ADVERTISEMENT

സെറീന വില്യംസിനെ അട്ടിമറിച്ച് യുഎസ് ഓപ്പൺ കിരീടം നേടിയ ബിയാൻക ആൻഡ്രെസ്ക്യുവിന് കാനഡയിലെ മിസിസാഗയിൽ നൽകിയ സ്വീകരണത്തിനു സാക്ഷിയായതിനെപ്പറ്റി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പ്രഭാകരൻ പഴശ്ശിയുടെ കുറിപ്പ്.

ഒട്ടാവയിൽ പോയെങ്കിലും, കാനഡയുടെ പാർലമെന്റ് മന്ദിരം വരെയെത്തിയെങ്കിലും പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല. എന്നാലിതാ മല മമ്മദിന്റടുത്തേക്കു വരുന്നു! മിസിസാഗയിൽ ഉണ്ണി താമസിക്കുന്ന അപ്പാർട്ടുമെന്റിനു നേരെ താഴെയാണ് മിസിസാഗയിലെ ഒട്ടുമിക്ക സാംസ്കാരിക പരിപാടികളുടെയും രംഗവേദിയായ സെലിബ്രേഷൻ സ്ക്വയർ. അവിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെത്തുന്നു; യുഎസ് ഓപ്പണിൽ ടെന്നിസ് പുലി സെറീന വില്യംസിനെ തറപറ്റിച്ച ബിയാങ്ക ആൻഡ്രെസ്ക്യൂവിനെ അഭിനന്ദിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാൻ. ഒരു വെടിക്കു രണ്ടു പക്ഷി! പക്ഷേ ഇരുപത്താറാം നിലയിൽനിന്ന് വിഹഗവീക്ഷണമേ കിട്ടൂ....

വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ കറങ്ങാറുള്ള സെലിബ്രേഷൻ സക്വയറിൽ ഒന്നു പോകാമെന്നു തന്നെ തീരുമാനിച്ചു. അങ്കവും കാണാം; ഈവനിങ് വോക്കുമാകാം. വിദ്യാർഥിനിയും പത്തൊമ്പതുകാരിയുമായ ബിയാങ്ക മിസിസാഗക്കാരിയാണ്. കഴിഞ്ഞാഴ്ച കാനഡയ്ക്ക് ഏറ്റവുമധികം അഭിമാനിക്കാവുന്ന യുഎസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയപ്പൊഴേ മിസിസാഗ മേയർ പ്രഖ്യാപിച്ചതാണ് അവൾക്കു ഗംഭീരമായ സ്വീകരണം സംഘടിപ്പിക്കുമെന്ന്. 'ഷീ ദ നോർത്ത് റാലി' എന്ന പേരാണ് പരിപാടിക്കു കൊടുത്തിരിക്കുന്നത്.

ആൻഡ്രേ 905 ന്റെ ഡി.ജെ, പ്രസിദ്ധ തബലവാദകൻ തേജ് ഹുൻജാന്റെ ഡോൽവാദനം, അവതാരകന്റെ രസകരമായ ആമുഖം. ആളുകൾ പതുക്കെപ്പതുക്കെ അടുത്തുകൂടുന്നു. തുടക്കത്തിൽ സ്ക്വയറിന്റെ പകുതി പോലും നിറഞ്ഞിരുന്നില്ല. മധ്യത്തിൽ ടെലിവിഷൻ മാധ്യമങ്ങൾ നിരന്നിട്ടുണ്ട്. അവിടവിടെ ചുരുക്കം ചില പൊലീസുകാരുണ്ടെങ്കിലും സെക്യൂരിറ്റി ബഹളം ഒട്ടുമില്ല. സ്ക്വയറിൽ അങ്ങിങ്ങായി ഇരിപ്പിടമുണ്ടെങ്കിലും പരിപാടിക്കു വന്നവർ നില്‍ക്കുക തന്നെയാണ്. മുന്നിൽ മൊബൈൽ ഫോൺ ക്യാമറയും ഉയർത്തി നില്‍ക്കുന്നവർക്കിടയിൽ ഞാനും സ്ഥാനം പിടിച്ചു. ആദ്യം കുറെ വിഐപികൾ ബാരിക്കേഡിനും സ്റ്റേജിനുമിടയിൽ വന്നു നിന്നു. പ്രധാനമന്ത്രി കടന്നു വന്നപ്പോൾ ആരവം മുഴങ്ങി. ഏതോ ഒരു കൊച്ചു പയ്യൻ എന്നാണു കരുതിയത്. തനി സാധാരണക്കാരൻ. ഒട്ടും ജാടയില്ലെന്നു തന്നെ തോന്നുന്നു. 

dr-prabhakaran-pazhassy
ഡോ. പ്രഭാകരൻ പഴശ്ശി

പണ്ട് പഴശ്ശി ഡാം ഉദ്ഘാടനം ചെയ്യാൻ തൊട്ടടുത്തു കൂടി ഉറങ്ങിക്കൊണ്ടു കടന്നു പോയ മൊറാർജി ദേശായിയാണ് ഞാനാദ്യം ജീവനോടെ കണ്ട പ്രധാനമന്ത്രി. എന്നാൽ സെക്യുരിറ്റി ഭടന്മാരെ അവഗണിച്ച് എന്നെ തൊട്ടുരുമ്മിക്കടന്നു പോയ വി.പി. സിങ്ങാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രധാനമന്ത്രി. ഏതാണ്ടതു പോലെ വലിയ ആരവമൊന്നുമില്ലാതെ നടന്നു പോകുന്നു; ഇളം നീലഷർട്ടും ജീൻസുമിട്ട പ്രധാനമന്ത്രി ട്രൂഡോ. മിസിസാഗയുടെ അഭിമാനഭാജനമായ സുന്ദരിക്കുട്ടി ബിയാൻക കടന്നു വന്നപ്പോഴും ആരവം! അപ്പോഴേക്കും സക്വയറിൽ ജനം നിറഞ്ഞു. വേദിയിൽ കസേരകളില്ല. വിശിഷ്ടാതിഥികളൊക്കെ നില്‍ക്കുകയാണ്. ഓ... കാനഡാ... എന്ന ദേശീയ ഗാനം മനോഹരമായി പാടുന്നു. ബോണി ക്രോംബി എന്ന ലിബറൽ പാർട്ടിക്കാരിയും പ്രൗഢ വനിതയുമായ മേയറുടെ ആവേശഭരിതമായ അധ്യക്ഷപ്രസംഗം! പുതിയ തലമുറ നാളത്തെ നേതാക്കളല്ല ഇന്നത്തെ നേതാക്കൾ തന്നെയാണെന്ന് ബിയാൻക തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ന്യൂ ജനറേഷനെ ഉദ്ബോധിപ്പിച്ചു. ജീവിത വേദിയായി കാനഡയെ തിരഞ്ഞെടുത്തതിന് ബിയാൻകയെയും കുടുംബത്തെയും കാനഡക്കാർക്കു വേണ്ടി പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.  

മന്ത്രിമാരും പാർലമെന്റംഗങ്ങളും പങ്കെടുത്തു. എന്നാൽ അഞ്ചാമത്തെ മിസിസാഗൻ മേയറായ, മുപ്പത്താറു വർഷം തുടർച്ചയായി മിസിസാഗയെ നയിച്ച, തൊണ്ണൂറ്റെട്ടു വയസ്സു പ്രായമായ ഹേസൽ മകാലിയന്റെ സാന്നിധ്യമായിരുന്നു എടുത്തു പറയേണ്ടത്. പരിപാടി കഴിയും വരെ ആ വയോധികയും പ്രധാനമന്തിയോടൊപ്പം നിൽക്കുക തന്നെയായിരുന്നു. മേയർ, 'നഗരത്തിലേക്കുള്ള താക്കോൽ' സമ്മാനിക്കുകയും ബിയാൻകയുടെ നേട്ടത്തിന്റെ സ്മരണയ്ക്കായി  ആൻഡ്രെസ്ക്യൂ വീഥി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി ഉപഹാരങ്ങൾ സമ്മാനിക്കപ്പെട്ടു. ബിയാൻകയുടെ മറുപടി പ്രസംഗവും യുവതയെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നു: ‘എനിക്കു കഴിയുമെങ്കിൽ, സെറീനയ്ക്കു കഴിയുമെങ്കിൽ, റോജറിനു കഴിയുമെങ്കിൽ, റാപ്റ്റേഴ്സിനു കഴിയുമെങ്കിൽ നിങ്ങൾക്കും അത് കഴിയും.’ –  ചലച്ചിത്ര താരത്തെപ്പോലെ സുന്ദരിയായ ടെന്നിസ് താരം പ്രതിവചിച്ചു.

ലിബറൽ പാർട്ടി നേതാവ് കൂടിയായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഥമ ദർശനത്തിൽത്തന്നെ എന്നെ ഹഠാദാകർഷിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെപ്പോലെ പച്ചയായ ഒരു മനുഷ്യൻ എന്നു തോന്നി. തീവ്രവലതുപക്ഷം യുഎസ് മാതൃകയിൽ ട്രൂഡോക്കെതിരെ അരയും തലയും മുറുക്കിയിറങ്ങുന്നുണ്ട്. അഭയാർഥികളോടും വിദേശികളോടുമുള്ള അദ്ദേഹത്തിന്റെ മൃദുസമീപനങ്ങൾക്ക് എതിർപ്പു കൂടുന്നുണ്ട്. ഇനിയുമെത്രയോ അങ്കങ്ങൾക്കുള്ള യൗവനം കയ്യിലുള്ള ട്രൂഡോയുടെ ഭാവി നിർണ്ണയിക്കപ്പെടാൻ അധികനാളുകളില്ല. കാനഡയുടെ കൊടി ചുവപ്പാണെങ്കിലും രാഷ്ട്രീയം ചുവക്കുന്നില്ല എന്ന് പുരോഗമനവാദികൾ ആശങ്കപ്പെടുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com