ഒരു സ്നേഹച്ചെടിതൻ ചില്ലയിൽ കൊഴിയാൻ
ഒരുകാലം മൊട്ടിട്ടു വിരിഞ്ഞൊരു പൂവാണ് നീ
ഒളിമിന്നുമോർമകൾ ദശാബ്ദങ്ങൾ കടന്നിട്ടും
ഒരുക്കൂട്ടിവെച്ചെന്നോർമയിൽ മരിക്കാതെയിന്നും
നിർവ്യാജമാം നിൻ സ്നേഹം പൂമ്പാറ്റകൾക്കും
നൽകി നവ്യമാം സൗരഭ്യം മായാതെ മനസ്സിൽ
നനവിൽ നാമ്പെടുത്ത ചെറു വിത്തിൻ മുകുളങ്ങൾ
നിലാവിൽ തിളങ്ങി ചുറ്റിലും മാലാഖാമാർപോലെ
നിൻ പുഞ്ചിരി പകർന്ന നീഹാര ബിന്ദുക്കളൊക്കെ
നിധിയായിന്നും സൂക്ഷിച്ചു കൂട്ടുകാർ നീയറിയാതെ
നിൻ വിരഹം നൽകിയ വേദന ഭാരമായ് പറക്കാതെ
നിൻ കാമുകനാ മനോഹര ശലഭം ശയിക്കുന്നു ഭൂവിൽ
നിന്നെയറിയുന്നവർ ഭൂവിലവിടവിടയായ് മേവുന്നു
മധുരിക്കുമോർമകൾ മാത്രം ചാലിച്ചു നിൻ ചിത്രം
മനസ്സിന്റെയാൽബത്തിലെന്നേക്കും സൂക്ഷിച്ചുവെച്ചു
നീയുണരും മുമ്പേ നിനക്കായി നിവേദിക്കുവാൻ.
(33 വർഷം മുൻപ് കടന്നു പോയ
സുഹൃത്തിന്റെ ഓർമയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു)