sections
MORE

ചൂണ്ട

SHARE

ദുഃഖവും ദേഷ്യവും രണ്ടും അവളുടെ മുഖത്ത് പ്രകടമാണ്. അവളാകമാനം ചുവന്നു തുടുത്തിരുന്നു .. അവളുടെ വായ്മൂടിക്കെട്ടിയ തുണി അയാൾ കെട്ടറുത്തുവിട്ടു.. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു ".. നിങ്ങൾക്കു  ..നിങ്ങൾക്കു.. എങ്ങനെ തോന്നി ...ഇനി എന്ത് ചെയ്യും.." അവളുടെ മനസ്സിലെ  സങ്കടം അണപൊട്ടിയൊഴുകി .. അയാളവളെ നോക്കി മനസ്സിൽ മുരണ്ടു 'ആപ്പിൾ പഴംപോലെയുണ്ട് അവളുടെ മുഖമിപ്പോൾ .. കടിച്ചു  പറിക്കാനാണ് ഇപ്പോഴും  തോന്നുന്നത് '.

അവൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ അയാളിൽ പതിപ്പിച്ചു  എണ്ണിപ്പെറുക്കി  ഓരോന്ന്   പറയുന്നു.. ഒരു നീണ്ട നെടുവീർപ്പോടെ, നിശബ്ദമായ ഒരു  ഇടവേളയിലേക്കു അവൾ പോയപ്പോൾ, അയാൾ പതുക്കെ മുരടനക്കി "എന്നോട് പറ്റിപ്പോയി .. തെറ്റാണെന്നു അറിയാം ..എനിക്ക് എന്നെ തടയാൻ പറ്റിയില്ല" വാക്കുകളിൽ ദയനീയത വരുത്താൻ ഏറെ പണിപ്പെട്ടു അയാൾ തുടർന്നു..."നീ ഇതൊക്കെ വല്ല്യ കാര്യമായി ഒന്നും എടുക്കല്ലേ .. എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് .. എനിക്ക് കണ്ട്രോൾ  ചെയ്യാൻ പറ്റിയില്ല .. നീ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു .. ഒന്നു കാണാൻ വേണ്ടി മാത്രം വന്നതാണ് .

പക്ഷെ നിന്നെ കണ്ടപ്പോൾ .. ഞാനെല്ലാം മറന്നുപോയി .. നിന്നോട് സ്നേഹമുള്ളതു കൊണ്ടല്ലേ .. നീ നാടൻ പെണ്ണുങ്ങളെപ്പോലെയാവല്ലേ.. വിവരമുള്ള പെണ്കുട്ടികളെപ്പോലെ ഇതൊക്കെ നല്ല രീതിയിൽ എടുക്കു " അയാളവളെ ഇടം കണ്ണിട്ടു  നോക്കി .. അവളുടെ നിറഞ്ഞു കലങ്ങിയ  കണ്ണുകൾ തീക്ഷ്ണമായിക്കത്തി.. അതുകണ്ടു അയാൾ പെട്ടന്ന് കണ്ണുകൾ താഴ്ത്തി .. പതിയെ ആ നനഞ്ഞ മിഴികളിൽ അഗാധമായ ദുഃഖം നിറഞ്ഞു 

" ഇനി എന്ത് ചെയ്യും ..  എന്താകും.." അവൾ പിറുപിറുത്തു കൊണ്ടിരുന്നു ... ‌  അയാളവളെ ഒന്നിരുത്തി നോക്കി എന്നിട്ടകമേ പറഞ്ഞു

'പിന്നേ .. നീയൊക്കെ നാളെ വേറെ ആണുങ്ങളെ  പോയി പിടിക്കും .. അത്രയേ ചെയ്യാനും ആകാനും   ഉള്ളു ..അതിനു മുൻപ്  ഞാൻ നിന്നെ പരമാവധി ഉപയോഗിക്കും @#@$%$ മോളെ ' ആ ആണിന്റെ പുഴുത്ത മനസ്സിനുള്ളിൽ  പൗരുഷം എന്ന് അയാൾ തെറ്റിദ്ധരിച്ച് വിശ്വസിക്കുന്ന അയാളുടെ അപകർഷതാബോധം നുരപൊന്തി... അതിൽ നിന്ന് വമിച്ച ദുർഗന്ധം പോലെ  അഹങ്കാരം അയാളിൽ നിറഞ്ഞു നിന്നു 'കുറഞ്ഞ മാസങ്ങളായുള്ള പരിചയം .. അവളെ കാണുന്നത്   ഇത്  അഞ്ചാമത്തെ തവണയോ  മറ്റോ .. ഇതിനു മുൻപേ സുഹൃത്തുക്കളുടെ കൂടെ .. ആദ്യമായി ഒറ്റക്കുകിട്ടിയപ്പോൾ  അവളെനിക്ക് വഴങ്ങി .. അല്ല  അവളെ  കുറ്റം പറയാനാവില്ല .. താൻ  വ്യക്തമായി പ്ലാൻ ചെയ്തു അവൾക്കു പണികൊടുത്തതാണ് എന്ന് പറയുന്നതാണ് സത്യം.. അവളുടെ ദയനീയമായ  എതിർപ്പിനേയും  പിടച്ചിലിനെയും മറികടന്നു ഇന്ന് തനിക്കവളെ  കീഴ്പ്പെടുത്താൻ പറ്റി.. ഒച്ചവെച്ചപ്പോൾ  അവിടെക്കണ്ട മേശവിരിയെടുത്തു  വായ പൊത്തി വരിഞ്ഞു കെട്ടി ..പിന്നെ കയ്യും കാലുമെല്ലാം വരിഞ്ഞു മുറുക്കി .. എന്നിട്ടു .. ഹോ... ഞാൻ ആളൊരു സംഭവം തന്നെ .. അങ്ങനെയെത്ര പെണ്ണുങ്ങൾ .. പെണ്ണ് മോങ്ങുന്നതു കാണുമ്പോൾ മുഖം നോക്കിയൊന്നു പൊട്ടിക്കാനാണ്  തോന്നുന്നത് .. ഒരു പരിശുദ്ധ വന്നിരിക്കുന്നു ..  ത്ഫൂ..' മനസ്സിനുള്ളിൽ  അവളെകാർക്കിച്ചുതുപ്പി അയാൾ ഒരു സിഗരറ്റിനു തീ കൊളുത്തി .. 'ഇനി അവളുടെ സമ്മതത്തോടു കൂടി കിട്ടണം .. ബലാൽക്കാരമായി അവളെ കീഴ്പ്പെടുത്തിയ സുഖം അനുഭവിച്ചു കഴിഞ്ഞു .. ഇനി അവളായിട്ടു തനിക്കു കീഴ്പെട്ടു തരുന്ന സുഖം ..ഓഹ് ...അതൊന്നു വേറെ തന്നെയാണ് ..' അയാളുടെ കണ്ണുകൾക്കൊപ്പം വായിൽ കത്തിച്ച് വെച്ച സിഗററ്റിനറ്റവും കനലെരിഞ്ഞു ... 

സ്വചിന്തകളിൽ മനം സുഖിച്ചയാൾ ഒരു വഷളൻ ചിരിയോടെ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു  കൈകാലുകൾ  കെട്ടിയതു മെല്ലെ അഴിച്ചെടുത്തു ...അവളൊരു പുതപ്പെടുത്തു വാരിപ്പുതച്ചു .. താൻ അവളുടെ ദേഹത്ത് നിന്ന് പറിച്ചുവലിച്ചെറിഞ്ഞ വസ്ത്രങ്ങൾ  നിലത്തുനിന്നെടുക്കാതെ പുതപ്പു മാത്രം വാരിചുറ്റി ഇരിക്കുകയാണവൾ .. കള്ളി' അയാളുടെ വക്രചിന്തകൾ കാടുകയറി അലഞ്ഞു..അയാളുടെ ചുണ്ടുകൾക്കിടയിൽ തിരുകിയ  സിഗററ്റിന്റെ പുകക്കൈകൾ മരണത്തെ ദേഹമറിയാതെ വരിക്കും പോലെ,  അവളുടെ തോളെല്ലിലൂടെ അയാളുടെ കൈകളിഴഞ്ഞു മുറുകി ..അവളെതിർത്തപ്പോൾ .. മനം മടുപ്പിക്കുന്ന   പുകമണമുള്ള വാക്കുകൾ അവളുടെ ചെവിയിൽ തീതുപ്പി "മോളെ .. നീ എന്നോട് ക്ഷമിച്ചു എന്ന് പറ ... നിന്നോടുള്ള അമിതമായ ഇഷ്ടം കാരണം പറ്റിപ്പോയതാ .. മോളെ .."  അയാൾ ഇടറിയ സ്വരത്തിൽ പറഞ്ഞു...   എന്നിട്ടു തന്റെ പരാക്രമങ്ങളിൽ മുറിവേറ്റ  അവളുടെ കായ്കളെടുത്തു പതുക്കെ തലോടി ..കയ്യിൽ  കുപ്പിവളകൾ പൊട്ടി തറഞ്ഞു  കിടന്നതു അയാളൊന്നൊന്നായി ഊരിയെടുത്തു ..  അവൾ അയാളെ ഉന്തിമാറ്റാൻ നോക്കി ... അവളുടെ എതിർപ്പ് വകവെക്കാതെ കയ്യിൽ ചോര പൊടിയുന്നിടം അയാൾ നക്കിത്തുടച്ചു അവൾ കാൺകെ അത് കുടിച്ചിറക്കി .'പെണ്ണിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്തെടുക്കാൻ എന്തൊക്കെ ചെയ്യണം .. ഹോ 'അയാൾ ഓർത്തു.  അവൾ എന്തുചെയ്യണമെന്നറിയാതെ തളർന്നിരുന്നു  വിങ്ങിപ്പൊട്ടി..

അപ്പോൾ അയാളവൾക്കെതിരെ തന്റെ ആവനാഴിയിലെ അടുത്ത അമ്പെടുത്തു തൊടുത്തു " സോറി മോളെ ..എനിക്ക് നീ മാപ്പു തന്നില്ലെങ്കിൽ ഞാൻ വിഷമിച്ചു മരിച്ചുപോവും കേട്ടോ .."  അയാൾ ആവുന്നത്ര സങ്കടം ആ വാക്കുകളിൽ ഉൾപ്പെടുത്താൻ  പാടുപെട്ടു ..എന്നിട്ടു അവളുടെ കാലിൽ വീണു കരഞ്ഞു .. അവൾ എന്ത്  പറയണം എന്നറിയാതെ അയാളെ നോക്കി നിന്നുപോയി ...  അവൾക്കുഅയാളെ പിടിച്ചുമാറ്റാൻ ഉള്ള ശക്തിയില്ലായിരുന്നു ... അവൾ അതെ ഇരുപ്പു തുടർന്നു ..  അവളുടെ വാക്കുകൾ ആ മുറിയിലെ നിശബ്ദതയ്ക്കു ഒടുവിൽ വിരാമമിട്ടു 

"നിങ്ങള്ക്ക് ഒന്നും അറിയില്ല... നിങ്ങളെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു .. എന്റെ അടുക്കൽ പ്രണയമഭ്യർത്ഥിച്ചു വന്നപ്പോഴൊക്കെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആരാധനയായിരുന്നു ...നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയില്ല ...!!" അവളാകെ വിങ്ങിപ്പൊട്ടി ... അയാൾ ആശ്‌ചര്യത്തോടെ തലയുയർത്തിനോക്കി ... 

അവളുടെ മനസ്സിന്റെ കടിഞ്ഞാൺ കൈകളിലേക്കെത്തുന്നത് അയാൾ കണ്ടു .. അയാളവളോട് ആയിരം തവണ മാപ്പഭ്യർത്ഥിച്ചു .. "നീ എനിക്ക് മാപ്പു തരില്ലേ .. നിന്റെ സമ്മതമില്ലാതെ ഈ ജന്മം ഞാൻ നിന്നെ തൊടില്ല ...നീയെനിക്കു മാപ്പുതന്നു പഴയപോലെ വീണ്ടും സുഹൃത്തുക്കളെങ്കിലും ആവാൻ നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല..എന്നോട് പറ്റിപ്പോയി .." 

അവളിലെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ടു അയാൾ മാപ്പു ചോദിച്ചുകൊണ്ടിരുന്നു .. 

' കുരുട്ടുബുദ്ധിക്കാരിയായ എന്റെ ഭാര്യ പോലും വീഴും ഈ ഡയലോഗുകളിൽ .. എന്നിട്ടാ നരന്തു പെണ്ണായ ഇവൾ'  കാരണമറിയാതെ സ്ത്രീകളോട് അയാൾ വച്ചുപുലർത്തുന്ന   പുച്ഛവും  വെറുപ്പും മനസ്സിൽ  കടിച്ചമർത്തി അയാൾ അവളെ തൻ്റെ ദേഹത്തോട്  വീണ്ടും ചേർത്തുപിടിച്ചു അവസാനത്തെ  അടവെടുത്തു .. 

" ജീവിതത്തിലിന്നേ വരെ ഒരു പെണ്ണിനേയും ഞാൻ പ്രണയിച്ചിട്ടില്ല .. മുഖത്തോട്ടുപോലും നോക്കിയിട്ടില്ല" ഭാര്യയുടെയും തന്റെ വലയിൽവീണ  മറ്റു പെണ്ണുങ്ങളുടെയും മുഖം അയാളുടെ മനസ്സിൽ അപ്പോൾ  മിന്നിമാഞ്ഞു ..... അയാൾ  ചിരികടിച്ചമർത്തി .. അവളുടെ മുഖം തന്റെ നെഞ്ചിലേക്കൊതുക്കി   അയാൾ തുടർന്നു "നീയില്ലാതെയെനിക്ക് ജീവിക്കാനാവില്ല .. നിനക്ക് വേണ്ടി ഞാൻ മരിക്കാൻ വരെ തയ്യാറാണ് .. നീ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യാൻ എന്റെ പൊട്ടബുദ്ധിയിൽ തോന്നിയത് .. നീ എന്റെ കൂടെയില്ലെങ്കിൽ ഞാൻ അനാഥനായിപ്പോവും" 

അവൾക്കു ആ വാക്കുകൾ  താങ്ങാവുന്നതിലും അപ്പുറമായിരുന്നു .. .. അവൾ പെട്ടന്ന് ആർത്തു കരഞ്ഞു  .. അയാൾ പേടിച്ചുപോയി.. അയൽക്കാർ  അത് കേൾക്കാതിരിക്കാൻ അയാൾ പെട്ടന്നുതന്നെ അവളുടെ വായ പൊത്തിപ്പിടിച്ചു ..ശബ്ദം താഴ്ത്തി പറഞ്ഞു " മോളൊരു തെറ്റും ചെയ്തില്ലലോ ഏട്ടനല്ലേ ചെയ്തത് .. കരയല്ലേ.. ആൾക്കാര് ശ്രദ്ധിക്കും .. രണ്ടുപേർക്കും മോശമാണത് .. എന്നെ ശിക്ഷിച്ചോളു .. നീയെന്തിനാണ് ആളുകളുടെ പറച്ചിലുകൾ കേൾക്കുന്നത്...  ഞാൻ എന്ത് ശിക്ഷ വാങ്ങാനും തയ്യാർ ആണ് .. നീ പറയു  ഞാൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത് .." ചുറ്റുമുള്ള താമസക്കാർ ആരെങ്കിലും  കേട്ടിട്ടുണ്ടാവുമോ   പെണ്ണിന്റെ  അലർച്ച ..  അയാൾ കാതു കൂർപ്പിച്ചു ...  അവൾ  പതിയെ മൗനത്തിലാഴ്ന്നു .. വാക്കുകൾക്കു ശബ്ദമേകാൻ   അവൾ പാടുപെട്ടു .. 

" പ്രണയമാണെന്ന് പറഞ്ഞു നിങ്ങളെന്നെ പുറകിൽ നിന്നുവിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നപ്പോൾ നിങ്ങളെയൊഴിവാക്കാൻ വേണ്ടി നിങ്ങളെയെനിക്ക് ഇഷ്ടമല്ലെന്നും ..  ഞാൻ നിങ്ങളുടെ ടൈപ്പ് അല്ലാന്നുമൊക്കെ പറഞ്ഞു  എത്ര തവണ  വിട്ടു  നിൽക്കാൻ ശ്രമിച്ചു..? എനിക്ക് ഒരുപാട് ഇഷ്ടായിരുന്നിട്ടും  ഞാൻ നിങ്ങളെ അടുപ്പിക്കാതെ ദൂരെ മാറി നിന്നു .. വഴിമാറി നടന്നു .. നിങ്ങളെന്തിനാണെന്നേ വീണ്ടും വീണ്ടും വിടാതെ ...." അവൾക്കു  തൊണ്ട ഇടറി .." ഇതാ .. ഇപ്പോഴെന്റെ താമസസ്ഥലം കണ്ടെത്തി വന്നിരിക്കുന്നു .... പ്രതീക്ഷിക്കാതെ കയ്യിൽ കേറിപ്പിടിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ  വേണ്ടാ എന്ന്..  ഞാൻ കാലുപിടിച്ചില്ലേ ....എന്നെകെട്ടിയിട്ടു നിങ്ങൾ എന്താ ചെയ്തത് എന്ന്  നിങ്ങൾക്ക് അറിയുമോ " പുതപ്പിനറ്റം കൊണ്ട് നിറഞ്ഞു കവിഞ്ഞ കണ്ണുകളവൾ ഒപ്പി .."അത് പോട്ടെ ..എന്നെ കെട്ടാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് എന്നെകുറിച്ച്  എന്തെങ്കിലും അറിയുമോ ??!നിങ്ങൾ ഇങ്ങനെ..."..അവൾക്കു മുഴുമിക്കാനായില്ല ...

അസഹനീയതയോടെ എന്നാൽ സ്നേഹം നടിച്ചുകൊണ്ട്  വേദനിപ്പിക്കാവുന്നത്രയും ആഴത്തിൽ അവളുടെ ദേഹത്ത് വിരലുകളാഴ്ത്തി അയാൾ അവളെ മുറുക്കിപ്പിടിച്ചു ചോദിച്ചു " ഒരുപാട് ഇഷ്ടമെന്നല്ലേ പറഞ്ഞത് പിന്നെയെന്താ ... എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ .. ഞാൻ നിനക്ക് ഒരു ശല്യമാണോ ?അങ്ങനെയെങ്കിൽ ഞാൻ  പോയേക്കാം " അയാൾ ചൊടിച്ചു ..  അവളയാളുടെ വായപൊത്തിപ്പിടിച്ചു .."എന്തിനാണങ്ങനെയുള്ള വാക്കുകൾ എന്നോട് പറയുന്നത് ..ഞാൻ നിങ്ങളോടു പലപ്പോഴായി പറയണമെന്നാഗ്രഹിച്ചതാണ്  എന്റെ പഴയകാലത്തിന്റെ കഥകൾ .. ധൈര്യമുണ്ടായില്ല .. നിങ്ങളെനിക്ക് ഒരിക്കലും ശല്യമല്ല എന്നുമാത്രമല്ല ഞാൻ നിങ്ങളുടെ ചിരിയും  കളിയും എല്ലാം ഇഷ്ടപ്പെടുന്ന .. ഇനി പറയാതിരുന്നിട്ടെന്തു കാര്യം .." അതുകേട്ടപ്പോൾ അയാൾക്ക്‌ ഉറപ്പായി 'തന്റെ വിദ്യകളെല്ലാം വീണ്ടും ഏറ്റിരിക്കുന്നു '... 

അയാളുടെ ചിന്തകളെ മുറിച്ചുകൊണ്ട് അവൾ തുടർന്നു"എന്നെ കുറിച്ച് എല്ലാം നിങ്ങൾ അറിയണം .. എന്റെ കഥകൾ എല്ലാം ..."  'ഉവ്വ് ..  കഥ കേൾക്കുന്നു .. വേഗം കാര്യം നടത്തി പോകാം എന്നല്ലാതെ'  അയാൾക്കു ക്ഷമകെട്ടു.. ദേഷ്യം  പിടിച്ചു ..     അവൾ കാണാതിരിക്കാൻ അവളുടെ മൂർദ്ധാവിൽ അയാൾ ചുംബിച്ചു കൊണ്ട് പറഞ്ഞു " നിന്റെ ഭാവിയും ഭൂതവുമൊന്നുമല്ല  എനിക്ക്  അറിയാൻ  താൽപ്പര്യം ..നിന്റെ കഴിഞ്ഞ കാലങ്ങളിൽ ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ..നീ പാവപ്പെട്ടവളായിരുന്നെങ്കിലും .. ഇപ്പോൾ പാവപ്പെട്ടവളായാലും അല്ലെങ്കിലും നിന്നെ ഞാൻ കല്യാണം കഴിക്കും ...  നിനക്കുവേണ്ടി ഞാൻ യുദ്ധം ചെയ്യും.. അത്തരത്തിൽ പെട്ട ആളാണ് ഞാൻ" ഇതുപറഞ്ഞുകൊണ്ടു അയാളോർത്തു -'ഓ ഞാൻ  എങ്ങാനും സിനിമയിലഭിനയിച്ചാൽ അവാർഡ് ഉറപ്പാ .. keep it up '   മനസ്സിൽ സ്വയം പുകഴ്ത്തികൊണ്ടു അയാളവളെ  വാരിയെടുത്ത് മടിയിലിരുത്തി പറഞ്ഞു"ഈ സുന്ദരിയെ എനിക്ക് വേണം...എനിക്ക് നിന്നെ കെട്ടണം... പിന്നെ പ്രണയം സെക്സ് എന്നതൊക്കെ കല്യാണം കഴിഞ്ഞു നടന്നാലും മുൻപ് നടന്നാലും ഒരു തെറ്റുമില്ല " ദേഹത്ത് പറ്റിയ മുറിവുകളിൽ പൊടിഞ്ഞ  ചോരതുടച്ചുകൊണ്ട് പറഞ്ഞു " നിങ്ങളോടു ഇത് പറയാതെ വയ്യ .. മുഴുവനായി പറയാതെ നിങ്ങൾക്ക് ഉൾക്കൊള്ളാനുമാവില്ല .. അതുകൊണ്ടു എന്റെ ചെറുപ്പംതൊട്ടു എല്ലാകാര്യവും ഞാൻ പറയാം .. പതിനാലാം വയസ്സിൽ പൂർണ്ണമായും അനാഥയായ ഒരു പെണ്ണാണ് ഞാൻ" അയാൾ മനസ്സിലോർത്തു 'നന്നായി.. നൈസ് ആയി ഇട്ടേച്ചു പോവാം .. ചോദിക്കാനും  പറയാനും ആരും വരില്ല' സന്തോഷം ഉള്ളിലടക്കി  ദുഖത്തോടെ അയാൾ " എന്റെ മോൾക്ക് ഞാനുണ്ട് കേട്ടോ . എന്നിട്ട് ?"

അവൾ ആർദ്രയായി അയാളെ ഒരു നിമിഷം  നോക്കി നിന്നു പോയി .. അവളുടെ ദേഷ്യവും വേദനയും അയാളുടെ പൊള്ളയായ വാക്കുകളാൽ  തുടക്കപ്പെട്ടു കഴിഞ്ഞിരുന്നു .. അവൾക്കു കണ്ണുകൾ തുളുമ്പി .. മുഖം അമർത്തിതുടച്ചുകൊണ്ടു  അവൾ തുടർന്നു .."അച്ഛൻ മരിക്കുമ്പോളെനിക്ക് ഒരു വയസ്സായിരുന്നത്രെ.. അമ്മ പറഞ്ഞ അറിവാണ് .... അച്ഛന്റെ മരണശേഷം അമ്മ  നാട്ടിലെ ഒരു പ്രമാണിയുടെ  വീട്ടിലെ  വീട്ടുവേലകൾ  ഒക്കെ  ചെയ്താണ്  എന്നെ വളർത്തിയത്    ..ആസ്മ അധികരിച്ചു ചികിത്സ കിട്ടാതെയാണ് അമ്മ മരണപ്പെട്ടത് .. അന്നെനിക്ക് 13 വയസ്സ് ആയിട്ടേ ഉള്ളു..  അമ്മയുടെ മരണത്തോടെ ഞാൻ തീർത്തും ഒറ്റക്കായി .. വിശപ്പിനു പരിഹാരമായി  അമ്മ വേലക്ക്  പോയിരുന്ന വീട്ടിലേക്കു സഹായം ചോദിച്ചു ഞാൻ ചെന്നു.. മുബൈയിലേക്കു കൂടെപോയാൽ അവിടെ അവരുടെ കമ്പനിയിൽ  ജോലിയാക്കി തരാം എന്ന് മുതലാളി പറഞ്ഞു.. അവരുടെ കൂടെ ഞാൻ മുംബൈ നഗരത്തിലെത്തി  അയാൾക്ക് അവിടെ കമ്പനിയല്ല ഒരു ബാർ ആയിരുന്നു ഉണ്ടായിരുന്നതു .. ഒരു ഡാൻസ് ബാർ.. അവിടെ എന്നെ ഒരു ക്ലബ് ഡാൻസർ ആക്കാനായിരുന്നു അവരുടെ ഉദ്ദേശം.. ജോലിയുടെ ശരിതെറ്റുകൾ അറിയുന്ന പ്രായമായിരുന്നില്ല .. ഇനി ആണെങ്കിൽപോലും വിശപ്പിനോളം വരുന്ന ശരി വേറെയില്ലല്ലോ .. ഞാനാ ജോലിയിലേക്ക് പ്രവേശിച്ചു..." 

അയാളവളെ തുറിച്ചു നോക്കി 'അത് ശരി ..നീ ആള് കൊള്ളാലോ .. എന്നിട്ടാണോ %>$£+%*£ എനിക്ക് കിടന്നു തരാൻ നിനക്ക് ഇത്ര മടി ?'  അയാളുടെ തരംതാഴ്ന്ന ചിന്തകൾപോയതു അങ്ങനെയാണ്.. അരിശം അരിച്ചു കയറിയത് അടക്കാൻ അയാൾ പാടുപെട്ടു .. അവൾ തുടർന്നു .."ആ ജോലിചെയ്യുന്നവർക്ക് ബാറിൽവെച്ചു ആരെയെങ്കിലും കൂടെ വിളിച്ചാൽ വേണമെങ്കിൽ കിടക്ക പങ്കിടാൻ  കൂടെ പോവാം .. അധിക വരുമാനത്തിനായി അധികപേരും അത് ചെയ്യാറുണ്ടായിരുന്നെങ്കിലും  മുതലാളി അതിനു ആരെയും നിർബന്ധിക്കില്ലായിരുന്നു.... എന്നെയും അതിനുനിർബന്ധിച്ചില്ല .. എനിക്കതിനു തോന്നിയിട്ടുമില്ല .. .. ജീവിതം നൽകിയ പാഠങ്ങളിൽ ഉരുത്തിരിഞ്ഞ  തീരുമാനമാവാം അത്..ആളുകളുമായി അടുക്കാനുള്ള ഭയം കൊണ്ട് , അവരകന്നുപോകുമെന്ന ഉറപ്പുകൊണ്ട് ഒക്കെ ഉണ്ടായ തീരുമാനം ... അല്ലാതെ അതൊരു തെറ്റായിത്തോന്നിയിട്ടല്ല" 

അയാൾക്ക് അപ്പോഴാണ് ആശ്വാസമായത് ..വാക്കുകളിൽ  ദുഃഖം ചാലിച്ച് ചേർത്ത് അയാൾ പറഞ്ഞു "എന്റെ മോൾ ഒരു പാട് കഷ്ടപ്പെട്ടു.. അല്ലെ..?  ഇനിയങ്ങോട്ട് എല്ലാത്തിനും ഞാൻ കൂടെയുണ്ടാവും" കപടതയുടെ മുഖംമൂടിയടർത്താതെ അയാളവളുടെ അടുത്തേക്ക് വീണ്ടുംനീങ്ങിചെന്ന്  ചേർന്നിരുന്നു .. അവൾ ക്ഷീണത്തോടെ ആക്കുറി അയാളുടെ മാറിലേക്ക് ചാഞ്ഞു .. അയാളുടെ മനസ്സിൽ പൂത്തിരികത്തി ..'ആർത്തി ബുദ്ധിയല്ല .. പയ്യെ തിന്നാൽ പനയും തിന്നാം '  മനസ്സിലട്ടഹസിച്ചു കൊണ്ടിരിക്കുന്ന തോന്നിവാസത്തിന്റെ ചൂടാണയാളുടെ നെഞ്ചിനെന്നറിയാതെ അവൾ തുടർന്നു " ആ ഇടക്കാണ് ഒരാളെന്നെ ബാറിൽവെച്ചു ദേഹത്ത്  കയറിപ്പിടിക്കുന്നത് .. ഞാൻ ഭയന്ന് വിറച്ച് കൊണ്ട് അയാളെ തള്ളിയകറ്റി .. അന്നെനിക്ക് വയസ്സ് പതിനാറാവുന്നെ ഉള്ളു ..എതിർപ്പ് വകവെക്കാതെ  അയാൾ പിന്നെയുമെന്റെ നേർക്ക് കുതിച്ചപ്പോൾ അവിടെ കിടന്ന ഒരു കസേരയെടുത്തു ഞാൻ അയാളുടെ തലക്കടിച്ചു ... ചോരവാർന്നു ഒഴുകുന്ന മുഖത്തെ കനൽകട്ട  പോലെയുള്ള  കണ്ണുകളിൽ  നിന്ന് പകയുടെ ചൂട് ..  അയാൾ  എന്നെ അടിമുടി നോക്കിദേഷ്യപ്പെട്ടു ഇറങ്ങി പോയി .. കസ്റ്റമറിനോട് മോശമായി പെരുമാറിയെന്ന് പറഞ്ഞു മുതലാളി എന്നെ ആ ഡാൻസ് ബാറിൽ നിന്നു പുറത്താക്കി ..പിന്നീട് ഞാൻ  ജോലി വേണ്ടെന്നും കയ്യിലുള്ള പൈസയെടുത്തു പഠിക്കണമെന്നും ഉറപ്പിച്ചു .. മുതലാളി നൽകിയ താമസ സൗകര്യം  നഷ്ടമായപ്പോൾ  ...ഒരു സുഹൃത്തിന്റെ  സഹായത്തോടെ മുംബൈയിലെ ഒരു ചേരിയിൽ വല്യ വാടകക്ക് ഒരു ചെറിയമുറി എനിക്ക് കിട്ടി.. ഞാൻ അവിടെ താമസം ആരംഭിച്ചു .. അവിടെ വെച്ചാണ്  എല്ലാറ്റിനും തുടക്കം" .

'ഇത് ഇന്നെങ്ങാനും തീരുമോ ..' അയാൾ ഓർത്തു .. 

അവൾപറയുന്നതു പാതി കേട്ടും പാതികേൾക്കാതെയും ഓഫ്‌ബീറ്റിൽ മൂളികേട്ട്  അവളെ ശപിച്ചുകൊണ്ട് അയാൾ അവളുടെ ദേഹം തന്റെ ദേഹത്തോട്  അടുപ്പിക്കാൻ സകല വിദ്യകളും ഇടയിൽ പയറ്റിക്കൊണ്ടിരുന്നു.. അയാളുടെ  കൈകൾ ദേഹത്ത്പടുമ്പോളൊക്കെ യാന്ത്രികമായി തന്നിൽനിന്ന്  അടർത്തിമാറ്റിക്കൊണ്ടു അവൾ എഴുന്നേറ്റു .. ജനാലക്കൽ  പോയി അസ്തമയ സൂര്യനെ നോക്കി നിന്നൂ .. എന്നിട്ടു പതുക്കെ    തുടർന്നു  

"അവരെന്നെ അവിടെ തേടിയെത്തി.. ഞാനന്നു ബാറിൽ വെച്ച് കസേരകൊണ്ട് തലയ്ക്കു അടിച്ചപ്പോൾ മുറിവേറ്റ ആളും കൂടെ ഒരു പത്തുപേരടങ്ങുന്ന കണ്ടാലറപ്പാവുന്ന ഗുണ്ടകളും .. മുറിയിലേക്ക് ആക്രമിച്ചു കടന്നു വന്നു അവരെന്നെ ഓരോരുത്തരായി .." മുഴുമിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു..

"ആ ആജാനുബാഹുക്കൾ  ഓരോരുത്തരുടെയും രതിസങ്കല്പങ്ങളുടെ ക്രൂരമായ വൈകൃതങ്ങൾ  ഞാൻ മാറി മാറി അനുഭവിച്ചു" അവൾ കിതപ്പോടെ പറഞ്ഞു നിർത്തി ..

അയാൾ ചെറുതായൊന്നു വിരണ്ടു.. അവൾ ഒരു ദീർഘനിശ്വാസമുതിർത്തു  കട്ടിലിൽ തിരിച്ചുവന്നു തളർന്നിരുന്നു .. ഗദ്ഗദത്തോടെ തുടർന്നൂ "എന്നെ നാട്ടുകാരെടുത്ത്   ഏതോ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടിട്ടു ... ഞാൻ അബോധാവസ്ഥയിൽ നിന്നു ഉണരുന്നതിനു മുൻപേ വാർത്തകളിൽ  ഞാൻ നിറഞ്ഞു..  സഹതാപങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നെരിപ്പോടുകൾ..   ആശുപത്രി വിടുന്നതിനു മുൻപേ ആളുകളുടെ മറവിയിലേക്കും ഞാൻ മാഞ്ഞുപോയി .. 

ജീവിതത്തിന്റെ  പരീക്ഷണങ്ങൾ  പിന്നെയും തുടർന്നു.. കൂടുതൽ കഠിനമായി .. കാരണം ആ ആശുപത്രിയിൽ  നിന്നു ഞാൻ ഇറങ്ങിയത് ഒറ്റക്കായിരുന്നില്ല .. ...പിന്നീട് ഞാൻ അറിഞ്ഞു..  എന്നെ അന്ന് പീഡിപ്പിച്ച ആരിലൊ നിന്ന് എനിക്ക് പകർന്നുകിട്ടിയ എയ്ഡ്സ് എന്ന മാരകമായ  അസുഖം കൂടെയുണ്ടായിരുന്നു..." 

അവൾ ക്ഷീണത്തോടെ അയാളെ നോക്കി.. 'ഒരു മിന്നൽ പിണർ അടിവയറ്റിൽ നിന്ന് മൂർദ്ധാവിലേക്കു കയറിപ്പോയോ..??!!'

സ്തബ്ധനായി  ഒരു ശില കണക്കേ തറഞ്ഞിരുന്നുപോയി അയാൾ..  അയാളുടെ കൈകൾ പിടിച്ചുകുലുക്കി കണ്ണീരോടെ അവൾ ചോദിച്ചു "എന്തിനെന്നെ തൊട്ടു??..നിങ്ങളെ  രക്ഷപ്പെടുത്താൻ എത്ര ശ്രമിച്ചു   ഞാൻ .. .." അവളതു ചോദിച്ചതും പൊടുന്നനെ അവളുടെ കൈകളിൽനിന്നൂർന്നു  വെട്ടിയിട്ട മരം പോലെ കട്ടിലിൽ നിന്ന് മറിഞ്ഞു  അങ്ങിങ്ങായി  കിടന്നിരുന്ന അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾക്കുമീതെ   തറയിൽ മുഖമടിച്ച് അയാൾ കുഴഞ്ഞു വീണു ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA