sections
MORE

നൂറുള്ള കവിതകളുടെ സിന്ധു

sindhu
SHARE

രസഗംഗാധരം രമണീയാർഥ പ്രതിപാദക ശബ്ദമായാണ് കവിതയെ നിർവചിക്കുന്നത്.ശബ്ദവും അർഥവും സമഞ്ജസമായി ചേരുന്നിടമാണ് കവിതയുടെ ഉറവിടം.തീവ്രമാനസികവിക്ഷോഭങ്ങളുടെ സ്വച്ഛമായ നിറഞ്ഞൊഴുകലാണ് കവിത. ഹൃദയം വികാരനിർഭരമായി  നിയതമോ അനിതയതമോ ആയ താളത്തിൽ ഭാഷയിലൂടെ ആവിഷ്കാരം സാധിക്കുന്നതാണ് കവിത എന്നും പറയാം.ശബ്ദം,അർഥം,ഹൃദയക്ഷോഭം,താളം ഇവയൊക്കെയാണ് കവിതയുടെ അടിത്തറ പണിയുന്നത്.കാലത്തിനനുസരിച്ച് എന്തൊക്കെ വേഷഭൂഷാദികൾ മാറ്റിമാറ്റി പരീക്ഷിച്ചാലും ഈ അടിസ്ഥാന ഘടകങ്ങളെ കൈവിട്ട് കവിതയ്ക്ക് അസ്തിത്വമില്ല. ഗദ്യം,പദ്യം എന്ന വേർതിരിവൊന്നും കവിതയെ ദുർബലപ്പെടുത്തുകയില്ല.ഹൃദയത്തിൽ നിന്നു നിർഗ്ഗളിക്കാത്ത ശബ്ദാസ്ത്രങ്ങൾക്ക് ഹൃദയത്തിലേയ്ക്ക് തുളഞ്ഞുകയറാൻ ആവില്ലെന്നു മാത്രം. ബാഹ്യമോടികളുടെ വൃഥാവ്യവഹാരമല്ല കവിത എന്നു ചുരുക്കം.ഹൃദയങ്ങളുടെ നൈസർഗ്ഗികസംഗമം നടക്കാത്തിടത്ത് കവിത നിർജ്ജീവമായിരിക്കും എന്നും പറയാം.

ഇതാ,മന്ദം മന്ദം എന്റെ ഹൃദയത്തിലേയ്ക്ക് നുഴഞ്ഞുകയറി ഒഴിച്ചുകളയാൻ പറ്റാത്തവിധം ഇഴുകിച്ചേർന്ന കുറേ  കവിതകളുടെ ലോകത്തിലേയ്ക്ക് നിങ്ങളെ ഞാൻ കൊണ്ടുപോകുന്നു.

"പ്രിയനേ 

ഹൃദയത്തിനുള്ളിൽ  നീ 

ഓർമ്മ നിറഞ്ഞൊരു 

മരമാകുന്നു..

അത്രമേൽ ആഴങ്ങളിൽ 

നിൻറെ  വേരുകൾ 

എന്നെ ആഞ്ഞുപുൽകിയിരിക്കുന്നു..."

പ്രണയത്തിൻറെ ഈ പുത്തൻ കാഴ്ച്ച വിസ്മയാവഹമായി നിർമ്മിച്ചെടുത്തിരിക്കുന്ന ബിംബസമൃദ്ധികൂടി നുണഞ്ഞ് കവിയുടെ വേരുകൾ നമുക്കു ചികയാം:

"നിൻറെ മുടിയിലകളിൽ 

ഊഞ്ഞാലു കെട്ടി

നക്ഷത്രങ്ങൾ  തൊട്ടെടുത്ത്

പൂമ്പാറ്റ ഉമ്മകൾ  തന്ന് 

നിൻറെ  കിനാക്കൾ 

മധുരിച്ചിറക്കണമെനിക്ക്"

തീരുന്നില്ല:

"വാക്കുകളുടെ പൂക്കളാൽ 

നീയെന്നിൽ  

വസന്തം തീർക്കുമ്പോൾ 

നിന്നെയെത്ര പുതച്ചാലും

നിന്നിലെത്ര നനഞ്ഞാലും 

മതി വരില്ലെനിക്ക്"

വാക്കുകളുടെ പൂക്കൾകൊണ്ട് വസന്തം ചമച്ച്  അരങ്ങേറ്റം കുറിക്കുന്നത് നൂറു വസന്തങ്ങളാണ് വിരിയിക്കാൻ പോകുന്നത് എന്ന മോഹനവാഗ്ദാനവുമായിട്ടാണ്.യു എ ഇയിലെ അക്ഷരക്കൂട്ടം എന്ന പ്രിയ സാഹിത്യസാംസ്കാരിക വാട്സാപ് ഗ്രൂപ്പിൽനിന്നാണ് നൂറ് കവിതകളുമായി ഒരാൾ എഫ് ബി പേജിലൂടെ കാവ്യയജ്‌ഞം തുടങ്ങിയിരിക്കുന്നു എന്ന ബ്രെയ്ക്ക് വായിച്ചത്.ആരാണ് ഈ ധീരതാരം എന്നറിയാൻ കൗതുകമായി.ഗ്രൂപ്പിൽനിന്നും എഫ് ബിയിൽനിന്നും ആളെ കണ്ടെത്തി.ആദ്യകവിതയിൽ നനഞ്ഞുകേറുംമുൻപ് അതാ വരുന്നു അടുത്ത കവിതാമഴ:

"അവൾ

മിഥുനത്തിലെ മഴയിൽ

പിറന്നവൾ

ജലത്തിൻറെ ഭാഷ 

പറയുന്നവൾ 

അവൾക്കു പരിചിതം

പുഴയിൽ മുങ്ങിമരിച്ച 

മീനിൻറെ  കഥ"

ഞെട്ടൽ തീരുംമുൻപ് ഉള്ളിലെ കടലെടുത്തുകൊണ്ടാണ് അടുത്ത കാൽവെപ്പ്:

"അതിർത്തികളില്ലാത്ത

കടലിലാണവൾ 

മറ്റൊരു

കാലത്തിൻറെ 

ജീവിതം

കെട്ടിപ്പടുത്തത്.

അതിനുള്ളിൽ

അവൾ മന്ത്രിക്കുന്ന 

കാറ്റിനുപോലും

ഹൃദയത്തിൻറെ 

സംഗീതം..!"

കാറ്റും മഴയും പകലും രാവും പ്രണയത്തിൻറെ തീവണ്ടി കേറി യാത്രയാവുകയാണ്.ഞാൻ അന്തിച്ചു നിൽക്കുകയാണ്.കവിത കത്തിക്കേറുന്നു.വിഷയങ്ങൾ കവിയെത്തേടി പറന്നുചെല്ലുകയാണ്.വീടും നാടും കളം നിറഞ്ഞ് ആട്ടം തുടർന്നുകൊണ്ടേയിരുന്നു.കവിതയുടെ ഉലകം തൊടുപുഴയിലേയ്ക്ക് താമസം മാറ്റിയോ എന്ന അത്ഭുതമായി.പണ്ട് ദസ്‌തയേവ്‌സ്കി വിവിധ പത്രമാസികകളിലൂടെ സീരിയലൈസ് ചെയ്തുകൊണ്ടിരുന്ന നോവലുകൾക്കുവേണ്ടി ആളുകൾ കാത്തിരുന്നത് ഓർമ്മപ്പെടുത്തി.ഞാൻ മാത്രമല്ല, അനേകംപേർ കാത്തുകൊണ്ടേയിരുന്നു.നാളെ എന്താവും വിഷയം? കവിതകളങ്ങനെ വിരിഞ്ഞുവിരിഞ്ഞു ഹൃദയങ്ങളിൽ സുഗന്ധം നിറച്ചുകൊണ്ടിരുന്നു:

" പറന്നുവരുന്നു  

ഒരു കവിത

അതിനെ കൊത്തിയിടുന്നു

കിളികൾ

അതിൻറെ ചുണ്ടിലെവിടേയോ 

വീണു പൊള്ളുന്നു  ഏകാന്തത

ഇടതൂർന്ന കുടവിരിച്ച് ,

എല്ലാ ഒഴുക്കുകൾക്കുംമേലേ

ശാന്തി വനം

എല്ലാ പച്ചയിലും 

മിണ്ടാനാവാത്തവിധം 

ഗാഢം പുണർന്നിരിക്കുന്നു ദൈവം"

ഇക്കാലത്ത് ഇത് തികച്ചും വിഭ്രമിപ്പിക്കുന്നതാണ്. തൊടുപുഴനിന്ന് മുളകുകാട് ബസ്സിലേറി വഴിയിലെ കാഴ്ചകൾ മുഴുവൻ കവിതയായി കോറിയിട്ടു രസിക്കുന്ന ഈ കവിയെ അങ്ങനെ വെറുതെ വിടാനൊക്കുമോ? പേര് സിന്ധുല. ശകുന്തങ്ങൾ ലാളിച്ച ശകുന്തളയല്ല ഇവൾ. സമുദ്രമാണ്,സിന്ധുവാണ് ഇവളെ താലോലിക്കുന്നത്. മുളകുകാട്ടിലേയ്ക്കാണ് ഇവൾ നിത്യവും യാത്ര ചെയ്യുന്നത്.കടൽ കടന്ന് മനുഷ്യൻറെ മനസ്സാകുന്ന മുളകെരിയുന്ന കാടു തേടി ഇവൾ പ്രയാണം തുടരുകയാണ്.ഇവൾ കയറിച്ചെല്ലുന്ന മൃഗാശുപത്രി  ദസ്തയേവ്സ്കി തേടി നടന്ന മനുഷ്യമൃഗത്തിൻറെ ആശുപത്രി തന്നെയാണ്.അവളുടെ മുന്നിലെ പാവം മൃഗങ്ങൾ അവയെക്കാളൊക്കെ ക്രൂരരായ,സൂത്രശാലികളായ മനുഷ്യരെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ അറിവടയാളങ്ങൾ കവിതകളായി പിറന്നുകൊണ്ടിരിക്കുന്നു.

പ്രിയകവി സിന്ധുല രഘു  ആദ്യകവിതാസമാഹാരവുമായി നിങ്ങളെ തേടിയെത്തുകയാണ്. ഹൃദയം കൊണ്ട് ആ കവിതകൾ സ്വീകരിക്കാൻ നിങ്ങൾ മത്സരിക്കും എന്നെനിക്കുറപ്പുണ്ട്. മറക്കണ്ട.നിങ്ങളുടെ ഹൃദയമിടിപ്പുകൾ കൂടിയാണ് സിന്ധുലയിലൂടെ കവിതകളായി വാർന്നൊഴുകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA