sections
MORE

ഇലൈ ശാപ്പാട്

ernakulam-onam-sadya
SHARE

2007 ൽ പഠിപ്പു കഴിഞ്ഞു മദ്രാസിലേക്കു വണ്ടി കയറിയ കാലം. 1400 രൂപ തുടക്ക ശമ്പളത്തിൽ ആദ്യമായി വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ പിരിഞ്ഞു മദിരാശിയിലെ ചൂടിനോട് മൽപ്പിടിത്തം നടത്തി ജോലിക്ക് പോയികൊണ്ടിരിക്കുകയാണ്. അമ്പത്തൂർ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് റോഡിലൂടെ ജോലി കഴിഞ്ഞു സൈക്കളോടിച്ചു മടങ്ങുമ്പോൾ 25 റുപ്പിക പോക്കറ്റ് മണിയും 200 രൂപയുടെ ദീർഘകാല സമ്പാദ്യവുമായ എടിഎം കാർഡുമടങ്ങുന്ന പഴ്‌സും റോഡിലെവിടെയോ വീണത് ഞാനറിഞ്ഞില്ല. പഴ്‌സ് നഷ്ടപ്പെട്ട വെപ്രാളത്തിൽ ഏതോ ഒരു വലിയ ഗട്ടറിൽ ചാടി എന്റെ അരവണ്ടിയുടെ ടയറും പഞ്ചറായി. ഇന്നത്തെ പോലെ അനുഭവങ്ങൾ ഷെയർ ചെയ്യാനും അത് കണ്ടു ലൈക്കടിക്കാനുമുള്ള വാട്സാപ്പിനെയും ഫെയ്സ്ബുക്കിനെയും കൂട്ടുപിടിക്കാൻ സ്വന്തമായി ഒരു മൊബൈൽഫോൺ പോലുമില്ലാത്ത കാലം. 

തികച്ചും ബേജാറിലാണ് ഞാൻ. വിശപ്പു കൊണ്ട് കണ്ണിൽ ഇരുട്ടുകയറി തുടങ്ങി. രാത്രി ഫുഡിങ്ങിനു പൈസയില്ലാത്തതാണ് വലിയ വെല്ലുവിളി. വിശന്നു റോഡിലൂടെ നടന്നു നീങ്ങുമ്പോൾ പട്ടിണിയെന്താണെന്നു ശീലിപ്പിച്ചിട്ടില്ലാത്ത, വീട്ടിലെ ടേബിളിൽ ഭക്ഷണം വിളമ്പി കഴിച്ചു പാത്രം കാലിയാക്കി കൊടുക്കാൻ അലമുറയിടുന്ന അമ്മയുടെയും രാത്രി ചോറുണ്ണുമ്പോൾ മീൻ പൊരിച്ചതിന്റെ പള്ളഭാഗം എന്റെ പ്ളേറ്റിലേക്കിട്ടു തരുന്ന അച്ഛന്റെയും മുഖം ഇരുട്ടിൽ തെളിയുന്നത് പോലെ തോന്നി. കണ്ടുമുട്ടുന്നവരോട് സഹായം ചോദിക്കാൻ ഭാഷ അറിയാതെ പഞ്ചറായ അരവണ്ടി സൈക്കിളും തള്ളി ഞാൻ എങ്ങോട്ടെന്നില്ലാതെ അമ്പത്തൂർ-ആവഡി റൂട്ടിൽ യാത്ര തുടരുകയാണ്. കമ്പനിയിൽ തുടക്കകാരനായതിനാൽ സെക്ഷനിലെ മുതിർന്നവരുടെ റാഗിങ്ങിൽ ഇട്ട ഷർട്ട് പാതി മുഷിഞ്ഞിട്ടുണ്ട്. സീനിയർ ദുഷ്ടന്മാർ അന്ന് എന്നെകൊണ്ട് പ്രൊഡക്ഷൻ ഫ്ലോർ വരെ കഴുകിപ്പിച്ചിട്ടുണ്ട്.

ആരും ഇല്ലാത്തവന് ദൈവം തുണ എന്നു പറഞ്ഞത് പോലെ വിശന്നു കൊടല് കരിയുന്ന എന്റെ മുൻപിൽ ഒരു വലിയ ഓഡിറ്റോറിയം പ്രത്യക്ഷപ്പെട്ടത് ഇപ്പോളും വിശ്വസിക്കാനാവുന്നില്ല. ചിന്നസ്വാമി ഓഡിറ്റോറിയം! ഗാംഭീര്യമുള്ള വസ്ത്രാഭരണങ്ങളോടെ ആർഭാട വാഹനങ്ങളിൽ വന്നിറങ്ങുന്ന തമിഴന്മാരെ അന്നാണ് നേരിൽ കാണുന്നത്. മദ്രാസിലേക്കു വണ്ടികയറുന്നത് വരെ നാട്ടിൽ പഴയ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്ന തമിഴരുടെ നിഴലാണ് മനസ്സിലുള്ളത്. അവരോട് താരതമ്യം ചെയ്തപ്പോൾ ഞാനിട്ട പേന്റും ഷർട്ടും മുഷിഞ്ഞിട്ടുണ്ടെങ്കിലും മേന്മയേനിക്കാണെന്നു മനസ്സിലായി. റോഡിലേക്ക് തിരിച്ചുവച്ച ഓഡിറ്റോറിയത്തിലെ വെപ്പുപുരയിലെ എക്സ്ഹോസ് ഫാനിൽ നിന്നുള്ള സദ്യയുടെ രുചിയേറിയ മണത്തിൽ എന്റെ വിശപ്പ് ആളിക്കത്താൻ തുടങ്ങി. റോഡരുകിൽ നിർത്തിയിട്ട വിലയേറിയ കാറുകൾക്ക് പിറകിൽ എന്റെ പഞ്ചറായ സൈക്കിളിനെ ചാരി നിർത്തി ചോറുണ്ണാനുള്ള ആർത്തിയിൽ ഞാൻ കവാടത്തിലെത്തി.

ഓരോരുത്തരും തങ്ങൾക്കു കിട്ടിയ കല്യാണ പത്രിക കയ്യിൽ എടുത്തുകൊണ്ടാണ് വരുന്നത്.

കല്യാണ ചെക്കന്റെ അച്ഛനും അമ്മയും ഉള്ളിലേക്ക്  കടന്നു വരുന്ന ഓരോരുത്തരെയും കൂട്ടിപ്പിടിച്ചു സ്വീകരിക്കുന്നത് കണ്ടപ്പോൾ സ്വന്തം വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് തന്നെ അടിച്ചു കയറി. കല്യാണ പത്രിക പോയിട്ട്  ആരുടെ കല്യാണമാണെന്നു പോലും അറിയാതെ ഭക്ഷണം മോഷ്ടിച്ച് കഴിക്കാൻ കാണിച്ച ആ അത്യാർത്തിയിൽ നിന്നാണ്  വിശപ്പിന്റെ കാഠിന്യത്തെ ഞാൻ തിരിച്ചറിയുന്നത്. പുറത്തു സ്ഥാപിച്ച കൂറ്റൻ ബോർഡിൽ നിന്നും കല്യാണച്ചെക്കന്റെ പേര് കോപ്പിയടിച്ച് ആരെങ്കിലും ചോദിച്ചാൽ എന്തെങ്കിലും ബന്ധം പറയാനെന്നവണ്ണം, ഞാൻ വലതു കാൽ വച്ച് ഓഡിറ്റോറിയത്തിലേക്ക് കയറി. സ്വീകരിക്കാൻ നിൽക്കുന്നവർ എനിക്ക് ഒരു പട്ടിയുടെ വിലപോലും നൽകാതെ എന്നെ തുറിച്ചു നോക്കിക്കൊണ്ട് "അങ്കെ ഓരമാ പോയി ഉക്കാര് പ്പാ" ന്നു പറഞ്ഞു ഉള്ളിലേക്കാക്കി. വിശപ്പിന്റെ കാഠിന്യം കൊണ്ട് ആർക്കും ശല്യമാവാതിരിക്കാനാണ് ഓരമാ പോയി ഇരിക്കാൻ പറഞ്ഞതെന്നെനിക്ക് മനസ്സിലായില്ല. 

പിന്നീടങ്ങോട്ട് ആരൊക്കെ എന്നെ നോക്കിയിട്ടുണ്ടെന്നോ, സൈക്കിൾ ഉന്തി വന്ന വിയർപ്പിന്റെ മണം ആരുടെയെങ്കിലും മൂക്കിലെത്തിയോന്നോ എനിക്കറിയില്ല. എന്റെ ലക്‌ഷ്യം ഒരു പിടി ചോറുമാത്രം. ആദ്യ ട്രിപ്പിൽ തന്നെ അമ്മാവന്റെ വീട്ടിലെ കല്യാണത്തിന്റെ പ്രൗഢിയോടെ ഞാൻ ഉണ്ണാനിരുന്നു. സ്വപ്നതുല്യമായ ഒരു വമ്പൻ കിടിലൻ കിടുക്കൻ ചുള്ളൻ സദ്യ. ഞാൻ ഉണ്ണാനിരിക്കുന്ന വരിയിൽ മുഖാമുഖം ഏകദേശം നൂറ്റമ്പതോളം ആളുകൾ എന്നെ പിറകിലാക്കി സാമാന്യം നല്ല രീതിയിൽ ഉണ്ടിട്ടു എണീറ്റുപോയി. താങ്ങാൻ പറ്റാത്ത വിശപ്പിൽ വാഴയിലയൊഴിച്ച്  ബാക്കിയെല്ലാം കഴിച്ചു തീർത്തപ്പോളേക്കും അടുത്ത ട്രിപ്പിലേക്കുള്ളവർ എന്നെ പ്രാകി പിറകിൽ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ഉണ്ടു കഴിഞ്ഞപ്പോളേക്കും ക്ഷണിക്കാതെയുണ്ണാൻ വന്ന ഈയുള്ളവനെ കാരണവന്മാർ നോട്ടമിട്ടു. എല്ലാവരും തമ്മിൽ തമ്മിൽ പിറുപിറുക്കുന്നുണ്ട്. 75 പേരുള്ള ഭക്ഷണമേശയിൽ ഞാൻ കഴിച്ച ഇല മാത്രം കേരളാ സ്റ്റൈലിൽ മുന്നോട്ടാണ് മടക്കിവച്ചിരിക്കുന്നത്. ബാക്കിയുള്ളവർ പിറകോട്ടും. തമിഴ് ആചാരപ്രകാരം ഉണ്ടു കഴിഞ്ഞാൽ തൃപ്‌തി ആയതിനോട് സൂചകമായി ഭക്ഷണം തന്ന ദൈവത്തെ തൃപ്‌തി പെടുത്താനാണെത്രെ പിറകോട്ടു ഇല മടക്കുന്നത്. ഞാൻ ഇല മടക്കിയെണീറ്റതും രണ്ടു കാരണവന്മാർ എന്നെ കണ്ണ് കൊണ്ട് കയറിട്ട് കൈകഴുകുന്നിടത്തു വച്ച് പിടിച്ചു.

വിശപ്പ് മാറിയ എനിക്ക് പിന്നെ എല്ലാവരെയും എച്ച്ഡി വേഷനിൽ തന്നെ കാണാമായിരുന്നു. കൈപിടിച്ച് ഗ്രീൻ റൂമിനുള്ളിലാക്കിയ എനിക്ക് നേരെ  തെറിയുടെ മലപ്പടക്കമെറിയുകയാണവർ. എൺപതോളം വയസ്സ് തോന്നിക്കുന്ന ആ കരണവരോട് അറിയാവുന്ന വിധത്തിൽ കാര്യം പറഞ്ഞപ്പോൾ മൂപ്പർ അന്താളിച്ചു പോയി. പേടിച്ചു വിളറിയ എന്നെ കെട്ടിപിടിച്ചു മന്നിക്കണം തമ്പീന്നു പറഞ്ഞുകൊണ്ട് മൂപ്പരുടെ കണ്ണ് നിറഞ്ഞതു കണ്ടപ്പോൾ ഞാനും വല്ലാണ്ടായി.

ആ മുഹൂർത്തത്തിൽ അവർ വിശപ്പിനു നൽകിയ വില ജീവിതത്തിൽ എനിക്കൊരു പാഠമായി. ഇന്നും ഒരു തമിഴൻ കണ്ടാൽ ആദ്യം ചോദിക്കുന്നത് "ശാപ്പിട്ടിങ്ങള" എന്നാണ് . വിശപ്പിനെ സ്നേഹിക്കുന്നവരാണു തമിഴരെന്നു നേരിട്ട് മനസ്സിലാക്കാൻ വേറെ അനുഭവങ്ങളെനിക്ക് വേണ്ടി വന്നില്ല. ഭക്ഷണം മോഷ്ടിക്കാൻ വന്ന എനിക്ക്  സൈക്കിളിന്റെ പഞ്ചറൊട്ടിക്കാൻ ആ കാരണവർ വച്ചു നീട്ടിയ അന്നത്തെ കട്ടിയുള്ള 5 രൂപ കോയിൻ ഇന്നും കണ്ണിൽ തിളങ്ങുന്നു. കാരണവർ എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നത് തലതാഴ്ത്തി നിൽക്കുന്ന എനിക്ക് മനസ്സിലാവുന്നുണ്ട്. അത്രയും പ്രൗഢിയോടെയുള്ള ആ കല്യാണത്തിന് വന്നവർക്കു സമ്മാനിക്കുന്ന ഗിഫ്റ്റ് എനിക്കും കയ്യിലെടുത്തു തന്നു. കാരണവരെന്റെ കൈപിടിച്ച് റോഡോരം വരെ എസ്‌കോർട്ട് നൽകിയപ്പോൾ അതൊരു തമിഴ്നാട് മന്ത്രിയുടെ ചെറുമകളുടെ വിവാഹമായിരുന്നെന്നും, ആ കാരണവർ ഒരു തമിഴ്‌നാട് മന്ത്രിയുടെ പെരിയപ്പയാണെന്നും ഞാനറിഞ്ഞിരുന്നില്ല.

ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വലിയൊരു വിശപ്പിന്റെ കഥയുടെ പ്രതീകമായി അദ്ദേഹം സമ്മാനിച്ച കല്യാണ തീയതി പ്രിന്റു ചെയ്ത ഗിഫ്റ്റ് ഇന്നും കയ്യിലുണ്ട്. മാനം കാത്ത കാരണവർക്ക് വാഴ്ത്തുക്കൾ! അതിലുപരി വിശപ്പടക്കിയ ഇലൈ ശാപ്പാടിനും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA