sections
MORE

ശാസ്ത്രസംവാദം- വായനാസ്വാദനം

sasthrasamvadam
SHARE

ഒരു പുസ്തകത്തിന് ഒരുപാട് പുസ്‌തകങ്ങളുടെ ഗുണം നൽകാനാകുമോ? അതും കേവലം ഇരുനൂറ് പേജുകളിലൂടെ? എന്നാൽ അത്തരം ഒരനുഭവം ലഭിയ്ക്കുന്ന പുസ്തകമാണ് വി.ഡി.ശെൽവരാജിന്റെ 'ശാസ്ത്രസംവാദം'. ഒരേസമയം ചരിത്ര സ്നേഹികൾക്കും, ശാസ്ത്ര കുതുകികൾക്കും, വൈദ്യശാസ്ത്ര പ്രേമികൾക്കും താൽപര്യമുളവാക്കുന്ന അഭിമുഖങ്ങൾ, ജീവിത വിജയകഥകൾ ഇതൊക്കെയാണ് ആറ് പ്രതിഭകളുമായുള്ള സംവാദത്തിന്റെ ഈ പുസ്തകം. പൊടുന്നനെ നിങ്ങൾ ഒരുപറ്റം പ്രഗത്ഭരുടെ കൂടെ സംവാദത്തിനും ചർച്ചയ്ക്കും ഇരിക്കുന്ന പ്രതീതി 'ശാസ്ത്രസംവാദ'ത്തിൽ വായനക്കാർക്ക് അനുഭവിയ്ക്കാം. ഡോ: ഇ.സി.ജി. സുദർശൻ, ഡോ: എം. എസ്. വല്യത്താൻ, ഡോ: ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫ്, ഡോ: താണു പത്മനാഭൻ, ഡോ: പി.കെ.വാരിയർ, ഡോ: എ.അജയഘോഷ് എന്നിങ്ങനെ സ്വന്തം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും പ്രശസ്‌തി നേടുകയും ചെയ്‌ത ആറ് മലയാളികൾ മനസ്സ് തുറക്കുകയാണിവിടെ.

ഡോ: സുദർശന്റെ ജീവിതത്തിലേക്ക് വന്നാൽ;  ചരിത്രം, ഭാഷ, ഉപമകൾ, സംസ്‍കാരം, ശാസ്ത്രം, പ്രപഞ്ചം എന്നിങ്ങനെ ഒരേസമയം പല വിഷയങ്ങൾ കടന്നുവരുന്നു. തന്നെ മറവി ബാധിച്ചെന്നും പലകാര്യങ്ങളും ഓർക്കുന്നില്ല എന്നും പറയുന്ന അദ്ധേഹം ഉരുവിടുന്ന സംസ്‌കൃത ശ്ലോകങ്ങളും, തന്റെ പേരുമാറ്റിയതിന്റെ അനുഭവങ്ങളും ഒക്കെ തുറന്നുവച്ച ചരിത്ര പുസ്‌തകം പോലെ അടുക്കും ചിട്ടയോടെയും വർണ്ണിക്കുന്നത് വായനക്കാരിൽ ആശ്ചര്യവും ആനന്ദവും നിറയ്ക്കുന്നതാണ്. പഴമകളിൽ നിന്നും മുത്തുകൾപോലെ ചിലത് അവതരിപ്പിക്കുന്ന പുതുമയുള്ള കഥകൾ. 

'ഹൃദയം തുറന്ന് വല്യത്താൻ', 'തൃപ്തിയുള്ള ജീവിതം' എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കുന്ന ഡോ: വല്യത്താന്റെ ജീവിതാനുഭവത്തിന്റെ കഥകളാണ് ഈ പുസ്‌തകത്തിൽ എടുത്തുപറയേണ്ട ഭാഗം. വായനക്കാരൻ ഇതുവരെ കാണാത്ത, കേൾക്കാത്ത 'വല്യ' വല്യത്താൻ അനുഭവങ്ങളിലേക്ക് കൈപിടിച്ച് നടത്തികൊണ്ടുപോകുന്നത് പ്രേത്യേക സുഖമുള്ളതാണ്. തിരുവിതാംകൂർ ചരിത്രം, പഠനകാല അനുഭവങ്ങൾ, ശ്രീചിത്രയിലേക്കുള്ള വരവും പ്രതിസന്ധികളും വളർച്ചയും, ഹൃദയമാറ്റ ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ, കൃത്രിമമായി കേരളത്തിൽ ഹൃദയ വാൽവ് കണ്ടുപിടിച്ചതും അത് നിർമിക്കുന്നതിനു പിന്നിലെ ഭഗീരഥ പ്രയത്നങ്ങളും, പൊടുന്നനെ എല്ലാം വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റം, അവസാനം ആയുർവേദത്തിലേക്കുള്ള പറിച്ചുനടീൽ എന്നിങ്ങനെ സംഭവബഹുലമായ ജീവിതം പൊതുസമൂഹത്തിനു നേരെ ഡോ: വല്യത്താൻ തുറന്നുവയ്ക്കുന്നു. ചരകൻ, ശുശ്രുതൻ, വാക്ഭടൻ എന്നീ ആചാര്യന്മാരെയും ഒപ്പം ആയുർവ്വേദം, അഷ്ടാംഗഹൃദയം, ആധുനിക വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ നീണ്ടുപരന്നുകിടക്കുന്ന തൻറെ അറിവിൻറെ ഭണ്ഡാരം അദ്ദേഹം നമുക്ക് മുന്നിൽ തുറക്കുമ്പോൾ വായനക്കാരന് ഇതിൽ കൂടുതൽ എന്തുവേണം? ആ അറിവിൻറെ ആഴിയിലെ മുത്തും പവിഴവും ആർക്കാണ് നിരസിക്കാനാവുക? പുസ്‌തകത്തിന്റെ കൂടുതൽ പേജുകളും നീക്കിവച്ചിരിക്കുന്നത് ഡോ: വല്യത്താനുവേണ്ടിയാണ്. അത് വായനക്കാരന് പ്രയോജനപ്രദമാണുതാനും.

ജനനം കൊണ്ട് കേരളീയനായ ഡോ: ജോർജ്ജ് ഗീവർഗീസ് ജോസഫിന്റേതാണ് അടുത്ത ഭാഗം. വിദേശത്ത് വളർന്ന് ജോലി ചെയ്‌ത്‌ ജീവിക്കുന്നെങ്കിലും കണക്കുകളുടെ ആ ജീവിതത്തിലേക്ക് വരുമ്പോൾ ഒരു പക്കാ മലയാളിയെയാണ് കാണാനാവുക. ഗണിതത്തിൽ കേരളം നടത്തിയ മുന്നേറ്റങ്ങളാണ് ഇവിടെ കൂടുതൽ പ്രതിപാദ്യവിഷയം. ഗണിത ശാസ്ത്രത്തിൽ കേരളത്തിന്റെ സംഭാവനകളും, അതിൽ നടത്തുന്ന അന്വേഷണങ്ങളും ആത്മാഭിമാനത്തോടെ ഓരോ കേരളീയനും നോക്കികാണേണ്ടതാണ്. കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, കാൽക്കുലസ് എന്നിവയിലൂടെ സഞ്ചരിച്ച്, കേരളത്തിൻറെ ചരിത്രത്തിലേക്ക് ഊളിയിട്ട്  പ്രശസ്‌തരായ ഒരുപിടി ഗണിതവിധ്വൻമാരെ ഡോ: ജോർജ്ജ് ഗീവർഗീസ് ജോസഫ് കാട്ടിത്തരുന്നത് വായനക്കാർക്ക് പുതിയ അനുഭവമായി ഭവിക്കുന്നു. 

മഹാപ്രപഞ്ചത്തെപ്പറ്റിയും, സൂര്യനെയും ഇതര നക്ഷത്രങ്ങളെപ്പറ്റിയും, ക്ഷീരപഥത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചും ഒക്കെ ഇഴകീറി പരിശോധിക്കുന്ന പുസ്തകത്തിലെ ഭാഗമാണ് 'മഹാപ്രപഞ്ച വഴി' എന്ന ഡോ: താണു പത്മനാഭന്റെ അനുഭവങ്ങൾ. ഒരു അധ്യാപകൻ തന്റെ കുട്ടികളെ പാഠഭാഗങ്ങൾ എങ്ങനെ ഉരുവിട്ട് പഠിപ്പിക്കുന്നുവോ, അതേപോലെ മനോഹരമായി സ്‌പേസ്, കാലം, ബ്ലാക് ഹോൾ, സമയം എന്നീ വിഷയങ്ങൾക്കൊപ്പം ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ ജീവനുണ്ടോ, അന്യഗ്രഹ ജീവികൾ എന്നിങ്ങനെ രസകരമായ ഒരുപാട് കാര്യങ്ങൾ ചുരുങ്ങിയ പേജുകളിൽ നിവരുകയാണ്. 

ഡോ: വി.കെ വാര്യരിലേക്ക് എത്തുമ്പോൾ കുളിർമയുള്ളതും  ഹരിതശ്രീ നിറയുന്നതുമായ അനുഭവമാണ് വി.ഡി.ശെൽവരാജ് തുറന്നിടുന്നത്. കേരളചരിത്രം, കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കഥകൾ, കേരളരാഷ്ട്രീയം, ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങൾ, തിക്താനുഭവങ്ങൾ, ആയുർവ്വേദവും അലോപ്പതിയും എന്നിങ്ങനെ പല വിഷയങ്ങൾ ചുറ്റി,  മനുഷ്യൻ എന്ത് കഴിക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം ലളിതമായി ഇവിടെ പ്രതിപാദിക്കുന്നു. ഒരു കാരണവരെപ്പോലെ വാര്യർ തൻറെ വലിയ പ്രായോഗിക അനുഭവസമ്പത്ത് പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയാണിവിടെ. 

രസതന്ത്രവും ജീവിതം തമ്മിലുള്ള കൂട്ടിയിണക്കലാണ് ഡോ: എ.അജയാഘോഷിന്റെത്. യുവശാസ്ത്ര പുരസ്‌കാരത്തിനായി പൂനയിലേക്ക് അദ്ദേഹം പോയ കഥ ഹൃദയത്തിൽ തൊടും. അദ്ദേഹത്തിന്റെ അനുഭവങ്ങളോടൊപ്പം ആശ്ചര്യത്തോടെ വായനക്കാരനും അങ്ങനെ സഞ്ചരിച്ചുപോകും. ചുരുങ്ങിയ പേജുകളിൽ ഇതൾവിരിയുന്ന ആ ജീവിതാനുഭവം വായിച്ചിരിക്കേണ്ടത് തന്നെ.

ഗുണസമ്പന്നമായ പുസ്തകമാണ് 'ശാസ്ത്രസംവാദം'. ചുരുങ്ങിയ പേജുകളിൽ വിശാലമായ വായന തരുന്നതും, കുട്ടികൾക്ക് പോലും വായിച്ച് മനസ്സിലാക്കാനാവുന്ന ലളിതമായ ആഖ്യാനശൈലി. വിവിധ രംഗങ്ങളിൽ ശോഭയോടെ തിളങ്ങുന്ന പ്രതിഭകളുടെ തിരഞ്ഞെടുപ്പ്. വെറും ഒരു പുസ്തകമോ, അഭിമുഖങ്ങളോ മാത്രമല്ല ഇത്. ഒരുപാട് വിജയകഥകളുടെ നേർകാഴ്ച്ചയാണ്. പ്രതിസന്ധികളിൽനിന്നും വിജയത്തിന്റെ പടവുകൾ കയറിയവരുടെ അനുഭവങ്ങൾ. പുതിയ തലമുറയ്ക്ക് ഈ അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. കാച്ചിക്കുറുക്കിയ അവതരണം. നല്ല ഒരു എഡിറ്റർ കൂടിയായ ശെൽവരാജിന്റെ കഴിവ് വ്യക്തമാക്കുന്ന പുസ്‌തകം. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്രദമായ പലതും ഈ പുസ്തകത്തിൽ കാണാം. 

ഒരു ചരിത്ര വിദ്യാർഥിയായ എനിക്ക് ഗണിതവും, വൈദ്യശാസ്ത്രവും, കോസ്മോളജിയും, രസതന്ത്രവും, ഭൗതികശാസ്ത്രവും, ആയുർവേദവും ഒക്കെ രസകരമായി ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ കഴിഞ്ഞു എന്നുമാത്രമല്ല, പുതിയൊരു വായനരീതിയിലേക്ക് മനസ്സിനെ കൊണ്ടുപോകാൻ പാങ്ങുള്ളതാക്കി തീർക്കുകയും ചെയ്‌തു. മലയാളികൾ വായിച്ചിരിക്കേണ്ട പുസ്തകം - അതാണ് ചുരുക്കത്തിൽ വി.ഡി.ശെൽവരാജിന്റെ 'ശാസ്ത്രസംവാദം'.

ശാസ്ത്രസംവാദം (അഭിമുഖങ്ങൾ) - വായനാസ്വാദനം

വി.ഡി. ശെൽവരാജ്

പ്രിസം ബുക്‌സ്, പേജ് - 201, വില - 195 രൂപ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA