ADVERTISEMENT

റോബിനെ ആദ്യം കാണുന്നത് തണുത്തതെങ്കിലും തെളിമയുള്ള വസന്തകാലത്തിലെ ഒരു പ്രഭാതത്തിൽ.  ശൈത്യത്തിലെ ബലഹീനമായ  സൂര്യകിരണങ്ങൾ വീണ്ടും പുഷ്ടി പ്രാപിച്ചു  ‌ശൈത്യകാലങ്ങളിൽ സൂര്യനസ്തമിക്കാത്ത നാട്ടിൽ  പകലിനെ രാത്രിയുടെ പാതി അസ്തിത്വത്തിൽ തളച്ചിടുമ്പോൾ ഭൂമിയെ പുൽകേണ്ട സൂര്യകിരണങ്ങളും തങ്ങളുടെ  സഞ്ചാരം  പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങുവാൻ നിർബന്ധിതരാകുന്നു. ആയുസ്സ് പൂർത്തിയാവാത്ത സൂര്യകിരണങ്ങളുടെ തലോടലിന്റെ അഭാവത്തിൽ ഭൂമിയുടെ  ഉപരിതല ഊഷ്മാവിൽ ചൂട് കണികകൾ തണുപ്പ് കണികകളുടെ ആധിപധ്യത്തിൽ  വീണ്ടും തളർന്നു ശക്തിക്ഷയിച്ചു   മരവിപ്പിക്കുമ്പോഴും  കളപ്പുരകളിൽ സമ്പാദ്യം ശേഖരിക്കാത്ത ആകാശപ്പറവകൾ  ഇലപൊഴിഞ്ഞ മരക്കോമ്പുകളിലും തണുത്തുറഞ്ഞ മേൽക്കൂരകളിലും  നിലത്തിലെ ചലിക്കുന്ന പ്രാണികൾക്കുവേണ്ടി  മുക്കും മൂലയും പരതിക്കൊണ്ടിരിക്കുമ്പോഴും റോബിന്റെ കൂട്ടിലേ തളികയിൽ അവന്റെ പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങളായ പൊട്ടിച്ച നിലക്കടലയും  ഉണങ്ങിയ പ്രാണികളും  അവനുവേണ്ടി കാത്തിരുന്നു, റോ റോബിന് മാത്രം ഞെരുങ്ങിക്കേറുവാൻ സാധ്യമാവുന്ന ഇടുങ്ങിയ വാതിലുള്ള അവന്റെ മാത്രം കൊട്ടാരത്തിൽ.  

 

സസ്യലതാദികളെ തഴുകിയുണർത്തുവാൻ വെമ്പൽ കൊള്ളുന്ന പ്രഭാതത്തിൽ.   ഇളം പൈതലിന്റെ കൗതുകത്തോടും പുലരിയിലെ നിശ്ശബ്ദതയ്ക്ക് ഭംഗമേൽക്കാതെ ചിറകുകൾ  വിടർത്തി ഒഴുകിപ്പറന്നുവന്ന ഒറ്റയാൻ. നാട്ടിലെ അടയ്ക്കാ പക്ഷികളെ ഓർമ്മിപ്പിക്കുന്ന രൂപഭാവം നിറപ്പകിട്ടാർന്ന തൂവലുകളും കഴുത്തിനുചുറ്റും  പൊന്നാട ചാർത്തിയതുപോലെയുള്ള തങ്കാലേപനവുംആരോടും പരിഭവിക്കാത്ത  നിഷ്കളങ്ക മുഖഭാവത്തോടും കൂടി അരുകിലെത്തി നോക്കിയപ്പോൾ ഒന്നു ശങ്കിച്ചു. പക്ഷെ ലക്ഷ്യം തണുത്തുറഞ്ഞ ഭൂമിയുടെ മേലാപ്പിലെ മണ്ണിളകുമ്പോൾ പുറത്തുചാടുന്ന പ്രാണികളും ഞാഞ്ഞൂലുകളുമാണെന്ന്  മാറിമറിയുന്ന മുഖഭാവങ്ങളിൽ  നിന്നും മനസിലായി. ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഭാഗ്യം റോറോബിനായിരുന്നു  വലിയ അധ്വാനമില്ലാതെയും  മണ്ണിളക്കാതെയും ശൈത്യകാലത്തിൽ മഞ്ഞിലാണ്ടിരുന്ന  പഴയ പൂച്ചെട്ടികളുടെ സ്ഥാന ചലനത്തിലൂടെ മാത്രം  പ്രാണികളുടെ കൂട്ടം തന്നെ തങ്ങളുടെ ഒളിസങ്കേതങ്ങളിൽ  നിന്നും പുറത്തേയ്ക്കു ചാടി.   പ്രകൃതിയുടെ അതുല്ല്യമായ ജീവചക്രത്തിന്റെ പ്രദർശനമായിരുന്നു പിന്നീടുള്ള  കുറച്ചു നിമിഷങ്ങളിൽ പുറത്തുവന്ന കുറച്ചു പ്രാണികൾ  റോബിന്റെ ചെഞ്ചുണ്ടുകൾക്കിടയിൽ കുടുങ്ങിയെങ്കിലും കൂടുതലും രക്ഷപെട്ടു നിമിഷങ്ങളിക്കുള്ളിൽ അടുത്ത ഒളിസങ്കേതത്തിലെത്തി.  കൺചിമ്മുന്ന വേളയിൽതന്നെ അതിശീക്രം വയറുനിറച്ച  റോറോബിനും കാണാമറയത്തേയ്ക്കു പറന്നുയർന്നു. വീണ്ടും അവനുവേണ്ടി ചുറ്റും  പരതിയെങ്കിലും അന്ന് വീണ്ടും കാണുവാൻ സാധിച്ചില്ല.  

 

സംസ്കാരങ്ങൾക്കും ജീവിതരീതികൾക്കും ഏതാനും ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏകീകൃത രാജ്യമായി നിലനിൽക്കുന്ന ബ്രിട്ടന്റെയും സ്കോട്ട്ലാൻഡിന്റെയും വെയിൽസിന്റെയും നോർത്തേൺ അയർലാണ്ടിന്റേയും  ദേശീയ പക്ഷിയാണ് റോബിൻ. ഏകദേശം 620 തരത്തിലുള്ള പക്ഷികൾ രാജ്യത്തുള്ളപ്പോളാണ്  ഭൂരിപക്ഷം ജനങ്ങളും  റോബിനെ തന്നെ തിരഞ്ഞെടുത്തത് വിവേചനാ മനോഭാവമില്ലാതെ എല്ലാ മനുഷ്യരോടും ഒരേപോലെ  അടുപ്പം കൂടുകയും മൂന്ന് പേർ കൂടുന്നിടത്തെ രണ്ടു ഗ്രൂപ്പാകുന്ന മലയാളികളെ അമ്പരിപ്പിക്കുവാൻ പോന്ന പ്രഭാവത്തോടെ ഒറ്റയാനായി എവിടെയും തന്റേടത്തോടെ പറന്നെത്തുവാനും  ലവലേശം മുൻവിധിയില്ലാതെ  സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിയും കൂടിയായപ്പോൾ സ്വതവേ നിഷ്കളങ്കരായ സായിപ്പിനും മദാമ്മയ്ക്കും റോബിനെ  തങ്ങളുടേ മാത്രം സ്വന്തമാക്കി ലോക രാജ്യങ്ങളുടെയും  മറ്റു സംഘടനകളുടെ മുൻപിൽ ബൗദ്ധികാവകാശം സ്വന്തമാക്കിയതിൽ അത്ഭുതപ്പെടാനില്ല. 

 

അതിലുപരി ആദ്യകാലങ്ങളിൽ രാജ്ഞിയേയും രാജവാഴ്ച്ചകളെയും ധിക്കരിച്ചവരും ജീവിത സമാധാനം ലക്ഷ്യമാക്കിയും  മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പോയവർ പലരും കൂടുതലും സ്നേഹത്തോടും ചിലർ ബലമായും കൂടെ കൊണ്ടുപോകുവാൻ ശ്രമിച്ചിട്ടും ജന്മദേശം വിട്ടുപോകുവാൻ കൂട്ടാക്കാത്ത വീരനും കൂടിയാണീ റോറോബിൻറെ വംശം എന്നതും വസ്തുത തന്നെയാണ്.

ശാസ്ത്രീയമായി പച്ചക്കറികളിൽ  കൊഴുപ്പും കലോറിയും കുറവുള്ളതിലുപരി തൊടിയിൽ നിന്നും ലഭിക്കുന്ന കലർപ്പില്ലാത്തവ   പാകം ചെയ്യുമ്പോളുണ്ടാകുന്ന സ്വാദ് ലാക്കാക്കി  ഭൂപരിമിതിയുള്ള അടുക്കളത്തോട്ടം വസന്തകാലത്തിൽ  നിലമൊരുക്കിയ ആദ്യദിനത്തിൽ തന്നെ വിരുന്നെത്തിയ കൂട്ടുകാരനുവേണ്ടി രണ്ടാം ദിനത്തിലും അധികം   കാക്കേണ്ടി വന്നില്ല. കൈക്കൊട്ടിലൂടെ ഉപരിതലത്തിലേ മണ്ണിനേറ്റ  ആദ്യത്തെ ആഘാതത്തിൽ തന്നെ ഒറ്റയാൻ ഒഴുകിയെത്തി തന്റെ  മൃദുല തൂവലുകളൊതുക്കി   ഓരം ചേർന്നിരുന്നു ആകാഷയോടുകൂടി കൈക്കോട്ടു പതിയുന്ന മണ്ണിലേക്ക് ഉറ്റുനോക്കി.  ഉപരിതലത്തിലെ ജൈവവസ്തുക്കളെ മണ്ണിലേയ്ക്ക്  വലിച്ചു താഴ്ത്തുകയും വായുസഞ്ചാരവുമുളവാക്കി വീണ്ടും മണ്ണിനേ ഫലഭൂഷ്ടിതമാക്കുന്ന ഞാഞ്ഞൂലുകൾ വിളവുകളുടെ സമൃദ്ധിയ്ക്ക് അനിവാര്യമാണ്. കൃഷിക്കാരുടെ ഉറ്റമിത്രമായ ഇളം  ഞാഞ്ഞൂലുകളെയാണ് റോബിന്റെ മൂർച്ചയേറിയ  കണ്ണുകൾ പരതിയതും. വളരെ കുറച്ചു സുഹൃത്ത് വലയങ്ങളുള്ള വ്യക്തിത്ത്വമായതുകൊണ്ട് തേടിവന്ന സൗഹൃതത്തെ ഉപേക്ഷിക്കുവാൻ മനസ്സുവന്നില്ല. പിന്നീട് വീണ്ടും മണ്ണിലാഞ്ഞു കിളച്ചത് പുതിയ സുഹൃത്തിനു വേണ്ടിയായിരുന്നു. താമസിയാതെ തന്നെ  പല നീളത്തിൽ ഞാഞ്ഞൂലുകൾ പുതിയ വെളിച്ചം സഹിക്കാതെ ഭൂമിക്കടിയിലേക്ക് ഊളിയിടുന്നതിനു മുൻപ് ഒരറ്റം  അവന്റെ ചുണ്ടിൽ കുടുങ്ങി. പിന്നീടങ്ങോട്ടുള്ള  ജീവൻമരണ വടംവലിയിൽ  റോബിന് വിജയം ലഭിച്ചപ്പോൾ ഒരു സുഹൃത്തിനെക്കൂടി സംതൃപ്തിപെടുത്തുവാൻ സാധിച്ചതിലുള്ള സന്തോഷമായിരുന്നു .

 

അടുക്കളത്തോട്ടത്തോടുള്ള അടുപ്പം പൈതൃകമായി ലഭിച്ചതെന്ന് അവകാശപ്പെടുവാൻ  മാത്രം വലിയ ഭൂതകാല നേട്ടങ്ങൾ ഓർമ്മിച്ചെടുക്കുവാൻ  സാധിക്കുന്നില്ലെങ്കിലും ബാല്യത്തിലെ  പ്രകൃതിരമണീയമായ ഗ്രാമീണ പശ്ചാത്തലങ്ങളും കളങ്കമേൽക്കാത്തതും വിഷമയമില്ലാത്തതുമായ   കാർഷികോൽപനങ്ങൾ   മനസിനുള്ളിൽ എക്കാലവും അവിസ്മരണീയമായി  നിലനിൽക്കുമ്പോൾ അനുയോജ്യമായ സാഹചര്യങ്ങൾ ഫലഭൂയിഷ്ട്ടമാക്കുവാനുള്ള ഉൾവിളി സ്വാഭാവികം മാത്രം. പാരമ്പര്യങ്ങൾ ഇതൊക്കെയാണെങ്കിലും  പിന്നീടങ്ങോട്ട് തലമുറ മറിഞ്ഞപ്പോൾ തനത് സംസ്കാരങ്ങൾ പുത്രനെക്കാൾ കുറച്ചധികമായി സ്വായത്വമാക്കിയത് പുത്രിയും. അക്കാരണങ്ങളാൽ തന്നെ തോട്ടം തയ്യാറാക്കുന്നതിലും സസ്യങ്ങൾ വേറിട്ടു നടുന്നതിലും അധികമായി  കൂട്ടത്തിൽ കൂടി സഹായഹസ്തം  നീട്ടിയിരുന്നതും പുത്രി തന്നെ. തൊടിയിലേയ്ക്ക് സ്ഥിരമായി  വിരുന്നു വരുവാൻ തുടങ്ങിയ സുഹൃത്തിനെയും അവൾക്കു വളരെപ്പെട്ടന്നു തന്നെ ഇഷ്ട്ടപ്പെട്ടതിന്റെ പിന്നാലെ റോറോബിനെന്ന നാമകരണവുമുണ്ടായി.  കൈക്കുമ്പിളിൽ നീട്ടുന്ന കടല കഷണങ്ങളും ഞാഞ്ഞൂലുകളും മടികൂടാതെ കൊത്തിയെടുക്കുവാൻ ധൈര്യം കാട്ടുന്ന വിരുതനെ തന്റേതു മാത്രമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം.  വസന്തകാലത്തിൽ മൂവരിലും തുടക്കമിട്ട ചങ്ങാത്തം പിന്നീടങ്ങോട്ടു  വേനലിലിലും     ഇഴമുറിയാതെ  ശക്തമായിത്തന്നെ തുടരുമ്പോൾ ഞാഞ്ഞൂലുകളുടെ ലഭ്യതയും കുറയുവാൻ തുടങ്ങി. തോട്ടത്തിലെ സ്ഥലപരിമിതിയും വളരുന്ന പച്ചക്കറികളുടെ വേരുകൾക്ക്  മുറിവേൽക്കാതിരിക്കുവാൻ കൈക്കോട്ട് പ്രയോഗവും ചുരുക്കിയപ്പോൾ റോറോബിനുവേണ്ടി ഉണങ്ങിയ പ്രാണികളെ എത്തിക്കുവാൻ തുടങ്ങി. കൈകുമ്പിളിൽ നിറയെ വാരിയെടുത്തു റോറോബിനേ തീറ്റിക്കുന്നതായി    പ്രിയപുത്രിയുടെ പുതിയ വിനോദം. തന്റെ കൂട്ടുകാരുമൊത്തു നിരന്തരം പങ്കുവയ്ക്കുവാനും മടിയില്ലാതായി. വളരെപ്പെട്ടെന്നുതന്നെ  റോറോബിനൊരു താരപരിവേഷവും ലഭിച്ചു. ഏഴാം കടലും കടന്നെത്തിയ പരദേശികളോട് ചങ്ങാത്തം കൂടുന്ന പൊന്നാട ചൂടിയ ഒറ്റയാൻ.

 

ഒറ്റയാനെന്ന ഭാവമില്ലാതെ അനുദിനം കൂട്ടുകാരിൽ നിന്നും ആഹാരം തേടിയെത്തുന്ന റോറോബിനൊരു ഇണയെ വേണമെന്ന ആശയവും പുത്രിയിലുദിച്ചു. വീണ്ടും കലർപ്പില്ലാത്ത സാമാന്യബോധം  പച്ചയായ മാനുഷിക വികാരം  സംസ്കാരവും പൈതൃകവും നിലനിർത്തണമെങ്കിൽ തലമുറയുണ്ടാകണം  ഏറ്റവും കുറഞ്ഞത് ഒരാണിനൊരു പെണ്ണ് തുണവേണമെന്ന  പ്രകൃതിയുടെ നിയമം. വീണ്ടും സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് ഇണയുണ്ടെങ്കിൽ ഒരു കുടുംബമാകണമെങ്കിൽ ഒരു കൂടുവേണം. ദിവസത്തിൽ അഞ്ചോ ആറോ തവണ വട്ടം പാറിപ്പറന്നു വരുന്ന  റോറോബിൻ തിരിച്ചു പറക്കുന്നതെവിടേയ്‌ക്കെന്നറിയുവാൻ ആകാംഷയുണ്ടായിരുന്നെങ്കിലും   അതിനായി അവനെ പിന്തുടരുവാനോ അവന്റെ ജീവചര്യകളിൽ ഭംഗം വരുത്തുവാനോ ഉദ്ദേശമില്ലാതായി. പിന്നെയുള്ളത് അവനൊരു കൂടുപണിയുക അധികം താമസിയാതെ അവനുമാത്രം കയറുവാൻ പാകത്തിൽ അത്യാവശ്യം ഉയരത്തിൽ തന്നെ കൂടും തയ്യാറായി. പിന്നീടുള്ള ദിവസങ്ങളിൽ അവനേക്കൂട്ടിലേക്ക് ആകർഷിക്കുവാനുള്ള വഴികളെല്ലാം ശ്രമിച്ചെങ്കിലും  അവൻ  മാത്രം താൽപ്പര്യം കാട്ടിയില്ല. വീണ്ടും അവന്റെ സ്വകാര്യതയിൽ കടന്നു കയറുവാനും മനസ്സനുവദിച്ചിരുന്നില്ല. സ്വകാര്യതയും  സ്വാതന്ത്ര്യവും എല്ലാ ജീവജാലങ്ങളുടെയും മൗലീകാവകാശമാണന്നതും മറന്നില്ല.

 

അതിരുകളില്ലാത്ത  ചങ്ങാത്തത്തിൽ  മൂവരും മുഴുകിയിരുന്ന ഒരുനാളിൽ  പാറിപ്പറന്നുവന്ന റോബിൻ  കൈക്കുമ്പിളിലേ  ഇരിക്കാതെ തിടുക്കത്തിൽ ഊളിയിട്ടു തിരിച്ചുപറന്നുപോയി. വീണ്ടുമൊരിക്കൽ കൂടി ആവർത്തിച്ചപ്പോൾ പന്തികേട് തോന്നി  ചുറ്റും പരതിയപ്പോൾ പച്ചിലകൾക്കിടയിൽ ഉണ്ടക്കണ്ണുകളുമായി തുറിച്ചുനോക്കിയിരിക്കുന്ന കറുത്ത മർജാരൻ. പൂച്ചയുടെ കണ്ണുകളായിരുന്നു എന്നും എനിയ്ക്കു പ്രിയപ്പെട്ടത് വിടർന്നു വികസിച്ചു വിവിധ വർണങ്ങളാൽ അഴകാർന്ന കണ്ണുകൾ  ഇരുപത്തിയെട്ടിൽ പരം വൈവിധ്യത നിറഞ്ഞ നിറങ്ങളുള്ള കണ്ണുകൾ. സ്നേഹത്തോടെ കാലിൽ മുട്ടിയുരുമ്മി ചുറ്റും തിരിയുന്ന  മൃദുവായ രോമങ്ങളുള്ള  മർജാരന്മാരെ  വളരെ സ്നേഹത്തോടെ ചേർത്തു നിർത്തുവാനും പുറത്തും പിന്നീട് ദേഹമാസകലവും തലോടുവാനും ചെറുപ്പം മുതലേ അത്യുത്സാഹവുമായിരുന്നു. എന്നാൽ തൊടികളിൽ ജീവിക്കുന്നവൻ അടുത്തുവരുവാൻ വിസമ്മതിച്ചിരുന്നു അതുകൊണ്ടുതന്നെ രൗദ്രത നിറഞ്ഞ  മുഖഭാവവും. സ്നേഹിക്കുവാനും ലാളിക്കുവാനും ആരുമില്ലാതിരുന്നതിനാൽ ആയിരിക്കണം  വല്ലപ്പോഴും വിരുന്നുവരുന്നവനെ പലപ്പോഴായി സ്നേഹത്തോടെ അരുകിലെത്തിക്കുവാൻ ശ്രമിച്ചപ്പോഴെല്ലാം വഴുതിമാറിയ മറ്റൊരു ഒറ്റയാൻ. പക്ഷെ വലിയ ഉപകാരിയുമാണ്  ആജന്മ ശത്രുക്കളായ മൂഷികർ  മാത്രമാണ് ഇഷ്ടഭോജ്യം   ആയതിനാൽ തന്നെ മൂഷിക ശല്യം വീടിന്റെ പരിസരത്തെങ്ങും ഇല്ലാതിരുന്നു. മാർജാരന്മാർ കുഞ്ഞിക്കിളികളെ ഭക്ഷിക്കാറില്ലെങ്കിലും നേരം പോക്കിനായി ആക്രമിക്കുന്നത് സാധാരണയാണ് ജിജ്ഞാസകുതികികളും കൂടിയായപ്പോൾ എല്ലാ കുഞ്ഞിക്കിളികളും കഴിവതും ഇവന്മാരിൽ നിന്നും ദൂരം പാലിക്കുകയാണ് പതിവ്. ഏതായാലും ഉപകാരമുള്ളവനാണെങ്കിലും സ്വന്തമല്ലാത്തതുകൊണ്ട് തൽക്കാലം റോബിനു തന്നെ തൊടിയിലേയ്ക്ക് മുൻഗണന ലഭിച്ചു.

 

തണുപ്പുകാലത്തുപോലും  ഇലപൊഴിയാറില്ലാത്ത  കുറ്റിച്ചെടികളിൽ ചേക്കേറുവാനെത്തുന്ന മറ്റു അടയ്ക്കാ പക്ഷികൾ റോബിന്റെ സാന്യധ്യത്തിൽ വളരെ അപൂർവ്വമായിട്ടാണ് തൊടിയിലെത്തിയിരുന്നതെങ്കിലും അവയിൽ ചിലർ റോറോബിൻറെ കൊട്ടാരം കയ്യേറുവാൻ ശ്രമിച്ചതിനേ റോറോബിൻ അത്യഗ്രമായി ചെറുത്തു തോൽപ്പിച്ചതിന്  സാക്ഷിയാകുവാൻ പുത്രിക്ക് ഭാഗ്യം ലഭിച്ച വാർത്ത പങ്കുവച്ചപ്പോൾ ഉള്ളിന്റെയുള്ളിൽ സന്തോഷമായി. അവനുവേണ്ടി പണിത കൊട്ടാരത്തിൽ വാസം തുടങ്ങില്ലെങ്കിലും അത് അവന്റേതാണെന്നു തിരിച്ചറിഞ്ഞല്ലോ. വേനലിലും ചങ്ങാത്തം തുടർന്നെങ്കിലും വിരുന്നുകാരനിൽ നിന്നും കൂട്ടുകാരനായി മാറിയ അവനെന്നും ഒറ്റയാനായി തന്നെ നിലനിൽക്കുമോയെന്നുള്ള ചിന്തകളും പോംവഴികളും കുടുംബത്തിൽ അന്തിചർച്ചാവിഷയങ്ങളായിരുന്നു.  ഒന്നുരണ്ടു വട്ടം വീണ്ടും അവനെ പിന്തുടർന്നെങ്കിലും വൃഥാവിലാവുകയായിരുന്നു. പരിചയസമ്പന്നരായ  സഹപ്രവർത്തകരുടെ  ധൈര്യപ്പെടുത്തലുകൾ അവന്റെ ക്ഷേമത്തെപ്പറ്റിയുള്ള വേവലാതികൾക്ക് ഒരുപരിധിവരെ അറുതിനൽകി.

 

വേനലിൽ പച്ചക്കറികളും മറ്റു വൃക്ഷലതാദികളും  പുഷ്പിച്ചു വേണ്ടുവോളം ഫലം പുറപ്പെടുവിച്ചപ്പോഴും  കുടുംബത്തിലെ ഒരംഗമെന്ന ആധികാരിതയോടെ എല്ലാറ്റിന്റെയും പങ്കുപറ്റുവാനും റോബിനും കൂടി.  ദിവസങ്ങൾ  മുന്നോട്ടു നീങ്ങിയപ്പോഴും സൂര്യകിരണങ്ങൾ ആവശ്യത്തിലധികവുമായപ്പോൾ അഭയം തേടി ഭൂമിയുമകലുവാൻ  തുടങ്ങിയത്  വശ്യസുന്ദരമായ ശരത്കാലത്തിനേ സമ്മാനം നൽകുവാനായിരിന്നു.  അതോടൊപ്പം പലയാവർത്തി ഉണ്ടായിരുന്ന റോബിന്റെ സന്ദർശനം കുറയുകയും അധികം താമസിയാതെ ദിവസങ്ങൾക്കു പകരം ആഴ്ച്ചകളിൽ വല്ലപ്പോഴുമായപ്പോഴും പ്രതീക്ഷിച്ചിരുന്നു ശൈത്യകാലത്തിനു മുൻപുതന്നെ അവന്റെ മാത്രം കൊട്ടാരത്തിലേക്ക് കുടികൂടുമെന്നും. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാലാഖമാരുടെ സ്വപ്നനാട്ടിൽ മാത്രം    ഋതുക്കൾ തമ്മിലുള്ള ദൂരം  കുറവാണെങ്കിലും ശൈത്യകാലത്തിലേ കന്നി മഞ്ഞുവീഴ്ച്ചയിലൂടെ  ഭൂമിവിറങ്ങലിക്കുകയും  ചേക്കേറാനിടമില്ലാത്ത ആകാശപ്പറവകൾക്ക് അതിജീവനം കഠിനമാവുന്നത് പതിവാണ്. പിന്നീടുള്ള ദിവസങ്ങളിൽ പലപ്രാവശ്യം ഭക്ഷണം വിളമ്പി കാത്തിരുന്നെങ്കിലും പ്രിയ കൂട്ടുകാരനെത്തിയില്ല. അവന്റെ ജീവചരിത്രം പൂർണ്ണമായി  വെളിപ്പെട്ടില്ലെങ്കിലും നിഷ്കളങ്ക മുഖഭാവത്തിലൂടെ  മായ്ക്കാത്ത ഓർമ്മകൾ വാരിക്കോരി നൽകിയിട്ട് കാണാമറയത്ത് മറഞ്ഞെങ്കിലും  വീണ്ടുമൊരു സമാഗമത്തിനായി പ്രിയ റോബിനുവേണ്ടി കാത്തിരിക്കുന്നു ചിലപ്പോൾ അവനറിയുന്നുണ്ടാവില്ല!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com