sections
MORE

അച്ഛന്റെ വാത്സല്യം

Father's Day
SHARE

"ഡാഡ്" സ്ട്രോബറിയുടെ നിറവും സ്വാദുമുള്ള  കോലുകുത്തിയ ഐസ്ക്രീം വേണമെനിക്ക്. മിസ്റ്റർ മാർഷലിന്റെ നീലയും ചുവപ്പും പെയിന്റടിച്ച ഐസ്ക്രീം  വാനിന്റെ ജാലകക്കണ്ണാടിയിലൂടെ നോക്കി കൈചൂണ്ടി കാണിച്ചു. ഡിസൈനർ കണ്ണാടിയും ധരിച്ചു എന്നെയും തോളിലേറ്റി  മിസ്റ്റർ മാർഷലിനോട് കുശലം പറഞ്ഞു നിന്ന  ഡാഡിന്റെ കുറ്റിമീശ നിറഞ്ഞ  കവിളിൽ വിരൽകൊണ്ട് തോണ്ടിക്കൊണ്ട് ആവർത്തിച്ചു. ഡാഡിന്റെ മുഖത്തിനോട്  അടുത്തപ്പോൾ ഡയോറിന്റെ  പരിമളസുഗന്ധം നാസാദ്വാരങ്ങളിലേയ്ക്ക് ഒഴുകിയത് ഒരിക്കൽകൂടി  ആസ്വദിച്ചുകൊണ്ട്  ഡാഡിന്റെ തോളിലേയ്ക്ക് ചാഞ്ഞുകിടന്നു. മിസ്റ്റർ മർഷലിന്റെ പക്കൽ  വിവിധ വർണ്ണത്തിലും രൂപത്തിലും സ്വാദിഷ്‌ഠമായ  ഐസ്ക്രീമുണ്ടെങ്കിലും ഞാനെന്നും ആസ്വദിച്ചത് സ്ട്രോബറിയും. 

ഏറെനേരം കയ്യിൽ പിടിച്ചുകൊണ്ട്  നാവിലൂടെ നുണയുവാനാണ് ഞാനിഷ്ടപ്പെട്ടിരുന്നത്. ഡാഡിന്റെ അത്രയും ഉയരമില്ലെങ്കിലും മിസ്റ്റർ മാർഷൽ നന്നേ തടിച്ചിട്ടാണ് താടി  നീട്ടിവളർത്തിയിട്ടുണ്ടെങ്കിലും കണ്ണട വയ്ക്കുന്നത് കണ്ടിട്ടില്ല. ദിവസവും ബാക്കിയാവുന്ന ഐസ്ക്രീം മുഴുവനും കഴിക്കുന്നതിനാലാണ് മിസ്റ്റർ മാർഷൽ ഇത്രയും തടിച്ചിരിക്കുന്നതെന്ന് ജാക്ക് എപ്പോഴും പറയും. ജാക്കിനിഷ്ടമുള്ള വാനില കോൺ ഐസ്ക്രീമിന്റെ മേൽ ചോക്ലേറ്റ് ചിപ്പുവച്ചതും വാങ്ങി.  മിസ്റ്റർ മാർഷലിന് പണം കൊടുത്തുകൊണ്ടിരുന്ന  ഡാഡിന്റെ കവിളിൽ ഒരിക്കൽകൂടി മുത്തം നൽകി രണ്ടു കയ്യിലും ഐസ്ക്രീമുമായി വീട്ടിലോയ്ക്കോടി.  ജാക്ക്  മുകളിലത്തെ മുറിയിലായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് കോണിപ്പടികൾ ഓടിക്കേറിയപ്പോൾ പുറകിൽ നിന്നും മൈക്കിന്നുള്ള വിളികേട്ടു തിരിഞ്ഞതും കാലുതെന്നി താഴോട്ട് പതിച്ചു.

നിലത്തു കിടന്നുകൊണ്ട് രണ്ടു കൈയ്യും പൊക്കിപിടിച്ചുകൊണ്ടിരുന്ന എന്റെ കവിളിലടിച്ചുകൊണ്ട് ജാക്കി വീണ്ടും ചോദിച്ചു  മൈക്കി നീ വീണ്ടും സ്വപ്നം കാണുകയായിരുന്നോ.  കണ്ണ് തുറക്കുവാൻ പിന്നെയും മടിച്ചു ജാക്ക്  വീണ്ടും കൈയിൽ പിടിച്ചുവലിക്കുന്നതിനു മുൻപ് കൈകൾ താഴ്ത്തി. പരവതാനി  വിരിച്ച തറയായതുകൊണ്ടും അധികം ഉയരമില്ലാത്ത ബങ്ക്ബെഡിന്റെ താഴത്തെ നിലയിൽ കിടന്നതുകൊണ്ടും വീഴ്ച്ചയിലുള്ള വേദനയറിഞ്ഞില്ല. പക്ഷേ ജാക്ക് ഒഴിഞ്ഞു മാറുവാൻ കൂട്ടാക്കിയില്ല എന്റെ കയ്യ് രണ്ടും നിലത്തോട്ടു വച്ചു ഞെക്കി ചെവിയിലേയ്ക്ക്  അലറി മൈക്കി നീ വീണ്ടും ഡാഡിനെ സ്വപ്നം കണ്ടുവോ. എന്നേക്കാൾ രണ്ടു വയസ്സ് മാത്രം അധികം പ്രായമുള്ളെങ്കിലും ജാക്കിക്ക് എന്നെക്കാളും ഇരട്ടിയിലധികം  ഉയരവും  അതിനുചേരുന്ന ശാരീരിക വലുപ്പവുമുള്ളതിനാൽ എളുപ്പത്തിൽ തള്ളിമാറ്റുവാൻ സാധ്യമല്ല. അതുകൊണ്ടു തന്നെ കണ്ണടച്ചു വീണ്ടും ഏറെനേരം തറയിൽ തന്നെ കിടന്നു.  ജാക്കിയുടെ ചോദ്യം  "നീ  ഡാഡിനെ വീണ്ടും സ്വപ്നം കണ്ടുവോ"  പലയാവർത്തി ചെവിക്കുള്ളിൽ മുഴങ്ങിയപ്പോഴും കണ്ണ് തുറക്കുവാൻ മനസ്സനുവദിച്ചില്ല.   നിലത്തു വിരിച്ചിരുന്ന നേർത്ത പരവതാനിയിലൂടെ  ശൈത്യത്തിലെ കൊടിയതണുപ്പ് ചര്‍മ്മം തുളച്ചു കയറുവാൻ തുടങ്ങിയപ്പോൾ  യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നതായി അനുഭവപ്പെട്ടു.

താഴത്തെനിലയിൽ നിന്നും ജാക്കിന്റെ സ്വരം വീണ്ടുമുയർന്നുകേട്ടു മുക്കാൽ മണിക്കൂറിനുള്ളിലൊരുങ്ങിയാൽ  സ്കൂളിലേക്ക് മാമ കാറിലെത്തിക്കും താമസിച്ചാൽ  വീണ്ടും ഓടണം. ജാക്കിന്റെ സൈക്കിളിനൊപ്പമെത്തുവാൻ എനിക്ക് ഓടേണ്ടിവരുകയാണ് പതിവ്.  പരാശ്രയമില്ലാതെ നടക്കുവാൻ ധൈര്യമുണ്ടെങ്കിലും പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾക്ക് അകമ്പടിയോടുള്ള സഞ്ചാരമാണ് നിയമാനുസൃതം. അയൽക്കാരിയും കൂട്ടുകാരിയുമായ എമിലിയുടെ മമ്മ അവളെയും കൂട്ടി നടക്കുമ്പോൾ എന്നെയും ക്ഷണിക്കുമ്പോഴെല്ലാം കൂടെപ്പോകുവാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ  മമ്മയ്ക്ക് ഇഷ്ടമാകാറില്ല. കഴിവതും ഏകാന്തത കാംഷിക്കുന്ന മമ്മ എമിലിയുടെ മമ്മയോട് വലിയ അടുപ്പവും  കാണിക്കാറില്ലെങ്കിലും  എമിലി എന്റെ ആൽമ മിത്രമാണ്. ഭംഗിയുള്ള നീണ്ടമുഖവും വിശാലമായ നെറ്റിയും ആകർഷണീയമായ ചുണ്ടുകളിലൂടെ പ്രിയങ്കരമായി മൈക്കിൾ എന്ന പൂർണ്ണമായ വിളി കേൾക്കുന്നതും സുഖകരമാണ്‌. ചുരുണ്ട് നീളമുള്ള എമിലിയുടെ കറുത്ത കേശത്തിന്  അനുരൂപമായി കനത്ത നിബിഡമായ പുരികക്കൊടികൾ മുഖഭാവങ്ങൾക്കൊപ്പം അനായാസമായി ചലിപ്പിക്കുന്നത് വളരെയധികം  ആസ്വാദ്യകരവുമാണ്.  തൂവെള്ളയല്ലെങ്കിലും  സൂര്യകിരണങ്ങളേൽക്കുമ്പോൾ  തിളക്കമേറുന്ന സ്വർണമേനിയുമാണ് എമിലിയുടേത്. ഒരിക്കൽ അവളോടോത്തു സ്‌കൂളിന്റെ പുറത്തെത്തിയപ്പോൾ ജാക്ക് അത്ഭുതത്തോടെ എന്നെ നോക്കി ഗൂഢമായി മന്ദഹസിച്ചപ്പോഴും എന്റെ സുഹൃത്തു മാത്രമാണെന്ന ന്യായമംഗീകരിക്കുവാൻ തയ്യാറല്ലായിരുന്നു.

ചാടിയെണീറ്റപ്പോൾ എവിടെയൊക്കെയോ ചെറുതായി വേദനിച്ചോയെന്നു സംശയിച്ചു അതിലും കൂടുതൽ ജാള്യതയായിരിക്കും മമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോഴുണ്ടാകുന്നത്. ഇതിനകം ജാക്ക്‌ സ്വപ്നത്തേപ്പറ്റി വിശദീകരിച്ചിരിക്കണം, കുളിമുറിയിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ  മമ്മയുടെ വാക്കുകൾക്കുവേണ്ടി ചെവിയോർത്തു എന്നാലൊന്നും കേൾക്കുകയുണ്ടായില്ല. ജാക്കിനിഷ്ടപ്പെട്ടതും മമ്മയ്ക്ക് ലളിതമായി പാകം ചെയ്യാവുന്ന  ബേക്കണും മുട്ടയും പിന്നെ ചോളവും പയറും തയ്യാറാക്കുന്നതിലുള്ള തിരക്കിലായിരിക്കും. ബേക്കൺ വറക്കുന്ന അരോചകമായ ഗന്ധമുയിർക്കുന്നുണ്ടെങ്കിലും  കുളിമുറിക്കുള്ളിൽ ഷാംപൂവിന്റെയും  സോപ്പിന്റെയും കൃത്രിമ ഗന്ധത്തിനു മുൻപിൽ ലെയിച്ചുപോയി. അനാവശ്യ എണ്ണകളും കഠിനമായ രാസവസ്തുക്കളും ചേർത്തുണ്ടാക്കുന്ന മിശ്രിതങ്ങളാണ് കുളിമുറികളിലും ശോച്യാലയങ്ങളിലും ഉപയോഗിക്കുന്ന ഭൂരിഭാഗം വസ്തുവകകളെന്നും അവയിൽനിന്നും ഉത്ഭവിക്കുന്ന വാസനകൾ ചർമ്മത്തിനും നാഡീവ്യഹങ്ങൾക്കും  എപ്പോഴും  അനുയോജ്യമായവ ആയിരിക്കില്ലാ എന്നത് ശാസ്ത്രീയപഠന ക്‌ളാസ്സുകളിൽ വിവരിച്ചത് ഓർമ്മയിൽ തെളിഞ്ഞപ്പോൾ  ഉപയോഗം മിതമാക്കി.   

സ്‌കൂൾ ബാഗുമെടുത്തു താഴെയെത്തിയപ്പോൾ എന്റെ പ്രഭാതഭക്ഷണമായ ഗോതമ്പു കഞ്ഞിയും പൊരിച്ച റൊട്ടിയും തയ്യാറായിരുന്നു. റൊട്ടിയിൽ തേൻ തേച്ചുപിടിപ്പിച്ചു കറുമുറ ശബ്ദത്തിൽ കഴിക്കുമ്പോൾ ജാക്ക് വീണ്ടും കണ്ണുരുട്ടും, മമ്മയ്ക്ക് അലോസകരമാവാതിരിക്കുവാൻ. എനിയ്ക്ക് സ്കൂളുള്ളപ്പോൾ മാത്രമാണ്  മമ്മ ജോലിക്ക്  പോവുന്നത് അതും മാനസിക വൈകല്യങ്ങളുള്ള കുട്ടികൾക്കുള്ള സ്‌കൂളിൽ. കുട്ടികളെ കൂടുതലായി ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഈ ജോലി തിരഞ്ഞെടുത്തതെന്നാണ് ജാക്കിന്റെ ന്യായീകരണം. വളരെ ശോഷിച്ചതെങ്കിലും ദൃഢമായ ശരീരപ്രകൃതിയുള്ള   മമ്മ അതിസുന്ദരിയാണ് അതുകൊണ്ട് മാത്രവും അനൗപചാരികമായും സ്കിന്നി എന്നും വിശേഷിപ്പിക്കുന്നത്.  മമ്മയുടെ സുഹൃത്ത് മിസ്സ് ജാക്യുലിന്റെ കൂടെ വാരാന്ത്യപാർട്ടികൾക്ക് പോകുമ്പോൾ മാത്രമാണ് ചമയങ്ങളണിയുന്നത്. അതും ജാക്ക്  അവന്റെ ഡാഡിയുടെ വീട്ടിൽ പോകുന്ന വാരാന്ധ്യങ്ങളിൽ, മാസത്തിൽ രണ്ടു പ്രാവശ്യം മാത്രം, ജാക്ക് പോവുമ്പോഴെല്ലാം എന്നെയും ക്ഷണിക്കുമെങ്കിലും മമ്മയ്ക്ക്  ഇഷ്ട്ടമല്ല.  ജാള്യത മറച്ചുവയ്ക്കാനായി കുനിഞ്ഞിരുന്ന് പ്രാതൽ കഴിച്ചപ്പോൾ പുറകിലൂടെയെത്തിയ മമ്മ തലയിൽ തടവിക്കൊണ്ടു പറഞ്ഞു മോണിക്കയോട്  വിവരിക്കേണ്ട. അപ്പോൾ മാത്രമാണ് എല്ലാ മാസവും എന്റെ ക്ഷേമം അന്വേഷിക്കുവാനെത്തുന്ന മിസ്സ് മോണിക്ക ബിൻസ് ഇന്ന് വീണ്ടും വരുമെന്നുള്ള കാര്യം ഒർമ്മിച്ചത്. തിടുക്കത്തിൽ പാത്രങ്ങൾ അടുക്കളയിലുപേക്ഷിട്ടു മമ്മയുടെ പുറകെ പാഞ്ഞു. മമ്മയുടെ കാറിന് രണ്ടു വാതിൽ മാത്രമാണുള്ളത് പതിവുപോലെ  വൈകിയെത്തിയപ്പോൾ ജാക്ക് മുന്നിലത്തെ സീറ്റ് കരസ്ഥമാക്കി പക്ഷെ മമ്മയുടെ സീറ്റ് നിരക്കിമാറ്റിക്കയറുവാൻ  മമ്മതന്നെ മുൻകൈയെടുത്തു.

സ്‌കൂളിലെത്തിയപ്പോളാണ് ഉണ്ണിയേശുവിന്റെ  ജനനത്തെക്കുറിച്ചുള്ള നാടകത്തിന്റെ  അവസാന പരിശീലനദിനമാണ് എന്നോർമ്മവന്നത്. എമിലിയാണ് ജീസസിന്റെ 'അമ്മ മേരിയുടെ വേഷത്തിലഭിനയിക്കുന്നത്, ജീസസിന്റെ അച്ഛൻ ജോസെഫിന്റെ വേഷം ആഗ്രഹിച്ചിരുന്നെങ്കിലും ഉയരം കുറവായതിനാൽ  കിട്ടിയത് മെൽക്കറിന്റെ വേഷം. മൂന്ന് രാജാക്കന്മാരിൽ സ്വർണ്ണപ്പെട്ടിയുമേന്തി നിൽക്കുന്ന രാജാവ്. നാടകത്തിലുടനീളം എമിലി ഉണ്ണിയേശുവിനേയും താങ്ങി മൂകയായി നിൽക്കുമ്പോഴും മുഖം വർണ്ണപ്പകിട്ടെറിയിരുന്നു.  ഏറെനേരം എമിലിയോടൊത്തു ചിലവഴിക്കാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും രാജാക്കന്മാരുടെ ഊഴമെത്തിയപ്പോൾ മറ്റുള്ളവരെക്കാളും മുന്നിൽ നടന്നു എമിലിയോട് ചേർന്നുള്ള സ്ഥാനമുറപ്പിച്ചു. മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും എമിലി മെല്ലെ മുഖമുയർത്തി  മന്ദഹസിച്ചു. പൂർണ്ണചന്ദ്രശോഭയോടുള്ള വക്ത്രത്തിൽ അധരങ്ങൾ വിടർന്നപ്പോൾ മുല്ലമൊട്ടുപോലുള്ള  ദന്തനിരകൾക്ക് തിളക്കമേറി.   സൗജന്യമായി സ്‌കൂളിൽ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം വേഗത്തിൽ കഴിച്ചിട്ട് മൈതാനത്തു കാത്തിരിക്കുന്ന എമിലിയുടെ അടുത്തെത്തിയതും എനിയ്ക്കായി കരുതിയ   പതിവ്  സാന്‍ഡ്‌വിച്ച് നീട്ടി. എമിലിയ്ക്കു മമ്മയും ഡാഡിയും രണ്ടു സഹോദരന്മാരുമുണ്ട്, എമിലിയുടെ മമ്മ നന്നായി പാചകം ചെയ്യും എന്നോട് വലിയ താൽപര്യമാണെന്ന് പലപ്പോഴും ഓർമ്മിപ്പിക്കുകയും ചെയ്യും. സ്വപ്നത്തിലെ ഡാഡിയെ വിവരിച്ചപ്പോൾ എമിലിയുടെ മുഖത്തിൽ ആർദ്രത നിറഞ്ഞു ഈ ക്രിസ്തുമസിന് തീർച്ചയായും ഡാഡിയെത്തുമെന്ന് ഉറപ്പു നൽകി.

അന്നും ജാക്കിന് ഫുട്ബോൾ പരിശീലനമില്ലാത്തതിനാൽ സ്കൂൾ കവാടത്തിൽ കാത്തിരിപ്പുണ്ടായിരുന്നു. എന്നെക്കണ്ടതും തിരിഞ്ഞു നടന്നു അവനൊപ്പമെത്തുവാൻ ഇടയ്ക്കിടയ്ക്ക് ഓടേണ്ടി വന്നു. വീട്ടിലെത്തിയതും മമ്മയ്ക്ക് മുഖം കൊടുക്കാതെ അവൻ നേരേമുറിയിൽക്കയറി കതകടച്ചു, മമ്മയോടൊപ്പം ചായയും ഉരുളക്കിഴങ്ങിന്റെ ചിപ്സും  കഴിച്ചിരുന്നപ്പോൾ നാടക പരിശീലനത്തെപ്പറ്റി വിവരിച്ചു. ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി പള്ളിയിൽ നടത്തുന്ന തിരുപ്പിറവിയുടെ നാടകാവിഷ്‌ക്കാരം. ക്രിസ്മസ്സ് അവധിയ്ക്ക് മുൻപുള്ള വെള്ളിയാഴ്ച്ച മദ്ധ്യാഹ്നത്തിൽ കുട്ടികൾക്കായുള്ള പ്രത്യേക ആഘോഷവേളയിൽ ക്രിസ്തുമസ്സ് വിപണിയുമുണ്ടാവും. മമ്മയും ജാക്കും അതിഥികളായെത്തണം.

ഡാഡയെത്തുമോ എന്ന് ചോദിക്കുവാൻ വായതുറന്നതും മമ്മ എമിലിയുടെ കഥാപാത്രത്തെപ്പറ്റി ആരാഞ്ഞു. മദർ മേരിയുടെ ഭാഗമഭിനയിക്കുന്ന എമിലിയുടെ വേഷവും മുഖഭാവങ്ങളും വർണ്ണിക്കുമ്പോൾ ഞാൻ കൂടുതൽ വാചാലനാകുന്നത് ഗൂഡമന്ദസ്മിതത്തോടെ മമ്മ നോക്കിക്കൊണ്ടിരുന്നത് കണ്ടതായി നടിച്ചില്ല. ഓരോ കഥാപാത്രത്തിനെപ്പറ്റിയും അവരുടെ വേഷവിധാനങ്ങളെക്കുറിച്ചും കൂടുതൽ വിവരിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ സന്ദർശകരായി ആരോയെത്തി എന്നറിയിച്ചുകൊണ്ടുള്ള വാതിൽ  മണിമുഴങ്ങി. പ്രതീക്ഷിച്ചതുപോലെ മാസത്തിലൊരിക്കൽ കൂടിക്കാഴ്‌ച്ചയ്‌ക്കെത്തുന്ന  മിസ്സ് മോണിക്ക ബിൻസായിരുന്നു.  ഒറ്റനോട്ടത്തിൽ ഐസ്ക്രീം  വാനുമായെത്തുന്ന മിസ്റ്റർ മാർഷലിന്റെ സഹോദരിയാണോയെന്ന്  സംശയിക്കേണ്ടിയിരുന്നു. ശരീരത്തിലേ എല്ലാ അംഗങ്ങളും ഒരേ ആലയിൽ തീർത്തതുപോലെ അന്യോന്യം മത്സരിച്ചു മുഴച്ചു നിൽക്കുമ്പോഴും കണങ്കൈ മാത്രം ശൊഷിച്ചിരിന്നു. ഒരു നല്ല സായാഹ്നം ആശംസിച്ചുകൊണ്ടു മുന്നോട്ടാഞ്ഞ മമ്മയെ പതിവുപോലെ ആശ്ലേഷിക്കുവാൻ മറന്നില്ല. പൂർണ്ണ പ്രഭാവത്തിൽ തലയുയർത്തി നിൽക്കുന്ന ഗജരാജനെ  ആലിംഗനം ചെയ്യുന്ന ശോഷിച്ച പാപ്പാനേപ്പോലെയായി മോണിക്കയുടെ കൈകളിൽ മമ്മ. ആതിഥേയ മര്യാദ പൂർണ്ണമായി പാലിച്ചുകൊണ്ട്‌ ചാരുകട്ടിലിലേയ്ക്ക് സ്വീകരിച്ചിരുത്തി, പാലും പഞ്ചസാരയും ചേർക്കാത്ത കട്ടൻ കാപ്പി നിറഞ്ഞ  കപ്പും നൽകി. മറ്റുള്ളവരുടെ എല്ലാ പ്രവർത്തനങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു എന്നറിയിക്കുന്ന നന്ദി എന്ന വാക്കും നിർലോഭമുപയോഗിക്കുവാൻ മോണിക്ക വിമുഖത കാണിക്കാറുമില്ല.

എല്ലാ മാസവും പതിവാചാരമായ  ചോദ്യാവലികളുടെ ഊഴമായിരുന്നു പിന്നീട് ഞാനും മാമയും വ്യക്തിപരമായി നൽകേണ്ട അഭിമുഖങ്ങൾ. വിറ്റൽ ഫോസ്‌റ്ററിങ്  എന്നെഴുതിയ ഒരു ഘനമുള്ള ഫയലിൽ  പൂരിപ്പിച്ചതും പൂരിപ്പിക്കാത്തതുമായ ധാരാളം കടലാസുകൾ. തിരുപ്പിറവിയോടനുബന്ധിച്ചുള്ള  നാടക പരിശീലനത്തെപ്പറ്റി പരാമർശിച്ചപ്പോൾ മോണിക്കയിൽ ആകാംഷയുദിച്ചത് ശ്രദ്ധിച്ചു.  മമ്മയുടെ ഊഴമെത്തിയപ്പോൾ ഞാൻ പതിയെ മുകളിലത്തെ നിലയിലെത്തി ജാക്കി മുറി അകത്തുനിന്നും പൂട്ടിയതിനാൽ ഉള്ളിൽ പ്രവേശിക്കുവാൻ സാധിച്ചില്ല.  മിസ്സ് മോണിക്കയെത്തുന്ന ദിനങ്ങളിലെല്ലാം ജാക്കിന്റെ ഒളിച്ചുകളി സാധാരണയായതുകൊണ്ട് അലോസരപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചു. ജാക്കിന്റെ ഗ്രാനിയും മോണിക്കയുമൊത്തൊള്ള  ഒരു ചിത്രമൊരിക്കൽ മമ്മയുടെ ഫോണിൽ കണ്ടിരുന്നു. ഇപ്രാവശ്യം മോണിക്കയോടൊത്തു മമ്മ  അധിക സമയം ചിലവഴിച്ചു. ശുഭരാത്രി ആശംസിച്ചു മോണിക്ക പടിയിറങ്ങിയതിനു ശേഷം മാത്രമാണ് ജാക്ക് പുറത്തുവന്നത്.  മമ്മയുടെ മുഖം പ്രസന്നമായതുകൊണ്ട് ഗൃഹപാഠത്തിന്റെ പുസ്തകങ്ങളെടുത്തു മുന്നിൽ വച്ചതും സന്തോഷത്തോടെ മറിച്ചു നോക്കുവാൻ താൽപ്പര്യം കാട്ടി. പിറ്റേന്ന് സ്കൂളു വിട്ടെത്തിയപ്പോൾ വീടുനിറയെ ക്രിസ്തുമസ്സ് അലങ്കാരത്തിനുള്ള സാമഗ്രഹികളോടൊപ്പം മമ്മയുടെ പ്രിയപ്പെട്ട വൈനായ വാസ് ഫെലിക്സ് ഫിലിയസ് ചാർഡോണെയുടെ രജതലിപികളിൽ ആലേഖനം ചെയ്ത വലിയ കുപ്പി പ്രദർശന വസ്തു പോലെ ഫ്രിഡ്ജിനു മുകളിൽ കണ്ടു.   

പള്ളിയിലെ  തിരുപ്പിറവിയുടെ നാടകാവിഷ്ക്കാരത്തിനു സാക്ഷ്യം വഹിക്കുവാൻ മമ്മയെത്തിയില്ലെങ്കിലും ജാക്ക് സഥാനം പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഊഴമെത്തിയപ്പോൾ എമിലിയോട് കൂടുതൽ ചേർന്നു നിന്നുകൊണ്ട് ജാക്കിനെ ഒളിഞ്ഞുനോക്കി പക്ഷെ അവൻ ഫോണിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അടുത്ത നാളുകളിൽ അവന്റെ ഡാഡയുടെ വീട്ടിൽ പോകേണ്ട വാരാന്ധ്യങ്ങളിൽ കൂടുതൽ മൂകനായി മാറുന്നതുപോലെ. ഡാഡയുടെ പുനർവിവാഹത്തിലുള്ള അർദ്ധസഹോദരങ്ങളുടെ വിശേഷങ്ങൾ വിവരിക്കുവാൻ  താൽപ്പര്യമെടുക്കാറില്ല. വിവിധ വർണ്ണങ്ങളിലുള്ള ദീപമാലകളാൽ വീടലങ്കരിക്കുവാനും പുൽക്കൂട് കെട്ടുവാനും ക്രിസ്തുമസ്സ് ട്രീ അലങ്കരിക്കുവാനും ജാക്ക് തന്നെ മുൻകൈയെടുത്തു. മുകളിലുള്ള ഞങ്ങളുടെ മുറിയിലെ  ജനാലയിൽ  ക്രിസ്തുമസ്സ് അപ്പൂപ്പ ഇവിടേയ്ക്ക് വരൂ  എന്ന അടയാളവും സ്ഥാപിച്ചു, ദൂരങ്ങളിൽ കാണുവാൻ പോന്ന ചുവന്ന അക്ഷരങ്ങളിൽ മിന്നിക്കൊണ്ടിരിക്കുന്ന അടയാളം. ഈ  ക്രിസ്തുമസിന്   ഡാഡിനെ കാണണമെന്നുള്ള ആഗ്രഹം എഴുത്തിലൂടെ  അപ്പൂപ്പന് വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആഗ്രഹം സാധിക്കണമെങ്കിൽ അപ്പൂപ്പൻ വീട്ടിലെത്തണമെന്നും ജാക്ക് പറഞ്ഞിരുന്നു, ക്ഷണിക്കുന്ന ഫലകം എപ്പോഴും തെളിഞ്ഞുനിൽക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചിരുന്നു.

ക്രിസ്മസ്സ് ദിനത്തിന്റെ തലേന്നു തന്നെ ജാക്ക് ഒരു സമ്മാനപ്പൊതിയുമായി തിരികയെത്തി വീണ്ടും കുറേയധികനേരം മുറിയടച്ചിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കുവാനും കൂട്ടാക്കിയില്ല. മമ്മ ഞങ്ങൾക്കുള്ള സമ്മാനങ്ങൾ പ്രതീക്ഷയുടെ പ്രതീകമായ ക്രിസ്തുമസ്സ്  ട്രീയുടെ കീഴിൽ തന്നെ സൂക്ഷിച്ചിരുന്നു. അന്നത്തെ ദിവസത്തിനു ദൂരം കൂടുതലാകുന്നതുപോലെ, എമിലിയുടെ സമ്മാനപ്പൊതി തുറന്നില്ല പക്ഷെ കാർഡിൽ നിറയെ ഡാഡിനെ  കാണുമ്പോൾ പങ്കുവയ്‌ക്കേണ്ട വിഷയങ്ങൾ അക്കമിട്ടു നിരത്തിയിരിന്നു. നാടകത്തിൽ തകർത്തഭിനയിച്ചതിന്റെ വിശേഷങ്ങളും രാജാക്കന്മാരുടെ രംഗംപ്രവേശനത്തിലെ സവിശേഷതകളും. ഡാഡയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതകളും. 

വർഷത്തിലോരിക്കൽ വിരുന്നിനെത്തുന്ന ക്രിസ്മസ്സ് പാപ്പാ ഇരുണ്ടുമൂടിയ മനസുകൾക്ക്  വെളിച്ചം പകരുന്ന സമ്മാനങ്ങളോടൊപ്പം എല്ലാവരുടെയും ആഴമേറിയ സ്വപ്നങ്ങളും സാക്ഷാൽക്കരിക്കുമെന്നുള്ള വിശ്വാസമാണ്  കാത്തിരിപ്പിന്റെ ആധാരം.അത്താഴം കഴിച്ചെന്നുവരുത്തി ഒരിക്കൽക്കൂടി എല്ലാ വിളക്കുകളും പ്രകാശം ചൊരിയുന്നുണ്ടെന്ന് ഉറപ്പുവരുത്തി നിദ്രയിലാണ്ടു. പതിവിലും കാലേ ഉണർന്നു, ആദ്യമേ അപ്പൂപ്പനെ വരവേൽക്കുന്ന അടയാളം പ്രകാശിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തി, പിന്നീട് ജാക്കിനെ ശ്രദ്ധിച്ചു നല്ല ഉറക്കത്തിലാണ്. ജാലകത്തിലൂടെ പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോൾ ആശ്ചര്യമിരട്ടിച്ചു നോക്കെത്താ ദൂരത്തോളം വെള്ളമൂടിക്കിടക്കുന്നു. ഒത്തിരിക്കാലങ്ങൾക്ക് ശേഷം വെള്ളപൂശിയ ക്രിസ്മസ്സുമെത്തിച്ചേർന്നു. 

മിന്നിത്തെളിയുന്ന പ്രകാശമൊഴിച്ചാൽ അന്ധകാരം മൂടിയ പടികളിലൂടെ ശബ്ദമുണ്ടാക്കാതെ മെല്ലെയിറങ്ങി ക്രിസ്മസ്സ് ട്രീയോട് ചേർന്നു മേശപ്പുറത്തു വച്ചിരുന്ന പാലും ബിസ്കറ്റും അപ്രത്യക്ഷമായതു കണ്ടപ്പോൾ മനസ്സിലൊരായിരം മിന്നാമിനുങ്ങുകൾ മിന്നിത്തിളങ്ങി. ട്രീയുടെ കീഴിൽ മൂന്നാമതൊരു സമ്മാനപ്പൊതിയും കൂടിക്കണ്ടപ്പോൾ പ്രതീക്ഷ പതിന്മടങ്ങായി. മൂന്നാമത്തെ സമ്മാനപ്പൊതിയുമായി മമ്മയുടെ അടഞ്ഞ മുറിവാതിലിലേയ്ക്ക് കണ്ണുനട്ട് പടിയിലിരുന്നു, മുകളിലേ മുറിയിൽ ജാക്ക്  പുതപ്പിനിടയിലൂടെ  ഊറിച്ചിരിച്ചുകൊണ്ടിരുന്നതറിയാതെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA