sections
MORE

പാപികളുടെ പട്ടണം - വായനാസ്വാദനം

paapikalude-pattanam
SHARE

ജോസഫ് അതിരുങ്കലിന്റെ പതിനൊന്ന് ചെറുകഥകളുടെ സമാഹാരമാണ് 'പാപികളുടെ പട്ടണം'.  ഏകാന്തതയുടെയും, ചിന്തകളുടെയും, തത്വങ്ങളുടെയും വിത്തുകൾ ജോസഫ് സമർത്ഥമായി ഓരോ കഥകളിലും പാകിയിരിക്കുന്നത് വായനാസ്വാദനം വർധിപ്പിക്കുന്നു.  വളരെ ഒഴുക്കോടെ താളാത്മകമായി ഒരു ചെറുസ്വാകാര്യം പറയുന്നപോലെയുള്ള എഴുത്തുരീതിയാണ് പലകഥകളിലും അനുഭവേദ്യമാകുന്നത്.

ആദ്യകഥയായ 'പതം പറഞ്ഞ് കരയാൻ ഒരാൾ' വേദനയുടെ മുള്ളുകൾ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്തുരീതിയാകുന്നു. വാർദ്ധക്യത്തിന്റെ മുറിപ്പാടായി അന്നാമ്മയും സോബിച്ചനും നമ്മുടെ കൺമുന്നിൽ ഇന്ന് കാണപ്പെടുന്ന ദൃശ്യങ്ങളുടെ നേരെ പിടിച്ച ദർപ്പണം പോലെയാണ്.  മക്കളെല്ലാം വിദേശത്തായതിനാൽ തൻറെ മരണശേഷം പതം പറഞ്ഞ് കരയുവാൻ വാടകയ്ക്ക് ആളെ ഏർപ്പെടുത്തുന്ന അമ്മച്ചിയുടെ കഥ, അത്യന്തം ജിജ്ഞാസയും കൗതുകവും ഒപ്പം നൊമ്പരപ്പാടുകളും വിതറുന്നു.

'പാപികളുടെ പട്ടണം' എന്ന കഥ ചിന്തകളുടെ പാച്ചിൽ മനസ്സിലേക്ക് ആവാഹിച്ചെടുക്കുന്നതാണ്. കഥയുടെ തുടക്കം തന്നെ 'യൗവനത്തിമർപ്പിയാലിരുന്നു ആ യുവതിയും യുവാവും' എന്ന് തുടങ്ങി ആധുനിക യുവത്വത്തിന്റെ പാപപങ്കിലമായ ലോകത്തേക്ക് വിരൽ ചൂണ്ടുന്നു.  യുവാവും, യുവതിയും സാത്താനെ കൗശലപൂർവ്വം സന്ധിക്കാൻ തീരുമാനിക്കുകയും അതിനുശേഷം ഉണ്ടാകുന്ന നാടകീയതയും വായിക്കുമ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എൻ. എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന കഥയോട് കിടപിടിക്കുന്നതാണെന്ന് തോന്നിപ്പോകുന്നു.

'വെളുത്തുള്ളി മണക്കുന്ന പുരുഷൻ'  പറയുന്നത് മാമൂൻ സിദ്ധിഖി എന്ന വേറിട്ട ഒരു കഥാപാത്രത്തിൻറെ കഥ.  അയാളെ പ്രീതിപ്പെടുത്താനും ഒപ്പം ജോലീഭദ്രത ഉറപ്പുവരുത്താനും ശ്രമിക്കുന്ന അയാളുടെ കീഴിലുള്ള ജീവനക്കാർ. നാലുസ്ത്രീകൾ ജീവിതത്തിൽ വന്നെങ്കിലും ഏകാന്ത ജീവിതം നയിക്കുകയും ഇനിയൊരു ഇന്ത്യക്കാരിയെ സ്വന്തമാക്കുവാൻ കൊതിക്കുകയും ചെയ്യുന്ന മാമൂൻ സിദ്ധിഖി വ്യത്യസ്തമെന്ന് തോന്നാമെങ്കിലും പലയിടത്തും കാണപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണ്.  കഥയ്ക്കുള്ളിലെ കഥയാണ് ഇതിലെ സവിശേഷത

പ്രകൃതിയെ മുടിയ്ക്കുന്നതിന്റെ വേദനകൾ അപ്പാടെ ഒപ്പിയെടുത്ത ചിത്രമാണ് പൂക്കോട്ടുമല പ്രശാന്തൻറെ കഥയായ 'മല വിളിക്കുന്നു'.  അയാളുടെ യാത്രരഹസ്യത്തിൽ തുടങ്ങുന്ന കഥ, പ്രകൃതിയുടെ നിലവിളിയായി അവസാനിക്കുന്നു. തൻറെ ജീവിത പരിസരങ്ങളും ഗൃഹാതുരത്വവും നന്നായി ഇഴചേർത്ത് കഥാകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.  പ്രകൃതിയെ മുച്ചൂടും മുടിച്ച് സ്വയം നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയ്ക്കുള്ള മുന്നറിയിപ്പോ ചൂണ്ടുപലകയോ ആണിത്.  പൂക്കോട്ടുമലയിൽ ചെന്നുനിന്ന് ഓർമ്മയിലേക്ക് പിൻനടത്തം നടത്തുന്ന പ്രശാന്തൻ, ഗ്രാമപച്ചയുടെ വിരിമാറിൽ ജനിച്ച് കളിച്ചുവളർന്ന ഓരോ മലയാളിയുടെയും നൊമ്പരപ്പാടായി നിലനിൽക്കുന്നു.

തൊള്ള തുറന്ന് അശുദ്ധത പരത്തുന്നവർക്കുള്ള താക്കീതാണ് 'വാക്കബദ്ധം' എന്ന കഥ. 'ആകാശചുംബനം' ആകട്ടെ, ഭൂമിയും ആകാശവും ഒന്നായിത്തീരുന്ന അത്ഭുതക്കാഴ്ച്ച നൽകുന്ന ഭയവിഹ്വലതയാണ്.  ഗതികെട്ടവന്റെ കഥയാണ് 'മോഡൽ', ഒപ്പം ഗതിതേടുന്നവളുടെയും.

ജീവിത പരിസരങ്ങളിൽ നാം നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പലതിലും മൊഴിമുത്തുകൾ ചേർത്ത് ആലേഖനം ചെയ്യപ്പെട്ടവയാണ് ജോസഫിന്റെ കഥകൾ. അവർത്തനവിരസത തോന്നാത്ത ഒരുപിടി കഥകളുടെ സമാഹാരം വായനക്കാർക്ക് നൽകുന്നത് ലളിതസുന്ദര വായനയാണ്. വെറുതെ വായിച്ചുപോകേണ്ടവ മാത്രമല്ല ഈ കഥകൾ, പിന്നെയോ വരികൾക്കുള്ളിലെ വരികളിലേക്ക് കൂടി ദൃഷ്ടിപായിക്കപ്പെടേണ്ടതുണ്ട്.

ബൈബിളിൽ യേശുവിന്റെ വളർത്തുപിതാവിനെ 'നീതിമാനായ ജോസഫ്' എന്നാണ് വിളിക്കുന്നത്. ജീവിതത്തിൽ അദ്ധേഹം പുലർത്തിയ ചര്യകളാണ് അതിനാധാരം.  ഇവിടെ കഥാകാരൻ ജോസഫിനെ 'നീതിമാനായ ജോസഫ്' എന്ന വിളിക്ക് അർഹനാക്കുന്നതാണ് 'പാപികളുടെ പട്ടണം' എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA