sections
MORE

'കവി ഉദ്ദേശിച്ചത്'- വായനാനുഭവം

poem
SHARE

വർത്തമാനകാലത്തിന്റെ നൊമ്പരമുറിവുകളിലൂടെ ഭാവി കാലത്തിന്റെ ആകുലതകൾ നിറഞ്ഞ ചിന്താസരണിയുടെ പ്രവാഹമാണ് 'കവി ഉദ്ദേശിച്ചത്' എന്ന കവിതാസമാഹാരം.

സാംസ്കാരിക നവോഥാനമെന്ന് ഉറക്കെ ഘോഷിക്കുമ്പോഴും സാംസ്കാരിക അപചയം നേരിടുകയും എഴുത്തുകാരനെ ഭയപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് നിർഭയമായി കാലത്തോട് കലഹിച്ച്കൊണ്ടു തന്നെ കവി തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.

അമ്മ എന്ന കവിതയിലൂടെ തുടങ്ങി വിൽപ്പത്രം എന്ന കവിതയിൽ അവസാനിക്കുമ്പോൾ കവി ആസ്വാദകനുമായി സംവദിക്കുന്ന ആശയങ്ങൾ മനസിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരു പുതിയ കാലത്തിന്റെ വെളിച്ചത്തിനായി ദാഹിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നുണ്ട്.

സഹന ശക്തിയുടെ പ്രതീകമായി അമ്മയെ കുറിച്ച് "അമ്മ" എന്ന കവിതയിലൂടെ കടന്നു പോകുമ്പോൾ തലമുറകൾ തമ്മിലുള്ള ബന്ധങ്ങളിലെ ജീർണത പ്രതിപാദിക്കപ്പെടുകയാണവിടെ.

സ്ത്രീ ഭാര്യയായി അമ്മയായി ഒക്കെ മാറുമ്പോഴുണ്ടാകുന്ന അവസ്ഥകൾ പിന്നെ ഒറ്റയായി ശരണാലയ വാതിലിൽ അഭയം തേടുമ്പോൾ ഇന്നുകളിലെ ചില ചിത്രങ്ങൾ നമുക്ക് മുൻപിൽ തെളിഞ്ഞു വരും.

പ്രകൃതിയെ കുറിച്ചും പ്രണയത്തെ കുറിച്ചും മാത്രമല്ല സ്നേഹമെന്ന വിശാല കാഴ്ചപ്പാടിൽ സാമൂഹിക നന്മയ്ക്കായി നിലനിൽക്കണമെന്നാശയവും കവിതാ സമാഹാരത്തിലൂടെ കവി മുന്നോട്ട് വയ്ക്കുന്നു.

നവമാധ്യമങ്ങളിലെ പുഴുക്കുത്തുക്കളെയും ഈ കവിതാ സമാഹാരത്തിൽ പരാമർശിക്കുന്നുണ്ട്. സ്ത്രീ കടന്നു പോകുന്ന വിവിധ തലങ്ങളെ കുറിക്കുന്ന കവിതകളും സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

"ദൈവം" എന്ന കവിതയിൽ ദൈവത്തെ പോലും സംഹരിക്കാൻ കഴിയും വിധം വളർന്ന മനുഷ്യനെ പകർത്തുമ്പോൾ ആർഭാടമണിയുന്ന പള്ളികളും പെരുന്നാളും ഉത്സവങ്ങളുമൊക്കെ പ്രതിപാദ്യം ചെയ്യപ്പെടുന്നു.

ദൈവത്തിനു പോലും വേണ്ടാത്ത ആർഭാടങ്ങൾക്ക് തൽപരരായ മനുഷ്യൻ മുഖ്യാസനത്തിനായി പരക്കം പായുകയും വേദനിക്കുന്നവനെ കാണാതെ പോകുകയും ചെയ്യുകയാണെന്ന് ഈ കവിതയിലുടെ കവി തന്റെ ദുഃഖം പ്രകടിപ്പിക്കുന്നു.

"ഏകം സത്" എന്ന കവിതയിൽ

"എങ്ങനെ സ്നേഹിപ്പു ഞാൻ

എന്നേപ്പോൽ, എന്നയാൾക്കാരനെ

അതിനെന്ത്? അയൽക്കാരനും

നിന്റെ മതക്കാരനായാൽ പോരെ !"

എന്ന വരികളിലെത്തുമ്പോൾ ഇന്നത്തെ വർഗീയ വൽക്കരണത്തിന്റെ വഴികളോടുള്ള കവിയുടെ പ്രതിഷേധമായി അത് മാറുകയാണ്. ഏക ദൈവം എന്നത് അവനവന്റെ മാത്രം ദൈവമായി വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തി ഇല്ലായ്‌മ ചെയ്യുന്ന അന്ധകാരം വ്യാപിക്കുന്നതിന്റെ ആകുലതയും കവിതയിൽ മുഴങ്ങുന്നു.

"മറക്കുട "എന്ന കവിത മത ഭ്രാന്തിന്റെ രൂക്ഷതയെ അത്യന്തം വിമർശനാവിധേയമാകുന്നുണ്ട്. രാജഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന മുലക്കരവും തലക്കരവും ഒക്കെ മത ഭ്രാന്തന്മാരാൽ തിരികെയെത്തുമോ എന്ന് ഇന്നുകളിലെ ആശങ്ക കവി മറച്ചു വയ്ക്കുന്നില്ല.

ഒദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥ കവി പെൻഷണർ എന്ന കവിതയിൽ പറയുന്നു

"ഇന്നലത്തെ പ്രഫസർ

വകുപ്പ് മേധാവി,

പോസ്റ്റ്‌ ഡോക്ടറൽ ഫെലോ,

ആയിരങ്ങളുടെ മഹാ ഗുരു

ഇന്നിവിടെ വരാന്തയിൽ

ഭിക്ഷാം ദേഹിയെപ്പോൽ

വരിയിൽ അനുസരണയോടെ "

എന്നിങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ ആരവങ്ങൾക്കിടയിൽ നിന്ന് ഒറ്റപെട്ടു പോകുന്നവരുടെ മാനസികാവസ്ഥ വ്യക്തമാക്കപ്പെടുകയാണ്.

ഫാസിസത്തിന്റെ കാലത്തിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ള കവി മുസ്സോളിനിയും ഹിറ്റ്ലറും മാത്രമാണ് ഫാസിസ്റ്റുകൾ എന്നും സ്റ്റാലിൻ, പോൾ പോൾട്ട്, മാവോ തുടങ്ങിയവർ അങ്ങനെ അല്ലാ എന്നും പറയുന്നത് വർത്തമാനകാലത്തെ സംഭവവികാസങ്ങളെ ബന്ധപ്പെടുത്തിയുള്ള ശക്തമായ വിമർശനമാണ് "മുസോളിനി നിങ്ങൾ മാത്രമെന്ന" കവിതയിലൂടെ കവി പറഞ്ഞു വയ്ക്കുന്നത്.

പൊതുവായി പറഞ്ഞാൽ കാലത്തിന്റെ ദുരന്തങ്ങളെ ചൂണ്ടിക്കാട്ടുന്ന കവിതയിൽ കവി ഒരു അഗ്നിയായി പടരുകയാണ്.

പ്രക്ഷുബ്ദം ആയിരിക്കുന്ന കാലത്തിന്റെ സകല മലിനതയും വെള്ളപൂശുകയും അന്ധകാരം പരത്തുകയും ചെയ്തുകൊണ്ട് പൊതു സമൂഹത്തെ വിഡ്ഢിപട്ടം കെട്ടിക്കുന്ന വ്യവസ്ഥകളോടുള്ള പ്രതിഷേധവും ക്ഷോഭവും നിറഞ്ഞു നിൽക്കുന്നവയാണ് ഇതിലെ കവിതകൾ.

ബന്ധങ്ങൾ പോലും ശിധിലമാവുകയും മതഭ്രാന്തിൽ സൗഹൃദങ്ങൾ പോലും അകലുകയും ചെയ്യുന്നതിനെതിരായി കവി തന്റെ കവിതകളിലൂടെ സാമൂഹിക വിമർശനം കുറിക്കുകയാണ്.

നാം കടന്നുപോകുന്ന കാലത്തിന്റെ അകവും പുറവും വേർതിരിച്ച് വിതറുന്ന ഈ കവിതാ സമാഹാരം മലയാള സാഹിത്യത്തിൽ മാത്രമല്ല സാമൂഹിക രാക്ഷ്ട്രീയ ചുറ്റുവട്ടത്തിലും ഏറെ ചർച്ചചെയ്യപ്പെടേണ്ടത് തന്നെയാണ്.

കവി തുറന്നു വിട്ട അഗ്നിസ്ഫുലിംഗങ്ങൾ കണ്ടില്ലാ എന്ന് നടിക്കാൻ കഴിയാത്ത വിധമുള്ള കവിതകളിലുടെ കവി വിഭാവനം ചെയ്യുന്നത്

എല്ലാം മറന്ന് ഒന്നായി മാറണമെന്ന ആഹ്വാനം ആണ്.

"നവ പ്രവാചകരെ വരൂ

ബോധി വൃക്ഷ തണലിൽ

നമുക്കൊന്നിച്ചിരിക്കാം

വസുധൈവ കുടുംബമാകാം

ബോധോദയം നേടുംവരെ

നവ പ്രവാചകരെ വരൂ,

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം

പ്രേമമതൊന്നുപാടിയ

കവിയുടെ പ്രേമസംഗീതം ശ്രവിക്കാം"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA