൻ ഉറക്കെ വിളിച്ചു.  അവൾ മുഖം ഉയർത്തി അവനെ നോക്കി.  അവന്റെ സൗന്ദര്യത്തിൽ എന്നും അവൾ യഥാർത്ഥത്തിൽ ആകർഷയായിരുന്നു. എന്തൊരു പേഴ്സണാലിറ്റി.ഇവൻ പിന്നെയും വണ്ണം വച്ചുവോ...ഹോട്ടലിലെ തീറ്റിയായിരിക്കും.... അവൾ ഓർത്തു.  എങ്കിലും അത് അവൾ പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചു. അവൻ തന്റെ അരികിലേക്ക് ഓടി എത്തും. തന്നെ കോരി എടുത്തു ഉമ്മവയ്ക്കും എന്നൊക്കെ അവൾ വിചാരിച്ചു. 

 

പക്ഷെ അവൻ കാറിനു വെളിയിൽ ഇറങ്ങി വീണ്ടും വിളിച്ചു ഹേ മെർലിൻ... കമ്മോൺ...പെണ്ണെ , രണ്ടു കൈയും വിരിച്ചുകൊണ്ടു അവൻ നിന്നു.  പിന്നെ ഒന്നും ആലോചിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവന്റെ അരികിലേക്ക് ഒരു  പ്രാവിനെ പോലെ അവൾ ചിറകടിച്ചു പറന്നു. അവൻ അവളെ വാരി പുണർന്നു. നിറുകയിൽ ചുംബിച്ചു. യാക്കോബ് റേച്ചലിനെ കിണറ്റും കരയിൽ വച്ച് ഉമ്മ വെച്ചതുപോലെ. വിദേശത്തു വന്നപ്പോൾ ആദ്യമായി തന്റെ ആടുകൾക്ക് വെള്ളം കോരിക്കൊടുക്കാൻ തയ്യാറായ റേച്ചലിനെ യാക്കോബ് സ്നേഹിച്ചതുപോലെ...ഒരു വിശുദ്ധ പ്രേമത്തിന്റെ താളുകളിലേക്കു അവന്റെ മനസ് അറിയാതെ പറന്നുപോയി. അല്ലെങ്കിലും അവന് അവളെപ്പറ്റി ഒത്തിരി പറയാനുണ്ട്. വീട് വിട്ടാൽ പള്ളിയും പളളികഴിഞ്ഞാൽ വീടും പിന്നെ പള്ളിക്കൂടവും. അത്രമാത്രമേ ഈ പാറുക്കുട്ടിക്ക് അറിയത്തുള്ളൂവെന്ന് താൻ തമാശയായി  പലപ്പോഴും പറയാറുണ്ട്....

 

"വരൂ നമുക്കു റൂമിലേക്ക് പോകാം" അവൾ പറഞ്ഞു.  ഹോളി ഹിൽ  റാഞ്ചിന്റെ മനോഹരമായ കൊച്ചു വീട്ടിലേക്കു അവൾ അവനെ ആനയിച്ചു. "കഞ്ഞിയും പയറും പാകത്തിന് വെന്തു റെഡിയായിരിക്കുന്നു. നല്ല ചമ്മന്തിയും ഉണ്ടാക്കാം നീ പോയി കുളിച്ചു ഫ്രഷ് ആയി വരൂ." അവൾ അവനെ ബാത്ത് റൂം കാട്ടി കൊടുത്തു. ഹേയ് മെർലിൻ നീ പെട്ടി ഒന്ന് തുറന്നു നോക്ക് എന്തൊക്കെയാണ് ഞാൻ നിനക്കായി വാങ്ങി കൊണ്ട് വന്നിരിക്കുന്നത്. അവൻ കുളിക്കാൻ ബാത്ത് റൂമിലേക്ക് പോയി അവൾ പെട്ടിതുറന്നു അത്ഭുതത്തോടെ അവൻ കൊണ്ടുവന്ന പുതിയ സ്റ്റൈലൻ ചുരിതാറും സാരിയും മറ്റും കണ്ട് അവൾ അത്ഭുതം കൂറി. തന്റെ പ്രിയന്റെ സ്നേഹത്തിൽ അവൾ അഭിമാനം കൊണ്ടു. എങ്കിലും കാശ് അനാവശ്യമായി സാധനങ്ങൾ വാങ്ങി ചിലവാക്കുന്ന ഈ ചെറുക്കന്റെ സ്വഭാവം മാറിയിട്ടില്ല, അവൾ ഓർത്തു.  കുളി കഴിഞ്ഞെത്തിയ റോബർട്ട് നേരെ തന്നെ കാത്തിരുന്ന കഞ്ഞിയും പയറും തേങ്ങാ ചമ്മന്തിയും ആസ്വദിക്കാൻ തിടുക്കത്തോടെ അവളോടൊപ്പം ഇരുന്നു. നാടൻ ഭക്ഷണത്തിന്റെ നഷ്ടം വന്ന ഗൃഹാതുരത്യം വീണ്ടെടുത്ത് അവൻ പറഞ്ഞു " എന്തൊരു രുചി". നീ അടിപൊളി കുക്ക് ആണേ....പറയാതിരിക്കാൻ വയ്യ...പച്ച മത്തിയിൽ ഇഞ്ചി ചേർത്ത് മസാല പുരട്ടി നീ വറത്തെടുക്കുന്ന മീനിന്റെ രുചി പലപ്പോഴും ഞാൻ ട്രാവൽ ചെയ്യുമ്പോൾ ഓർക്കാറുണ്ടെടി...നിന്റെ ആ തമിഴ് പാട്ടും..."രാസാത്തി..എന്നെ വിട്ടു പോകാതെടീ... " അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു നിന്നു. കണ്ണുകൾ തിളക്കത്തോടെ അവൻ കഞ്ഞി ആർത്തിയോടെ കഴിക്കുന്നതും നോക്കി ഒപ്പം അവളും കഞ്ഞി പങ്കുവെച്ചു. അവൻ ഓർത്തുകാണുമോ ഒരു റിബ്ബ് ഗ്രില്ല് ചെയ്തതോ, നൂഡിൽസോ മറ്റോ ഉണ്ടായിരുന്നെങ്കിൽ എന്ന്? ഗ്രില്ലിങ് ഒക്കെ അവന്റെ വകുപ്പല്ലെ, അല്ലെങ്കിൽ തന്നെ കഞ്ഞിയും പയറും വയറിന് ഏറ്റവും നല്ലതാണല്ലോ. അവൾ സ്വയം ചിന്തിച്ചു സമാധാനിച്ചു.

 

അത്താഴം കഴിഞ്ഞു ബെഡ് റൂമിലേക്ക് അവൾ അവനെ ആനയിച്ചു. മനോഹരമായ കിടക്ക. അവൾ ഇപ്പോഴും കിടക്ക മനോഹരമാക്കുന്നതിൽ അഗ്രഗണ്യ തന്നെ. ബെഡ് റൂം ലോക്ക് ചെയ്തു കിടക്കയിലേക്ക് തിരിയുമ്പോൾ അവൾ ചോദിച്ചു. "പ്രാർത്ഥിക്കണ്ടേ?" യെസ്, നമുക്ക് പ്രാർത്ഥിക്കാം, ഈ ലോകത്തിലെ സകല മനുഷ്യ ജാതിക്കും നന്മ വരാനായി പ്രാർത്ഥിക്കാം.  മാതാ പിതാക്കൾക്കായി, സഹോദരങ്ങൾക്കായി, കൂട്ടുകാർക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാർത്ഥിച്ചു....തന്റെ തന്നെ നാലു വരികൾ പാടി ധ്യാനിച്ചു:

 

                        "സർവ്വ സൃഷ്ടികളുടെയുംഉടയവനെ, സർവ്വേശ്വരാ...

                        സ്നേഹിക്കാൻ വരം നല്കീടണമെ, സ്നേഹമായെന്നിൽ 

                        വന്നു വാണീടണമെയെന്നും നീ വളരേണം ഞാനോ നിൻ 

                        വരം വാങ്ങുവാൻ യോഗ്യനല്ലെങ്കിലും കരുണ തോന്നീടണേ....."

 

അൽപ സമയം ഒന്നിച്ചു അവളോടൊപ്പം പ്രാർത്ഥിക്കുന്നത് മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ശക്തി പകരുന്ന ഒരു കാര്യം തന്നെയാണ്. ഒരു ആണും പെണ്ണും ഒറ്റകെട്ടായി നിന്നാൽ ഒരു ശക്തിക്കും അവരെ തോല്പിക്കുവാൻ കഴിയുകയില്ല. അവൻ ഓർത്തുപോയി.  കണ്ണിലേക്കു തുളച്ചു കയറുന്ന ബെഡ് ലാംപ് ഓഫ് ചയ്തു കിടക്കയിലേക്ക് മറിയുമ്പോൾ അവന്റെ ഇടതു കൈക്കുള്ളിൽ തലവച്ചുകൊണ്ടു അവൾ പറഞ്ഞു. "ഈ രാത്രി ഞാൻ എത്ര കൊതിച്ചു. ഇനി ഞാൻ നിന്നെ എങ്ങും വിടില്ല. നീ എന്റെ കൂടെ തന്നെ കാണണം. എനിക്ക് പഴയ പോലെ ഉള്ള കാത്തിരുപ്പു മേല". "ഒകെ മോളെ" അവൻ പറഞ്ഞു. ജീവിതത്തിലെ യഥാർഥ്യങ്ങൾക്കു നേരെ നാം കണ്ണടക്കുമ്പോൾ, മോഹങ്ങൾ വീണ്ടും ബാക്കി നില്കുന്നു. അവൻ ഓർത്തു. അസ്ഥികൾ പൂക്കുന്ന ഒരു രാത്രി മറക്കാനാവാത്ത അനുഭവമായി മാറവെ അവർ തളർന്നുറങ്ങി. പെട്ടന്നാണ് അവൻ ഒരു ശബ്ദ കേട്ടത്. അവൻ ചെവി ഓര്ത്തു. അവളെ വിളിക്കേണ്ട. പാവം ക്ഷണിച്ചു കിടക്കുകയല്ലേ. അവൻ മനസ്സിൽ പറഞ്ഞൂ.

 

ആരോ കതകു തുറക്കുന്നു. അവൻ ബെഡ് റൂം ലോക്ക് ആണോ എന്ന് ഒന്നുകൂടി നോക്കി ഉറപ്പാക്കി. അതെ ആരോ വീടിന്റെ മുൻവശത്തെ കതകു തുറന്നു അകത്തു കടന്നു. അടുക്കളയിൽ ഉള്ള ആഹാരം എല്ലാം തിന്നുന്ന ശബ്ദം. അവൻ ജനലഴികളിപ്പോടെ നോക്കി. രണ്ടു മൃഗങ്ങൾ. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു മൃഗങ്ങൾ. ഇവ എങ്ങനെ കതകു തുറന്നു. അവൻ അത്ഭുതം കൂറി. എല്ലാം തിന്നു തീർത്ത ശേഷം പിന്നാമ്പുറത്തെ ബാക് യാർഡിന്റെ കതകു തുറന്നു അവ കാട്ടിലേക്ക് മറഞ്ഞു. അവൻ ബെഡ് റൂം തുറന്നു ബാക് യാർഡിലേക്കു പോയി. കാട്ടിലൂടെ അവറ്റയെ ഒന്ന് പിന്തുടർന്നാലോ, അവൻ ഓര്ത്തു. നോക്കാം.  തിരികെ വന്ന് അവൻ തന്റെ ഒരു ടോർച്ചും തന്റെ കൂടെ പിറപ്പായ തോക്കും കയ്യിലെടുത്തു. തിടുക്കത്തിൽ ഷൂസ് ഇട്ടു ഒരു ഷോർട്സും ജാക്കറ്റും ധരിച്ചു തിടുക്കത്തിൽ അവറ്റയെ പിന്തുടർന്നു.  ഓടി ഓടി അവൻ ഒരു പാറക്കൂട്ടത്തിന്നരികിൽ അത്തി. അവിടെ ഒരു മനോഹരമായ അരുവി ഉണ്ടായിരുന്നു. അവൻ ക്ഷീണിച്ചു  അരുവിക്കരയിൽ ഇരുന്നു. അരുവി വന്നു പതിക്കുന്നിടത്തു ചെറിയ കുളം പോലെ വെള്ളം കെട്ടി നുരയും പതയുമായി വീണ്ടും കുത്തി ഒഴുകികൊണ്ടേയിരുന്നു. അതിൽ നല്ല പരൽ മീനുകൾ.  പല നിരത്തിലുമുള്ള മീനുകൾ.  മീനുകളെ പിടിക്കുവാൻ വെളുത്ത കൊക്കുകൾ ഒറ്റക്കും കൂട്ടമായും ചില സ്ഥലങ്ങളിൽ പതിയിരിക്കുന്നു. കറുത്ത പാറക്കഷണങ്ങളിൽ തട്ടി തെളിനീർ പോലുള്ള വെള്ളം ചെറിയ ഇരമ്പലോടെ ഒഴുകുന്നത് എത്ര മനോഹരമായിരിക്കുന്നു. ഒരു ഫോട്ടോ എടുക്കുവാൻ അവൻ ഫോണിനുവേണ്ടി പോക്കറ്റിൽ കൈ തിരുകി. "ഹോ... മറന്നു പോയി ഫോണെടുക്കുവാൻ" ഫോൺ കൈയിൽ ഇല്ലാത്ത തന്നോടൊപ്പമുള്ള നേരം മെർലിന്‌ ഏറ്റവും ഇഷ്ടമുള്ള നേരങ്ങളാണ്. ഫോൺ കയിൽ ഇല്ലാത്തപ്പോൾ അവൾ പറയാറുണ്ട്. "അൽപനേരം സ്വൈരം കിട്ടുമല്ലോ... അപ്പോൾ താൻ പൊട്ടിച്ചിരിക്കാറുണ്ട്. 

 

താൻ  ഇപ്പോൾ എവിടെയാണ്? അവനു ഒന്നും പിടി കിട്ടിയില്ല. എല്ലാം ഒരു  നാടകം പോലെ. അവൻ ഞെട്ടിപ്പോയി. കുറ്റാകൂരിരുട്ടിൽ തിരിച്ചു വീടെത്തുവാൻ കഴിയാത്ത വിധം അവൻ ഉൾ ട്ടിൽ എത്തിയിരിക്കുന്നു. ആകെപ്പാടെ ഒരു ഏകാന്തത...വീട്ടിൽ തിരിച്ചു എങ്ങനെ എത്താം? അവൻ ധൈര്യം കൈ വിടാതെ തിരികെ ഓടി. പക്ഷെ അവനു വീണ്ടും വഴി തെറ്റി, കാടും കഴിഞ്ഞു ഒരു നാൽക്കവലയിൽ എത്തി.  വഴി പലരോടും അവൻ ചോദിച്ചു. പക്ഷെ ആർക്കും അവനെ ശരിയായി ഒരു തുമ്പു കൊടുക്കുവാൻ പോലും കഴിഞ്ഞില്ല. അവൻ വീണ്ടും ക്ഷമയോടെ നടന്നു. അപ്പോൾ അതാ ഒരു വൃദ്ധൻ തലയിൽ ഒരു കേട്ട് ചുള്ളി കമ്പുമായി തനിക്കെതിരെ നടന്നു വരുന്നു.  ഹേ അങ്കിൾ, ഹോളി ഹില്ലിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരുമോ?  "മോൻ ഏതാ... " വൃദ്ധൻ ചോദിച്ചു.  ഞാൻ റോബർട്ട്...വഴിതെറ്റിപോയി.... "ഓ..മോൻ...വിഷമിക്കണ്ട...മോൻ നേരെ ചെല്ലുമ്പോൾ ഒരു ഒറ്റയടിപ്പാത കാണും. അതിലൂടെ ഒരു മൈലോളം നടന്നാൽ ഒരു തോട് കാണാം.  തോടുകടക്കാൻ ഒരു തടിപ്പാലം ഉണ്ടാവും.. സൂക്ഷിച്ചു വീഴാതെ നടക്കണം... അതും കഴിഞ്ഞാൽ ഒരു വലിയ കയറ്റമാണ്.  ആ കയറ്റം കയറി മുകളിൽ ചെല്ലുമ്പോൾ അവിടെ എഴുതി വച്ചിട്ടുണ്ട് "ഹോളി ഹിൽ റാഞ്ച്...

 

"താങ്ക്യൂ അങ്കിൾ" എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് ....വൃദ്ധൻ പറഞ്ഞ വഴികളിലൂടെ അവൻ നടന്നു.  പറഞ്ഞ തോടെത്തി. ഒരു ഒറ്റ തടിപ്പാലം... മൈ ഗോഡ്... വീണാൽ ആഴമുള്ള തോട്.  അവൻ താഴേക്ക് നോക്കി...ചീങ്കണ്ണികൾ മീനുകളെ പിടിച്ചു തിന്നുന്നു...താഴെ വീണാൽ കഥ കഴിഞ്ഞത് തന്നെ... അതായിരിക്കാം സൂക്ഷിച്ചു നടക്കണം എന്ന് വൃദ്ധൻ പറഞ്ഞത്... നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ വഴി വരുമായിരുന്നില്ല...കയറ്റവും താണ്ടി കൊണ്ട്‌ ഒടുവിൽ അവൻ വീടിനു മുമ്പിൽ എത്തി...അവൻ വിളിച്ചു "മെർലിൻ...മെർലിൻ..." പെട്ടെന്ന് അവന്റെമേൽ ഒരു ആശ്വസിപ്പിക്കുന്ന കരം നീണ്ടുവന്നു. "എന്ത് പറ്റിയെടാ സ്വപ്നം കണ്ടതാണോ?"  സ്വപ്നത്തിൽ നിന്നും ഒരു ഞെട്ടലോടെ അവൻ ഉണർന്നു. അരികിൽ അവൾ ഉണ്ട്. മൈ ഗോഡ് വാട്ട് എ ഡ്രീം...സ്നേഹത്തോടെ അവൻ അവളെ പുണർന്നു... ഒപ്പം അവൻ ഓർത്തു ഇവൾ ഒരു മാലാഖയാണോ... വീണ്ടും അവൻ ഉറങ്ങി...പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ ജനാലയിലൂടെ തന്നെ മാടി, മാടിവിളിക്കുവോളം.....പ്രഭാത പക്ഷികൾ പാടുന്ന മധുര്യ ഗാനങ്ങൾ കേട്ടു ദൈവത്തിനു സ്തുതി...പറഞ്ഞുകൊണ്ട് എഴുന്നേക്കവേ ചൂട് ചായയുമായി മെർലിൻ എത്തിയിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com