ADVERTISEMENT

അമേരിക്കയിൽ വെസ്റ്റ് വിർജീനിയയിലെ 'ദി സമ്മിറ്റിൽ' സമാപിച്ച വേൾഡ് സ്‌കൗട്ട് ജാംബൊരീയിൽ പങ്കെടുത്ത റിയാദ് ഇന്ത്യൻ സ്‌കൂൾ  വൈസ് പ്രിൻസിപ്പൽ  മീരാ  റഹ്‌മാന്റെ യാത്രാനുഭവങ്ങൾ.)

meera-rahman

ഇരുപത്തിനാലാമതു വേൾഡ് സ്‌കൗട്ട്  ജാംബൊരീ അമേരിക്കയിൽ വെസ്റ്റ് വിർജീനിയയിലെ " ദി സമ്മിറ്റ് ബെച്ടെൽ  റിസേർവ് " അഥവാ 'ദി സമ്മിറ്റ്' എന്ന ട്രെയിനിങ് സെന്ററിൽ നടന്നു. വിദ്യാർത്ഥികളും യുവാക്കളും മുതിർന്നവരുമായുള്ള, സാഹസികത ഇഷ്ടപ്പെടുന്ന ഏവർക്കും സ്‌കൗട്ടിങ്ങിനും മറ്റു സാഹസിക മേഖലകളിലും പരിശീലനം നൽകുന്ന കേന്ദ്രമാണിത്. വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്‌കൗട്ട് മൂവ്മെന്റിന്റെ ഔദ്യോഗിക വിദ്യാഭ്യാസ പരിപാടിയാണ് "വേൾഡ് സ്‌കൗട്ട് ജാംബൊരീ". WOSM  ഇൽ അംഗങ്ങളായ നാഷണൽ സ്‌കൗട്ട് അംഗങ്ങളിൽ 14 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. അവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെയും മുതിർന്ന ലീഡർമാരെയും രാജ്യാന്തര ടീം മെംബർമാരെയുമാണ് നാഷണൽ സ്‌കൗട്ട് ഓർഗനൈസേഷൻ, "വേൾഡ് സ്‌കൗട്ട് ജാംബൊരിയിലേയ്ക്ക്" അയക്കുക. 

jambori-2

സൗദി അറേബ്യയിലെ  ഇന്ത്യൻ സ്കൗട്ടുകളെ  പ്രതിനിധീകരിച്ച് ഇന്റർനാഷണൽ  ഇന്ത്യൻ സ്കൂൾ റിയാദിൽ നിന്നും പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവെശ്, മൂന്നു വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരോടൊപ്പം 'ദി സമ്മിറ്റിലേയ്ക്ക്' യാത്ര ചെയ്ത വൈസ് പ്രിൻസിപ്പൽ  മീരാ റഹ്മാന്റെ യാത്രാനുഭവങ്ങളിലേയ്ക്ക്. 

"നൂറ്റിഅൻപത്തിനാല് രാജ്യങ്ങളിൽ നിന്നും എണ്ണായിരത്തോളം വരുന്ന സർവീസ് ടീമംഗങ്ങൾ.  ജാതിമത വർണ്ണലിംഗ  ഭേദമില്ലാതെ ഒട്ടും തന്നെ പരിചയമില്ലാത്ത ഭൂമിയിൽ ഒത്തൊരുമിക്കുന്ന യുവത്വം. ആശങ്കകളുണ്ടായിരുന്നു. സൗദിയിൽ നിന്നും പങ്കെടുക്കുവാൻ അവസരം ലഭിച്ച  സ്‌കൗട്ട് കമ്മീഷണർമാരായ ഷമീർ, ബിനു മാത്യു , മിഡിൽ ഈസ്റ്റ് സ്‌കൂളിൽ നിന്നും സവാദ്,  പത്മിനി നായർ,യൂണിറ്റ് ലീഡേഴ്‌സ് ആയ ഷൈനി മോഹൻ, (അൽ ജനുബ് സ്കൂൾ, അബഹ), ഹമാനി (അൽ യാസ്മിൻ , റിയാദ്), എന്നിവർ  അടങ്ങുന്ന  42ഓളം പേരുണ്ടായിരുന്നു ഗ്രൂപ്പിൽ".

jambori-3

കഴിഞ്ഞ ജൂലൈ 16  നു  രാത്രി കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ദുബായ് വഴിയായിരുന്നു യാത്ര. തികച്ചും ആവേശഭരിതരായിരുന്നു ഏവരും," ബോസ്റ്റണിൽ വരവേറ്റത് മോശം കാലാവസ്ഥയായിരുന്നു. അതുമൂലം ഷാർലെറ്റിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് റദ്ദാക്കിയിരുന്നു. അന്നു വിമാനത്താവളത്തിൽ കഴിച്ചുകൂട്ടി പിറ്റേന്ന് വൈകിട്ടോടെയാണ് ഷാർലെറ്റിലെത്തിയത്. അവിടെ സ്വീകരിക്കാനായി സ്‌കൗട്ട് ജാംബൊരീയുടെ ട്രാൻസ്‌പോർട് സർവീസ് ടീം സന്നിഹിതരായിരുന്നു. 

റജിസ്ട്രേഷൻ നടപടികൾ റൂബി സെന്ററിൽ നിന്നും പൂർത്തിയായതിനു ശേഷം ആവശ്യമായ ടാഗുകളും 'നോവസ്‌ സ്മാർട്ട് വാച്ചുകളും' മറ്റു രേഖകളും ശേഖരിച്ചു ' ദി സമ്മിറ്റിലേയ്ക്ക്'  അവരുടെതന്നെ ബസ്സിൽ യാത്ര തിരിച്ചു. കൂടെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുമുണ്ടായിരുന്നു. ജൂലൈയിലും നല്ല തണുത്ത കാലാവസ്ഥയായിരുന്നു അവിടം. പ്രകാശപൂരിതമായ  നഗരഭാഗം വിട്ട് പശ്ചിമ വിർജീനിയൻ വനമേഖലയിലെ തണുപ്പിലൂടെയുള്ള യാത്ര അനിർവ്വചനീയമായിരുന്നു. വഴിതെളിക്കാൻ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ മാത്രം. യാത്രയ്ക്കിടയിൽ ഒരു വിശ്രമകേന്ദ്രത്തിൽ അൽപം ഉറങ്ങാനും സാധിച്ചു.

അടുത്ത ദിവസം പുലർച്ചെ തന്നെ  തങ്ങൾക്കായി  അനുവദിച്ചിരുന്ന ' ഇക്കോ' ക്യാംപിൽ എത്തുകയും ചെയ്തു. പ്രതിനിധികൾക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. അവിടെ, സൗദി അറേബ്യയിൽ നിന്നുമുള്ള ഇന്ത്യൻ സ്കൗട്ടുകൾക്കു  ആൽഫാ എന്ന ക്യാംപിൽ സൗകര്യം അനുവദിച്ചു കിട്ടി. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദിലെ വിദ്യാർത്ഥികളായ നിതിൻ ജയപ്രകാശ്, ആക്വിബുദ്ദീൻ, ജെർബിസ്ജോർജ്ജ് എന്നിവരാണ് പ്രതിനിധികളായത്.അതി ബൃഹത്തായ സൗകര്യങ്ങളും അതിശയകരമായ ഔട്ട്ഡോർ പ്രോഗ്രാമുകളും സാഹസിക പ്രകടനങ്ങൾക്ക് പരിമിതിയില്ലാത്ത സ്ഥല ലഭ്യതയും ഉപയോഗിച്ച് സ്കൗട്ടുകൾക്ക്‌ തങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്ന ഒരു സ്ഥലമാണ് പശ്ചിമ വിർജീനിയയിലെ  ന്യൂ റിവർ ജോർജ് പ്രദേശത്തു പരന്നുകിടക്കുന്ന നാഷണൽ പാർക്കിനോട് ചേർന്ന മൗണ്ട് ഹോപ്പിലെ പതിനേഴായിരത്തോളം ഏക്കർ വരുന്ന മലകളും മരങ്ങളും അരുവികളും താഴ്വരകളും നിറഞ്ഞ മനോഹരമായ 'ദി സമ്മിറ്റ്'. 

ക്യാംപിലെ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ, "ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യത്യസ്തരായ മനുഷ്യർ. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്തവർ. എത്ര പരസ്പരധാരണയോടെയാണവർ ഇടപഴകുന്നത്? അതിൽ പലരുടെയും നേതൃത്വ പാടവം അതിശയിപ്പിക്കുന്നതായിരുന്നു. സ്കൗട് പരിശീലനം എത്രമാത്രം ഒരു മനുഷ്യനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നു എന്ന് അനുഭവിച്ചറിഞ്ഞു. ഇതിൽ എടുത്തു പറയേണ്ടത് യു എസ് ആർമി ഓഫീസർ ഡാനിയേലിന്റെ അകമഴിഞ്ഞ സഹായമായിരുന്നു. ഒരു സൈക്കിയാട്രിസ്റ്റ് ആയ അദ്ദേഹം ക്യാമ്പിലെ കായികാധ്വാനം ആവശ്യമുള്ള ഏതുജോലിയും ഓടിനടന്നു ചെയ്യുകയായിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ ക്യാമ്പുകൾ മാറിയ സമയങ്ങളിൽ. അവിടെ ഞങ്ങൾ കണ്ട ഒത്തൊരുമ അമ്പരപ്പിക്കുന്നതായിരുന്നു."  

jambori-4

ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഒരുമിച്ചു ചേർക്കുകയും അതുവഴി ലോകസമാധാനം, സാഹോദര്യം, പരസ്പരധാരണ, നേതൃത്വ പാടവം, ലൈഫ് സ്കിൽ എന്നിവ അവരിൽ വളർത്തിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ ഇവന്റ് തന്നെയാണല്ലോ വേൾഡ് സ്‌കൗട്ട് ജാംബൊരീ. 

പല ഗ്രൂപ്പുകളായി തരംതിരിച്ച സർവീസ് അംഗങ്ങളിൽ ഫുഡ് കമ്മിറ്റിയുടെ ചുമതല, പ്രിസിപ്പൽ ഡോ. ഷൗക്കത്ത് പർവേശിനായിരുന്നു. സമീകൃത ആഹാരം, പോഷകാഹാരത്തിന്റെ ആവശ്യകത, വിളകളിലെ അമിത കീടനാശിനി പ്രയോഗങ്ങളുടെ പരിണത ഫലങ്ങൾ, ഓർഗാനിക് ഭക്ഷ്യ ഉത്പാദനം എന്നീ വിഷയങ്ങളെപ്പറ്റിയും കൃഷിഭൂമിയിൽ നിന്നും തീന്മേശവരെയുള്ള ഭക്ഷണത്തിന്റെ പ്രയാണവും അദ്ദേഹം ക്യാമ്പിൽ കുട്ടികൾക്ക്  വിശദീകരിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ക്യാമ്പിൽ അനുവദിക്കപ്പെട്ട, വിവിധരാജ്യങ്ങളിൽനിന്നും  ഇടകലർന്ന കുട്ടികൾ, ക്യാമ്പിലെ അംഗങ്ങൾക്കായുള്ള ഭക്ഷണം  ശേഖരിക്കുകയും പാകംചെയ്തു മറ്റുള്ളവർക്ക് വിളമ്പുകയും ചെയ്തു. ഇതുമൂലം സ്വയം ഭക്ഷണം പാകം ചെയ്യുന്ന രീതി മനസ്സിലാക്കുവാനും,വിവിധ രാജ്യങ്ങളിലെ തീന്മേശകളിലെ സാംസ്കാരിക, രുചി  വൈവിധ്യങ്ങൾ അനുഭവിച്ചറിയുവാനും  അംഗങ്ങൾക്ക് സാധ്യമായി.    

ലിസണിങ് ഇയർ കമ്മിറ്റിയുടെ ചുമതലയായിരുന്നു വൈസ് പ്രിൻസിപ്പൽ മീരാ റഹ്‌മാനു ലഭിച്ചത്. തങ്ങൾക്കായി  അനുവദിച്ച ചാർലി 4 എന്ന ക്യാമ്പിൽ ഏഷ്യയിൽനിന്നുമുള്ള ഏക അംഗമായിരുന്നു ശ്രീമതി മീരാ റഹ്‌മാൻ. 

 " ക്യാമ്പ് അംഗങ്ങളുടെ പരാതികൾ കേൾക്കുവാനും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സമാശ്വസിപ്പിക്കുവാനും ഏറെ പരിശ്രമം ആവശ്യമായിരുന്നു. ക്യാമ്പുമായി പൊരുത്തപ്പെടാനാകാതെ അടുത്ത ദിവസം തന്നെ വീടുകളിലേക്ക് മടങ്ങണമെന്ന് വാശിപിടിച്ച കുട്ടികളെ ആശ്വസിപ്പിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത്. വ്യത്യസ്ത ഭാഷകളിലുള്ള കുട്ടികളുടെ ആശയവിനിമയങ്ങൾ വളരെ രസകരമായിരുന്നു. ധാരാളം കായികവിനോദങ്ങളിലും ട്രെക്കിങ്ങ് പോലുള്ള സാഹസിക മേഖലകളിലും  കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു. വനമേഖലയിലെ ക്യാമ്പിങ്, സഹനത്തിന്റെയും അതിജീവനത്തിന്റെയും വ്യാപ്തി ഉൾക്കൊള്ളുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതായിരുന്നു. സ്വന്തം വീടിനും നാടിനും രാജ്യാതിർത്തിയ്ക്കുമപ്പുറം വ്യാപിച്ചുകിടക്കുന്ന, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന, പുതിയ ചങ്ങാതിമാരെ  ചേർത്തുകൊണ്ട്  ഒരു ആഗോള സൗഹൃദം ഉറപ്പിക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ അടുത്തുഅനുഭവിച്ചറിയാനും ഈ പതിന്നാലു ദിവസങ്ങളിലെ ക്യാമ്പിങ് കൊണ്ട് വേൾഡ് സ്‌കൗട്ട് ജാംബൊരീ കുട്ടികളെ പ്രാപ്തരാക്കുന്നു.നമ്മുടെ വിദ്യാഭ്യാസ മേഖലകളിലും പുസ്തകങ്ങൾക്കുപുറമെ സ്‌കൗട്ടിങ് പോലുള്ള പരിപാടികൾ ചെയ്യുവാൻ എല്ലാ കുട്ടികൾക്കും സൗകര്യമൊരുക്കുക വഴി നല്ല പൗരന്മാരെ വാർത്തെടുക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഞങ്ങൾ കണ്ടത്."

  "നമുക്ക് ഒട്ടും പരിചിതമല്ലാത്ത വ്യത്യസ്തമായ ഭൂപ്രകൃതി. വ്യത്യസ്തമായ കാലാവസ്ഥ, ഭക്ഷണം, താമസസ്ഥലങ്ങൾ. ഒടുവിൽ ക്യമ്പിങ് കഴിയാറായപ്പോഴേയ്ക്കും ക്യാമ്പ് അംഗങ്ങൾ  ഒരു കുടുംബം പോലെ പരിചിതരായിരുന്നു. സ്വപ്നതുല്യമായ ആ ഭൂമിയിൽ ചിലവഴിച്ച ദിനങ്ങളിൽ പങ്കെടുത്ത ഒരംഗത്തിനുപോലും യാതൊരു വിധത്തിലുമുള്ള വിവേചനവും  അനുഭവിക്കേണ്ടി വന്നിരുന്നില്ല. മനോഹരമായ ആ ഓർമ്മകൾ പങ്കുവച്ചുകൊണ്ടു ഞങ്ങൾ പിരിഞ്ഞു". 

ഏറ്റെടുത്ത ടാസ്ക് പരമാവധി ഭംഗിയായി ചെയ്യുവാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് പരിപാടിയിലെ  ഐ എസ് ടി സർവീസ് അവാർഡ് ലഭിച്ച ശ്രീമതി മീരാ റഹ്‌മാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com