ADVERTISEMENT

വരത്തൻ എന്നാൽ "ജനറലി സ്പീക്കിങ് " എങ്ങുനിന്നോ ഇവിടെ വന്നു വസിക്കുന്നവർ എന്നു പറയാം. അങ്ങനെ നോക്കുമ്പോൾ നമ്മളെല്ലാം ആ ഗണത്തിൽപ്പെടുന്നു. ഒരാൾ കോട്ടയത്തുനിന്നും ഇരിങ്ങാലക്കുടയിൽ എഴുപതു  വർഷം മുൻപു വന്നു വൻ ബിസിനസുകാരനും അറിയപ്പെടുന്ന പണക്കാരനുമായതിന്റെ പിൻ തലമുറക്കാർ ഇന്നും അവിടെ അറിയപ്പെടുന്നത്   " കോട്ടയംകാരൻ "അല്ലെങ്കിൽ " ആ വരത്തൻ " എന്ന് തന്നെയാണ് . ബോംബെയിലും ഡൽഹിയിലും മദ്രാസി എന്നറിയപ്പെട്ടിരുന്ന വരത്തന്മാർ, അവിടെയെത്തുന്ന തെക്കേ ഇൻഡ്യാക്കാർ മുഴുവനുമായിരുന്നു. ഒരിക്കലും വരത്തന്മാരെ ലോക്കലുകൾ അംഗീകരിക്കാൻ മനസ്സ് തുറക്കാറില്ല തലമുറകൾ പലതു പിന്നിട്ടാലും! 

donald-trump

അമേരിക്കൻ പ്രസിഡന്റ് എന്ന പദവിയിൽ തിളങ്ങുന്ന ഒരു മഹാനും അറിഞ്ഞുകൊണ്ട് ഒരു വരത്തൻ എന്ന ദുഷ്‌പേര് കൂടി സമ്പാദിക്കാൻ ശ്രമിക്കുമെന്ന് ചിന്തിക്കാൻ പ്രയാസം. അല്ലെങ്കിൽ പിന്നെ പണവും പ്രതാപവും ഉള്ളവൻ  പുതിയ ഒരു സ്ഥലത്തേക്ക് മാറി താമസിച്ചാൽ, അവിടെയുള്ള സമ്പന്നർ തന്നെ കൂടുതൽ മാനിക്കുമെന്നും, മുൻ പ്രസിഡന്റ് എന്ന നിലയിൽ എല്ലാ ചടങ്ങ്യകളിലും വിരുന്നുകളിലും മുഖ്യാതിഥി  ആക്കി ആദരിച്ചുകൊള്ളുമെന്ന കണക്കുകൂട്ടൽ ആയിരിക്കാം . എന്നാൽ ഫ്ലോറിഡയിലെ പാം ബീച്ച് പൊതുവെ സമ്പന്നർ റിട്ടയർ ചെയ്തു വൻ കൊട്ടാരസദൃശമായ സൗധങ്ങളിൽ സമാധാനമായി ജീവിച്ചു വരുന്ന ഒരു പ്രത്യേക പ്രദേശമാണ് . അവിടെയുള്ള കോടിപതികളുമായി പെട്ടെന്ന് ഇഴുകിക്കിച്ചേർന്നു പോകാമെന്നത് , വെറും ഒരു മിഥ്യാധാരണ ആയേക്കാം. കാരണം പൂർവികന്മാരുടെ അളവില്ലാത്ത സ്ഥാവരജംഗമാദികളും കുമിഞ്ഞുകൂടിയ ധനസ്രോതസ്സുകളുടെയും അവകാശികളായി സുഖിച്ചു ജീവിക്കുന്ന മൾട്ടി മില്യണർ പൗരന്മാരാണ് അവിടെയുള്ളതിൽ സിംഹഭാഗവും . അവിടെ വന്നടിയുന്ന പുതുപ്പണക്കാരെയും രാഷ്ട്രീയ വയോധികരെയും "വരത്തൻ " ഗണത്തിൽ പെടുത്തി "മൈൻഡ് " ചെയ്യാതിരിക്കാനുമാണ് കൂടുതൽ സാധ്യത. മറ്റു പലയിടത്തുമുള്ളതുപോലെ ട്രംപ് റിസോർട്ടുകളും , ട്രംപ് ടൗവറുകളും ഫ്ലോറിഡയിൽ ഉണ്ടായേക്കാം. പാം ബീച്ചിലെ 126 മുറികളുള്ള മർ -ഏ ലാഗോ എന്ന കൊട്ടാര സദൃശമായ ട്രംപിന്റെ റിസോർട്ട് പണ്ടേ ഐൻസ്റ്റീൻ കാമകേളികളിലൂടെ കുപ്രസിദ്ധി നേടിയവയുമാണ് .  അതുകൊണ്ടു അഹങ്കാരിയും ആരെയും വക വെക്കാത്ത നിഷേധിയായ "ഒരു ബിസിനസ്സുകാരൻ " എന്നതിൽ കവിഞ്ഞ പരിഗണന ഒന്നും ഈ വരത്തനും കാംക്ഷിക്കേണ്ടതില്ലെന്നു സാരം.

ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കനേയും മാറി മാറി തുണച്ചിട്ടുള്ള ഫ്ലോറിഡാ എക്കാലത്തും അമേരിക്കൻ പ്രസിഡണ്ട് നിർണ്ണയത്തിൽ 27 ഇലക്ടറൽ വോട്ടുമായി ഇരു കൂട്ടരെയും വെള്ളം കുടിപ്പിക്കുന്ന സ്വിങ് സ്റ്റേറ്റ്  ആയി നില കൊള്ളുന്നു. അമേരിക്കയിലെ വിശാല സംസ്ഥാനങ്ങളിൽ ഒന്നായ ഫ്ലോറിഡായിൽ നിന്നും ഇതുവരെ ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ അവരോധിക്കപ്പെട്ടിട്ടില്ലാ എന്നതും ഒരു വിചിത്ര സത്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ്  പ്രചാരണത്തിൽനിന്നും മാർക്കോ റൂബിയോയും  ജെബ് ബുഷും പുറത്തായതോടെ അടുത്ത കാലത്തൊന്നും ഫ്ളോറിഡയ്ക്ക് അതിന് ഭാഗ്യം തെളിയാൻ സാധ്യതയും കാണുന്നില്ല .

അപ്പോൾപിന്നെ ട്രംപ് , ചരിത്രം തിരുത്താനാണോ കുറ്റിയും പറിച്ചോണ്ടു പാം ബീച്ചിൽ കുടിയേറുന്നതെന്നു തോന്നിയേക്കാം. കമഴ്ന്നു വീണാലും  കാൽപ്പണം എന്ന ബിസിനസ് തന്ത്രമുള്ള ട്രംപിന് ശനിദശ തുടങ്ങിയിരിക്കയല്ലേ . പണ്ടത്തേ സമ്പത്തൊന്നും കയ്യിൽ ഇല്ലെങ്കിലും , അത്ര മോശമല്ല. പല ബഹുനിലക്കെട്ടിടങ്ങളിലും ട്രംപ് എന്ന പേര് മാത്രമേ നില നിർത്തുന്നുള്ളു ബാക്കിയൊക്കെ ആമ്പിള്ളേരുടെ കൈവശ അവകാശത്തിലാണെന്നു കേൾക്കുന്നു . പ്രസിഡണ്ട് ആയിരിക്കുമ്പോൾ എങ്ങനെയും തന്റെ സാമ്രാജ്യം പച്ച പിടിപ്പിക്കാം എന്ന് കരുതിയാൽ , കഴുകന്മാരായ ഡെമൊക്രാറ്റുകൾ ഫോൺ പോലും ചോർത്തിക്കൊണ്ടിരിക്കയല്ലേ !

ഒരു പക്ഷേ ട്രംപ്  വളരെ കുശാഗ്രബുദ്ധിയോടെ ആയിരിക്കാം ലോകത്തിലെ മഹാനഗരമായ ന്യുയോർക്ക് ഉപേക്ഷിച്ചുകൊണ്ടു, 1230 മൈൽ  ദൂരെയുള്ള  ഫ്ലോറിഡായിലേക്കു വാസ സ്ഥലം മാറ്റുന്നതെന്നു അനുമാനിക്കാം. വയസ്സും പ്രായവും കുറെ ആയെങ്കിലും കുറുക്കന്റെ കണ്ണ് , പിടക്കോഴികൾ കൂടുതലുള്ള കൂട്ടിൽത്തന്നെ. ഒന്നാമത് ന്യുയോർക്ക് തന്നെ ഒരു വിധത്തിലും മാനിക്കുന്നുമില്ല സഹായിക്കുന്നുമില്ല , പിന്നെന്തിനാ ഇവിടെ ഇനിയും പേരും കളഞ്ഞു ജീവിക്കുന്നതെന്ന് പലപ്പോഴും രഹസ്യമായും പരസ്യമായും കൊട്ടിഘോഷിച്ചിട്ടുള്ളതാണ്. കൂട്ടത്തിൽ ന്യു യോർക്കിൽ കടുത്ത ജീവിതച്ചെലവും തൊട്ടതിനും പിടിച്ചതിനും ഭാരിച്ച നികുതിയും ! തന്നാൽ കഴിയുന്നവിധത്തിൽ എല്ലാ ലൂപ്‌ഹോളുകളും കണ്ടുപിടിച്ചു ടാക്സ് കൊടുക്കാത്ത പണികളൊക്കെ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും വരും കാലങ്ങളിൽ ഒന്നും കൊടുക്കാതെ സുഖമായി ജീവിക്കുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി തന്റെ ഉപദേശകർ  റിസേർച്ച് ചെയ്തുകൊണ്ടിരിക്ക ആയിരുന്നല്ലോ . താനെന്നും സമ്പന്നരുടെയും വൻ ബിസിനസ്സുകാരുടെയും കൂടെയാണെന്ന് ശത്രുക്കൾ കഥ പറഞ്ഞുപരത്തിക്കൊണ്ടു നടക്കുകയുമല്ലേ , അതൊക്കെ മുറപോലെ നടക്കട്ടല്ലേ.

ഫ്ലോറിഡായുടെ ഗുണഗണങ്ങൾ ട്രംപ് മനസ്സിലാക്കിയതിൽ ചിലതൊക്കെ നിങ്ങളും അറിഞ്ഞിരിക്കണം , എങ്കിലേ അദ്ദേഹത്തെ ശരിക്കും പിന്തുടരാൻ തോന്നുകയുള്ളൂ. 

ഒന്നാമത് തന്റെ സ്വത്തുക്കൾ മക്കൾക്ക് വെറുതേ കൊടുക്കണമെങ്കിൽ പിന്തുടർച്ചാ നിയമം പ്രാബല്യത്തിലുള്ള ചുരുക്കം ചില സ്റ്റേറ്റുകളിൽ ഒന്നാണല്ലോ ഫ്ലോറിഡാ. രണ്ടാമത് , സ്റ്റേറ്റ്  ഇൻകം ടാക്സ് എന്നത് ഫ്ലോറിഡയിൽ കേട്ട് കേഴ്‌വി പോലുമില്ല. 

കുറെ പ്രസിഡണ്ട്മാർ കുടിയേറി അടിഞ്ഞു കൂടിയ വാഷിങ്ടൺ ഡിസിയിൽ പോയി താമസിക്കാമെന്നു  ചിന്തിച്ചാൽ സ്റ്റേറ്റ് ഇൻകം ടാക്സ് 8.93% വരെയുണ്ട്. എന്നാൽ അങ്ങേയറ്റത്തുള്ള കാലിഫോർണിയായിൽ പോകാമെന്നു വിചാരിച്ചപ്പോൾ അവിടെ 13,5% ആണെന്നറിഞ്ഞു . ഏതായാലും ട്രംപിന്റെ കയ്യിൽനിന്നും ടാക്സ് വാങ്ങി ഒരു സ്‌റ്റേറ്റും നന്നാകാമെന്ന് വെറുതെ സ്വപ്നം കാണേണ്ട. 

ഫ്ലോറിഡായുടെ സിറ്റി ഏരിയാകളിൽ സെയിൽടാക്‌സും ഇല്ലെന്നു കേൾക്കുന്നു. പ്രോപ്പർട്ടി ടാക്‌സും 1.25% മാത്രമേയുള്ളു . ഇതൊക്കെത്തന്നെ ധാരാളം; എല്ലാവർഷവും  കോടികൾ നികുതിയിനത്തിൽ ലാഭിച്ചുകൊണ്ടു തന്നെ, ഒരു നികുതിയും കൊടുക്കാതെ  മക്കൾക്കും അനന്തരാവകാശികൾക്കും ട്രംപ് സാമ്രാജ്യം പിന്തുടരാനുള്ള സാധ്യതകൾ  വിനിയോഗിക്കാൻ ട്രംപ്  വാസസ്ഥലം ഫ്ലോറിഡായിലേക്കു മാറ്റുന്നത് ഉചിതമായ തീരുമാനം തന്നെ.

കാണിപ്പയ്യൂരിന്റെ കവടി നിരത്തു പ്രകാരം  മാനഹാനിയും ധനനഷ്ടവും ഒരുമിച്ചനുഭവിപ്പാൻ യോഗ്യതയുള്ള സമയമാണ് .പ്രസിഡണ്ട് ആയിരിക്കുന്ന കാലത്തോളം ഇനി വലിയ കേസോ ജയിലോ പേടിക്കേണ്ടതില്ലായിരിക്കാം, പക്ഷേ അനർത്ഥങ്ങൾ കണ്ടകശ്ശനിയിൽ എപ്പോൾ വന്നെന്നു ചോദിച്ചാൽ മതി . ഇൻപീച്ച്മെന്റ് കൊണ്ട് നേരിയ മാനഹാനി തന്റെമേൽ മറ്റുള്ളവർ മൂലം വന്ന്‌ ഭവിച്ചിട്ടുണ്ടെങ്കിലും, ഇനി ഒരു ഡോളർ പോലും ധന നഷ്ടം വരാൻ ട്രംപ് വിചാരിക്കുന്നില്ല .

വരത്തൻ എന്ന് വിളിച്ചാലും വേണ്ടില്ല; 

ലാഭിച്ചെടുക്കും  ബഹു നികുതികളഹോ 

മാനക്കേടും തേയ്ച്ചു മായ്ച്ചു മറന്ന് 

കളഞ്ഞിടും ട്രംപായാലും  കാലാന്തരേ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com