sections
MORE

തീവ്രാനുഭവം അഥവാ മീരാമാധവം

meeramadhavam
SHARE

ഇരുപത്തിയൊന്ന് കഥകൾ.  നൂറിൽ താഴെ പേജുകൾ. ആതിര സന്ദീപിന്റെ 'മീരാമാധവം' വായനക്കാരിലേക്ക് പകർന്നുതരുന്നത്, അനുഭവത്തിന്റെ മൂശയിൽ പിറന്നുവീണ ഒരുപിടി കഥകളാണ്.  ഓരോ ചെറുകഥയും ഓരോ അടയാളപ്പെടുത്തലുകളായി, വായനക്കാരനെ ഉള്ളം കയ്യിലേന്തി തന്റെ എഴുത്തുപടവുകൾ കയറുന്ന എഴുത്തുകാരി.  അവരുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "ഈ പുസ്തകത്തിലെ ഓരോ വരികൾക്കും നിങ്ങൾ അവകാശികളാണ്"

യുദ്ധക്കളത്തിൽ, ക്രൂരതയുടെ നടുവിൽ പെട്ടുപോയ സമീറ എന്ന ഹതഭാഗ്യയ്ക്ക് കൈത്താങ്ങാകുന്ന പുരുഷന്റെ കഥയാണ് 'തീക്കാടുകളിൽ വിരിയുന്ന പുഷ്‌പങ്ങൾ'.  യുദ്ധഭീകരതയുടെ വികൃതമുഖം. 

'തളിരില്ലാ...തണൽ മരമാണ്'  എന്ന കഥ ആനുകാലിക സംഭവങ്ങൾക്ക് നേരെ പിടിച്ച ഒരു ദർപ്പണമാണ്. സ്വന്തം വീട്ടിൽ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന കൂട്ടുകാരിയുടെ അനുഭവം അറിയുന്ന അമ്മു എന്ന കുഞ്ഞിന്റെ സംഭ്രമത്തിന്റെ കഥ. അച്ഛനെ ഭയപ്പാടോടെ നോക്കുന്ന മകൾ.  കഥയുടെ അന്ത്യത്തിൽ അമ്മുവിന്റെ അച്ഛനിൽ നിന്നും ഉതിരുന്ന വാക്കുകൾ നോക്കൂ "ഞാൻ അച്ഛനാണ്.. ആരെക്കാളും അധികം എന്റെ വാവയെ സ്നേഹിക്കുന്ന അച്ഛൻ"

മോറൽ പൊലീസിന്റെ അർത്ഥവ്യർത്ഥതയ്ക്ക് നേരെ ചൂണ്ടുപലകയാകുന്നതാണ് 'കാഴ്ചയ്ക്കപ്പുറം'. കാര്യം അറിയാതെ വിധികൽപിക്കുന്ന സമൂഹത്തിന് നേരെ നടത്തുന്ന പുലയാട്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷക്കാരനാക്കി സമൂഹം മാറ്റുന്ന മൂകനായ മനുഷ്യന്റെ കഥ. ഇവിടെ കഥാകാരി 'എന്നെങ്കിലും ഒരിക്കൽ ആ കുഞ്ഞ് വളർന്നുവലുതാകുമ്പോൾ സത്യം പറയുമായിരിക്കും' എന്ന് കുറിച്ച് സ്വയം ആശ്വസിക്കുന്നു. 

നൊമ്പരത്തുള്ളികൾ വായനക്കാരിലേക്ക് ഇറ്റുവീഴിക്കുന്ന ഹൃദയവേദനയുടെ ചടുലതാളലയമാണ്‌ 'മീരമാധവം' എന്ന കഥ.  എല്ലാം പൂർത്തിയായാക്കിയാതായി സ്വയം ആശ്വസിച്ച് ഭ്രാന്തമായ സ്നേഹവായ്‌പോടെ കടന്നുപോകുന്ന മീരയെ നോക്കിനിൽക്കുന്ന അവളുടെ മാധവൻ സ്നേഹിക്കപെടുന്ന പുരുഷന്മാരുടെയെല്ലാം പ്രതിനിധിയായി വർത്തിക്കുന്നു.

'തന്നിഷ്ടക്കാരി'  കഥയറിയാതെ ആട്ടം കാണുന്ന സമൂഹത്തിന്റേതാണ്. മുടിമുറിച്ച് 'അഹങ്കാരിയായി' നടന്നുനീങ്ങുന്ന പെൺകുട്ടിയോട് മുത്തശ്ശി പറയുന്ന ഹൃദയഹാരിയായ വാക്കുകളുണ്ട് "മറ്റുള്ളവരുടെ പുഞ്ചിരിക്ക് കാരണമാകുന്നവർ അപ്സരസ്സുകളെക്കാൾ സുന്ദരികൾ".  ഏകദേശം ഇതേ ജനുസ്സിൽപെട്ട മറ്റൊരുകഥയാണ് 'വിഖ്യാത എഴുത്തുകാരനും പെൺകുട്ടിയും'. പകൽമാന്യന്മാരുടെ ഇടയിലെ ചൂടൻ വിഷയമായി അവർ മാറുമ്പോളും ഒരനാഥയ്ക്ക് 'അച്‌ഛാ' എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന പെൺകുട്ടിയുടെ കഥ ചെറുതെങ്കിലും മർമ്മസ്‌പർശിയായിത്തീരുന്നു.

തന്നിൽനിന്നും അകന്നുപോയ ഹൃദയം വീണ്ടുമിടിക്കുവാൻ കാരണം തന്റെ കൈകളാണെന്ന ബോധം ജനിപ്പിക്കുന്ന ഓർമ്മയുടെ വിഹ്വലതകളാണ് 'മറന്നിട്ടുമെന്തിനോ' എന്ന കഥയിലെ ഡോ: നിരഞ്ജനയുടേത്. അതേപോലെ തന്നെ വേദനയുടെ മുള്ളുകൾ വായനക്കാരിലേക്ക് കുത്തുന്ന കഥയാണ് 'അസ്തമയ സൂര്യൻ'.  സോഷ്യൽ മീഡിയയിലേക്ക് ആദ്യമായി എത്തപ്പെടുന്ന പ്രവാസിയുടെ ഭാര്യയും മകനും അവിടെ ആദ്യമായി കാണുന്ന കാഴ്ചയുടെ വിസ്ഫോടനം വായനക്കാരിലുണ്ടാകുന്ന വികാരതീവ്രത ഏറെ.

ഹൃദയസ്പർശിയായ ഒരുപിടി കഥകളുടെ സമാഹാരമായ 'മീരാമാധവ'ത്തിൽ ഉറഞ്ഞുതുള്ളുന്ന വികാരങ്ങൾ മനുഷ്യ മനസ്സിന്റെ നഷ്ടബോധവും, പ്രതീക്ഷയും, വേദനകളുമാണ്. ദുഃഖസാന്ദ്രമായ അനുഭവങ്ങളും അതിൽ അടങ്ങിയിരിക്കുന്ന സത്യധർമ്മബോധവും കഥകളിൽ ഉടനീളം കാണാം. ഇവിടെ മനസ്സിന്റെ മിഥ്യാധാരണകളും, വ്യർത്ഥവ്യാമോഹങ്ങളും ഒക്കെ ആതിരയുടെ എഴുത്തിനുള്ള ചാലകശക്തിയാണ്.  ദുഃഖനീലിമമാണ് ഒട്ടുമിക്ക കഥകളെങ്കിലും അത് വായനക്കാരിൽ ഉളവാക്കുന്ന പ്രകമ്പനം വലുത്.  ലളിതമായ എഴുത്തിലൂടെ, പേജുകൾ മറിയുന്നതറിയാതെ, ഒറ്റയിരുപ്പിന് വായനക്കാരനെ പിടിച്ചിരുത്തുന്ന അടയാളപ്പെടുത്തലുകൾ.

സ്ത്രീപക്ഷത്തുനിന്ന് ചുറ്റുമുള്ള സമൂഹത്തിന്റെ ചേഷ്ടകളെ നോക്കിക്കാണുന്ന എഴുത്തുകാരിയെ നിങ്ങൾക്ക് 'മീരമാധവത്തിൽ കാണാം. പെണ്ണെഴുത്തിന്റെ വ്യത്യസ്ത അനുഭവം. മടുപ്പ് തോന്നാത്ത അവതരണ രീതിക്ക് ചാരുതയേകുന്ന ഷിജിൻ കുമാറിന്റെ ചിത്രീകരണം.

മീരമാധവം ഹൃദയത്തുടിപ്പിന്റെയും, വികാരവയ്‌പിന്റെയും കൂടി പുസ്തകമാകുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA