sections
MORE

കീഴടങ്ങുന്ന സ്വപ്‌നങ്ങൾ; കീഴടക്കുന്ന യാഥാർഥ്യങ്ങൾ

Capture
SHARE

'പിഴവുകളിലൂടെ യാഥാർഥ്യത്തിലെത്തുന്നു. ജ്ഞാനം പിഴവുകളിലൂടെയും കൈവരിക്കാം'. ഷാജി എൻ പുഷ്പാംഗദൻറെ ഹ്രസ്വചിത്രം ഡ്രീം കാച്ചേഴ്സ് ആരംഭിക്കുന്നത് ഈ വാചകങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ്. ചിത്രം പൂർത്തിയാകുന്നതാകട്ടെ "ജനനം തുടക്കം മാത്രം;മരണം അവസാനമല്ല. ഇതിനിടയിൽ വെറും ജീവിതം.വിശ്വാസത്തിൻറെ കണ്ണ്;അവിശ്വാസത്തിൻറെ തലച്ചോർ. ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ യാത്ര അന്വേഷണം. ചോദ്യം ഉത്തരത്തെ ഗർഭം ധരിക്കുന്നു". സിനിമ കണ്ടുകൊണ്ടിരിക്കുന്ന 20 മിനിറ്റിൽ 5300 ജനനവും 2200 മരണവും 2130 അലസിപ്പിക്കലും നടക്കുന്നുണ്ട്‌ എന്നുകൂടി ഓർമിപ്പിക്കുന്നു.

ഒഴുകിനടക്കുന്ന അനേകം  ബീജങ്ങളിൽനിന്ന് ഗർഭസ്ഥശിശുവിലേയ്ക്ക് ഫോക്കസ് ചെയ്താണ് ടൈറ്റിൽ. വിഷാദരാഗപശ്ചാത്തലത്തിൽ മരുഭൂമിയിലൂടെ ഒരാൺകുഞ്ഞിന്റെ  പ്രയാണം. മ എന്ന സ്വരത്തിൻറെ ആവർത്തനതാളം അമ്മയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. സിനിമയുടെ തുടക്കത്തിൽ എക്സിറ്റ് ചൂണ്ടുപലകയും അവസാനത്തിൽ എന്റർ ചൂണ്ടുപലകയും കാണാം.യാഥാർഥ്യവും മായക്കാഴ്ചകളും ഇഴ ചേർന്നാണ് സിനിമയുടെ ബാഹ്യഘടന.ഏഴു വർഷം മുൻപ് വിവാഹം കഴിഞ്ഞ സ്റ്റീഫൻ-മറിയ ദമ്പതിമാർക്ക് ആദ്യമാസങ്ങളിൽത്തന്നെ വിശേഷമുണ്ടായി.തൽക്കാലം കുഞ്ഞിനെ വേണ്ടെന്നു വച്ച അവർക്ക് പിന്നീട് സന്താനസൗഭാഗ്യം ഉണ്ടായില്ല. ആദ്യകുഞ്ഞിനെ വേണ്ടെന്നുവച്ചതിൻറെ പാപബോധം മറിയത്തെ വിഷാദരോഗത്തിന് അടിമയാക്കുന്നു. അന്ന് ജനിക്കാതെ പോയ കുഞ്ഞ് അവരുടെ ഉപബോധമനസ്സിൽ മരിക്കാതെ ബോധമനസ്സിലെ ഒരു യാഥാർഥ്യമായി വളരുന്നു. കഴിഞ്ഞ സംഭവങ്ങളുടെ നീരാളിപ്പിടുത്തത്തിൽനിന്ന് ഉപബോധത്തെ തിരിച്ചുകൊണ്ടുവരാനുള്ള  Regression therapy മറിയത്തിൽ പരീക്ഷിക്കുന്നു.മറിയം കനത്ത നിശ്ശബ്ദതയിൽ നിപതിക്കുമ്പോൾ സ്റ്റീഫൻ മായക്കാഴ്ചകളിലേയ്ക്ക് കുതറി വീഴുകയാണ്. എപ്പോഴും അടുത്തുണ്ട് എന്ന് ഭാര്യ ഭ്രമിച്ചിരുന്ന അതേ കാഴ്ച്ച സ്റ്റീഫനെയും വേട്ടയാടുന്നു. സ്റ്റീഫൻ കുഞ്ഞിനു നേരെ നടന്ന് അവർ അഭിമുഖമായി വിരൽ ചൂണ്ടി  അവിടെ പ്രത്യക്ഷപ്പെടുന്ന അമ്മയുടെ നേരെ തിരിയുന്നു. അമ്മ വളയച്ചരട് പിടിച്ചു മുന്നോട്ട്. അച്ഛൻ മുട്ടുകുത്തി പിന്നാലെ.ചരട് വീഴുന്നു. മകനും മുട്ടുകുത്തി പിന്നാലെ.അമ്മ മുന്നിൽ. ഇരുട്ട് മാഞ്ഞ്  ഇഴയുന്ന പിഞ്ചുകുഞ്ഞ്. അനേകം കുഞ്ഞുങ്ങൾ. യാത്ര വീണ്ടും തുടരുന്നു.

ഇതാണ് കഥയുടെ ഏകദേശരൂപം. കുട്ടികൾക്കു കണ്ണു തട്ടാതിരിക്കാൻ റെഡ് ഇന്ത്യൻ ജനവിഭാഗങ്ങൾ തൊട്ടിലിൽ കെട്ടിയിരുന്ന വളയമാണ് ഡ്രീം കാച്ചർ എന്നറിയപ്പെടുന്നത്.ആ വളയത്തിന്മേൽ തൂവലുകളും ചരടുകളും തൂക്കിയിരിക്കും. എട്ടുകാലിയുടെ വലയുമായി ഈ വളയത്തിനു ബന്ധമുണ്ട്. കുഞ്ഞുങ്ങളെയും ജനസമുദായത്തെയും കാത്തുരക്ഷിക്കുന്ന എട്ടുകാലി വനിതാദേവതയിൽനിന്നാണ് ഈ വളയത്തിൻറെ ഉത്ഭവം.നമ്മുടെ നാട്ടിലെ രക്ഷകളോടും ജപിച്ചു കെട്ടലിനോടുമൊക്കെ ഈ വളയത്തിനു സാദൃശ്യം വേണമെങ്കിൽ സങ്കല്പിക്കാം. ജനനമരണങ്ങളുടെ ചാക്രികതയെ മനസ്സിൽ വച്ചുകൊണ്ടാകാം തിബറ്റൻ ഇതിഹാസവുമായി ഈ വളയത്തെ സംവിധായകൻ കൂട്ടിമുട്ടിക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ ആദിമചിന്തകളിലേക്കുള്ള തിരിച്ചുപോക്കിനും ചുറ്റിത്തിരിഞ്ഞുള്ള മടക്കത്തിനും ഈ ബിംബത്തെ പ്രയോജനപ്പെടുത്തുന്നുണ്ടാകാം .മാതൃത്വത്തിൽ തുടങ്ങി പിതൃത്വത്തിലൂടെ സഞ്ചരിച്ച് മാതൃത്വത്തിലേയ്ക്കുതന്നെ തിരിച്ചെത്തി ജന്മദർശനങ്ങളുടെ അന്വേഷണാത്മകതയിൽ ചെന്നുനിൽക്കുന്നത് മാനവികതയുടെ വളർച്ചയുടെ പിഴവുകൾ തിരുത്തി പുതിയൊരു തുടക്കത്തിന് പ്രേരിപ്പിക്കുകയുമാവാം. തുടക്കത്തിലും ഒടുക്കത്തിലും ഉപയോഗിച്ചിട്ടുള്ള സൂചകോദ്ധരണികൾ ഇത്തരമൊരു കാഴ്ചപ്പാടിലേയ്ക്കാണ് ആസ്വാദകനെ നയിക്കുന്നത് എന്നു തോന്നുന്നു. പഴയതിൽനിന്ന് Exit ആയി പുതിയൊരു ക്രമത്തിലേക്ക് Entry സൂചിപ്പിക്കുന്നത് അതുകൊണ്ടാണല്ലോ.

പാശ്ചാത്യ-പൗരസ്ത്യ ബിംബങ്ങൾ  വളരെ സൂക്ഷ്മമായാണ് ഷാജി ഈ ദൃശ്യവിസ്മയത്തിൽ സന്നിവേശിപ്പിച്ചിട്ടുള്ളത്. വെസ്റ്റേൺ സിനിമകളിലെ ഭൂപശ്ചാത്തലങ്ങളുടെ സ്മൃതി ഉണർത്തുന്നതോടൊപ്പം ബുദ്ധവിഹാരങ്ങളുടെ ആത്മീയസാന്നിധ്യത്തെയും ഇണക്കിച്ചേർത്തിരിക്കുന്നു.ആദ്യത്തേത് ബാഹ്യമായ ഭൗതികതയ്ക്കും രണ്ടാമത്തേത് മായക്കാഴ്ചകളെ വൈകാരികമാക്കാൻ ഉദ്ദേശിച്ചുള്ള ആത്മീയതയ്ക്കും തീവ്രത പകരുന്നു. ഇരുപത് മിനിറ്റ് യുഗദീർഘമായ ആന്തരികലോകത്തിലേക്കുള്ള ക്ഷണമാണ്. ഓരോ ആസ്വാദകനെയും കാഴ്ചയുടെ വ്യത്യസ്ത മാനങ്ങളിലേയ്ക്കു കൊണ്ടുപോകുന്നു എന്നതാണ് ഈ ദൃശ്യകാവ്യത്തിന് ഇതിഹാസസ്വഭാവം നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA