ADVERTISEMENT

പ്രവാസ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒട്ടനവധി പുസ്തകങ്ങൾ കഥകളായി, നോവലുകളായി, ലേഖനങ്ങളായി മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉള്ളടക്കം കൊണ്ടും ആശയ വിശദീകരണത്തിലെ പക്വതകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പുസ്തകമാണ് ഇ. കെ. ദിനേശൻ എഴുതിയ 'പ്രവാസത്തിന്റെ വർത്തമാനം'. പ്രവാസികൾക്ക് നൽകുന്ന ശക്തമായ താക്കീത് എന്നപോലെ 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

ദീർഘകാലമായി ഊറിക്കൂടിയ ചിന്താകളുടെയും പഠനങ്ങളുടെയും സത്താണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. പ്രവാസികളുടെ കണക്കുകൾ, അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവുകൾ, കാലാകാലങ്ങളിൽ ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേക്കുള്ള കൊഴിഞ്ഞുപോക്കുകൾ, അതിന്റെ കാര്യകാരണങ്ങൾ, സ്വദേശിവത്കരണവും അതിന്റെ പ്രത്യാഘാതങ്ങളും പ്രവാസിയുടെ കുടുംബത്തിൽ തുടങ്ങി അവന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നടത്തുന്ന പിടിമുറുക്കങ്ങൾ എന്നിങ്ങനെ പ്രവചനരീതിയിലും, ചിന്താരീതിയിലും മികച്ചുനിൽക്കുന്നതാണ് ഓരോ ലേഖനങ്ങളും. നാളെ എന്തുചെയ്യും എന്ന വലിയ ചോദ്യം ചോദിക്കുന്ന ഓരോ പ്രവാസികൾക്കും 'സമ്പത്ത് കാലത്ത് കാ പത്ത് വച്ചാൽ ആപത്തു കാലത്ത് കാ പത്ത് തിന്നാം' എന്ന മട്ടിൽ അനുഷ്ഠിക്കേണ്ട സാമ്പത്തിക അച്ചടക്കം  ഉൾപ്പെടെ അവന്റെ കുടുംബം, അവരുടെ ജീവിത പശ്ചാത്തലങ്ങൾ എന്നിവയൊക്കെ  തിരികെച്ചെന്ന് എങ്ങനെ കരുപ്പിടിപ്പിക്കാൻ സാധിക്കും എന്നതിനൊക്കെ ഉത്തരം തേടുന്നുണ്ട് എഴുത്തുകാരൻ. ഇവിടെ ലേഖകൻ വിവരിക്കുന്ന പ്രവാസി താൻ കൂടിയല്ലേ എന്ന മട്ടിൽ ഓരോ വായനക്കാരനും അനുഭവവേദ്യമായ വിഷയാവതരണം.

'പ്രവാസം' എന്ന നോവലിൽ എം. മുകുന്ദൻ പറയുന്ന ചിന്തോദീപകമായ ചില വരികൾ ഉണ്ട്.  "ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്.  എന്നന്നേക്കുമായി ഈ ലോകം വിട്ടുപോകുമ്പോൾ മാത്രമാണ് നാം ഈ പ്രവാസം അവസാനിപ്പിക്കുന്നത്". ഇങ്ങനെ നോക്കിയാൽ ഓരോ മലയാളിയിലും തന്റെ അനുഭവത്തിന്റെ തുടിപ്പുകൾ പകർന്നു നൽകാൻ 'പ്രവാസത്തിന്റെ വർത്തമാന'ത്തിന് സാധിക്കുന്നുണ്ട്.

താൻ ജീവിക്കുന്ന ജീവിത പരിസരത്തുനിന്ന് ദീർഘവീക്ഷണത്തോടെ നോക്കിക്കാണുന്ന കുറിപ്പുകളാണ് മിക്കവാറും എല്ലാ ലേഖനങ്ങളും. 'ഗൾഫ് കുടിയേറ്റവും പുതിയ കുടിയേറ്റ കേരളവും' എന്ന ലേഖനത്തിൽ മലയാളിയുടെ ഗൾഫ് പലായനത്തിന്റെ തുടക്കം മുതൽ ഇന്ന് അവർ എത്തിനിൽക്കുന്ന അവസ്ഥവരെ ഇഴകീറിയുള്ള പരിശോധനയാണ്. കേരളത്തിന്റെ സാമൂഹ്യജീവിത വ്യവസ്ഥയെ മാറ്റയെടുക്കുന്നതിൽ പ്രവാസം വഹിച്ച പങ്ക് ലേഖനത്തിൽ വിശദീകരിക്കുന്നു.

'ഒരു പ്രവാസിയുടെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ' എന്ന ലേഖനത്തിൽ പ്രവാസത്തിനുശേഷം നാട്ടിലെത്തി സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ ശ്രമിക്കുന്ന സുഗതൻ എന്ന പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയിലേക്ക് നയിച്ച രാഷ്ട്രീയ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. അമിത രാഷ്ട്രീയം പ്രവാസികളെ നിരാലംബരാക്കിത്തീർക്കുന്ന സമകാലീന സംഭവങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാനും ചിന്തിക്കാനും  ഇടനൽകുന്ന ലേഖനം.

'അർത്ഥരഹിതമായിപ്പോയ ഗൾഫ് ജീവിതങ്ങൾ' എന്ന ലേഖനം തികച്ചും അർത്ഥ പൂർണ്ണമാണ്.  അതിൽ ഉപയോഗിക്കുന്ന ഒരു വാചകം നോക്കൂ "ജീവനില്ലാത്ത ജീവിതത്തിന്റെ ഉടമകൾ ആണ് ഗൾഫുകാർ'. ഇത്തരത്തിൽ ചിന്താദീപകമായ വാക്കുകൾ, തലക്കെട്ടുകൾ, ആശയങ്ങൾ പുസ്തകത്തിൽ ഉടനീളം കാണാം.

കാലാകാലങ്ങളായി പ്രവാസികളുടെ വനരോദനമാണല്ലോ വോട്ട്. അതിന്റെ വശങ്ങളെ പരാമർശിക്കുന്നതാണ് 'പ്രവാസി വോട്ട് വെറും വികാരപ്രകടനമോ?' എന്ന ലേഖനം. ഓരോ ബഡ്‌ജറ്റിലും പ്രവാസികളെ തൊട്ടുതലോടിപ്പോകുന്ന രാഷ്ട്രീയം വിവരിക്കുന്ന ലേഖനമാണ് 'ബജറ്റിന്റെ രാഷ്ട്രീയവും ഗൾഫ് മലയാളികളും'.  കാക്കത്തൊള്ളായിരം സംഘടനകൾ ഉണ്ടായിട്ടും ഒരു സംഘടിതരൂപം പ്രാപിച്ചിട്ടില്ലാത്തതാണ് ഇന്നും വോട്ട് ഒരു മരീചികയായി നിൽക്കാൻ കാരണം എന്ന് ഇവിടെ പ്രതിപാദിക്കുന്നു.

പ്രവചനസ്വഭാവമുള്ള ഒട്ടനവധി ലേഖനങ്ങൾ ഈ പുസ്തകത്തിൽ കാണാം. 'എണ്ണയുടെ രാഷ്ട്രീയവും ഗൾഫ് പ്രവാസികളുടെ ഭാവിയും' എന്ന ലേഖനം ഭാവിയിലേക്ക് ഉറ്റുനോക്കുന്ന പ്രവാസികളുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്. അതുപോലെ തന്നെ ലേഖകൻ ഉന്നയിക്കുന്ന ശക്തമായ സംഗതിയാണ് പ്രവാസത്തിലെ 'സവർണ്ണ-അവർണ്ണ' വേർതിരിവുകൾ. ഇത്തരം ഒരവസ്ഥ പ്രവാസത്തിൽ ഉണ്ടോ എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരമുണ്ട് ഇതിൽ. നാട്ടിൽ പണ്ട് നടമാടിയിരുന്ന അടിയാൻ-കുടിയാൻ വ്യവസ്ഥപോലെ ഒന്നല്ല ഇതെന്നും ആധുനിക കാലത്തിലെ മേധാവിത്വത്തിന്റെ രീതിയെന്നും ഇവിടെ വായിക്കപ്പെടുന്നു.

പ്രവാസികളായി ജീവിക്കുന്നവർക്കും, പ്രവാസം മതിയാക്കി മടങ്ങുന്നവർക്കും, പ്രവാസികളാകാൻ കൊതിക്കുന്നവർക്കും ഒരു കൈപുസ്തകമാണ് 'പ്രവാസത്തിന്റെ വർത്തമാനം'.  ആനുകാലിക പ്രസക്തമായ വിഷയങ്ങളുടെ സൂക്ഷ്‌മവിശകലനം. നമ്മുടെ പ്രവാസ സംഘടനകളുടെ നേതാക്കന്മാർ സ്വയം വായിച്ചിട്ട്,  പ്രവാസികളുടെ ഉന്നമനത്തിനായി നാട്ടിൽനിന്നും വിമാനം കയറുന്ന  രാഷ്ട്രീയക്കാർക്ക് പൂച്ചെണ്ടും പൊന്നാടയും നൽകുന്നതിനൊപ്പം ഈ പുസ്‌തകത്തിന്റെ ഒരു കോപ്പികൂടെ നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. എപ്പോഴെങ്കിലും ഇതിലെ ഒരുപിടി ലേഖനങ്ങൾ വായിക്കാനിടയായാൽ ഒരുപക്ഷേ, അവരുടെ പ്രവർത്തിപഥങ്ങളിൽ വഴിതിരിച്ചുവിടാൻ സാധിച്ചേക്കും.

പ്രവാസികളുടെ ജീവിതാന്തരീക്ഷത്തെ തൊട്ടറിഞ്ഞ് വ്യാഖാനിക്കുന്ന ശക്തമായ അടയാളപ്പെടുത്തലുകളാണ് 'പ്രവാസത്തിന്റെ വർത്തമാനം' എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

കാകദൃഷ്ടി 

ചില ലേഖനങ്ങൾ  ആവർത്തനവിരസത സൃഷ്ടിക്കുന്നു. എന്നാൽ വിഷയത്തിന്റെ സ്വഭാവം കണക്കിലെടുത്താൽ വായനക്കാരന് വിമർശിക്കാൻ അത് ഇടനൽകുന്നില്ലതാനും.  ചില അക്ഷരതെറ്റുകൾ, കണക്കിലെ പിശകുകൾ, പുസ്‌തകത്തിന്റെ അകത്തും പുറത്തും കാണുന്ന വ്യത്യസ്ത തലക്കെട്ടുകൾ എന്നീ ന്യൂനതകൾ പുതിയപതിപ്പുകളിൽ തിരുത്തേണ്ടതുണ്ട്.  ലേഖകന്റെ കണക്കുപ്രകാരം ഇരുപത് ശതമാനം വരുന്ന മേൽത്തട്ടുകാരുടെ ജീവിതം, ആർഭാടവും ധൂർത്തും ഒന്നും ഇവിടെ അധികം പരാമർശിച്ച് കാണുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com