ADVERTISEMENT

സൂര്യനസ്തമിക്കാത്ത നാടിന്റെ തലസ്ഥാനത്തെത്തി വൈവിധ്യമാർന്ന നിരവധി  താൽക്കാലിക ജോലികൾക്കുശേഷമാണ് പ്രാവീണ്യതയുള്ളതും അനുയോജ്യവുമായ  ശാസ്ത്രീയ ഗവേഷണ മേഖലകളിൽ പ്രവർത്തനമാരംഭിച്ചത്. പ്രഥമദിനത്തിൽ തന്നെ കട്ടിമീശക്കാരനെ വെളുത്തു തടിച്ചു വെണ്ണ തുടിക്കുന്ന സായിപ്പും മദാമ്മയും തുറിച്ചു നോക്കിക്കൊണ്ടിരുന്നപ്പോൾ ആകാംക്ഷകൊണ്ട് മാത്രമാണെന്ന് ആശ്വസിച്ചു. ഇടവേളകളിൽ ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി വാതോരാതെ വർണ്ണിച്ചപ്പോഴും  ഗൂഗിൾ ചിത്രങ്ങളിലൂടെയും കട്ടിമീശ ഒരു നാടിന്റെ കൂടി  മുഖമുദ്രയാണെന്ന് മനസിലായിക്കാണണം കുറച്ചു നാളുകൾക്കുള്ളിൽ തുറിച്ചു നോട്ടം കുറഞ്ഞുവന്നു. 

വീണ്ടും ദിവസങ്ങൾ കടന്നപ്പോൾ അവരിലൊരാളായി മാറി അധികം താമസിയാതെ തന്നെ ചിലരെല്ലാം സാറുകൂടി ചേർന്നുള്ള അഭിസംബോധനകൂടി തുടങ്ങിയപ്പോൾ ചിലപ്പോഴെങ്കിലും അരോചകമായി തോന്നി. സഹപ്രവർത്തകർ കൂടുതലും മധ്യവസ്‌ക്കരായ സ്ത്രീജനങ്ങളും പേരിനുമാത്രം രണ്ടുമൂന്നു പുരുഷന്മാരുമായി മാറിയത് എവിടെയോ നഷ്ടബോധ്യമുളവായി പ്രപഞ്ചംപോലെ  വൈവിധ്യത നിറഞ്ഞതാണല്ലോ ജീവിതമെന്ന്  ആശ്വസിച്ചു. ആദ്യനാളുകളിൽ പെൻഷൻ പ്രായമെത്തിയ സഹപ്രവർത്തകരെ പരുവിളിക്കുവാൻ മടിതോന്നിയെങ്കിലും അവരതാണ് ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ ബഹുമാനം ഇരട്ടിച്ചു.

പ്രവർത്തനമേഖലകളിൽ അസമത്വവും വിവേചനയും ധാരാളം നേരിട്ടനുഭവിച്ചതിനുശേഷം  ലോകം ഭരിച്ചവരുടെ പിൻഗാമികൾ വിവേചനമില്ലായ്മ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കിയത് നേരിട്ടനുഭവിക്കുവാനുള്ള സൗഭാഗ്യം. ഭൂമുഖത്തുള്ള സർവ്വ ചരാചരങ്ങളിലും സൃഷ്ടിയായ മനുഷ്യർ മാത്രമാണ് അതുല്യരെന്നും അവരോരുത്തരെയും പേരുകളിലൂടെ അഭിസംബോധന ചെയ്യുന്നത് അവരോടുള്ള ആദരവും,അംഗീകാരവും അതോടൊപ്പം അവരുടെ മാത്രം സ്വന്തമായ വ്യക്തിത്ത്വത്തോടുള്ള പരിഗണനയുമാണെന്ന് അന്യോന്യം പേരു മാത്രം വിളിക്കുമ്പോഴുണ്ടാകുന്ന നിർവൃതിയിലൂടെ മനസിലാക്കുകയായിരുന്നു.

ആദ്യനാളുകളിൽ തന്നെ ആകാരഭംഗിയുള്ള ദേഹയും ആകർഷണീയമായ നീലക്കണ്ണുകളുമുള്ള പോളീൻ ജോൺസൻ കൂടുതൽ കരുണാർദ്രമായ സമീപനം നൽകുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളകളിൽ സഹപ്രവർത്തകരോടൊത്തു യോഗ മുതൽ വേഗത്തിലുള്ള നടത്തവും സൈക്ലിങ്ങും ദീർഘദൂര ഓട്ടം വരെ സംഘടിപ്പിക്കുന്ന യുവത്ത്വം പ്രസരിപ്പിക്കുന്ന മധ്യവയസ്ക്ക സദാ ഊർജ്വസ്വലത നിറഞ്ഞ വ്യക്തിത്ത്വം എപ്പോഴും പുഞ്ചിരിക്കുകയും ഉന്മേഷത്തോടെയുമിരിക്കുന്ന പ്രകൃതം. 

സഹപ്രവർത്തകയേക്കാളുപരി ഒരു നല്ല സുഹൃത്താകുവാൻ ശ്രമിക്കുന്നത് ഉണർവേകുന്ന അനുഭവമായിരുന്നു.  വ്യക്തിപരമായും തൊഴിൽപരമായും  തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിലും അപരിചിതമായ സാമൂഹിക സംസ്കാരങ്ങളിലും അനുയോജ്യമായി ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇടപെടണമെങ്കിൽ ചുറ്റുമുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ  ആത്മാർത്ഥ നിറഞ്ഞ ഒരു കൂട്ടുകാരനോ കൂട്ടുകാരിയുമുണ്ടെങ്കിൽ ചുറ്റുപാടുകളെക്കുറിച്ചുള്ള വിജ്ഞാനം അതിശീക്രം നേടുവാൻ  സാധിക്കുമെന്ന് എന്റെ പുതിയ സുഹൃത്തിലൂടെ നേരിട്ടനുഭവപ്പെടുവാൻ അധികം താമസിക്കേണ്ടിവന്നില്ല.

ശാലീന സുന്ദരമായ ഗ്രാമീണഭംഗി വേണ്ടുവോളം ആസ്വദിച്ചു ബാല്യവും കൗമാരവും പിന്നിട്ടതുകൊണ്ടായിരിക്കാം ജീവിതത്തിലുടനീളം  നടന്നുള്ള യാത്രകൾ അനുദിനവും ഹരമായിരുന്നത്. നടക്കുമ്പോൾ പ്രകൃതിയെയും അതിലെ ഓരോ ജീവജാലങ്ങളെയും മനുഷ്യർക്കു മാത്രമുള്ള അമൂല്യമായ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുവാൻ സാധിക്കുന്നത്. അതോടൊപ്പം ഒരു കൊച്ചു ജീവിതാഭിലാഷവും  ജോലിസ്ഥലത്തേയ്ക്ക് നടന്നു പോവുകയും സാധിക്കുമെങ്കിൽ ഉച്ചയൂണ് വീട്ടിലുമാകണമെന്നതും. ഏതായാലും ഈ അഭിലാഷം ഉള്ളിന്റെയുള്ളിൽ മറഞ്ഞിരുന്നതിനാൽ ജോലിസ്ഥലത്തോട് അധികം അകലമില്ലാത്തതും എന്നാൽ അത്യാവശ്യം സൗകര്യങ്ങളുമുള്ള വീട് തരപ്പെടുത്തുവാൻ സാധിച്ചു. മറ്റു കഠിനമായ വ്യായാമങ്ങളുടെയത്രയും ഫലങ്ങൾ പതിവായുള്ള നടത്തത്തിലൂടെ ശരീരത്തിലെ മാംസപേശികൾക്ക് ലഭിക്കുന്നില്ലെങ്കിലും ശക്തിപ്പെടുത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പ്രകൃതിയോട് ഇണങ്ങിച്ചെർന്നുള്ള ജീവിതശൈലി വ്യക്തികളിലെ നിരാശ ചിന്താഗതികളെ മറികടക്കുവാൻ സഹായിക്കുന്നതാണ് അതോടൊപ്പം പകർച്ചവ്യാധിപോലെ പടർന്നുകൊണ്ടിരിക്കുന്ന വിഷാദരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാൻ  സാധിക്കുന്നതുമാണ്.  

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളുമായി നീങ്ങിയപ്പോൾ ബന്ധങ്ങൾ പ്രവർത്തനമേഖലകൾക്കപ്പുറത്തുള്ള സുഹൃത്ബന്ധങ്ങളിലേയ്ക്കും വ്യക്തിബന്ധങ്ങളിലേയ്ക്കും നീണ്ടപ്പോൾ ചിരിക്കുന്ന മുഖങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിഷാദഭാവങ്ങളിലെ രഹസ്യങ്ങളും സ്വാഭാവികമായി പങ്കുവയ്ക്കുവാൻ തുടങ്ങി. കൂടുതലും ശിഥിലമായതും ആയികൊണ്ടിരിക്കുന്നതുമായ സ്ത്രീപുരുഷ ബന്ധങ്ങൾ ആധുനികത നൽകിയ പ്രായോഗികത മനുഷ്യഹൃദയങ്ങളെ അനുദിനം നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്ന ജീവിത സത്യങ്ങൾ. പോളീന്റെ മാതാപിതാക്കൾ യാഥാസ്ഥിക കുടുംബ പശ്ചാത്തലങ്ങളിൽ ജീവിക്കുമ്പോഴും ഒരു സഹോദരനും മറ്റൊരു സഹോദരിയും വിവാഹിതരായി മാതൃക കുടുംബജീവിതം നയിക്കുമ്പോഴും അറുപതിനോടടുത്ത പോളീനിപ്പൊഴും പുരുഷ സുഹൃത്തിനോടൊപ്പമുള്ള ജീവിതം. പോളീന്റെ പങ്കാളി ഡേവിഡ് ആന്തണി ബെൽ എഴുപതോടടുത്തെങ്കിലും ആരോഗ്യപരമായ ജീവിതശൈലി നിലനിർത്തുന്ന വ്യക്തിത്ത്വം.സാധിക്കുമെങ്കിൽ ദിവസവും ചുരുങ്ങിയത്  ആഴ്ച്ചയിൽ നാലു പ്രാവശ്യമെങ്കിലും ഒരു മണിക്കൂറെങ്കിലും നീന്തല്‍ക്കുളത്തിൽ ചിലവിട്ട് ആരോഗ്യം പരിപാലിക്കുന്ന പ്രകൃതം. 

ഏഴു വർഷത്തിലധികമായ സഹവർദ്ധിത്ത്വത്തിനു തുടക്കമിട്ടതും രണ്ടുപേർക്കും ശാരീരികവ്യായാമത്തോടുള്ള അഭിലാഷവും പ്രതിബദ്ധതയും. വിവിധ സർവകലാശാലകളിലായി ദീർഘകാലം നീണ്ട കണികപദാർത്ഥ പരീക്ഷണങ്ങളോട് വിരക്തിയായപ്പോഴും അധികസമ്മർദ്ദങ്ങൾക്ക് അയവ്‌ ലഭിക്കുന്നതിനുമായി ഗവേഷണ മാനേജുമെന്റിലേയ്ക്കൊരു ചുവടുമാറ്റമാണ് പോളീന്റെ ഓദ്യോഗീക ജീവിതം. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൗണ്ടിയായ നോർത്ത് യോർക്ക്ഷയറിൽ ജനിക്കുവാനും വളരുവാനും സാധ്യമായതിൽ വളരെയധികം അഭിമാനിക്കുന്ന പോളീന് ബാല്യകാലസുഹൃത്തുമായുള്ള ദീർഘകാല ബന്ധം വേർപിരിയേണ്ടി വന്നതിൽ ദുഖമുണ്ടെങ്കിലും ഡേവിഡിനോടൊത്തുള്ള ജീവിതം ആശ്വാസമേകുന്നതും. പോളീന്റെ അമ്മയുടെ അച്ഛനിലൂടെ യോർക്ക് രാജകീയ പൈതൃകത്തിന്റെ പിന്തുടർച്ചക്കാരിയായതിലുള്ള ആകാശം മുട്ടെയുള്ള അഭിമാനവും.

പോളീന്റെ സൗഹൃദവും ഉച്ചയ്ക്കുള്ള വിനോദങ്ങളും അധികം താമസിയാതെ തന്നെ ഒരു വലിയ സൗഹൃദവലയം നേടിത്തന്നു. ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളും ടൗണുകളും നാനാതരത്തിലുള്ള ചരിത്രസ്മാരകങ്ങളുള്ളതുകൊണ്ട് ചില ദിവസങ്ങളിലെ നടത്തങ്ങൾ അവിടങ്ങളിലേക്കും നീളുക പതിവായി. അങ്ങനെയൊരു നീണ്ടനടപ്പിനിടയിൽ പോളീൻ തന്റെ ദീർഘനാളായുള്ള ആഗ്രഹം പങ്കുവച്ചു. നമ്മുടെ പട്ടണത്തിൽ നിന്നുമേകദേശം മുപ്പത്തിയഞ്ചു  മൈലകലെ താമസിക്കുന്ന തന്റെ ഏകസഹോദരിയുടെ അടുത്ത് നടന്നു പോകണം. അതും അതിപുരാതനവും ഇംഗ്ലണ്ടിലേ ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്ന "ഇത റിഡ്ജ്വേ" ഇടനാഴിയിലൂടെ. ആൽമാർഥ സുഹൃത്തിന്റെ ചിരകാലാഭിലാഷം സാധ്യമാക്കുവാൻ തയ്യാറായപ്പോൾ മറ്റൊരു ധീരവനിതയും ഒപ്പം ചേർന്നു. ഇടനാഴിയിലൂടെയുള്ള നടപ്പായതിനാൽ ഇരുപത്തിയാറ് മൈലിൽ മാരത്തോണു സമമായ ദൂരത്തിൽ നടന്നെത്തുവാൻ സാധ്യമാവും. ഗ്രീഷ്മത്തിലെ ഒരു തെളിഞ്ഞ  പ്രഭാതത്തിൽ  റിഡ്ജ്വേയുടെ ഒരു ഭാഗത്തു നിന്നും ഞങ്ങളെ യാത്രയാക്കുവാൻ  ഡേവിടുമെത്തി. ഏകദേശം ഏഴു മണിക്കൂർ നീളുന്ന നടപ്പിന്റെ വിശദാശങ്ങൾ ഒരിക്കൽ കൂടി വ്യക്തമാക്കിയതിനുശേഷം പോളീനെ ഗാഢമായി ആലിംഗനം ചെയ്ത ഡേവിഡിന്റെ കണ്ണുകളിൽ  സന്തോഷത്തിലുപരി നിരാശാഭാവം നിറയുന്നത് കണ്ടെങ്കിലും ഗ്രാമങ്ങളിലൂടെയുള്ള യാത്രയുടെ അനുഭൂതിയിലെയ്‌ക്കായിരുന്നു എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  

ചരിത്ര സ്മാരകങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിലും തനിമ നിലനിർത്തുന്നതിലും സൂര്യനസ്തമിക്കാത്ത നാടിന്റെ അധിപന്മാർ  ശ്രദ്ധാലുക്കളാണെന്ന വസ്തുത മനസിലാവുന്നത് ചരിത്രമുൾക്കൊണ്ടുകൊണ്ട് അവയുടെ  മദ്ധ്യേ നടക്കുമ്പോളാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബ്രിട്ടന്റെ നാട്ടിൻപുറങ്ങളിൽ കേടുകൂടാതെ സംരക്ഷിച്ചിരിക്കുന്ന ചരിത്ര സ്മാരകങ്ങളും  കലാസൃഷ്ടികളും അമൂല്യവസ്തുക്കളാണ്. ഏകദേശം അയ്യായിരം വർഷത്തോളം പഴക്കമുള്ള ഇടനാഴിയാണ് "ഇത റിഡ്ജ്വേ"  എന്നറിപ്പെടുന്ന നീണ്ടനടപ്പാത ഏകദേശം 137 കിലോമീറ്ററുള്ളതും കാൽനടയ്ക്ക് അനുയോജ്യമായ കഠിനമായ ഉപരിതലത്തോടുകൂടിയ മലമ്പാതയാണിത്.  പുരാതന കാലങ്ങളിൽ ദൂരം കൂടിയ സമതല പ്രദേശങ്ങളേക്കാൾ ദൂരം കുറവുള്ള മലമ്പാതകളാണ് കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്നത്. വിൽഷെയറിലെ പ്രകൃതി രമണീയമായ വനപ്രദേശങ്ങളുള്ളഎയ്‌വ്‌ബറി ഗ്രാമത്തിൽ നിന്നും തുടങ്ങി ഉയർന്നതും താഴ്ന്നതുമായ പ്രദേശങ്ങളുള്ള ഓക്സ്ഫോർഡ്ഷയറിലൂടെ  ബക്കിംഗ്ഹാംഷെയറിലെ ട്രിംഗിനടുത്തുള്ള ഐവിംഗ്ഹോ ബീക്കണിൽ വരെ നീളുന്ന പാതയാണിത്.

ഞങ്ങളുടെ യാത്രയുലടനീളം പോളീൻ വളരെയധികം ഉത്സാഹവതിയായി കാണപ്പെട്ടു. ഈ ഇടനാഴിയിലൂടെയുള്ള പ്രഥമയാത്രയാണെങ്കിൽ കൂടിയും വഴിനീളെയുള്ള എല്ലാത്തിനെയും എനിയ്ക്കു വേണ്ടി വിശദമായി പരിചയപ്പെടുത്തുകയായിരുന്നു. ഞങ്ങളോടൊപ്പം കൂടിയ സുഹൃത്തും സംസാരിക്കുന്നതിലുപരി ശ്രവിക്കുവാൻ സന്നദ്ധയാവുകയായിരുന്നു. ആദ്യ ഇടവേള രണ്ടുമണിക്കൂറിൽ ക്രമപ്പെടുത്തിയിരുന്നെങ്കിലും അരമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ഡേവിഡിന്റെ വിളിയെത്തി. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പോളീനൊരു  ഇൻഹേലർ ഉപയോഗിക്കുന്നതു ശ്രദ്ധിച്ചെങ്കിലും ആദ്യമായി കണ്ടതുകൊണ്ടു കൂടുതലൊന്നും ചോദിച്ചില്ല, വേറിട്ട കാഴ്ച്ചകൾ കണ്ടുള്ള നടപ്പു തുടർന്നു.ഏകദേശം രണ്ടു നൂറ്റാണ്ടു പഴക്കമുള്ള തീവണ്ടിപ്പാതയുടെ മേൽപാലത്തിലെത്തിയപ്പോൾ  പോളീൻ വീണ്ടും വളരെയധികം ഉത്സാഹവതിയും വാചാലയുമായി. നിലവിൽ പാതയുടെ അവശിഷ്ടമായി നേർരേഖപോലെ നീണ്ടുകിടക്കുന്ന കുറ്റിക്കാടുകൾ, ഇരുവശവുമുള്ള ഗോതമ്പുപാടങ്ങൾ ഒരിക്കൽ തിരക്കേറിയിരുന്ന പാതയുടെ ഓർമ്മയ്ക്കായി മാത്രം വേറിട്ടു നിലനിർത്തിയിരിക്കുന്നു എന്നാൽ അത്രത്തോളം തന്നെ പഴക്കമുള്ള മേൽപാലത്തിന്റെ ഉറപ്പാണെന്നെ ആകർഷിച്ചത് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ച് രണ്ടു നൂറ്റാണ്ടു പഴക്കമുണ്ടെങ്കിലും ഇപ്പൊഴും കാറുകളുൾപ്പടെ വലിയ ട്രാക്ടറുകൾവരെ അനായാസം വഹിക്കുവാനുള്ള ഉറപ്പ്.

വഴിയിലുടനീളം വളരെ കുറച്ചു സൈക്കിൾ യാത്രക്കാരും കുതിര സവാരിക്കാരും അന്യോന്യം അഭിവാദ്യം ചെയ്തു കടന്നു പൊയ്ക്കൊണ്ടിരുന്നു. ചൈനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ഊന്നുവടിയുമായി ഭൂപടങ്ങളുടെ ബലത്തിൽ ഏകനായി നീങ്ങുന്നത് തെല്ലും അസൂയയോടെ നോക്കിയിരുന്നു.വിളവെടുത്ത പാടങ്ങളിൽ കാട്ടുപക്ഷികളും കാക്കകളും കലപിലയോടെ അന്നം തേടിയലഞ്ഞുകൊണ്ടിരിന്നു. ഓരോ മണിക്കൂറിലും ഇടവേളകളെടുത്തു നടക്കുമ്പോഴും പൊളീന്റെ നടത്തം  മന്ദഗതിയിലാകുന്നതായി അനുഭവപെട്ടു. ഡേവിഡും പോളീന്റെ സഹോദരിയും ഇടവേളകളില്ലാതെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മദ്ധ്യാഹ്നഭക്ഷണത്തിന് വട്ടംകൂടിയിരുന്നപ്പോൾ ആഹാരം പങ്കുവയ്ക്കുവാൻ പോളീൻ മുൻകൈയെടുത്തു. ആവശ്യത്തിൽ കൂടുതൽ കൊണ്ടുവന്ന ഇംഗ്ലീഷ് വിഭവങ്ങൾ എല്ലാം തന്നെ എന്റെ മുന്നിലേയ്ക്ക് നീക്കിവയ്ച്ചു കൊണ്ടിരുന്നു. മറ്റാരും ശ്രദ്ധിക്കുവാനില്ലാത്തതുകൊണ്ടും ക്ഷീണിച്ചു തളര്‍ന്നതിനാലും സാമാന്യ മര്യാദകൾ കാറ്റിൽ പറത്തിക്കൊണ്ട് ആർത്തിയോടെ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഭക്ഷണം മതിയാക്കിയ പോളീൻ ഒരു പൊതിയിൽ നിന്നും വിവിധ വർണ്ണങ്ങളിൽ പൊതിഞ്ഞ ഗുളികകൾ ഓരോന്നായി കഴിക്കുന്നത് ലേശം ഉൽക്കണ്ഠയോടുകൂടി വീക്ഷിച്ചു. പാതിയിൽ കൂടുതൽ ദൂരം  പിന്നിട്ടെങ്കിലും ലക്ഷ്യത്തിലെത്തുവാനുള്ള തിടുക്കത്തിൽ ഞാനൽപം ധൃതിപിടിച്ചപ്പോൾ കുറച്ചധികനേരം വിശ്രമം പോളീനാഗ്രഹിക്കുന്നതായി അനുഭവപ്പെട്ടു. ഞങ്ങളുടെ സുഹൃത്ത് പോളീനോട് ചേർന്നിരുന്നു.

ആകാശം കാർമേഘാവൃതമായിരുന്നെങ്കിലും കോരിച്ചൊരിയുന്ന മഴയ്ക്കുള്ള സാധ്യത കുറവായിരുന്നു. എന്നാലും ചാറ്റൽമഴയ്ക്കുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നുമില്ല. എന്നാൽ  അപ്രദീക്ഷിതമായി ശക്തമായി മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ ഒരു വലിയ വൃക്ഷത്തണലിൽ അഭയം തേടുവാൻ സാധിച്ചു. പോളീനും സുഹൃത്തും നടന്നുകൊണ്ടേയിരുന്നു ചെറിയ കുളിരുള്ള മഴ മുഴുവനായും ആസ്വദിക്കുന്നതുപോലെ.മഴയുടെ ശക്തി ക്ഷയിച്ചപ്പോൾ അവരോടൊപ്പമെത്തുവാൻ നന്നേ ക്ലേശിച്ചു. വീണ്ടും പലയാവർത്തി വിശ്രമങ്ങളെടുത്തു ലക്ഷ്യത്തിലെത്താറായപ്പോൾ പോളീൻ വീണ്ടും ഇൻഹേലറിനെ ആശ്രയിക്കുന്നത് ശ്രദ്ധിച്ചെങ്കിലും വിശദാംശങ്ങൾ ചോദിക്കുവാൻ മടിച്ചു. ഏഴുമണിക്കൂറിലധികമെടുത്ത മാരത്തോൺ നടത്തം പോളീന്റെ സഹോദരി ഷാൺ  വില്യംസിന്റെ പട്ടണമായ ഗോറിലെത്തി വീണ്ടു ഇരുപത് മിനിറ്റുകൊണ്ട് പട്ടണമധ്യത്തിലുള്ള സ്ട്രീറ്റ്‌ലി പാലത്തിലെത്തുവാൻ. തേംസ് നദിയിലെ ജലനിരപ്പ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു ഗോറിങ്ങ് റോക്കിനഭിമുഖമായി പാലത്തിന്റെ നടുവിൽ രണ്ടു കൈയ്യും നീട്ടി തന്റെ സഹോദരിയെ സ്വീകരിക്കുവാൻ തയ്യാറായി നിന്ന ഷാണിനേ കണ്ടതും പോളീൻ അല്പം ആഞ്ഞുനടന്നു . 

അടുത്തെത്തിയ മാത്രയിൽ തന്നെ തന്റെ സഹോദരിയെ ഷാൺ കെട്ടിപ്പിടിച്ചു വിതുമ്പിക്കരയുവാൻ തുടങ്ങി.മിഴിനീർ കവിളുകളിലൂടെ ഒഴുകുമ്പോഴും തന്റെ സഹോദരിയെ  ആലിംഗനം ചെയ്തു ഏറേനേരം നിന്നു.  ആകെ അന്ധാളിച്ചു തരിച്ചുനിന്ന എന്റെയടുക്കലെത്തിയ ഷാൺ കൈപിടിച്ചു നന്ദിപറഞ്ഞു. എന്റെ തരിച്ചുനിൽപ്പു തിരിച്ചറിഞ്ഞ പൊളീന്റെ കൂട്ടുകാരി എന്നെയുംകൂട്ടി മുന്നോട്ടു നടന്നുകൊണ്ട് സാവധാനം മന്ത്രിച്ചു പൊളീന്റെ പലനാളായുള്ള ആഗ്രഹമായിരുന്നു ചിലപ്പോൾ അവസാനമായും. ഉദരകോശങ്ങളിൽ തുടങ്ങിയ ക്യാൻസർ മൂന്നാമത്തെ ദശയും പിന്നിട്ട്   ലിംഫ് നോഡിലേക്ക് പടർന്നിരിക്കുന്നു. പ്രതീക്ഷിക്കുവാൻ വകയില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയ മാത്രമാണ് എല്ലാവരുടെയും പ്രതീക്ഷ.  വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയാകുവാൻ അധികം നാളുകളില്ലെന്നറിഞ്ഞിട്ടും ഉത്സാഹഭരിതയായി ആധിഥേയത്ത്വം നൽകിയ ഉറ്റമിത്രത്തിന്റെ ആയുസ്സ് നീട്ടികൊടുക്കുവാൻ സർവ്വേശ്വരനോടുള്ള പ്രാർത്ഥനകളായിരുന്നു പിന്നീടുള്ള നാളുകളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com