sections
MORE

'സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ'- വായനാനുഭവം

super-jungle-reality-show
SHARE

കുട്ടികൾക്കുള്ള പതിനഞ്ച് കഥകളുടെ സമാഹാരമാണ് ജോസ്‌ലറ്റ് ജോസഫിന്റെ 'സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ'.  ലളിതമായ ആഖ്യാനം,  ചെറുമനസ്സുകൾക്ക് മനസ്സിലാകുന്ന ഭാഷാശൈലിയിൽ ചിത്രങ്ങൾ ഉൾപ്പെടെ രൂപപെടുത്തിയിരിക്കുന്ന പുസ്തകത്തിലെ ഓരോ കഥയും ഓരോ ഗുണപാഠകഥകളായി ഭവിക്കുന്നു.

ബാലമനസ്സിനെ കീഴടക്കുവാൻ എളുപ്പമല്ല. അതിനാൽ തന്നെ ബാലസാഹിത്യം പലർക്കും പ്രാപ്യവുമല്ല. ലളിതമായ കഥയിൽ ആകാംഷ വേണം, താളം വേണം, കൗതുകം വേണം, കഥയുടെ വർണ്ണലോകം അവരുടെ മനസ്സിന് യോജിച്ചതാകണം ഇവിടെയാണ് ജോസ്‌ലെറ്റ് എന്ന എഴുത്തുകാരൻറെ കഥകളുടെ പ്രാധാന്യം നാം കാണേണ്ടത്.

ആദ്യകഥയായ 'ബോയ് ആൻഡ് ദ ബലൂൺ' പറയുന്നത് ഒരേസമയം രണ്ട് മൂന്ന് ഗുണപാഠങ്ങൾ ആണ്. നിയന്ത്രണം വിട്ട് പറന്നുപോകുന്ന ബലൂണിലെ കുട്ടിയുടെ ഭീതിയും, അവൻ കാണുന്ന കാഴ്ച്ചകളും, അവസാനം അവന് ലഭിക്കുന്ന പ്രശംസയും ഒപ്പം കുട്ടികൾ വാശിപിടിക്കുന്നതിന്റെ വരും വരായ്‌മകളും വരച്ചിടുന്നു.

'സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ' എന്ന കഥ മൃഗലോകത്ത് നടക്കുന്ന ഒരു റിയാലിറ്റി ഷോയുടെ കഥയാണെങ്കിലും അക്കരപച്ചത്തേടി പോകുന്ന സമൂഹത്തിന് ഉണ്ടാകുന്ന റിയാലിറ്റിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 'ന്യുസ് പേപ്പർ ബോയ്' നൽകുന്ന ഗുണപാഠം വായനക്കാരുടെ കരളലിയിക്കും. സമൂഹത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നാം ഇടപെടേണ്ട കാര്യമില്ല എന്ന മട്ടിലുള്ള അണുകുടുംബ ജീവിതത്തിനുള്ള ശക്തമായ മുന്നറിയിപ്പും സന്ദേശവും ആണ് ഈ കഥ.

നഗരത്തിൽ താമസിക്കുന്ന കൊച്ചുപെൺകുട്ടിയുടെ ആഗ്രഹത്തിന്റെ കഥയാണ് 'അമ്മുവിൻറെ ആട്ടിൻകുട്ടി'  തനിക്ക് അപ്രാപ്യമായ ആട്ടിൻകുട്ടി എന്ന ആശ അവൾ നേടിയെടുക്കുന്ന കാഴ്ച്ച നൽകുന്നത് കൊച്ചുകുട്ടികളും, മൃഗങ്ങളും പ്രകൃതിയും തമ്മിലുള്ള സങ്കലനമാണ്. സ്വന്തം ശക്തിയിൽ അഹങ്കരിക്കുന്നവർക്കുള്ള താക്കീതാണ് 'സ്വർണ്ണ മത്സ്യം'.  പണിയെടുക്കാതെ സമരമെടുക്കുന്ന മുതിർന്നവർക്കുള്ള മാതൃകയാണ് 'കുട്ടികളുടെ റിപ്പബ്ലിക്'. കുറുക്കുവഴിയിലൂടെ നേടുന്ന വിജയം ശാശ്വതവും ആനന്ദദായകവും അല്ലെന്ന് പ്രതിപാദിക്കുന്ന 'കൂയിൽ', അമ്മൂമ്മയുടെ ലോകത്ത് കുട്ടികളെ ആകർഷിക്കുന്ന 'വീ ഹെൽപ്' എന്നിങ്ങനെ ഓരോ കഥയിലും ഇളംമനസ്സുകളെ തൊട്ടുതലോടി ഉണർത്തുന്ന ചെറിയ ചെറിയ കഥകളുടെ പുസ്തകമാണിത്.

മിക്ക കഥകളും വേറിട്ട് നിൽക്കുന്ന ആശയങ്ങൾ ആണെങ്കിലും എല്ലാ കഥകളും കൈകൾ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. നന്മയുടെയും, ഗുണപാഠങ്ങളുടെയും. പിന്നെ കരുണയുടെയും ലോകം. ഈസോപ്പ് കഥകളും, ജാതകകഥകളും, അമർച്ചിത്രകഥകളും ഒക്കെ പിന്തുടരുന്ന ആകർഷകത്വം എഴുത്തുകാരനിൽ കാണാൻ കഴിയും. കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും വായിക്കാനും, രസിക്കാനും  പറ്റിയ ഒരുപാട് നന്മകൾ ഇതിലുണ്ട്.

തെളിമയുള്ള, ബാലമനസ്സുകൾ കണ്ടുകൊണ്ടുള്ള എഴുത്ത്. അതാണ് ജോസ്‌ലെറ്റ് ജോസഫിൻറെ 'സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ' എന്ന ഈ പുസ്‌തകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA