ADVERTISEMENT

കഴിഞ്ഞ ദിവസം ഞാൻ ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ സംഭാഷണത്തിനിടയിൽ യാദൃശ്ചികമായി 'മാധവിക്കുട്ടി' കടന്നുവരികയും ഉടൻ തന്നെ 'ആ സ്ത്രീ ഒരു വേശ്യ ആയിരുന്നു' എന്ന് അവൾ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ചില കപട സദാചാര വാദികൾ സമൂഹമാധ്യമങ്ങളിൽ മാധവിക്കുട്ടിയുടെ മുഖചിത്രത്തിനു താഴെ എഴുതിയിട്ട അശ്ലീല കമന്റുകൾ വായിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ പലപ്പോഴും നമ്മളിൽ പലരും അങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു.

ഏത് അർഥത്തിലാണ് മാധവിക്കുട്ടി അഭിസാരികയാകുന്നത്? അവരുടെ സ്ഥാനത്ത് നാമോരോരുത്തരും ആയിരുന്നെങ്കിൽ എന്നു കൂടി ചിന്തിക്കുക. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഭ്രാന്ത് പിടിക്കാതെ ജീവിച്ചു പോകുവാൻ വേണ്ടി ഞാൻ ഉണ്ടാക്കിയെടുത്ത എന്റെ തന്നെ സൃഷ്ടിയാണ് ഞാൻ’. എന്തായിരുന്നു മാധവിക്കുട്ടി. തന്റെ കുട്ടിക്കാലവും പഠനവുമെല്ലാം കൊൽക്കത്ത നഗരത്തിൽ ആയിരുന്നിട്ടു പോലും ജനിച്ച മണ്ണിനേയും മനുഷ്യരെയും ഭാഷയെയും ആവോളം സ്നേഹത്തോടെ നെഞ്ചിലേറ്റിയവൾ. സർപ്പക്കാവിനടുത്തുള്ള ഇലഞ്ഞി കൊമ്പിൽ ശ്രീകൃഷ്ണനോടൊപ്പം ഊഞ്ഞാലാടി, കുളക്കോഴികൾ പറക്കുന്ന കുളത്തിൽ നീന്തിത്തുടിച്ച് കൊണ്ട് ചുറ്റുമുള്ള പ്രകൃതിയെ ധ്യാനിച്ച് നിഷ്കളങ്കമായ ബാല്യം ആസ്വദിച്ചവൾ. മുറ്റത്തെ നീർമാതളപ്പൂക്കൾ കൊണ്ട് മനസ്സിൽ പ്രണയത്തിന്റെ നക്ഷത്രങ്ങൾ വിരിയിച്ച സ്വപ്നാടനക്കാരി. സ്നേഹത്തിന്റെ കളിത്തോഴി, എഴുത്തിന്റെ മായാജാലക്കാരി. 

madavikutty

തന്റെ പതിനഞ്ചാമത്തെ വയസ്സിൽ തന്നെക്കാൾ ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായി വിവാഹം ചെയ്യേണ്ടി വന്നു മാധവിക്കുട്ടിക്ക്. സ്വവർഗാനുരാഗിയായ, രതിവൈകൃതങ്ങൾ ഏറെ നിറഞ്ഞ ഒരു പുരുഷന്റെ ഭാര്യയായിരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ വേദന ഊഹിക്കാൻ ആകുമോ നമുക്ക്. അവരുടെ ആത്മാഭിമാനം എത്ര തവണ ഇഞ്ചിഞ്ചായി ചതഞ്ഞിട്ടുണ്ടാകും. അവർ അന്നോളം സ്വരുക്കൂട്ടിയ പ്രണയസ്വപ്നങ്ങളിൽ അവഗണനയുടെ കരിമൂർഖന്മാർ ഓരോ രാവുകളിലും ഇഴഞ്ഞുനടന്നിട്ടുണ്ടാകും. അവരുടെ പ്രതീക്ഷകൾക്കു മുകളിൽ അസ്തമയസൂര്യൻ എന്നേക്കുമായി കരിമ്പടം പുതച്ചിട്ടുണ്ടാകും. ആ 'പ്രണയത്തിന്റെ രാജകുമാരി‌' പിന്നെ എന്ത് ചെയ്യണമായിരുന്നു. ആത്മഹത്യയ്ക്കും ഭ്രാന്തിനും തന്റെ ജീവിതത്തെ വിട്ടുകൊടുക്കണമായിരുന്നോ? അതോ ആ അസാധാരണ സ്ത്രീ ഏതെങ്കിലും വിധത്തിൽ അതിനെ അതിജീവിക്കണമായിരുന്നോ? 

അതെ, അവരൊരു അസാധാരണ ജന്മമായിരുന്നു. ഓരോ ഇലയിലും പൂവിലും പ്രണയം കണ്ടെത്തിയവൾ. പ്രണയത്തിനു വേണ്ടി ജനിച്ചു ജീവിച്ചു മരിച്ചവൾ. പ്രണയം ജീവശ്വാസമായവൾ. അതവരുടെ നിയോഗമായിരുന്നു. അതുകൊണ്ടുതന്നെ ഒറ്റപ്പെടലിന്റെ തീച്ചൂളയിൽ ഉരുകിയൊലിക്കാതിരിക്കാൻ അവർ പ്രണയം തിരഞ്ഞു നടന്നിരിക്കാം. അബദ്ധത്തിൽ വേട്ടക്കാരന്റെ ഇരയായിട്ടുണ്ടാകാം. അതുകൊണ്ടെല്ലാം അവരെ അഭിസാരിക എന്ന് വിളിക്കാൻ നമുക്കെന്തവകാശം? അവർ ചങ്കൂറ്റത്തോടെ അവരുടെ കഥ സ്വയം നമ്മോട് പറഞ്ഞതാണ്. അത് തുറന്നു പറയാനുള്ള ധൈര്യം അവർക്ക് നൽകിയത് സ്വന്തം ആത്മാവിന്റെ പരിശുദ്ധിയാണ്. അല്ലാതെ ഇന്നു കാണുന്ന യഥാർഥ അഭിസാരിക മാരെ പോലെ അവർ ആട്ടിൻതോലിട്ട ചെന്നായ കുട്ടിയായി ആരുടെ മുന്നിലും നിന്നിട്ടില്ല. കാമത്തിനു വേണ്ടി സ്വന്ത ബന്ധങ്ങളെ വക വരുത്തിയിട്ടില്ല, ദ്രോഹിച്ചിട്ടില്ല. ആ പാവം എല്ലാവരെയും സ്നേഹിച്ചിട്ടേയുള്ളൂ വിശ്വസിച്ചിട്ടേയുള്ളൂ ചേർത്തുനിർത്തിയിട്ടേയുള്ളൂ. ഇനിയും അവരെ അധിക്ഷേപിക്കാതിരിക്കുക. കാരണം തിരിച്ചു ചോദിക്കാനുള്ള കാലത്തിന്റെ ശക്തി അപാരമാണ്. 

അതേ, അവരെപ്പോലെ സ്നേഹകഥകൾ രചിക്കാൻ പ്രണയപല്ലവികൾ എഴുതാൻ ഇനിയെത്ര ജന്മം കഴിഞ്ഞാലാണ് നമുക്കെല്ലാം സാധിക്കുക. ആ സ്നേഹ സ്വരൂപത്തിനു മുന്നിൽ തൊഴു കയ്യോടെ പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com