sections
MORE

ഓസ്ട്രേലിയാ കത്തിയെരിയുമ്പോൾ

TOPSHOT-AUSTRALIA-WEATHER-FIRES
SHARE

പതിനായിരക്കണക്കിന് വർഷങ്ങളായി എല്ലാ വർഷവും തന്നെ ഓസ്ട്രേലിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കാട്ടുതീ. അന്തരീക്ഷ ഊഷ്മാവ് താരതമ്യേന കൂടുകയും ഹുമിഡിറ്റി അഥവാ അന്തരീക്ഷത്തിലെ ജലകണികകളുടെ അളവ് കുറയുകയും കാറ്റിന്റെ വേഗത കൂടുകയും ചെയ്യുമ്പോൾ ചില വർഷങ്ങളിൽ ചില പ്രദേശങ്ങളിൽ അത് വളരെ മാരകമാകാറുണ്ട്. അങ്ങനെ മാരകമായ ഒരു വേനൽക്കാലമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത്. ഈ  സീസണിൽ ഉണ്ടായ കാട്ടുതീയുടെ ഫലമായി 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 15 ദശലക്ഷം ഏക്കർവരും ഇതുവരെ കത്തിനശിച്ചു. (ഇപ്പോഴും 1–ൽ കൂടുതൽ സ്ഥലങ്ങളിൽ തീ കത്തികൊണ്ടിരിക്കുകയാണ്) 50 കോടിയോളം ജീവജാലങ്ങൾക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കുന്നു. ഏതാണ്ട് 1600 ഓളം വീടുകൾ നാമവശേഷമായി. 

ആളുകൾ ഭവനരഹിതരായി തീർന്നു. സിഡ്നി തലസ്ഥാനമായുള്ള ന്യൂ സൗത്ത് വെയിൽസ് എന്ന സംസ്ഥാനമാണ് ഏറ്റവും കൊടിയ ഭീകരത നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. അവിടെ എമർജൻസി പ്രഖ്യാപിച്ചു. ജനങ്ങളെയും തീകെടുത്തുന്നവരേയും  സഹായിക്കാനായി പ്രതിരോധ സേനകളും സഹകരിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞു. ക്യാൻസ് ലാൻഡ് എന്ന സംസ്ഥാനത്ത് തീപിടുത്തം ഉണ്ടായെങ്കിലും അതിന്റെ ഭീകരത കുറഞ്ഞു. ഇപ്പോൾ തീകത്തിയ്ക്കൊണ്ടിരിയ്ക്കുന്നത് മെൽബൺ തലസ്ഥാനമായ വിക്ടോറിയാ അഡ്‌ലെയിഡ് തലസ്ഥാനമായ സൗത്ത് ഓസ്ട്രേലിയ ഹോബാർട്ട് തലസ്ഥാനമായുള്ള ടാസ്മാനിയാ എന്നീ സംസ്ഥാനങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ തീവ്രത കുറഞ്ഞുവന്നിട്ടുണ്ട്.

സാധാരണയായി ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഓസ്ട്രേലിയായിലെ വേനൽക്കാലം. ഈ സീസണിൽ വേനൽക്കാലം തുടങ്ങുന്നതിന് മുമ്പെ കാട്ടുതീ തുടങ്ങുകയായിരുന്നു. ഫെബ്രുവരി വരെയുള്ള കാലാവസ്ഥയിൽ മാറ്റമുണ്ടായില്ലെങ്കിൽ അനേകം ആളുകൾക്കും ജീവിതം ആപത്കരമായിരിയ്ക്കും.

കാട്ടൂതീ എന്നത് ഓസ്ട്രേലിയൻ വൻകരയുടെ ഒരു നിത്യ സന്ദർശകൻ എന്നപോലെയായിരുന്നു. ഏതാണ്ട്  1851 ൽ ആണ് ഓസ്ട്രേലിയയിൽ മറ്റ് രാജ്യക്കാർ എത്തുന്നത്. അതിന് ഏതാണ്ട് 50,000 വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വദേശികളായ കറുത്ത വർഗ്ഗക്കാർ ഇവിടെയുണ്ടായിരുന്നു. അവർ ആഫ്രിയ്ക്കായിൽ നിന്ന് ഇന്ത്യയിലൂടെ ഓസ്ട്രേലിയയിൽ എത്തിയതായി പറയപ്പെടുന്നു. അതുപോലെ ഓസ്ട്രേലിയ്ക്കടുത്തുള്ള ദ്വീപു സമൂഹങ്ങളിൽ നിന്നും കുടിയേറിയവരും ഉണ്ടാവാം. ആദിവാസികളായ ഇവർ കൃഷിയ്ക്കും വേട്ടയ്ക്കും തീ ഉപയോഗിച്ചിരുന്നു. അവർ ഇപ്പോഴും ഓസ്ട്രേലിയൻ സൊസൈറ്റിയുടെ ഭാഗമാണെങ്കിലും അവരുടെ തനത് സാംസ്കാരം നിലനിർത്തി മുമ്പോട്ട് പോകുന്നവരാണധികവും.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ മകുടത്തിൽ എത്തിനിൽക്കുമ്പോഴും നിർന്നിമേഷനായി മനുഷ്യൻ പകച്ച് നില്ക്കുന്നത് കാണുന്നത് പ്രകൃതിദുരന്തങ്ങളുടെ മുമ്പിലാണ്. പ്രകൃതി ദുരന്തങ്ങൾ പല രൂപത്തിൽ വരാം. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അഗ്നി പർവ്വത സ്ഫോടനം തുടങ്ങിയവ നാം കേട്ടിട്ടുള്ളതും മിക്കവയും അനുഭവിച്ചിട്ടുള്ളവയാണെങ്കിലും നാം അനുഭവിയ്ക്കാതെ അധികം പേരും കേട്ടിട്ട് പോലും ഇല്ലാത്ത പ്രകൃതി ദുരന്തമാണ് കാട്ടുതീ അഥവാ ഫോറസ്റ്റ് ഫയർ.

നമ്മുടെ നാട്ടിൽ മഴയും വെള്ളപ്പൊക്കവും ഉണ്ടാവുന്നതുപോലെ ഓസ്ട്രേലിയ പോലെ ലോകത്തിലെ ചില പ്രദേശങ്ങളിൽ  എല്ലാവർഷവും കാട്ട് തീ ഉണ്ടാകാറുണ്ട്. അമേരിയ്ക്കയിലെ കാലിഫോർണിയാ, പടിഞ്ഞാറൻ ദക്ഷിണാഫ്രിക്കാ, ചിലി, സ്പെയിനിന്റെ വടക്കൻ പ്രദേശം, പോർച്ചുഗൽ എന്നീ സ്ഥലങ്ങളിലും അതുപോലെ കാനഡയിലും റഷ്യയിലെ സൈബീരിയയിലും വരെ കാട്ടുതീ ഉണ്ടാകാറുണ്ട്. മറ്റ് സ്ഥലങ്ങളിൽ വളരെ വിരളമായേ ഉണ്ടാകറുള്ളൂ. തമിഴ്നാട്ടിൽ കാട്ടുതീ ഉണ്ടായി വനം കാണാൻ പോയ ടൂറിസ്റ്റുകളിൽ ചിലർ മരിയ്ക്കുകയും കുറെ പേർക്ക്  പൊള്ളലേല്ക്കുകയും ചെയ്തത് മറ്റുകണ്ടില്ലേ.

എന്താണ് കാട്ടുതീ ?

ഭൂമിയിലെ വനപ്രദേശങ്ങൾ അല്ലെങ്കിൽ കാട് ഏതെങ്കിലും രീതിയിൽ കത്തിയമരുന്നതിനാണ് സാധാരണയായി കാട്ടുതീ എന്ന് പറയുന്നത്. ഇതിനെ പ്രവേശനമായും രണ്ടായി തിരിയ്ക്കാം.

1. വൈൽഡ് ഫയർ – പലവിധ കാരണങ്ങളാൽ ആയിരക്കണക്കിനോ, പതിനായിരക്കണക്കിനോ, ലക്ഷക്കണക്കിനോ ഏക്കർ വനപ്രദേശങ്ങൾ അനിയന്ത്രിതമായി കത്തിയമരുന്നതാണ് വൈൽഡ് ഫയർ.

കാട്ടുതീ ഉണ്ടാകുന്നതിന്റെ ഫലമായി ലക്ഷക്കണക്കിനോ ദശലക്ഷക്കണക്കിനോ ഏക്കർ വനപ്രദേശങ്ങൾ ഓരോ വർഷവും ഭൂമിയിൽ കത്തിനശിയ്ക്കാറുണ്ട്. അതോടൊപ്പം അനേകം മനുഷ്യർക്കും കോടിക്കണക്കിന് ജീവജാലകങ്ങൾക്കും ജീവഹാനി സംഭവിക്കുകയും അനേകം വീടുകളും സ്ഥാപനങ്ങളും ബിസിനസ്സുകളും വാഹനങ്ങളും കത്തിനശിയ്ക്കുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടം ഉണ്ടാവുകയും ചെയ്യും. 

2. നിയന്ത്രിത തീ (Controlled fire) അല്ലെങ്കിൽ ആസൂത്രിത കത്തിക്കൽ (planned Burn) മുൻപ് പറഞ്ഞ വൈൽഡ് ഫയർ ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഉണ്ടാവുകയാണെങ്കിൽ അതിന്റെ തീവ്രത കുറയ്ക്കാനുമായി ജനവിധി കേന്ദ്രങ്ങളുടെ അടുത്തുള്ള കാടുകളിലെ അടിക്കാടുകൾ അതുപോലെ ഉണങ്ങിയ ഇലകൾ കമ്പുകൾ എന്നിവ കത്തിച്ചുകളയുന്നതിനാണ് കൺട്രോൾഡ് ഫയർ എന്ന് പറയുന്നത്. കൃഷി ആവശ്യത്തിനുവേണ്ടി കാടുകൾ കത്തിയ്ക്കുന്നതും ഇതിൽപ്പെടും.

ഓസ്ട്രേലിയയിൽ തന്നെ ഓരോ വർഷവും ആയിരക്കണക്കിന് ഏക്കറുകൾ ഇതുപോലെ കത്തിച്ച് കളയാറുണ്ട്. അതുപോലെ മറ്റ് രാജ്യങ്ങളിലും ചെയ്യാറുണ്ട്. എന്നാലും ചുരുക്കം ചില സന്ദർഭങ്ങളിൽ കൺ്ട്രോൾഡ് ഫയർ കൺട്രോൾ നഷ്ടപ്പെട്ട വൈൽഡ് ഫയർ ആയി രൂപപ്പെട്ടിട്ടുണ്ട്.

വൈൽഡ് ഫയറിന് സാധാരണയായി ഓസ്ട്രേലിയയിൽ പറയുന്നത് ബുഷ്ഫയർ എന്നാണ്. ഇതിനെ തന്നെ രണ്ടായി തിരിച്ചിരിയ്ക്കുന്നു.

1. ഗ്രാസ് ഫയർ – സാധാരണ നിരപ്പായ പ്രദേശങ്ങളിലെ പുൽമേടുകളിൽ രൂപപ്പെടുന്ന തീ. താരതമ്യേന അപകടം കുറവാണെങ്കിലും  കൃഷിയും കൃഷി സ്ഥലങ്ങളിലെ കെട്ടിടങ്ങളും വേലികളും ഒക്കെ കത്തിനശിയ്ക്കാൻ ഗ്രാസ്ഫയർ ഇടയാക്കും. ഇതുണ്ടായാൽ സാധാരണയായി 22 കി. മീ. വേഗതയിൽ തീ പടർന്ന് പിടിയ്ക്കും.. തീപിടിത്തം ഉണ്ടാകുന്ന സ്ഥലത്തെ കാറ്റിന്റെ വേഗത കൂടിയാൽ പടരുന്ന തീയുടെ വേഗതയും കൂടും.

2. കുന്നിൻ ചരിവുകളിൽ ഉണ്ടാകുന്ന തീപിടിത്തം. ഇതിനെ മൗണ്ടൻ ഫയർ എന്ന് പറയാറുണ്ടെങ്കിലും സാധാരണയായി ബുഷ് ഫയർ എന്നാണ് വിശേഷിപ്പിയ്ക്കാറ്. ബുഷ് ഫയറിന് ഗ്രാസ് ഫയറിന് അപേക്ഷിച്ച് വേഗത കുറയുമെങ്കിലും കാറ്റിന്റെ വേഗത കൂടിയാൽ കടൽ ഇരമ്പിക്കയറുന്ന പോലെയാവും തീകത്തിവരിക.

കാട്ടു തീ ഉണ്ടാകുന്നതെങ്ങനെ ?

കാട്ടു തീയെക്കുറിച്ച് സംസാരിയ്ക്കുമ്പോൾ സാധാരണയായി ആൾക്കാർ ചോദിയ്ക്കാൻ സാധ്യതയുള്ള ചോദ്യമാണ് എങ്ങനെയാണ് ഇത്ര വലിയ കാട്ടുതീ ഉണ്ടാകുന്നത് എന്ന് ? അതിന് ഉപോദ്ബലമായി ഓസ്ട്രേലിയെക്കുറിച്ച് അല്പം പറയാം ഓസ്ട്രേലിയായുടെ ലാൻഡ് ഏരിയാ ഏകദേശം 7.69 ദശലക്ഷം ചതുരശ്ര കി. മീ ആണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ ഇരട്ടിയിൽ കൂടുതൽ വരുമിത്. എന്നാൽ ഓസ്ട്രേലിയായുടെ ജനസംഖ്യ കേരളത്തിനേക്കാൾ കുറവാണ്. 24.6 ദശലക്ഷം മാത്രം. ഇവിടെ 134 ദശലക്ഷം ഹെക്ടർ വനഭൂമിയും നാചുറൽ പാർക്കും ഒക്കെ ആയി മാറ്റി നിർത്തിയാൽ ഭൂരിഭാഗം മരുഭൂമിയും ബാക്കിവരുന്ന ജനവാസ കേന്ദ്രങ്ങളുമാണ്.

തീരവുമായിട്ട് അടുത്ത പ്രദേശങ്ങളിലാണ് ജനങ്ങൾ കൂടുതൽലായി അധിവസിയ്ക്കുന്നത്. മെൽബൺ, സിഡ്നി, പെർത്ത്, കാൻബറ, ബ്രിസ്ബെയിൻ തുടങ്ങിയ സിറ്റികൾ എല്ലാം തന്നെ സമുദ്രതീരങ്ങൾക്ക് സമീപമാണ്.

ഇവിടുത്തെ കാലാവസ്ഥയാണ് കാട്ടുതീ ഉണ്ടാക്കാനുള്ള പ്രധാന കാരണം. ഭൂമദ്ധ്യരേഖയിൽ നിന്നും തെക്ക് മാറി ട്രോപിക് ഓഫ്  കാഫ്രിക്കോനും (23 1/2 s)  അന്റാർട്ടിക് സർക്കിളിനും (661/2 0 S) ഇടയിലായി സ്ഥിതി ചെയ്യുന്നതിനാൽ ടെമ്പറേറ്റ് കാലാവസ്ഥയാണ് ഓസ്ട്രേലിയയിൽ തെക്ക് ഭാഗങ്ങളിൽ ലഭിക്കുന്നത്. വടക്ക് ഭാഗങ്ങളിൽ കേരളത്തിന് സമാനമായ ട്രോപ്പിക്കൻ കാലാവസ്ഥയാണ് ലഭിയ്ക്കുന്നത്. ഓസ്ട്രേലിയയുടെ കൂടുതൽ ഭാഗവും  മരുഭൂമിയോ അല്ലെങ്കിൽ സെമി– എറിസ് കാലാവസ്ഥയോ ആണ്. 80% ഭാഗങ്ങളിലും 600 മി. മി താഴെയാണ് മഴ ലഭിയ്ക്കുന്നത്. അതിൽ തന്നെ 50% ഏരിയയിലും മഴ ലഭിയ്ക്കുന്നത് 300 മി. മി ൽ താഴെ മാത്രം. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ചൂട് കാലത്ത് സാധാരണയായി ഫെബ്രുവരിയിൽ ആയിരുന്നു ഏറ്റവും ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഇപ്പോൾ ഡിസംബറിൽ തന്നെ പല സ്ഥലങ്ങളിലും വളരെ ചൂട് കൂടിയതും വരണ്ടകാറ്റും കാട്ടുതീ വർദ്ധിപ്പിയ്ക്കുന്നതിന്  അനുകൂലഘടകമായി.

പിന്നെയുള്ളത് അന്തരീക്ഷത്തിലെ ജലാംശത്തിന്റെ കുറവാണ്. അതിനാൽ ഇവിടെ ചൂട് കാലത്ത് പുറത്തിറങ്ങിയാലും നമ്മൾ വിയർക്കാറില്ല. (ടെമ്പറേറ്റ് കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ) ഈ ജലാംശ കുറവ് കാട്ടുതീയ്ക്ക് അനുകൂലമായ ഘടകമാണ്.

യൂക്കാലിപ്റ്റ്സ് പോലെയുള്ള മരങ്ങളാണ് ഇവിടുത്ത പ്രധാന സസ്യജാലം. ഈ മരങ്ങളുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന ഓയിൻ തീ കത്തുന്നതിന് വളരെ സഹായകരമാണ്. അങ്ങനെ നീണ്ടു നില്ക്കുന്ന  വേനല്ക്കാലവും അന്തരീക്ഷത്തിലെ ഹുമിഡിറ്റി കുറവും വരണ്ടകാറ്റുകളും കത്താൻ സഹായകമായ ഓയിൽ ഉള്ള മരങ്ങളും കാട്ടുതീയ്ക്ക് കടന്ന് പോകാൻ പര്യാപ്തമായ അവസ്ഥ സംജാതമാക്കുന്നു.

കാട്ടുതീയ്ക്ക് അനുകൂലമായ അവസ്ഥ ആണെങ്കിലും പൊടുന്നനെ തീ പൊട്ടിപുറപ്പെടാൻ ഒരു കാരണമെങ്കിലും വേണം. ഒന്നല്ല പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായതാണ് ഇടിമിന്നൽ. ഭൂമിയിൽ ആകമാനം നോക്കിയാൽ ഏതാണ്ട് 50 മിന്നൽ ഒരു സെക്കന്റിൽ ഉണ്ടാകുന്നുണ്ട്. അതായത് ഒരു വർഷത്തിൽ 1.5 മില്യൻ  മിന്നൽ ഉണങ്ങി വരണ്ടിരിയ്ക്കുന്ന പ്രകൃതിയിലെ മരങ്ങൾക്കിടയിലൂടെ  മിന്നൽ കടന്ന് പോകുമ്പോൾ ചൂട് പിടിച്ച സ്പാർക്കുണ്ടായി കത്തൽ തുടങ്ങും. ഉപഗ്രഹ മോനിട്ടോറിംഗ് ഒക്കെയുണ്ടെങ്കിലും തീ കത്തി കുറെ കഴിഞ്ഞേ അറിയാൻ കഴിയുകയുള്ളൂ. പ്രത്യേകിച്ച് മനുഷ്യ വാസം തീരെക്കുറഞ്ഞതോ തീരെയില്ലാത്തതോ ആയ സ്ഥലങ്ങളിൽ വളരെ വേഗതയേറിയ കാറ്റുകൂടി ഉണ്ടെങ്കിൽ തീ വളരെ പെട്ടെന്ന് കത്തിപ്പടരും. മരങ്ങൾ കത്തിപ്പടർന്ന് കിലോ മീറ്റർ നീളത്തിൽ കടൽ ഇരമ്പി വരുമ്പോലെ കാറ്റിന്റെ ഗതിക്കനുസരിച്ച് മുമ്പോട്ട് പോകുമ്പോൾ അതിന്റെയടുത്ത് അടുക്കാൻ ആർക്കും സാധിയ്ക്കില്ല. ഹീറ്റ് റേഡിയേഷൻ കൊണ്ട് മരണപ്പെടും. ആകെയുള്ള പോം വഴി ആകാശ മാർഗേ ഹെലികോപ്റ്ററിലും പ്ലെയിനിലും ബോംമ്പിടുന്ന മാതിരി വെള്ളം കൊണ്ടെ ഒഴിയ്ക്കുകയാണ്. കൂടാതെ രാസപദാർത്ഥങ്ങളും  ഈ വർഷം ഉണ്ടായ കാട്ടുതീയിൽ ഏതാണ്ട് 70 മീറ്റർ ഉയരത്തിൽ വരെ തീയുണ്ടായി കത്തി മുമ്പോട്ട് പോയതായി വാർത്ത കണ്ടു. തീ ഇപ്രകാരം  കിലോമീറ്റർ നീളത്തിൽ മുമ്പോട്ട് പോകുമ്പോൾ അതിൽ  അകപ്പെടുന്നതെന്തും വെന്ത് വെണ്ണീറാകും.

പരസ്ഥിതി സൗഹൃദ ജീവിത രീതി ഇഷ്ടപ്പെടുന്ന ഓസ്ട്രേലിയക്കാർ വനങ്ങൾക്കിടയിലും വനങ്ങൾക്ക് സമീപവും വീട് വച്ച് താമസിയ്ക്കാറുണ്ട്. അങ്ങനെയുള്ള വീടുകൾക്കാണ് പ്രധാനമായും കാട്ടു തീ ഭീഷണിയായി മാറുന്നത്.

അടുക്കാൻ പറ്റാത്ത വലിയ തീയായി കത്തികൊണ്ടിരിയ്ക്കുന്ന ചില സ്ഥലങ്ങൾ മാസങ്ങളായി നിന്ന് കത്തിതീരും. വീടുകൾക്കും കെട്ടിടങ്ങൾക്കും സംരക്ഷണം കൊടുക്കുക ആൾക്കാരെ രക്ഷിയ്ക്കുക എന്നിവയ്ക്കാണ് പ്രധാന്യം കൊടുക്കുക.

ഒരു കാട്ടു തീ ഉണ്ടായാൽ അതിൽ നിന്ന് തന്നെ വേറെ പല സ്ഥലത്തും തീ പൊട്ടി പുറപ്പെടും. എങ്ങനെയെന്നല്ലേ. കത്തിക്കൊണ്ടിരിയ്ക്കുന്ന മരച്ചില്ലകൾ കാറ്റത്ത് പറന്ന് വേറെ പല സ്ഥലങ്ങളിലും എത്തി പുതിയ കാട്ടു തീയ്ക്കു തുടക്കം കുറിയ്ക്കും. അതുപോലെ വീടുകളും വാഹനങ്ങളും  കെട്ടിടങ്ങളും ഒക്കെ കത്താൻ ഇത് കാരണമാകും. ഇപ്രകാരം കത്തുന്ന മരച്ചില്ലകൾ കാറ്റത്ത്  പറന്ന് പോകുന്നതിനെ എമ്പർ അറ്റാക്ക് എന്നാണ് പറയാറ്. ഇതുമൂലം ഉണ്ടാകുന്ന ഫയറിനെ സ്പേസ് ഫയർ എന്നും പറയും. 30 കി. മീ. ദൂരം വരെ ഇപ്രകാരം തീപിടുത്തം ഉണ്ടായിട്ടുണ്ട്.

തീ കത്തൽ ആരംഭിയ്ക്കാനുള്ള മറ്റ് പല കാരണങ്ങൾ 

1. സിഗരറ്റ് കുറ്റി കെടുത്താതെ വലിച്ചെറിയുക. 2. അലക്ഷ്യമായി വലിച്ചെറിയുന്നതോ, വീണു പോകുന്നതോ ആയ തീപെട്ടി, 3. വാഹനങ്ങളുടെ പുകയിലൂടെ പുറത്ത് വരുന്ന  സ്പാർക്ക് , കൃഷിയാവശ്യത്തിന് കൃഷിക്കാർ തീയിടുന്നതിൽ നിന്നും പടർന്ന് പിടിച്ച് നിയന്ത്രണാതീതമാകുന്ന തീ , അടിക്കാടുകൾ കത്തിച്ച് കളയുമ്പോൾ അതിൽ നിന്നും പടർന്ന് പിടിയ്ക്കുന്ന തീ, അറിഞ്ഞുകൊണ്ട് തീയിടൽ തുടങ്ങിയ പല കാരണങ്ങളാലും ആകും വളരെ വലിയ മാസങ്ങളോളം കത്തിനിൽക്കുന്ന തീയുടെ തുടക്കം. കഴിഞ്ഞ ഡിസംബറിൽ ക്വീൻസ് ലാൻഡ് എന്ന സംസ്ഥാനത്തുണ്ടായ വ ളരെ വലിയ ഒരു കാട്ടു തീ ടീനേജ് പ്രായക്കാരായ രണ്ട് പേർ ചേർന്ന് കത്തിച്ചതാണെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു മിലിട്ടറി എക്സർസൈസ് നടന്നപ്പോൾ പൊട്ടിച്ച സ്ഫോടനത്തിൽ നിന്നാണ് വേറൊരു കാട്ടുതീ ഉണ്ടായത്. കൃഷിക്കാരായ ആൾക്കാരുടെ ജോലിക്കിടയിൽ ഏതെങ്കിലും മെഷിനറിയുടെ ലോഹപാർട്ട് കല്ലിൽ മുട്ടി സ്പാർക്കുണ്ടായാൽ പോലും പെട്ടെന്ന് കത്തി, തീ പടരും അതുപോലെ കാമ്പ ഫയറിൽ നിന്നും ഇലക്ട്രിക് ലൈനിൽ നിന്നുള്ള സ്പാർക്കും തീയുണ്ടാകുന്നു. വനങ്ങൾ കത്തി ഉയർന്നു പൊങ്ങുന്ന പൊടിപടലങ്ങളും കാർബണും കൂടി ചേർന്ന് പൈറോ കുമു ലോനി ബസ് എന്ന പേരിൽ പുതിയ മേഘം രൂപപ്പെടുന്നതായും അതിൽ നിന്നും മിന്നൽ ഉണ്ടായി പുതിയ കാട്ടുതീ രൂപ്പെടുകയും ചെയ്യുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്.

ഒരു സംസ്ഥാനത്ത് നൂറ് കണക്കിന് സ്ഥലങ്ങളിലാവും ഒരേ സമയം കാട്ടു തീയുണ്ടാകുന്നത്. ആയിരക്കണക്കിന് ആൾക്കാരും നൂറു കണക്കിന് ട്രക്കുകളുമാണ് തീകെടുത്താനുള്ള പ്രയത്നത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നത്. അതിൽ നല്ലൊരു വിഭാഗം പ്രതിഫലം വാങ്ങാതെ വോളണ്ടിയറായി പ്രയത്നിയ്ക്കുന്നവരാണ്.  ഇതുകൂടാതെ ഹെലികോപ്റ്ററുകളും വാട്ടർ ബോംബാർ എയർക്രാഫ്റ്റുകളും ഉപയോഗിയ്ക്കുന്നു.

കാലാവസ്ഥാ വ്യതിയാനം കാട്ടുതീയ്ക്ക് കാരണമാകുമോ ?

പലരും ചോദിയ്ക്കുന്ന ചോദ്യമാണിത്. ഒറ്റ ഉത്തരമേ ഉള്ളൂ. തീർച്ചയായും ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കൂടികൂടി വരികയായിരുന്നു. ലോകത്ത് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള IPCC (Inter governmrtsl Panel on Climate Change)  എന്ന സംഘടനയുടെ പ്രവർത്തന ഫലമായി യൂറോപ്പിലെ കുറെ രാജ്യങ്ങളും ഓസ്ട്രേലിയയും ഹരിത വാതകങ്ങളുടെ പുറന്തള്ളലിൽ കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും അന്തരീക്ഷത്തിൽ ഇപ്പോഴുള്ള ഹരിതഗ്രഹ വാതകങ്ങളുടെ പ്രവർത്തന ഫലമായി കൂടി അന്തരീക്ഷ ഊഷ്മാവ് ഓരോ വർഷവും കൂടി വരുന്നതായി നമുക്ക് കാണുവാൻ സാധിയ്ക്കും. അതുപോലെ വരൾച്ചയുടെ കാലദൈർഘ്യം കൂടുകയും ചെയ്യുന്നു. ഇത് രണ്ടും കാട്ടുതീയുടെ തീവ്രതയും ദൈർഘ്യവും അതുപോലെ വ്യാപ്തിയും വർദ്ധിപ്പിക്കുമെന്ന് ലേഖകന്റെ ഉൾപ്പെടെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ സമുദ്ര ജലപ്രവാഹങ്ങളിലെ വ്യതിയാനങ്ങൾ, എൽനിനേ പോലെയുള്ള പ്രതിഭാസങ്ങൾ മുതലായവ അന്തരീക്ഷ ഊഷ്മാവ് വർദ്ധിയ്ക്കാൻ കാരണമാകുന്നു.

ഓസ്ട്രേലിയയിൽ ഉണ്ടായിട്ടുള്ള പ്രധാന കാട്ടുതീ അതിന്റെ വിശദാംശങ്ങളും താഴെ കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ നിന്നും മനസ്സിലാക്കാം.

കാട്ടുതീ തീയതി കത്തിയ ഭാഗത്തിന്റെ  മരിച്ച 

കൊടുത്തിരിക്കുന്ന പേര്       വിസ്തീർണ്ണം. (ഏക്കറിൽ) മനുഷ്യരുടെ എണ്ണം

1. ബ്ലാര് കേഴ്‌സ്ഡേ ഫയർ 6 ഫെബ്രുവരി– 1851 12,000,000 12

2. Red Tuesday Five 1-02-1898 6,40,000 12

3. 1926 കാട്ടുതീ ഫ്രെബ്രുവരി– മാർച്ച് 60

4. കറുത്ത വെള്ളി ഡിസംബർ –1938

ജാനുവരി –1939 4,900,000 71

5. 1944 കാട്ടുതീ 14 ജാനുവരി 1944

14 ഫെബ്രുവരി 2,500,000 15–20

6. കറുത്ത ഞായർ 2 ജാനുവരി 1955 3,95000 2

7. 1962 കാട്ടുതീ 14–16 ജനുവരി 1962 32

8. കറുത്ത ചൊവ്വ 7 ഫെബ്രുവരി 1967 6,50,000 62

9. നീലകുന്ന് ഫയർ 29 നവംബർ 1968 4

10. 1969 കാട്ടുതീ 8 ജാനുവരി 1969 23

11. മൂല– കൊറിനിയ ഫയർ മിഡ്– ഡിസംബർ 1974 2,760,000 3

    1974–75 ന്യൂ 1974175 

12. സൗത്ത് വെയിൽസ് സീസൺ 11,000,000 6

13. പടിഞ്ഞാറൻ ജില്ലാ ഫയർ 12 ഫെബ്രു. 1977 2,50.000 4

14. നീലമല ഫയർ 1977 17 ഡിസം 1977 1,30,000 2

15. പടിഞ്ഞാറൻ ഓസ്ട്രേലിയ 4എപ്രിൽ 1978 2,80,000 2

16. 1979 സിഡ്നി ഫയർ ഡിസം– 1979 5

     1980 വെള്ളച്ചാട്ടം ഫയർ 3 നവംബർ 1980 2,500,000 5

17.  Gray പോയിന്റ് ഫയർ 9 ജാനുവരി 1983 3

18.  ആഷ് Wednesday 16 Feb 1983 1,030,000 75

 19. 1984185  ന്യൂ 1984185

20. സൗത്ത് വെയിൽസ് സീസൺ   8,600,000 5

21. കിഴക്ക് ഡീ ബോർഡ് ഫയർ 27 ഡിസം 93

16 ജനുവരി 94   990,000 4

22. ലിന്റൺ ഫയർ 2 ഡിസംബർ 1998 5

23. 2003 Canberva 18-22 ജനുവരി1993 400,000 4

24. അയർപെനിൻസുലാ ഫയർ 10–12 ജനുവരി 2005 192,650 9

25. 2005 വിക്ടേനിയൻ ഫയർ ഡിസംബർ 2005

ജാനുവരി 2006 400,000 4

26. 2006 ഗ്രാബിയൻസ് ഫയർ ജനുവരി 2006 450,000 2

27. ഓസ്ട്രേലിയൻ കാട്ടുതീ സെപ്റ്റംബർ 2006

ജനുവരി 2007 3,400,00 5

28. ബ്ലാക് ശനി ഫയർ 7 ഫ്രെബു 2009

14 മാർച്ച് 1,100,000 173

29. 2015 എസ്പിയർൻസ്

     കാട്ടുതീ ഒക്ടോ–നവം–2015 490,000 4

    മരിറോഡ് ഫയർ ജനുവരി 2016 170,910 2

    2019–20 ആസ്ട്രേലി 5 സെപ്റ്റംപർ

   യൻ കാട്ടുതീ Joresent 16,000,000 25

കാട്ടുതീയുടെ അനന്തരഫലങ്ങൾ

വൃക്ഷങ്ങളെല്ലാം കത്തിക്കരിഞ്ഞ് ചാരമായി ചത്ത് കരിഞ്ഞ് കിടക്കുന്ന മൃഗങ്ങളുടെ ശവപ്പറമ്പായിരിയ്ക്കും. കാട്ട് തീയ്ക്കുശേഷം കാണാൻ കഴിയുക ഇതുപോലെ തന്നെ ഹൃദയ ഭേദകമാണ് കത്തിക്കരിഞ്ഞുപോയ നൂറുകണക്കിന് വീടുകളും അതിനുള്ളിലെ സാധനസാമഗ്രികളും പലരും ഉടുതുണി മാത്രമായോ അത്യാവശ്യം ഒരു കാറിൽ കൊള്ളാവുന്ന സാധന സാമഗ്രികളുമായോ രക്ഷപ്പെട്ടവർ ആയിരിയ്ക്കും. അതിലെല്ലാം ഉപരിയാണ് നഷ്ടപ്പെട്ട മനുഷ്യജീവനുകൾ. ഓസ്ട്രേലിയായിൽ എല്ലാവർഷവും എവിടെയങ്കിലുമൊക്കെ കാട്ടുതീ ഉണ്ടാകാറുണ്ട്. മിക്കവാറും വർഷങ്ങളിലും രണ്ട് മനുഷ്യ ജീവനെങ്കിലും പൊലിഞ്ഞതായി കാണാറുണ്ട്. ഏറ്റവും കൂടുതൽ മനുഷ്യർ കാട്ടുതീയിൽപ്പെട്ട് മരിച്ചത് പത്ത് വർഷം മുമ്പ് 2009 ഫെബ്രുവരി മാസത്തിൽ വിക്ടോറിയ എന്ന സംസ്ഥാനത്തുണ്ടായ കാട്ടുതീയിൽപ്പെട്ടാണ്. കറുത്തശനിയിലെ കാട്ടുതീ (Block Saturday Fire) എന്നാണ് അറിയപ്പെടുന്നത്. അന്ന് ഫെബ്രുവരി മാസത്തിലെ ആദ്യശനിയാഴ്ച 07–ാം തീയതി ഏതാണ്ട് 400 കാട്ടുതീ പല സ്ഥലങ്ങളിലായി കത്തിക്കൊണ്ടിരുന്നു. അന്തരീക്ഷ  ഊഷ്മാവ് 45-C മുകളിൽ ആയിരുന്നു. ഹുമിഡിറ്റി 2% ന് താഴെ കാറ്റ് 100  കി. മീ ന് മുകളിൽ ഒരു വലിയ പവർലൈൻ പൊട്ടി വീണ് പുല്ലിൽ പിടിച്ച തീ പൈൻ തോട്ടങ്ങളിലൂടെ പടർന്നു ജനവാസമേഖലയിലെത്തി ഏതാണ് 2000 വീടുകൾ അഗ്നിക്കിരയായി അതുപോലെ 173 മനുഷ്യജീവനും.

ഇപ്പോഴത്തെ കാട്ടുതീയിൽ ഏതാണ്ട് 25 പേർ മരിച്ചതായി കണക്കാക്കുന്നു. (4 പേർ മിസ്സിംഗ്) എന്ന് ലിസ്റ്റിൽ ആണ്)

കാട്ടുതീയുടെ അനന്തരഫലം പലതായി തിരിച്ച് പരിശോധിയ്ക്കേണ്ടതാണ്. ഉദാഹരണത്തിന്  മനുഷ്യന്റെ ജീവനും സ്വത്തിനും ഉണ്ടാക്കുന്ന നാശനഷ്ടം, കാട്ടുതീയിൽ നിന്നും രക്ഷപ്പെട്ടവരും മനസ്സിനുണ്ടാകുന്ന ആഘാതം, രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം, രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയിൽ ഉണ്ടാകുന്ന നഷ്ടം. അന്തരീക്ഷ മലിനീകരണത്തിലൂടെ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിസ്ഥിയ്ക്കുണ്ടാകുന്ന നഷ്ടവും മലിനീകരണവും ഇങ്ങനെ അനേകം അനന്തര ഫലത്തെക്കുറിച്ച് പ്രതിപാദിയ്ക്കേണ്ടതുണ്ട്. ഒരു ലേഖനം എന്നതിൽ ചെറിയ രീതിയിൽ പ്രതിപാദിയ്ക്കാം.

മനുഷ്യന്റെ ജീവനാണ് ലോകത്ത് എന്തിനേക്കാളും വിലകല്പിയ്ക്കേണ്ടത്. ഓസ്ട്രേലിയയിൽ ഇതുവരെ ഏതാണ്ട് 25 ആളുകൾക്ക് ഈ വേനക്കാലത്തിൽ രൂപപ്പെട്ട കാട്ടുതീയുമായി ബന്ധപ്പെട്ട ജീവഹാനി സംഭവിച്ചിട്ടുണ്ട്. അവരുടെ കുടുംബത്തിന്റെയും സബന്ധുക്കളുടെയും ദുഃഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മരിച്ചതിൽ രണ്ടു പേർ വോളണ്ടിയർ ആയി ഫയർ ഫയറ്റിംഗ് ജോലിക്ക് വന്നവരാണ്. പലരും മരിച്ചത് തങ്ങളുടെ ഭവനങ്ങളെ തീയിൽ നിന്നും രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ്.

ഏതാണ് 1600 ഓളം വീടുകൾ ഇതുവരെ കത്തിപ്പോയി അവിടങ്ങളിൽ താമസിച്ചിരുന്നവർ ചില നിമിഷങ്ങൾ കൊണ്ട് ഭവനരഹിതരായി. പലരുടേയും കൺമുമ്പിലാണ് അവരുടെ വീടുകൾ കത്തിപ്പോയിരിയ്ക്കുന്നത്. ഒന്നോർത്ത് നോക്കുക തങ്ങളുടെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ വീടും അതിലുള്ള സാധന സാമഗ്രികളും കത്തിപ്പോയാലുള്ള അവസ്ഥ അവയിൽ ഓരോരുത്തരുടേയും ജീവിതത്തിലുള്ള വിലമതിയ്ക്കാനാകാത്ത വസ്തുക്കളും കാണും. വീടു നഷ്ടപ്പെട്ടവരുടെ താമസവും മറ്റും ഗവൺമെന്റ് ഏറ്റെടുക്കും. ഇൻഷുറൻസ് കവറേജ് ഉള്ള വീടുകൾക്കൊക്കെ ഇൻഷുറൻസ് തുക ലഭിയ്ക്കും. ഇൻഷുറൻസ് ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുക ഗവൺമെന്റിന്റെ ബാധ്യതയാകും വലിയ തുക ഒന്നിച്ച് കൊടുക്കേണ്ടി വരുമ്പോൾ ഇൻഷുറൻസ് കാമ്പനികൾ നട്ടം തിരിയും. അതു പോലെ കാട്ടുതീ വീടുകളും ഇൻഷുറൻസ് പ്രീമിയം വർദ്ധനയ്ക്കും  വീടുകളെപ്പോലെ ബിസിനസ്സുകളും തകർന്നതായി കണ്ടു. കാടിന് നടുവിൽ ഉണ്ടായിരുന്ന ഒരു മനോഹര റിസോർട്ട് കത്തിപ്പോയി. ആൾക്കാർ ഒഴിഞ്ഞ് പോയതും തീ കാരണം പല സ്ഥലങ്ങളിലും ജീവിയ്ക്കാൻ പറ്റാതായതും അനേകം ബിസിനസ്സുകളെ ബാധിച്ചിട്ടുണ്ട്.

കൃഷിക്കാരാണ് കാട്ടുതീ വളരെയധികം ബാധിച്ച മറ്റൊരു കൂട്ടർ. പലയിടത്തും കൃഷികൾ മുഴുവനായി ആപ്പിൾ– മുന്തിരിതോട്ടങ്ങൾ മുഴുവനായി കത്തിപ്പോയി. അത് ആപ്പിളിനും മുന്തിരിയ്ക്കും അതുപോലെ വൈനിനും മദ്യത്തിനും വില  ഉയരാൻ കാരണമാകും. ലക്ഷക്കണക്കിന് ആടുകൾക്കും കന്നുകാലികൾക്കും ജീവഹാനി  സംഭവിച്ചത് കാണാൻ സാധ്യതയുണ്ട്. കണക്കുകൾ ഒക്കെ ശരിയായി പുറത്തുവരാൻ ദിവസങ്ങൾ എടുക്കും.

‌കത്തിയെരിഞ്ഞവയുടെ  കൂട്ടത്തിൽ അവധിക്കാല റിസോർട്ടുകളും പെട്രോൾ സ്റ്റേഷനുകളും കടകളും അനേകം വാഹനങ്ങളും ഹോസ്പിറ്റലും ഉൾപ്പെടും. അതുപോലെ അനേകം ജീവജാലകങ്ങൾക്ക് പരിക്ക്പറ്റിക്കിടക്കുന്നു. അവയെ ചികിത്സിക്കുന്നു. അതുപോലെ രക്ഷപെടാൻ സാധ്യതയില്ലാത്തവരെ യൂത്തനേഷ്യാ നടത്തുന്നു.

പോലീസുകാർ ഓരോ വീടുകളിലും കയറിയിറങ്ങി നാശനഷ്ടങ്ങൾ കണക്കാക്കുമ്പോൾ ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാർ കത്തിപ്പോയതും നശിച്ചതുമായ ലൈനുകൾ ശരിയാക്കിക്കൊണ്ടിരിക്കുന്നു.

പലസ്ഥലങ്ങളിലേയും ടൂറിസം ബിസിനസ് തകർന്നു.

പാരിസ്ഥിതിക പ്രശ്നങ്ങൾ

കാട്ടുതീ മൂലം പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ് . ദശലക്ഷക്കണക്കിനു ഏക്കർ വനഭൂമി കത്തിയ പുകയും അതോടൊപ്പമുള്ള കരിയും കാർബൺ മോണോക്സൈഡ് (കാർബൺ ഡൈ ഓക്സൈഡ് (CO2), നൈട്രേജൻ ഓക്സൈഡ് (N0/No2) തുടങ്ങിയ വാതകങ്ങളും എല്ലാം കൂടി മുകളിലേയ്ക്കുർന്ന് പൊങ്ങി കടുത്ത ചൂടോടെ രൂപപ്പെടുന്ന മേഘപടലം പൈറോകുമിലോനിംമ്മസ് എന്ന പേരിൽ അറിയപ്പെടുന്നു. അത് പുതിയ കാട്ടുതീയ്ക്ക് തുടക്കം കുറിയ്ക്കും.

അന്തരീക്ഷത്തിലേയ്ക്കു ഉയർന്ന് പൊങ്ങിയ വാതകം അന്തരീക്ഷത്തിൽ ഉള്ള ഹരിതഗ്രഹ വാതകങ്ങളുടെ അളവ് കൂട്ടുകയും അത് വരും വർഷങ്ങളിൽ ചൂട് കൂടുന്നതിന്  കാരണമാകുകയും ചെയ്യും.

കോടിക്കണക്കിന് വൃക്ഷങ്ങളാണ് കത്തിയമരുന്നത്. അത് ഭൂമിയിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിയ്ക്കും.

പുകയും മുകളിലേയ്ക്ക് ഉയർന്ന ചെറിയ കണങ്ങളും അന്തരീക്ഷ മലീനകരണം ഉണ്ടാക്കുന്നു. ഇത് കാട്ടുതീ ഉണ്ടായ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് കി. മീ. ദൂരം കാറ്റിലൂടെ സഞ്ചരിയ്ക്കും. ന്യൂസലൻഡിൽ വരെ ഇവ എത്തിച്ചേർന്ന് അന്തരീക്ഷത്തിന് ഒരു ഓറഞ്ച് കളറായി മാറിയിരുന്നു. ഇപ്രകാരമുള്ള അന്തരീക്ഷ മലിനീകരണം പലവിധത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് ആസ്മായുള്ളവർക്ക് ഇത് രോഗം മൂർച്ചിയ്ക്കുന്നതിന് ഇടയാകും. കാട്ടു തീ ഉണ്ടായ പല സ്ഥലങ്ങളിലും രോഗികളുടെ എണ്ണം, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധിയായ രോഗികളുടെ എണ്ണം വർദ്ധിച്ചതായി പഠനങ്ങളിൽ കാണുന്നുണ്ട്. ഇപ്രകാരം കാട്ടുതീ മുഖാന്തിരം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ആഴ്ചകളും മാസങ്ങളും വരെ ചില സ്ഥലങ്ങളിൽ നീണ്ട് നിൽക്കും. അതുപോലെ ഈ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈ ചെറിയ പദാർത്ഥങ്ങൾ അടുത്ത മഴയോടൊപ്പം  ഭൂമിയിൽ പതിയ്ക്കുകയും അത് ജലസ്ത്രോതസുകളുടെ മലിനീകരണത്തിന് കാരണമാകുകയും ചെയ്യും.

എടുത്ത് പറയേണ്ട സംഗതിയാണ് കത്തിയെരിഞ്ഞ ചാരം ഉണ്ടാകുന്ന മലിനീകരണം. മനുഷ്യരും ജീവജാലങ്ങൾക്കും ആവശ്യമില്ലാത്തതും രോഗാണു ഉണ്ടാക്കുന്നതുമായ പല രാസപദാർത്ഥങ്ങളും ചാരത്തിൽ കാണപ്പെടുന്നു. കൂടുതൽ കാറ്റുണ്ടാകുമ്പോൾ ഇവ കാറ്റിലൂടെ പാറി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും  ആയിരക്കണക്കിന് കി. മീ. ദൂരം വായുവിലൂടെ സഞ്ചരിയ്ക്കുകയും ചെയ്യും. അങ്ങനെ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വളരെ ദൂരെയുള്ള സ്ഥലങ്ങളിലും വായുമലിനീകരണവും അതുപോലെ ചെറിയ തോതിലാണെങ്കിലും ജലമലിനീകരണവും ഉണ്ടാകും. കാറ്റിൽ പറന്ന് പോകാതെ മണ്ണിൽ കാണപ്പെടുന്ന ചാരം അടുത്ത മഴയുണ്ടാകുമ്പോൾ ഒഴുകി തോട്ടങ്ങളിലും നദികളിലും ഡാമുകളിലും കായലുകളിലും കടലിലുമെത്തി മലിനീകരണമുണ്ടാകും. അത് ജലസ്രോതലുകളിലെ ജീവികളെ ബാധിയ്ക്കാം.

കാട്ടുതീ മണ്ണൊലിച്ചിൽ വളരെയധികം വർദ്ധിപ്പിയ്ക്കും ഏതാണ് 2–100% വരെ മണ്ണൊലിച്ചിൽ വർദ്ധിയ്ക്കാറുണ്ടെന്ന് പഠനങ്ങളിൽ കാണുന്നു ഇപ്രകാരം ഫലപുഷ്ടിയായ മേൽമണ്ണ് നഷ്ടപ്പെടുന്നത് കർഷകരെയും സസ്യങ്ങളുടെ വളർച്ചയേയും ബാധിയ്ക്കും.

തോടുകളിലും നദികളിലും അതുപോലെ ഡാമുകളിലും അടിഞ്ഞ് കൂടി ഡാമിന്റെ ആഴം കുറയ്ക്കുകയും നദികളിലം നീരൊഴുക്ക് തടസ്സപ്പെടുത്തുകയും  ചെയ്യും.

അനേകം തോട്ടങ്ങൾ കത്തിപ്പോയിട്ടുള്ളതിനാൽ വരും വർഷങ്ങളിൽ തടിക്ക് ദൗർലഭ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പറയാതെ പോയത് ജീവജാലങ്ങളെക്കുറിച്ചാണ്. അവയുടെ എണ്ണം കോടിക്കണക്കിന് വരും.  അതിൽ ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ആയിരക്കണക്കിന് ജീവികളും ഉൾപ്പെടും. കാട്ടു തീ ഉണ്ടായ വഴി ഏകദേശം 15 ദശലക്ഷം ഏക്കറിലെ ആവാസവ്യവസ്ഥയാണ്. നശിപ്പിക്കപ്പെട്ടത് അതുപോലെ ജൈവവൈവിധ്യങ്ങളും അത് മുൻപിലെ പോലെ തിരിച്ചെത്തണമെങ്കിൽ അനേക വർഷങ്ങൾ വേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA