sections
MORE

 പിറന്നാൾ മധുരം

SHARE

മത്തായിച്ചൻ പതിവ് പോലെ രാവിലെ തന്നെ പണിക്കിറങ്ങി.ഔസേപ്പ് ചേട്ടന്റെ വീട്ടിൽ സ്ഥിരം പണിയാണ്. ഉച്ചക്കത്തെ ഊണിന്റെ കാര്യം ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ പോകാനേ തോന്നാറില്ല. ഇത്രേം കാശുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം,ചോറിനു ഒരു കൂട്ടം കറി തന്നെ കഷ്ടിച്ചാണ്.എന്നാലും പോകാതിരിക്കാൻ പറ്റില്ലല്ലോ. 

മുറ്റത്തേക്ക് കേറീതേ ചേടത്തി ഇളിച്ചു പിടിച്ചു നിപ്പുണ്ട്. ആ മുഖത്തേക്ക് പോലും നോക്കാതെ മത്തായിച്ചൻ കടന്നു പോയി.

"മത്തായിച്ചാ.."

പിന്നിൽ നിന്നൊരു വിളി..ചേടത്തിയാണ്.എന്തെങ്കിലും ഉഡായിപ്പായിരിക്കും.

"എന്താ ചേടത്തി.."

ദേഷ്യം മുഖത്ത് കാണിക്കാതെ മത്തായിച്ചൻ ചോദിച്ചു.

"ഇന്ന് ഇവിടുത്തെ ഇച്ചായന്റെ പിറന്നാൾ ആണ്..അതുകൊണ്ടു ഉച്ചക്ക് നേരത്തെ കഴിക്കാൻ വരണേ.."

മത്തായിച്ചന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി..ഇന്നത്തെ ഊണ് മിക്കവാറും തകർക്കും. 

പതിവിലും ആത്മാർത്ഥമായിട്ടുള്ള പണിക്കാണ് അന്ന് ഔസേപ്പ് ചേട്ടന്റെ പുരയിടം സാക്ഷ്യം വഹിച്ചത്.

അങ്ങനെ ഉച്ചയായി. കയ്യും കാലും മുഖവുമെല്ലാം കഴുകി മത്തായിച്ചൻ ഉമ്മറത്ത് ചെന്നിരുന്നു.

"ചേടത്തീ ഞാൻ വന്നു.."

അകത്തേക്ക് നോക്കി മത്തായിച്ചൻ വിളിച്ചു പറഞ്ഞു..

" ങ്ങാ..ദാ..വരുന്നു.."

അകത്തു നിന്നും മറിയ ചേടത്തിയുടെ ശബ്ദം. ചോറുമായി മറിയ ചേടത്തി വരുന്ന സമയത്തിനുള്ളിൽ മത്തായിച്ചൻ ആലോചിച്ചു..'കോഴി ആയിരിക്കുമോ അതോ പോത്തായിരിക്കുമോ? പായസം..അട പ്രഥമനോ അതോ ചെറുപയറോ?' 

ആശങ്കകൾക്ക് വിരാമമിട്ട് മറിയച്ചേടത്തി ചോറും കറികളുമായി വന്നു..പാത്രത്തിൽ ചോറ് വിളമ്പിക്കൊണ്ട് മറിയച്ചേടത്തി പറഞ്ഞു..

"ആവശ്യത്തിന് കഴിച്ചോണം."

മത്തായിച്ചൻ തലയാട്ടി. കറികൾ വിളമ്പാനായി ചോറ് അൽപ്പം ഒതുക്കി വച്ചു കൊടുത്തു..

ആദ്യത്തെ കറി വന്നു. ചക്കക്കുരുവും മാങ്ങയും കൂടി നല്ല ഒന്നാംതരം ചാറ് കറി ..മത്തായിച്ചന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി. കോഴിയോ, പോത്തോ ഇടാൻ വച്ച സ്ഥലത്തു ഈ 'ശത്രുക്കുരു' വിളമ്പിയല്ലോ..വീണ്ടും കറികൾ പാത്രം നിറച്ചു കൊണ്ടിരുന്നു.ചക്കക്കുരു തേങ്ങയിട്ടു വച്ച തോരൻ,പിന്നെ ചക്കക്കുരു കൊണ്ടൊരു മെഴുക്കുവരട്ടി..

"കഴിക്കു മത്തായിച്ചാ.."

ചേടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

വലിയ ഒരു സദ്യ വിളമ്പിയ ചാരിതാർഥ്യം ചേടത്തിയുടെ മുഖത്ത്..

വേൾഡ് കപ്പ് ഫൈനൽ കാണാനിരുന്നപ്പോൾ കറണ്ട് പോയത് പോലെയായ മത്തായിച്ചൻ പതുക്കെ കഴിക്കാൻ തുടങ്ങുമ്പോൾ അകത്തു നിന്നും വീണ്ടും ചേടത്തിയുടെ ശബ്‌ദം..

"ഓ.. ഒരു കാര്യം മറന്നു.." കറണ്ടു പോയ ഇരുട്ടിനിടയിലും ഒരു ചെറു തിരി മത്തായിച്ചന്റെ മനസ്സിൽ തെളിഞ്ഞു..എന്തായിരിക്കും ചേടത്തി മറന്നത് ..?

"അച്ചാറെടുക്കട്ടെ മത്തായിച്ചാ.".?

"എന്റെ പൊന്നു ചേടത്തി ചക്കക്കുരു കൊണ്ടുള്ളതാണേൽ വേണ്ട.."

മത്തായിച്ചൻ തീർത്തു പറഞ്ഞു..

അച്ചാറെടുക്കാൻ അകത്തേക്ക് പോയ ചേടത്തി മത്തായിച്ചൻ പോകുന്നത് വരെ ഉമ്മറത്തേക്ക് വന്നതേയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA