ADVERTISEMENT

രണ്ടുവർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ പോകാനായി എയർപോർട്ടിൽ ഇരിക്കുമ്പോഴാണ് നാട്ടിലെ കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആ മെസ്സേജ് വന്നത്. നാട്ടിലെ 'ഒസാൻ അന്ത്രുക്ക' മരണപ്പെട്ടിരുന്നു. ഖബറടക്കം രാവിലെ 11 മണിക്ക്. പതിനൊന്ന് മണി എന്ന് പറയുമ്പോൾ നാട്ടിലെത്തി മയ്യത്ത് കാണാൻ കഴിയും എനിക്ക്. അന്ത്രുക്ക ഉറ്റ സുഹൃത്ത് നജീബിന്റെ വാപ്പയാണ്. നാട്ടിലെത്തി വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ സന്തോഷം പങ്കിടേണ്ട സമയത്ത് അവന്റെ സങ്കടത്തിലേക്കാണ് ഞാൻ കാലുകുത്തുന്നത് എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അന്ത്രുക്ക നാട്ടുകാരുടെ വെറുമൊരു ഒസ്സാനല്ല. ഒരു നാട്ടിലെ അഞ്ചുപതിറ്റാണ്ടിന്റെയെങ്കിലും ഇടയിലുള്ള എല്ലാ കുട്ടികളുടെയും സുന്നത്ത് നടത്തിയിട്ടുള്ള വലിയ പുള്ളിയാണ്. എന്തിനധികം പറയുന്നു, "ഇബ്‌ലീസിന്റെ" വരെ സുന്നത്ത് നടത്തിയിട്ടുള്ള ആളാണ് അന്ത്രുക്ക. ഹാ.... അതൊരു സംഭവമായിരുന്നു ഞങ്ങളുടെ നാട്ടിലെ എല്ലാ കുട്ടികളുടെയും പേടിസ്വപ്നമാണ് അന്നാട്ടിലെ "ഇബിലീസ് മരം". ഞങ്ങളുടെ നാട്ടിൽ ഒരു പുഴയുണ്ട്. ആ പുഴയുടെ തീരത്തായി അധികം ജനവാസമില്ലാത്ത ഒരിടത്തായി ഒരു ഈട്ടി മരമുണ്ട്. ആ ഈട്ടിമരത്തിൽ ഇബ്‌ലീസ് ഉണ്ട് എന്നാണ് മുതിർന്നവർ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ളത്. ഞങ്ങളുടെ മാത്രമല്ല, തലമുറകളായി ഞങ്ങളുടെ നാട്ടുകാരുടെ വിശ്വാസമാണത്. ഞങ്ങളുടെ കുട്ടിക്കാലത്തു ഞങ്ങളും ഇപ്പോൾ ഞങ്ങളുടെ കുട്ടികളും ഈ "ഇബിലീസ് മരത്തിന്റെ" വിശ്വാസം തലയിൽ പേറി നടക്കുന്നവരാണ്.

ആ ഇബിലീസിനെയാണ് അന്ത്രുക്ക സുന്നത്ത് നടത്തിയിട്ടുള്ളത്. സംഭവം എന്റെയും നജീബിന്റേയും ഒക്കെ ചെറുപ്പകാലത്താണ്. ഞങ്ങൾക്ക് അഞ്ചോ ആറോ വയസ്സേ കാണൂ. ആ സമയത്താണ് അന്ത്രുക്കാന്റെ ഈ "ഇബിലീസിന്റെ സുന്നത്ത്" കഥ ഉണ്ടാകുന്നത്. ഇബ്‌ലീസ് മരത്തിന്റെ അടുത്തുള്ള ഒരേ ഒരു വീട് അത് അന്ത്രുക്കാന്റെ ആണ്. ഒരു ദിവസം, അന്ത്രുക്ക ഏതോ ഒരു അകലെനാട്ടിൽ ഒരു കുട്ടിയുടെ സുന്നത്ത് കഴിഞ്ഞു വരുന്ന വഴിയാണ്. തിരിച്ച് എത്താൻ രാത്രിയായി. കവലയിൽ നിന്ന് തന്റെ സൈക്കിളിൽ ഡയനാമോയുടെ കൊച്ചു വെളിച്ചത്തിൽ അന്ത്രുക്ക വീട്ടിലേക്ക് വരികയായിരുന്നു. ഇബ്‌ലീസ് മരം എത്താറായപ്പോഴാണ് അന്ത്രുക്കാനെ അന്യേഷിച്ച് രണ്ടുപേര് നിൽക്കുന്നത് കണ്ടത്. അവർ മൂപ്പരെ അന്യേഷിച്ച് വീട്ടിൽ പോയിട്ട് വരുന്ന വഴിയായിരുന്നു. അതിലൊരാളുടെ മകന്റെ സുന്നത്ത് നടത്താനായി അന്ത്രുക്കാനെ വിളിക്കാൻ വന്നതായിരുന്നു അവർ. കൃത്യം ഇബിലീസ് മരത്തിന്റെ അടുത്തെത്തിയപ്പോൾ അവർ അന്ത്രുക്കാനെ കണ്ടു. അവിടെ വെച്ച് തന്നെ മൂപ്പരോട് സുന്നത്തിന്റെ വിവരം പറഞ്ഞു. അവരോട് സംസാരിച്ച്‌ നിലക്കുന്നതിന്റെ ഇടയിൽ ഇബിലീസ് മരത്തിന്റെ അടുത്തുനിന്നും വലിയൊരു ഉരുളൻ കല്ല് അന്ത്രുക്കാനെ ലക്ഷ്യമാക്കി വന്നു. കല്ല് നേരെ വന്നു കൊണ്ടത് അന്ത്രുക്കാന്റെ മണ്ടക്ക്. തലയിൽ നിന്നും ചോര മുഖത്തേക്ക് ഒലിച്ചിറങ്ങുന്നതിന്റെ ഇടയിൽ അവർ ഇബിലീസ് മരത്തിന്റെ അടുത്ത് നിന്നും ഒരു കുട്ടിയുടെ ശബ്ദം കേട്ടു. "നീ എന്റെ മുട്ടാണി മുറിക്കും അല്ലേടാ...". അത് കേട്ടതും അന്ത്രുക്കാന്റെ ബോധം പോയി. സുന്നത്തിന് വിളിക്കാൻ വന്നവർ ജീവനുംകൊണ്ട് ഓടി. പിറ്റേന്ന് രാവിലെ ആ സംഭവം നാട്ടിൽ ആകെ സംസാരം ആയി.  ഇബ്‌ലീസിന്റെ സുന്നത്ത് നടത്തിയ അന്ത്രുവിന്റെ തല ഇബിലീസ് മരം കല്ലെറിഞ്ഞു പൊളിച്ചു. ആ കഥ കാറ്റിനേക്കാൾ വേഗത്തിൽ നാട്ടിലാകെ പാട്ടായി. ഇബിലീസിന്റെ സുന്നത്ത് നടത്തിയ അന്ത്രുക്ക അന്നാട്ടിലെ ആബാലവൃന്ദം ജനങ്ങളുടെ സൂപ്പർ ഹീറോ ആയി.

ഫ്ലൈറ്റ് കുറച്ച് വൈകി. മയ്യത്ത് എടുക്കുന്നതിന് മുന്നേ നാട്ടിൽ എത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് മരണ വീട്ടിൽ പോകാതെ നേരെ വീട്ടിൽ പോയി.  വൈകീട്ട് ഞാൻ നജീബിനെ കാണാനായി ഇറങ്ങി. അവിടെ എത്തിയപ്പോൾ അവൻ  ഇരുന്ന് ഖുർആൻ  വായിക്കുകയായിരുന്നു. ഞാൻ പുറത്തു അവനെ കാത്ത് നിന്നു. അവന്റെ ഭാര്യ വന്ന് കയറി ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ പുറത്തുതന്നെ നിന്നു. കുറച്ച് കഴിഞ്ഞു നജീബ് പുറത്തു വന്നു. ഞങ്ങൾ പതിയെ പുഴക്കരയിലേക്ക് നടന്നു. ഞാൻ ഗൾഫിൽ പോകുന്നതിനു മുന്നേ പുഴക്കരയിൽ ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് പോയി ഇരുന്നു. അവനു നല്ല വിഷമമുണ്ട്. ഉപ്പാക്ക് നജീബിനെ ജീവനായിരുന്നു. ഇവന് തിരിച്ചും. ഞാൻ അവനെ പലതും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "മരണം ആർക്കും വേണ്ടെന്ന് വെക്കാൻ പറ്റുന്ന ഒന്നല്ലല്ലോ? ഇന്ന് നിന്റെ ഉപ്പ. നാളെ ഞാനോ നീയോ ഒക്കെ ആകാം. മരണത്തിനോട് ഇബിലീസിന്റെ വരെ സുന്നത്ത് നടത്തിയിട്ടുള്ള ആളാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല". ഞാൻ അവനെ ആശ്വസിപ്പിക്കാനായിട്ട് എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ പറഞ്ഞതാണ്. പറഞ്ഞു തീർന്നില്ല, അവൻ  എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയിൽ അവൻ പറഞ്ഞു "അത് ഞാൻ ആയിരുന്നെടാ..". ഏത് നീയായിരുന്നെന്ന്? ഞാൻ ചോദിച്ചു. "അന്ന് ഉപ്പാനെ കല്ലെടുത്ത് എറിഞ്ഞത് ഇബ്‌ലീസ് മരമല്ല, ഞാനായിരുന്നു". അവന്റെ ആ തുറന്നുപറച്ചിൽ എന്നിൽ വലിയ അമ്പരപ്പുണ്ടാക്കി, "എന്തിന്? എന്തിനാണ് നീ നിന്റെ ഉപ്പാനെ കല്ലെടുത്ത് എറിഞ്ഞത്?"

നാട്ടിലെ സകലമാനം കുട്ടികളുടേയും സുന്നത്ത് നടത്തുന്ന അന്ത്രുക്ക സ്വന്തം മകൻ നജീബിനെ ജനന സമയത്തോ പിന്നീടോ സുന്നത്ത് നടത്തിയില്ല. താൻ സുന്നത്ത് നടത്തുമ്പോൾ പിടഞ്ഞു കരയുന്ന പൈതങ്ങളുടെ മുഖം അന്ത്രുക്കാനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. തന്റെ മകൻ വേദനകൊണ്ട് പുളയുന്നത് കാണാൻ മനസ്സിന് ബലമില്ലാതിരുന്ന അന്ത്രുക്ക നജീബിനെ സുന്നത്ത് നടത്താതെ കൊണ്ടുനടക്കുകയായിരുന്നു. അവന്റെ അഞ്ചാം വയസ്സിൽ അവനെ മദ്രസയിൽ ചേർക്കാനായി കൊണ്ടുപോയി. ഉസ്താദുമായുള്ള സംഭാഷണത്തിൽ അന്ത്രുക്ക അറിയാതെ നജീബിനെ സുന്നത്ത് നടത്താത്ത വിവരം ഉസ്താദിനോട് പറഞ്ഞു. മദ്രസയിൽ പഠിപ്പിക്കണമെങ്കിൽ നജീബിനെ സുന്നത്ത് നടത്തണം എന്ന് ഉസ്താദ് കട്ടായം പറഞ്ഞു. മനസ്സില്ലാ മനസ്സോടെ നജീബിന്റെ അഞ്ചാം വയസ്സിൽ അന്ത്രുക്ക അവന്റെ സുന്നത്ത് നടത്തി.

"ജനിച്ചപ്പോഴേ ഇത് ചെയ്തിരുന്നേൽ എന്റെ കുട്ടിക്ക് ഇങ്ങനെ വേദന തിന്നേണ്ടി വരില്ലായിരുന്നു" എന്ന ഉമ്മയുടെ വാക്കുകൾ ആ അഞ്ചുവയസ്സുകാരന്റെ മനസ്സിൽ ഉപ്പയുടെ ദേഷ്യവും പകയും ഉണ്ടാക്കി. തന്നെ സുന്നത്ത് നടത്തി വേദനിപ്പിച്ച ഉപ്പാക്ക് എങ്ങനെങ്കിലും ഒരു പണി കൊടുക്കാൻ നജീബ് തീരുമാനിച്ചു. അങ്ങനെ ഉപ്പ വീട്ടിൽ തിരിച്ചെത്താൻ വൈകിയ ഒരു രാത്രിയിൽ അവൻ ഇബിലീസ് മരത്തിന്റെ മറവിൽ ഒളിച്ചിരുന്ന് ഉപ്പ വരുമ്പോൾ കല്ലെടുത്ത് എറിഞ്ഞു. തന്നെ വേദനിപ്പിച്ച ഉപ്പാനെ തിരിച്ച് വേദനപ്പിച്ച്അവന്റെ ബാല്യം പകവീട്ടി. പക്ഷെ ആ സംഭവം ഉപ്പാനെ നാട്ടിലെ വീരപുരുഷനാക്കി,  കുട്ടികളുടെ സൂപ്പർ ഹീറോ ആയി. അതുകൊണ്ടൊക്കെ ഉപ്പാനെ കല്ലെടുത്ത് എറിഞ്ഞത് താനാണെന്ന സത്യം അവൻ ഇത്രകാലം ഉറ്റ സുഹൃത്തായ എന്നോടുപോലും പറയാതെ മനസ്സിൽ സൂക്ഷിച്ചു.

അവന്റെ വീട്ടിൽ നിന്നും തിരിച്ച് പോരുമ്പോൾ ഞാൻ അറിഞ്ഞ സത്യങ്ങൾ ആ സങ്കടങ്ങൾക്കിടയിലും എന്റെ മനസ്സിൽ ചിരി പടർത്തി. പുഴയരികിലൂടെ എന്റെ വീട്ടിലേക്ക് നടന്നപ്പോൾ ഞാൻ ആലോചിച്ചു, "ഞാനടക്കം ഒരു വലിയ സമൂഹത്തിന്റെ വീരപുരുഷന്റെ വീരകഥയുടെ സത്യാവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിൽ നമ്മുടെ നാട്ടിലെ പല വീരശൂര പരാക്രമികളുടെയും വീരകഥകൾക്ക് ഇതുപോലെ ഒളിഞ്ഞിരിക്കുന്ന എത്രയെത്ര സത്യങ്ങൾ പറയാനുണ്ടാകും....?".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com