sections
MORE

ജയിംസ് കുരീക്കാട്ടിലിന്റെ സദാചാര തർക്കങ്ങൾ, മലയാളിയുടെ കപട സദാചാര ബോധത്തിന് നേരെ പിടിച്ച കണ്ണാടി

mallu-clubile-sadachara-tharkkangal
SHARE

യാഥാർഥ്യവും ഭാവനയും സമന്വയിക്കുമ്പോളാണ് ഒരു നല്ല സർഗ്ഗ സൃഷ്ടി ഉണ്ടാകുന്നത്. നേരനുഭവങ്ങൾ പച്ചയായി വിവരിച്ചും, സൗഹൃദ സദസ്സുകളിൽ ഉടലെടുത്ത വർത്തമാനങ്ങളെയും തർക്കങ്ങളെയും  അറിവിന്റെ പുതിയ ഉറവകളാക്കിയും  ജെയിംസ് കുരീക്കാട്ടിൽ തന്റെ സ്വത സിദ്ധമായ വേറിട്ട ശൈലിയിൽ എഴുതി സമാഹരിച്ച "മല്ലു ക്ലബ്ബിലെ സദാചാര തർക്കങ്ങൾ"  തികച്ചും വ്യത്യസ്തമായ എഴുത്തുകളാണ്. മലയാളിയുടെ  ഉള്ളിലുറച്ചു പോയ ശീലങ്ങളും അശ്ളീല ചിന്തകളും, തീവ്ര ദേശീയ ബോധവും, വികലമായ കപട സദാചാര ബോധവും, സ്ത്രീ പുരുഷ സമത്വവുമൊക്കെ വിഭിന്ന കഥാപാത്രങ്ങളിലൂടെ തർക്കങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. പാശ്ചാത്യ ലോകത്തേക്ക് കുടിയേറിയ സാദാരണക്കാരായ മലയാളികളുടെ വികാര വിചാരങ്ങളും ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള അറിവും അജ്ഞതയും ചിന്തകളും ആദ്യത്തെ ഒൻപത് കഥകളിൽ തർക്കങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ ജോലി സ്ഥലത്തെ അമേരിക്കകാരുമായുള്ള അനുഭവങ്ങളെ ആത്മഗതങ്ങളാക്കി കഥാരൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്നതും മനോഹരമായിരിക്കുന്നു. 

ഈ ലോകത്തിൽ ഉപയോഗശൂന്യമായ ഒരു പുൽക്കൊടി പോലുമില്ലെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു. അതുപോലെ  എന്ത്  കിട്ടിയാലും, അതിൽ വികാരവും വിചാരവും നർമ്മവും ചേർത്ത് തന്റെ ആവിഷ്കാരത്തിൽ സർഗഗാത്മകത മെനെഞ്ഞെടുക്കുന്ന കഥാകൃത്തിന്റെ തർക്ക ചിന്തകൾക്കുള്ള ആസ്വാദ്യത അനുവാചകരിൽ രോമാഞ്ചം ഉളവാക്കുമെന്നതിൽ സംശയമില്ല. ഈ സമാഹാരത്തിന്റെ പുറം ചട്ടയിൽ പോലും നാം നേരെ മുമ്പിൽ നിന്ന് കാണുന്ന യക്ഷിയുടെ നഗ്നതയെ മറച്ച് പിടിച്ച് പിന്നിലൂടെ യക്ഷിയുടെ നഗ്ന സൗന്ദര്യം നമുക്ക് വെളിവാക്കുന്ന കാല്പനികതയാണ് ജയിംസിന്റെ എഴുത്തുകളുടെ സവിശേഷത.  സദാചാരം പറഞ്ഞു നടക്കുന്ന സാധാരണക്കാരന് ഈ പുസ്തകത്തിന്റെ പുറം ചട്ട മറ്റൊരു കവർ കൊണ്ട് പൊതിഞ്ഞു നടക്കണമെന്ന് തോന്നിയേക്കാം. പുസ്തകം തുറന്ന് വായിക്കാൻ തുടങ്ങുമ്പോൾ വായനക്കാരന്റെ മനസ്സിലെ കപട സദാചാര ബോധം ഉരിഞ്ഞു വീഴുവാൻ തുടങ്ങും. 

മലയാളിയുടെ അശ്‌ളീല ചിന്തകളാണ് എന്റെ സദാചാര തർക്കങ്ങളിലുള്ളതെന്ന് പരോക്ഷമായി പറയുന്ന ജെയിംസ് കുരീക്കാട്ടിലിന്റെ തികച്ചും വ്യത്യസ്തമായ ശൈലികൾ വായിക്കുമ്പോൾ, ഇംഗ്ലീഷ് എഴുത്തുകാരിയായ സൂസൻ മിനോട്ടിന്റെ " ലസ്റ്റ്" , മിലൻ കുന്ദേരയുടെ" ദി അണ്ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്", എന്നിവയിലെ നേരിയ അശ്‌ളീല കുസൃതി തരങ്ങളുടെ ലാഞ്ചന തോന്നിയത് യാദ്രശ്ചികമായിരിക്കാം. 

ഒന്നാം ഭാഗമായി തർക്കങ്ങളിലെ ആദ്യത്തെ കഥയുടെ പേര് "ലെസ്ബിയൻ ഡാനക്ക് ഒരു വോട്ട്" എന്നാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെ ആധാരമാക്കിയുള്ള ഒരു കഥയാണ് ഇത്. പുരുഷ മേധാവിത്വ ചിന്തകളും തലയിലേറ്റി നടക്കുന്നവരാണ് മിക്കവാറും മലയാളി പുരുഷന്മാർ. അത് പോലെ തന്നെ മലയാളിയുടെ മറ്റൊരു അബദ്ധ ധാരണയാണ് ഗേ, ലെസ്ബിയൻ, ട്രാൻസ്ജെൻഡർ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങൾ മനോരോഗികളും പ്രകൃതി വിരുദ്ധരും  ആണെന്നുള്ളതും. അതിനവർ കൂട്ടുപിടിക്കുന്നത് ബൈബിളിലെ സോദോം ഗോമോറ കഥകളെയാണ്. എന്നാൽ ആ കഥകളിലാണ് അതിലേറെ അശ്ലീലമുള്ളതെന്ന് നമ്മൾ അറിയുന്നുമില്ല. മലയാളി ഏറെ കാലമായി തലയിലേറ്റി നടക്കുന്ന ഇത്തരം  അസംബന്ധങ്ങളെയാണ് ഈ കഥയിൽ കഥാകൃത്ത് പൊളിച്ചെഴുതുന്നത്.

രണ്ടാമത്തെ കഥയായ" ലൂക്കായുടെ അമേരിക്കൻ പൗരത്വത്തിൽ" പ്രവാസിയുടെ സ്വന്തം നാടിനോടുള്ള ഇഷ്ടവും സ്നേഹവുമാണ് തർക്ക വിഷയമാകുന്നത്. എങ്കിലും കേരളത്തിൽ ഇനിയും മലയാളികൾ അവശേഷിക്കുന്നത് വിദേശത്തേക്ക് വിസ കിട്ടാത്തത് കൊണ്ടാണെന്ന് ആ സ്നേഹത്തെ പരിഹസിക്കാനും കഥാകൃത്ത് മടിക്കുന്നില്ല. കൊട്ടിഘോഷിക്കുന്ന ഭാരതീയ കുടുംബ മൂല്യങ്ങളുടെ നിലനിൽപ്പ് നമ്മുടെ സ്ത്രീകളുടെ സഹനത്തിലും ക്ഷമയിലും ആണെന്ന് സമര്ഥിക്കുന്ന കഥാകൃത്ത് സ്ത്രീ പുരുഷ സമത്വത്തെ പ്രോഹത്സാഹിപ്പിക്കുന്നത് പ്രശംസനീയം തന്നെ. 

മാതാഹരിയും മല്ലു ക്ലബ്ബും തർക്ക വിഷയങ്ങളിൽ മൂന്നാമത്തെ കഥയാണ്.  സങ്കുചിത മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ  ആവിഷ്കാര സ്വാതന്ത്ര്യത്തെ വിശകലനം ചെയ്യുന്നു ഈ കഥയിൽ. മാതാഹരിയെ ചാരവൃത്തി ആരോപിച്ച് വധശിക്ഷക്ക് വിധേയമാക്കിയപ്പോൾ, "അവൾ  വസ്ത്രത്തിന്റെ ബട്ടണുകൾ അഴിച്ച് മാറിൽ വെടിയുണ്ടകൾ ഏറ്റു വാങ്ങി മരണം വരിച്ചു" എന്ന് പറയുമ്പോൾ കൂടുതൽ വിവരിക്കാതെ റീനി കോക്സിന്റെ "യോ മാമാ ലാസ്‌റ് സപ്പർ" നെ കുറിച്ച് പറഞ്ഞത്  നന്നായി. ചർച്ചയിൽ ബുദ്ധിജീവികൾ പങ്കെടുക്കുമ്പോൾ വിജ്ഞാനം മറ്റുള്ളവരിലേക്ക് പകരും.ഉദാഹരണമായി "മല്ലു" മലയാളിയെ ചുരുക്കി പറയുന്ന വാക്കാണെങ്കിലും ഹിന്ദിയിൽ മല്ലു എന്നാൽ കുരങ്ങാണെന്നു പറയുമ്പോൾ ഹിന്ദിക്കാരന്റെ മല്ലു പ്രയോഗത്തിലെ പരിഹാസ്യത ബോധ്യമാക്കിയത് നന്നായി.ഒരു ചിത്രത്തിൽ നഗ്നത ഉണ്ടായാൽ അതിനെ അശ്ലീലമായി കാണുന്ന നമ്മുടെ പ്രവണത തെറ്റാണെന്ന് സമര്ഥിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

കൊട്ടിയൂരെ വൈദികന്റെ ലൈംഗിക പീഡനത്തിൽ തുടങ്ങി നാട്ടിൽ അടുത്ത കാലത്ത് അഴിഞ്ഞാടുന്ന സകല മതാചാര്യന്മാരുടെ പീഡന കഥകളും തർക്ക വിഷയമാകുന്ന കഥയാണ് "ലൈംഗിക സദാചാര തർക്കങ്ങൾ" എന്ന നാലാമത്തെ കഥ. കുട്ടികളും കന്യാസ്ത്രീകളും വരെ വൈദികരാൽ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഇതിലെ ഇതിവൃത്തം. "നിങ്ങളുടെ പാപ്പമെങ്കിലും എന്നെ ഒന്ന് കാണാൻ സമ്മതിക്കുമോയെന്ന്" ഒരു കന്യാസ്ത്രീയോട് കെഞ്ചുന്ന വൈദികൻ മുതൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ബസ്സിൽ വച്ച് ഒരു പെൺകുട്ടിയുടെ ചന്തിക്ക് പിടിച്ച ജോണിയുടെ കുമ്പസാരവുമെല്ലാം ഈ കഥയിൽ കൂടുതൽ ചിന്തയും നർമ്മവും വിതറുന്നു.

ലോകത്തിൽ എവിടെയായിരുന്നാലും ഇന്ത്യക്കാരന് ഞരമ്പുകളിൽ വിജ്രഭിക്കുന്ന ചില ആഘോഷങ്ങളുണ്ട്. പ്രത്യേകിച്ചും "ഇൻഡിപെൻഡൻസ് ഡേ". അമേരിക്കയിൽ വന്ന് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു അമേരിക്കൻ പൗരത്വം സ്വീകരിച്ച ശേഷം ഓരോ ഓഗസ്റ് പതിനഞ്ചിനും അമേരിക്കൻ നിരത്തിലൂടെ ചെണ്ടയും കൊട്ടി പാട്ടും പാടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവർ എന്ത് രാജ്യ സ്നേഹമാണ് വെളിവാക്കുന്നതെന്ന്, "അമേരിക്കയിലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം" എന്ന കഥയിൽ കഥാകാരൻ ചോദിക്കുന്നു. കേരളത്തിലുള്ള ബംഗാളിയെയും തമിഴനെയും അവജ്ഞയോടെ കാണുന്ന മലയാളിയാണ് അമേരിക്കൻ നിരത്തുകളിൽ ഈ പ്രഹസനത്തിന് മുതിരുന്നതെന്ന് ഈ കഥയിൽ കഥാകൃത്ത് ചൂണ്ടി കാട്ടുന്നു.

ആറാമത്തെ കഥയായ," തൊള്ളായിരത്തി ഒന്നാമത്തെ പീഡനവും ഗണപതിയുടെ മോണോഗാമിയും", മനുഷ്യന്റെ പൊളിഗാമസ്‌ മെന്റാലിറ്റിയിലേക്ക് വിരൽ ചൂണ്ടുന്നു. പണ്ട് കാലത്ത് രാത്രിനേരങ്ങളിൽ  സംബന്ധം കൂടാനായി ചൂട്ടുകറ്റയുമായി വരുന്നവനെ അകത്ത് കയറ്റി വിട്ടിട്ട് അവന്റെ ചെരിപ്പിനും ചൂട്ടുകറ്റക്കും കാവൽ നിൽക്കേണ്ടി വന്നിരുന്ന ഗതികേടുള്ള ആണുങ്ങൾ മുതൽ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഇന്നത്തെ ലിവിങ് ടുഗതർ വരെ ഈ കഥയിൽ തർക്കവിഷയമായി വരുന്നു.

ഒരു പരീക്ഷ ചർച്ചയും ജോണിയുടെ അശ്ലീലങ്ങളും എന്ന ഏഴാമത്തെ കഥയിൽ, ക്രിക്കറ്റ് ജോണിയുടെ ലൈംഗിക വിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യം വിവരിക്കുമ്പോൾ, എന്തിനാണ് ഇതിൽ ഇത്രമാത്രം അശ്ലീലങ്ങൾ കുത്തി നിറച്ചിരിക്കുന്നതെന്ന് വായനക്കാർക്ക് തോന്നിയേക്കാം. എന്നാൽ ഈ അശ്ലീലങ്ങളെല്ലാം മലയാളി ആണുങ്ങളുടെ മദ്യപാന സദസ്സുകളിലെയും ഹോസ്റ്റൽ മുറികളിലെയും ദൈനദിന സംഭാഷണങ്ങളാണെന്ന് നമ്മൾ അറിയുമ്പോഴാണ് കഥാകൃത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമ്മൾ തിരിച്ചറിയുന്നത്. അശ്ളീല ചിന്തകൾ ഘനീഭവിച്ച പുരുഷ മനസ്സുകളോട് സ്ത്രീയുടെ പരിഹാസ ചോദ്യങ്ങൾ ഏറെയുണ്ട് ഈ കഥയിൽ.

തർക്കങ്ങളിലെ അവസാനത്തെതായ      "മതിലുകൾക്കുള്ളിൽ പെട്ടുപോയവർ" എന്ന കഥയിൽ, മലയാളികളിൽ ഇനിയുമുണ്ടാവേണ്ട സ്ത്രീ പുരുഷ സമത്വ ചിന്തകളാണ് പ്രതിപാദിച്ചിരിക്കുന്നത്. നവോത്ഥാന ചിന്തകൾ സോഷ്യൽ മീഡിയയിൽ വിളമ്പുന്നവർക്കും വീട്ടിൽ വേണ്ടത് കുലസ്ത്രീകളെയാണെന്ന് ഈ കഥയിൽ പറയുന്നു.

ആത്മഗദം വിഭാഗത്തിലെ ആദ്യ കഥയായ, "ജെന്നിഫറുടെ നായയിൽ", ഒരു വളർത്തു നായയുടെ കാൻസർ രോഗത്തിന്റെ കഥ പറയുന്നതിലൂടെ കഥാകാരൻ തന്റെ ആത്മീയ ചിന്തകളിലൂടെ നമ്മുടെ അന്ധമായ വിശ്വാസ ജീവിതത്തെ മുൾമുനയിൽ നിർത്തുന്നു. മൃഗങ്ങൾക്ക് ദൈവങ്ങളെ സങ്കൽപ്പിക്കാൻ ഭാവനാ ശേഷിയില്ലാത്തത് കൊണ്ട് അവയൊന്നും ബുദ്ധിമാന്മാരെന്ന് കരുതപ്പെടുന്ന മനുഷ്യന്മാർ പെട്ടുപോകുന്ന ചൂഷണങ്ങൾക്ക് വിധേയരാകുന്നില്ലെന്നും കഥാകൃത്ത് സമർത്ഥിക്കുന്നു.

ജീവിതം വെറുതെ ജീവിച്ചു തീർക്കാനുള്ളതല്ല, ആഘോഷിക്കാൻ കൂടിയുള്ളതാണെന്നും, രോഗാവസ്ഥകളെയും  വേദനകളെയും പോലും  ആഘോഷമാക്കൻ  മനുഷ്യന് നൽകുന്ന കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങളാണ്,  അവസാന കഥയായ "ബൈ ബൈ ബൂബി പാർട്ടിയിൽ" പറയുന്നത്. മാതൃത്വ ത്തിന്റെ ഉറവകളായിരുന്ന മാറിടങ്ങൾ ബ്രെസ്റ്റ് കാൻസർ മൂലം നീക്കം ചെയ്യാൻ ഒരുങ്ങുന്ന ഒരു അമ്മക്ക് സഹപ്രവർത്തകരും കൂട്ടുകാരും നൽകുന്ന ബൈ ബൈ ബൂബി പാർട്ടിയെ വേദനയും നർമ്മവും ചാലിച്ചാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.

ഇവയെല്ലാം ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുമ്പോൾ വായനക്കാരന് തുടക്കത്തിൽ തോന്നിയിരുന്ന അസഹിഷ്ണുതയും സദാചാര ബോധവും നേർത്തലിഞ്ഞു പോകുന്നു. വായനക്കാരൻ മനസ്സിൽ സൂക്ഷിച്ചിരുന്ന കപട മനോഭാവങ്ങൾ അർത്ഥശൂന്യമാകുന്നു. ഓരോ കഥകളിലും നാം കാണുന്ന വ്യത്യസ്ഥ ചിന്തകൾ വായനക്കാരിൽ ഉളവാക്കുന്ന സ്വതന്ത്ര ചിന്തയും, സ്ത്രീ പുരുഷ സമത്വ ഭാവങ്ങളും, ലൈംഗിക പരാമർശങ്ങളുമെല്ലാം നമ്മുടെ സമൂഹത്തിൽ പരോക്ഷമായി വന്നുപോകുന്ന സദാചാര തർക്കങ്ങളാണ്. ഒരു പക്ഷെ നമ്മൾ ഓരോരുത്തരും അതിലെ കഥാപാത്രങ്ങളുമാണ്. നമ്മുടെയുള്ളിൽ കപടതയും അന്ധവിശ്വാസങ്ങളും, ലൈംഗിക തൃഷ്‌ണയും നിറഞ്ഞു നിൽക്കുന്നുവെന്ന്  സമ്മതിക്കുന്നതോടൊപ്പം ഈ കഥകളോട് ഒരു ഇഷ്ടം തോന്നുന്നുവെങ്കിൽ മല്ലു ക്ലബ്ബിലെ സദാചാര തർക്കങ്ങൾ നമ്മുടെ കഥകളായി മാറുന്നു. ഇതുവരെ നാം പ്രകടമാക്കിയിരുന്ന മിഥ്യയായ അന്തസ്സിനും, ചിന്താ വൈകല്യങ്ങൾക്കും, കപട സദാചാര പ്രവണതകൾക്കും നേരെ പിടിച്ച കണ്ണാടിയാണ് ജെയിംസ് കുരീക്കാട്ടിലിന്റെ  "മല്ലു ക്ലബ്ബിലെ സദാചാര തർക്കങ്ങൾ". 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA