ADVERTISEMENT

ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും വീണ്ടും ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല, പൗരസ്ത്യ ദേശങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളുടെ സമയമാണ്.നിറപകിട്ടാർന്ന ക്രിസ്തുമസ് പാർട്ടികളും വിലപിടിപ്പുള്ള സമ്മാനങ്ങളും ആർഭാടം നിറഞ്ഞു നിൽക്കുന്ന അലങ്കാരവും എല്ലാം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ലോകമെമ്പാടും കാഴ്ച വയ്ക്കുന്നത്.

പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥിതിയുടെ ഊർജ്ജ ശ്രോതസ് ഈ കാലഘട്ടത്തിലെ ക്രയവിക്രയങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ്. ക്രിസ്മസ് ആഘോഷങ്ങൾക്കുവേണ്ടി ചെലവിടുന്ന കോടികൾ ആധുനിക ഉപഭോക്ത സമൂഹത്തിന്റെ വൈകാരികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്നിന്റെ ലോകത്തിൽ സ്വയം പര്യാപ്തനെന്ന ഭാവവും ഉയരത്തിന്റെ കൊടിമുടികൾ പിടിച്ചടക്കപ്പെട്ട ആത്മധൈര്യവും മനുഷ്യനെ അഹങ്കാരത്തിന്റെ ഉച്ചകോടിയിൽ എത്തിച്ചിരിക്കുന്നു. 

ജീവിതം എന്തുമാകാം, എങ്ങനെയും ആകാം  എന്നുള്ള ചിന്തയും പരമാവധി തിന്ന‌ലും കുടിക്കലും രസിക്കലും ആണ് ഈ ജീവിതം എന്നുള്ള സിദ്ധാന്തവും മനുഷ്യനിൽ ഞാനെന്ന ഭാവത്തെയാണ് വളർത്തിയിരിയ്ക്കുന്നത്. എല്ലാത്തിന്റെയും ഉടയവനും നിർമ്മാതാവുമായ ദൈവം ഒന്നുമില്ലാത്തവനായി ഈ ഭൂമിയിൽ അവതരിച്ച ഈ ദിവസം ആർഭാടങ്ങളുടെയും ചെലവിടിലിന്റെയും ദിവസം ആയിമാറിയത് വിരോധാഭാസമാണ്.

ക്രിസ്തുവിന്റെ ജനനത്തിന്റെ മഹത്തായ സന്തോഷം നൽകപ്പെട്ടത് അശരണരും ദരിദ്രരുമായ ഒരു പറ്റം ആട്ടിടയന്മാർക്കായിരുന്നു. പ്രത്യേകിച്ച് ഒന്നും തന്നെ സമർപ്പിക്കുവാൻ കഴിയാത്ത ഈ ഇടയർക്ക് തങ്ങളുടെ സ്വന്തത്തേയും ഇടയവടികളും മാത്രമാണ് തിരുമുൽകാഴ്ചയായി ക്രിസ്തുവിന് സമർപ്പിച്ചത്. സ്വന്തം സുഖ സൗകര്യങ്ങളുടെ അകത്തളത്തിൽ കഴിയുന്ന സത്രം സൂക്ഷിപ്പുകാരനു നഷ്ടപ്പെട്ടതും മഹത്തായ സന്തോഷത്തിന്റെ സന്ദേശമാണ്.

ക്രിസ്തു ഈ ഭൂമിയിലെ ദാരിദ്ര്യത്തിലേക്ക് കടന്നു വന്നത് അശരണരുടേയും അവഗണിയ്ക്കപ്പെട്ടവരുടെയും അത്താണിയായിട്ടാണ്. എല്ലാത്തിന്റേയും ഉടയവൻ തന്റെ സ്വന്തത്തെ തന്നെ ഇല്ലായ്മയിൽ പങ്കു വെച്ച് മറ്റുള്ളവർക്ക് ഒരു മാതൃകയായി. ഒരു പങ്കു വയ്ക്കലിന്റെ സന്ദേശമാണ് ക്രിസ്തുമസ്. യുദ്ധത്തിന്റെ കെടുതികളിൽ നിന്നും  പലായനം ചെയ്യുന്ന സമൂഹത്തിനും ജീവിത സാഹചര്യങ്ങളിൽ വഴിമുട്ടി നിൽക്കുന്ന ജനങ്ങൾക്കും നേരെ ഇന്നും സത്രത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കപ്പെടുകയാണ്. ഉപഭോക്ത സമൂഹത്തിന്റെ വൈകാരിക ആർഭാടങ്ങളുടെ ഒരശം എങ്കിലും അശരണർക്കും ആലംബഹീനർക്കും വേണ്ടി ചെലവിടാൻ ലോകം തയ്യാറായാൽ ക്രിസ്തുമസ് ധന്യമാകും.

സന്തോഷ സൗഭാഗ്യങ്ങളുടെ അകത്തളത്തിൽ ജീവിക്കുന്ന നമുക്ക് അടയ്ക്കപ്പെട്ട വാതിലുകൾ തുറക്കുവാൻ സാധിക്കുമോ ? മറ്റുള്ളവരെ  കരുതുവാനും അവരോടൊത്ത് പങ്കിടുവാനും സാധിച്ചെങ്കിൽ മാത്രമെ ക്രിസ്തുവിന്റെ സന്ദേശം ഉൾകൊള്ളുവാൻ സാധിക്കുകയുള്ളൂ. നമ്മുടെ ഭവനത്തിന്റെ, ജീവിതത്തിന്റെ അടയ്ക്കപ്പെട്ട വാതിലുകൾ മറ്റുള്ളവർക്കായി തുറന്നു കൊണ്ട് ഈ ക്രിസ്തുമസിനെ നമുക്ക് വരവേൽക്കാം.

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ ദൈവ പ്രസാധമുള്ള വർക്ക് സമാധാനവും നേർന്നുകൊണ്ട് ക്രിസ്തുമസിന്റെ മംഗളാശംസകൾ !!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com