sections
MORE

നാട്ടിലേക്ക് ഒരു ഫ്രീ ടിക്കറ്റ്

download
SHARE

എൻറെ നാട്ടുകാരനായ ഗോപി തൻറെ ആദ്യപുസ്തകം വായിക്കാൻ തന്നിട്ട് മാസങ്ങളായി. ഭാഷാധ്യാപകൻ  ആയതുകൊണ്ടാകാം പ്രയോജികാപ്രത്യയത്തിൽ കുഴങ്ങി ഒരകൽച്ചയിൽ കുരുങ്ങി ഓരോ പ്രാവശ്യവും പുസ്തകം മാറ്റിവയ്ക്കുകയായിരുന്നു.ഏതോ ഒരു ശുഭമുഹൂർത്തത്തിൽ തലക്കെട്ടിൻറെ രണ്ടാമത്തെ പദം എന്നെ ഉണർത്തി. ഒരു പേര് ഇങ്ങനെയും ആവാം എന്ന് വെളിച്ചം തട്ടിയപ്പോൾ ശീർഷകകവിതയിൽനിന്നുതന്നെ തുടങ്ങി. കോരപ്പനാല് എന്ന ഇടത്തെത്തി.

"തലശ്ശേരിക്കടുത്ത് 

പൊന്നാനി എടപ്പാൾ റോഡിൽ 

മൂത്തകുന്നം വഴി പാതാളത്തിലേയ്ക്കു പോകുമ്പോൾ 

കുണ്ടറയിൽ, പിന്നെ കിളിമാനൂർ വഴി തിരിയുമ്പോൾ 

സഹ്യൻ കടന്നാലും 

കുറുകെ കൊങ്കൺ കഴിഞ്ഞാലും കാണാം"                                                                                                                  

ഉലയ്ക്കുന്ന വെയിലിലും തണുപ്പിൽ തനിയെ നിൽക്കുന്ന ഇങ്ങനെ ഒരിടം.സമയം,ദൂരം,കാലം എല്ലാം ഈ അത്താണിയിലേയ്ക്ക് ലോകത്തിലെ ഓരോരുത്തരെയും കൊണ്ടുപോകുന്നു.

കടൽ കാത്തിരിക്കുന്ന രൂപമില്ലാത്ത അതിഥിയുടെ വിസ്തൃതപുരാണമാണ് 'കടലെടുക്കുന്ന പുഴ'.'ആഴം, തണുപ്പിലേയ്ക്കുള്ള ദൂരം' നദി പോലെത്തന്നെ അപൂർവമായിത്തീരുന്ന അടുക്കളക്കിണറിനെക്കുറിച്ചുള്ള പായാരമാണ്. കാഴ്ചയിൽനിന്നു മറയുന്ന സ്നാനജലാശയതല്പങ്ങൾകൂടി ഓർമ്മക്കണ്ണാടിയിലേയ്ക്ക് കൊണ്ടുവരുന്നതാണ് 'കാഴ്ച്ച'.ബാൽക്കണി, കാണുന്ന  ഓരോരുത്തരിലൂടെയും വെളിവാക്കുന്ന വാങ്മയമാണ് 'ബാൽക്കണി ഒരു രുചിയാണ്'.സ്മൃതിയുടെ ഊഞ്ഞാലിൽ പിന്നിലേയ്ക്കു പിന്നിലേയ്ക്കായുന്ന അനുഭവക്കുറിപ്പുകളുടെ ഒരു സമാഹാരംതന്നെ സ്വപ്നാടനം എന്ന കവിതയിൽ ഗോപി ഒരുക്കുന്നു. 'വാക്ക്' പോലും നാട്ടുനിശ്വാസപ്പൊട്ടാണ് ഈ കവിക്ക്. സ്നേഹത്തിൻറെ ഒപ്പാരിയിൽ കൊരുത്തെടുത്ത ഒരു വീടുപണിത്തോറ്റമാണ് 'വീട്'. മകൾ വരച്ചൊരു ചിത്രത്തിൻറെ മറുപുറം തേടുന്ന കവി  കുഞ്ഞുങ്ങൾക്കറിയാനാവാത്ത വാസ്തവനാളങ്ങളിലേയ്ക്ക് കൊള്ളിയാൻ മിന്നിക്കുന്നതാണ് 'വാസ്തവം'. നാടിനു നഷ്ടപ്പെട്ട നാവേറുപാട്ടുകാരുടെ ഓർമ്മയാണ് 'കിട്ടുണ്ണി കൊട്ടിപ്പാടുമ്പോൾ'.അർഥം ചോരുന്ന പദങ്ങളിൽ വന്നുചേരുന്ന പുതു അർഥങ്ങൾ 'പട്ടിണി' ചൂണ്ടിക്കാണിച്ചുതരുന്നു.

നാടും നാട്ടോർമ്മകളും നാട്ടുകൂട്ടങ്ങളും ഒപ്പിയെടുത്ത് വാങ്മയങ്ങളായി കെ ഗോപിനാഥൻ വായനക്കാരന് വിളമ്പിത്തരുമ്പോൾ സത്യൻ അന്തിക്കാടിൻറെ സിനിമകളെക്കുറിച്ചു പറയാറുള്ള ഒരു കാര്യമാണ് പെട്ടെന്ന് ഓർമ്മ വരുന്നത്. നാട്ടിൻപുറക്കാഴ്ചകളോടുള്ള സത്യൻ അന്തിക്കാടിൻറെ അടങ്ങാത്ത ആവേശം അന്തിക്കാടൻ സിനിമകളുടെതന്നെ ആഹ്ലാദക്കാഴ്ചയായി മാറുന്നു. കെ ഗോപിനാഥൻറെ ഓരോ കവിതയും അത്തരം ഒരനുഭൂതിയാണ് പകരുന്നത്.ഹിപ്പോക്രസി വിഷയമാക്കുന്ന 'അഭിനയ'ത്തിലും കണ്ണിനും ചുണ്ടിനും നാട്ടിൻപുറത്തുകാരുടെ ഛായയാണ്. പ്രവാസജീവിതം നയിക്കുന്ന ഗോപിനാഥൻ കവിതയിലൂടെ ഇടയ്ക്കിടയ്ക്ക് ടിക്കറ്റു ചെലവില്ലാതെ നാട്ടിൽ പോകുന്നുണ്ട്.ഈ കവിതാസമാഹാരം നിങ്ങൾക്കും ലഭിക്കുന്ന ഒരു ബോഡിങ് പാസ്സാണ്. ധൈര്യസമേതം ഈ കവിതാവിമാനത്തിൽ കയറിക്കോളൂ. ചൂടിൽ നിന്നൊരു മോചനമാകും.തണുപ്പിൻറെ ആഴങ്ങളിൽ ഒന്നു മുങ്ങിക്കുളിച്ച് തിരിച്ചുവരാം.   

ആസ്വാദനം-കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്/കെ ഗോപിനാഥൻ (കവിതകൾ) കൈരളി ബുക്സ്, കണ്ണൂർ     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA