ADVERTISEMENT

കുട്ടിക്കാലം. പക്ഷെ എനിക്കത് വലിയ കാലമാണ്.തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകൾ ഏറ്റവും കൂടുതൽ സമയം വിശ്രമിക്കുന്നത് ആ സുന്ദര കാലഘട്ടത്തിലാണ്.പ്രത്യേകിച്ച് സ്കൂൾ കാലഘട്ടം.

 

വർഷങ്ങൾക്കു മുൻപ്....

 

കുന്നുകളും, വലിയ മലനിരകളും, മലനിരകളിൽ നിന്നും ചാല് കീറി പതഞ്ഞൊഴുകുന്ന കൊച്ചരുവികളും,ഇടതൂർന്ന മരക്കാടുകളും നിറഞ്ഞ ഒരു മനോഹര ഗ്രാമമാണ് ഞങ്ങളുടേത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള മുണ്ടൻമുടി എന്ന മലയോര ഗ്രാമം.പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നാട്ടുവഴിയിലൂടെ വല്ലപ്പോഴുമൊരിക്കൽ സാഹസികമായി 'നടന്നു കയറുന്ന' ജീപ്പുകൾ ഞങ്ങൾക്ക് അത്ഭുതവും കൗതുകവുമാണ്. പരി.കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയും,കല്‍ക്കെട്ടുകൾക്കിടയിലെ വളക്കൂറുള്ള മണ്ണും,കഠിനാധ്വാനികളായ മാതാപിതാക്കളും ആയിരുന്നു ഞങ്ങളുടെ ഏക സമ്പാദ്യം.

 

അവിടെ നിന്നും ആറു കിലോമീറ്റർ ദൂരെ വണ്ണപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ. രാവിലെയും വൈകുന്നേരവും സ്കൂളിലേക്കും വീട്ടിലേക്കുമുള്ള ആ പന്ത്രണ്ടു കിലോമീറ്റർ നടത്തമാണ് സ്കൂൾ കാലഘട്ടത്തിലെ മറക്കാനാവാത്ത അനുഭവം.അതും മഴക്കാലത്ത്.

   

കോരിച്ചൊരിയുന്ന മഴയുടെ കുളിരിൽ കോരിത്തരിച്ചു ഞങ്ങൾ കിടന്നുറങ്ങുമ്പോഴും അമ്മ അടുക്കളയിൽ തിരക്കിലായിരിക്കും.രാവിലെയും,ഉച്ചക്കത്തെയ്ക്കുമുള്ള ഭക്ഷണം ഉണ്ടാക്കണം.മഴയയാലും,വെയിലായാലുംഅമ്മ നാല് മണിക്ക് തന്നെ എഴുന്നേറ്റു ജോലികൾ തുടങ്ങും.ആറു മണിക്ക് ഇറങ്ങിയാലെ പത്തു മണിക്ക് മുൻപ് സ്കൂളിൽ എത്താൻ പറ്റൂ. അഞ്ചര കഴിഞ്ഞാൽ പിന്നെ ബഹളമാണ്.അങ്ങനെ ആറു മണിക്ക് ഞങ്ങൾ യാത്ര തുടങ്ങുകയായി..

 

ഇറങ്ങാൻ ഒരല്‍പം മടി തന്നെയാണ്.പത്ത് മീറ്റർ നടക്കുമ്പോഴെയ്ക്കും അടിമുടി നനഞ്ഞിരിക്കും.കുറച്ചു കഴിയുമ്പോഴേയ്ക്കും കൂട്ടുകാരുടെ ഒരു നീണ്ട നിര തന്നെ കൂട്ടിനുണ്ടാവും.പിന്നെ ആവേശമാണ്. പോകുന്ന വഴികൾക്ക് കുറുകെ കുറെയധികം അരുവികളും തോടുകളും ഉണ്ട്.വേനല്‍ക്കാലത്ത് കളകളാരവം മുഴക്കി മനോഹരമായി ഒഴുകിക്കൊണ്ടിരുന്ന അവ മഴക്കാലത്ത് അതിന്റെ വിശ്വരൂപം പുറത്തെടുക്കും.എങ്കിലും ഈ അരുവികളും തോടുകളും പൊട്ടിപ്പൊളിഞ്ഞു കല്ലും മണ്ണും നിറഞ്ഞ റോഡും,കോരിച്ചൊരിയുന്ന മഴയും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുമെല്ലാം ഞങ്ങളുടെ ആവേശത്തിനും,ഉത്സാഹത്തിനും മുൻപിൽ നിഷ്ക്രിയരായി നോക്കി നിന്നിട്ടേ ഉള്ളു‌.

 

സ്കൂളിൽ ചെന്ന് നനഞ്ഞ കുളിച്ചുള്ള ആ ഇരിപ്പ് മാത്രമാണ് ഒരേയൊരു വിഷമം.

 

വീണ്ടും വൈകുന്നേരം, നിർത്താതെ തകർത്തു പെയ്യുന്ന പെരുമഴയിലേയ്ക്ക്‌ ഇറങ്ങുകയായി.വൈകുന്നേരത്തെ യാത്രയാണ് കൂടുതൽ രസകരം.കുടയെല്ലാം മടക്കി ബാഗിൽ വച്ചൊരു നടത്തമാണ്.മഴയിൽ കുളിച്ച്‌..കുട ചൂടിയാലും ഗതി ഇത് തന്നെ.പിന്നെ ഓരോ കളികൾ യാത്രയ്ക്ക് കൂട്ടാവും.ഏറുപന്ത്,പുല്ലേൽ ചവിട്ട്‌,അന്താക്ഷരി തുടങ്ങിയവയാണ് അതിൽ പ്രധാനം.നേരം ഇരുട്ടിത്തുടങ്ങിയത്തിന് ശേഷം മാത്രമേ മഴക്കാലത്ത് ഞങ്ങൾ വീട്ടിൽ എത്തിയിരുന്നുള്ളു‌.ചെന്ന ഉടനെ നനഞ്ഞ തുണികൾ ഊരിയെറിഞ്ഞു അടുക്കളയിലേക്ക് ഒരോട്ടമാണ്.കയ്യിൽ പുസ്തകമടങ്ങിയ ബാഗും ഉണ്ടാകും.അവിടെ കഴിക്കാൻ എന്തെങ്കിലും അമ്മ വിളമ്പി വച്ചിട്ടുണ്ടാവും.ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ നനഞ്ഞ പുസ്തകമോരോന്നും അടുപ്പിനു മുകളിൽ പിടിച്ചു ഉണക്കുകയാവും.പിന്നെ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിനരുകിൽ ഇരുന്നു പഠനം,ഹോം വർക്ക്,അങ്ങനെ.. 

 

നനഞ്ഞ രാത്രി വീണ്ടുമൊരു പ്രഭാതത്തിനു വഴി മാറുമ്പോൾ മടി പിടിച്ച മനസ്സുമായ് ഞങ്ങൾ മഴയിലേയ്ക്ക് ഇറങ്ങിയിട്ടുണ്ടാവും; ആവേശകരമായ മറ്റൊരു പകലിന്റെ കഥ പറയാൻ..

 

ഇന്ന്... 

 

പൊട്ടിപ്പൊളിഞ്ഞ ആ പഴയ വഴികളിൽ പരിഷ്കാരത്തിന്റെ കറുത്ത നിറം പുരണ്ടിരിക്കുന്നു.മലമടക്കുകളിലെ പാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. മണ്ണെണ്ണ വിളക്ക് കത്തിയിരുന്ന, പൊളിഞ്ഞു വീഴാറായ മൺകുടിലുകൾക്കു പകരം കോൺക്രീറ്റ് കൂരകൾക്കു കീഴെ ഇലക്ട്രിക്ക് ബൾബുകൾ പ്രഭ തൂകുന്നു. മഴ നനഞ്ഞ്,കഥ പറഞ്ഞ്,കളിച്ചു ചിരിച്ച് നടന്നുനീങ്ങുന്ന കുട്ടികൾ ഞങ്ങളുടെ മനസ്സിൽ മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു.

 

മറ്റൊരു മഴക്കാലം കൂടി കാലത്തിനു വഴിമാറുമ്പോൾ എന്നും മഴയെ സ്നേഹിച്ചിരുന്ന ഒരു സ്കൂൾ കുട്ടി ഇവിടെ ഈ മരുഭൂമിയിൽ ഒരിക്കൽ കൂടി ഏകനാകുന്നു. പൊള്ളുന്ന വേനലിന്റെ ശൂന്യതയിലേയ്ക്കു നോക്കി നെടുവീർപ്പെട്ടുകൊണ്ട് അവൻ മറ്റൊരു മഴക്കാലത്തിനായി കാത്തിരിക്കുന്നു. ഒരിക്കൽക്കൂടി കോരിച്ചൊരിയുന്ന മഴ നനഞ്ഞുകൊണ്ട്‌ സ്കൂളിലേയ്ക്ക് നടക്കുന്ന ആ പഴയ കുട്ടിയാകാൻ കൊതിച്ചുകൊണ്ട്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com