sections
MORE

ലളിതം ഈ മലയാളപഠനം

pravasi-shreshta-malayalam
SHARE

ലോകമെമ്പാടുമുള്ള പ്രവാസിമലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന പ്രവാസി ശ്രേഷ്ഠമലയാളം എന്ന മൂന്നു വാല്യങ്ങളുള്ള സമഗ്രഭാഷാപഠനസഹായി, മലയാളിക്കും മലയാളഭാഷയ്ക്കും ഒരുപോലെ വിലപ്പെട്ടതാകുന്നു.

മനുഷ്യന്‍റെ  എല്ലാ വികാരവിചാരങ്ങളെയും, ഭാവനാ സമ്പന്നവും വര്‍ണാഭവുമാക്കുന്ന മാതൃഭാഷ, സ്ഥിരം പ്രവാസികളായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യമാകുന്നത് നിര്‍ഭാഗ്യകരമാണ്. അവര്‍ക്കു നഷ്ടമായേക്കാവുന്ന പൈതൃകങ്ങളെ തിരികെപ്പിടിക്കാന്‍ ഗ്രന്ഥകര്‍ത്താക്കളായ പ്രഫ. ജോയി പല്ലാട്ടുമഠം, ഡോ. സിസ്റ്റര്‍ ദീപ എന്നിവര്‍ സംയുക്തമായി നടത്തിയ ശ്രമഫലമാണ് ഈ പുസ്തകങ്ങള്‍.

മാറിയ ജീവിതസാഹചര്യങ്ങളില്‍, സമയമില്ലായ്മയില്‍, പ്രവാസിക്കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുവാന്‍ കുറുക്കുവഴികള്‍ തേടുന്ന മാതാപിതാക്കള്‍ക്ക് വലിയൊരാശ്വാസമാണപ്രവാസി ശ്രേഷ്ഠമലയാളം. പ്രവാസിലോകത്ത്, നിരവധി കാരണങ്ങളാല്‍ മാതൃഭാഷാപഠനം പരാജയപ്പെട്ടുന്നതായാണ് അനുഭവം.

ഈ പരാജയകാരണങ്ങള്‍ തേടി നടന്ന ഗ്രന്ഥകാരന്‍, പ്രഫ. ജോയി പല്ലാട്ടുമഠം, സ്വയം പരീക്ഷിച്ചറിയുവാന്‍, മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുകയും, ഡസന്‍ കണക്കിനു കുട്ടികളെ മലയാളം പഠിപ്പിക്കുകയും ചെയ്തു. മലയാളം വായിക്കുകയും, സംസാരിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നവരാക്കാന്‍ ഗവേഷണകൗതുകത്തോടെ നടത്തിയ പരിശ്രമങ്ങള്‍, ഒരു പഠനപദ്ധതി തയാറാക്കാന്‍ അദ്ദേഹത്തിനു പ്രേരണയായി. അധ്യാപകന്‍ എന്ന നിലയിലുള്ള പരിചയസമ്പത്തും, പ്രായോഗിക വീക്ഷണവും ഇതില്‍ പ്രതിഫലിച്ചു. പഠനത്തില്‍ അനുഭവപ്പെട്ടിരുന്ന പ്രതികൂല സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് അദ്ദേഹം സമഗ്രവും സമയബന്ധിതവുമായി സിലബസും കരിക്കുലവും തയാറാക്കി. പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കത് ഉന്മേഷവും പ്രചോദനവുമായി മാറി. ആഴ്ചയില്‍ ഒരു മണിക്കൂര്‍ എന്ന രീതിയില്‍ തുടര്‍ച്ചയായി പഠിച്ച കുട്ടികള്‍, ഏകദേശം നൂറു മണിക്കൂര്‍ ക്ലാസ്റൂം പഠനം കൊണ്ട്, മലയാളം അനായാസേന വായിക്കുന്നവരും, സംസാരിക്കുന്നവരും, മനസ്സിലാക്കുന്നവരുമായി മാറി. 

ഡാലസില്‍ വിജയകരമായി പരീക്ഷിച്ച പഠനപദ്ധതി, മൂന്നു വാല്യങ്ങളില്‍ പുസ്തകങ്ങളാക്കി രൂപാന്തരപ്പെടുത്തി. മൊത്തം 150 മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ചുതീര്‍ക്കേണ്ട മൂന്നു പുസ്തകങ്ങള്‍. അതാണ് പ്രവാസി ശ്രേഷ്ഠമലയാളം - സമഗ്രഭാഷാപഠനസഹായി. ക്ലാസ്സുകളില്‍ നിന്നും ലഭിച്ച വിലപ്പെട്ട പല നിഗമനങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തെ പരിചയപ്പെടുത്താന്‍ ക്ലാസ്റൂം പഠനം നടത്തുന്നതോടൊപ്പം, മാതാപിതാക്കള്‍ സ്വന്തം വീടുകളില്‍, കുട്ടികളോട് മലയാളത്തില്‍, നിര്‍ബന്ധമായും സംസാരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. മാതാപിതാക്കള്‍ സഹകരിച്ചപ്പോള്‍ കുട്ടികളില്‍ അതും വിജയം കണ്ടു. ഭാഷയുടെ പ്രയോഗവും ഉച്ചാരണവും മെച്ചപ്പെട്ടതാകാന്‍, കുട്ടികളുടെ ചെറുപ്പം മുതലേ, മാതാപിതാക്കള്‍ അവരോട് മലയാളത്തില്‍ സംസാരിച്ചേ മതിയാകൂ. ഇംഗ്ലീഷ് പഠിക്കാന്‍ കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നതുകൊണ്ട്, ഇംഗ്ലീഷ് അവര്‍ക്ക് കീറാമുട്ടി ആവാനിടയില്ല.

ഏതു പ്രായത്തിലും മലയാളം പഠിക്കാമെങ്കിലും, ഏറ്റവും വേഗത്തില്‍ കുട്ടി പഠിക്കുന്നത് 7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള 6 വര്‍ഷക്കാലമാണ്. ഈ കാലയളവില്‍ ക്ലാസ്റൂം പഠനം യാഥാര്‍ത്ഥ്യമാക്കിയാല്‍ രണ്ടു വര്‍ഷംകൊണ്ടു തന്നെ കുട്ടി മലയാളം അനായാസേന സംസാരിക്കുകയും, വായിക്കുകയും, മനസ്സിലാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍റെ അനുഭവം. 100 മുതല്‍ 150 വരെ മണിക്കൂര്‍ പഠനം എന്ന ഏറ്റവും ഹ്രസ്വ സമയം കൊണ്ട് നാം പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ കുട്ടിയെത്തുമെന്നാണ് വിവക്ഷ. എഴുതി പഠിച്ച് ഹൃദിസ്ഥമാക്കേണ്ട കാര്യങ്ങള്‍, ആദ്യത്തെ 25 മണിക്കൂര്‍ പഠനം കൊണ്ട് അവസാനിക്കുന്നു എന്നത് പഠനത്തെ എളുപ്പമുള്ളതാക്കുന്നു.

സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പ്രയോഗരീതികളിലൂടെ ആശയാവിഷ്ക്കാരം നടത്താന്‍ കുട്ടികള്‍ പ്രാപ്തരാകും. ചോദ്യോത്തരങ്ങള്‍ സംഭാഷണങ്ങള്‍, വായനകള്‍, സെമിനാറുകള്‍, ഡിബേറ്റുകള്‍ എന്നിവയിലൂടെ കുട്ടികള്‍ ഭാഷയെ വരുതിയില്‍ നിര്‍ത്താന്‍ പഠിക്കുന്നു. ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, പത്രപാരായണം എന്നിവയിലൂടെ കുട്ടികള്‍ സംസ്ക്കാരങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുന്നു. അധ്യാപകനും, രക്ഷിതാക്കളുടെ പ്രതിനിധികളും ചേര്‍ന്ന് ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നു.

ഇംഗ്ലീഷ് പരിഭാഷയോടൊപ്പം തയാറാക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകങ്ങള്‍, ഇംഗ്ലീഷ് ഭാഷ പഠിക്കാനാഗ്രഹിക്കുന്ന മുതിര്‍ന്ന മലയാളികള്‍ക്കും ഉപകരിക്കുമെന്നതില്‍ സംശയമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അതീവശ്രേഷ്ഠം. ഈ പ്രവാസി  ശ്രേഷ്ഠ മലയാളം. വിവരങ്ങള്‍ക്ക്: പ്രഫ. ജോയിപല്ലാട്ടുമഠം,  0019725104612. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA