sections
MORE

ഒരു ചെക്കൻ (ചിക്കൻ) വീരഗാഥ

stuff-chicken-full-t
SHARE

ചിക്കൻ ഫ്രൈയും ഓവർ നൈറ്റ് ക്യാപും 

അതേയ്, അമ്പുവിന് ഇപ്പോൾ ചിക്കൻഭ്രമം വല്ലാതെ കൂടിയിരിക്കുന്നു. പച്ചക്കറി ഒക്കെ കാണുമ്പോഴേ അവന്റെ മുഖത്ത് ഓക്കാനിക്കാൻ വരുന്ന ഭാവമാണ്. കണ്ണുകൾ പുറത്തേക്ക് തുറിക്കുന്നു. മുഖത്തും മൂക്കിൻ തുമ്പിലും ചുളിവുകൾ വീഴുന്നു. മുറുമുറുക്കുന്നു. കരയുന്നു. അങ്ങനെ ആയാൽ ശരിയാവില്ലല്ലോ. എല്ലാം കഴിച്ചു പഠിക്കണമല്ലോ. അതുകൊണ്ട് എല്ലാവരോടും കൂടി പറയുകയാ കുറച്ചുകാലത്തേക്ക് നമ്മുടെ അടുക്കളയിൽ നിന്നും ഞാൻ കോഴിയെ ബാൻ ചെയ്യുകയാണ്'!. 

ഈ പുതിയ അറിയിപ്പ് അവനു സ്പെഷ്യൽ ഉണ്ടാക്കി കൊടുക്കുന്ന അമ്മാമ്മയെയും, ഇടയ്ക്കിടെ പിസ പാർട്ടി കൊടുക്കുന്ന അമ്മായി, മാമൻ ആദിയായവരെയും ഞാൻ അറിയിച്ചു. ഷെയ്ഖ് പാലസിൽ ജോലിചെയ്യുന്ന സ്നേഹസമ്പന്നനായ, ഒരിക്കലും കണ്ടിട്ടില്ലാത്ത അക്ബർ ബ്രോ ഇടയ്ക്കിടെ  കൊടുത്തുവിടുന്ന ചിക്കൻ വിഭവങ്ങൾ, ബിരിയാണികൾ സ്നേഹപൂർവ്വം മറ്റാർക്കെങ്കിലും കൊടുത്തുകൊള്ളാൻ അച്ഛനോട് ഞാൻ നിർദ്ദേശിച്ചു. 

അങ്ങനെ മ്മടെ ചെക്കൻ 'ചന്തു'വിനെ ഞാൻ മൊത്തത്തിൽ ഒന്നു പൂട്ടിക്കെട്ടി. 

ദിവസങ്ങൾ കൊഴിഞ്ഞു വീഴാൻ തുടങ്ങി. അമ്പുവിന്റെ പരാതിമൊഴികൾ വീട്ടിൽ തോരാമഴയായി അല തല്ലി. കണ്ണുനീർച്ചാലുകൾ ഇടതടവില്ലാതെ ഒഴുകി. ഒടുവിൽ 'സൈക്കോളജിക്കൽ മൂവ്' എന്ന മൈക്രോവേവ് ഓവനിൽ ഒരു ഇമോഷണൽ മണ്ണപ്പം ചുട്ടെടുക്കാൻ ഞാൻ തന്ത്രം മെനഞ്ഞു. അവനെ സ്നേഹപൂർവ്വം അരികിൽ വിളിച്ചു ചോദിച്ചു. 

'അമ്പു നീ സൊമാലിയ, സൊമാലിയ എന്ന് കേട്ടിട്ടുണ്ടോ?' 

'ഇല്ല'. അവൻ തേങ്ങിക്കൊണ്ട് പറഞ്ഞു.

'എന്നാൽ, അങ്ങനെ ഒരു സ്ഥലമുണ്ട് അമ്പൂ, ആഫ്രിക്കയിൽ. അവിടത്തെ കുട്ടികൾ കുടിക്കാൻ  വെള്ളംപോലും കിട്ടാതെ, പോഷകാഹാരങ്ങൾ ഇല്ലാതെ ദിനം പ്രതി മരിച്ചുവീഴുകയാണ്. എന്തിനു സൊമാലിയ, നമ്മുടെ അട്ടപ്പാടിയിൽ വരെയുണ്ട് പട്ടിണി കിടക്കുന്ന, മണ്ണു തിന്നു വിശപ്പടക്കുന്ന ഒരു പറ്റം കുട്ടികൾ. അതുവച്ചു നോക്കുമ്പോൾ നമ്മളെ ഈശ്വരൻ എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ട് ഈശ്വരനോട് നമ്മൾ നന്ദി പറയുകയാണ് വേണ്ടത് അല്ലേ..'

അമ്പു ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. അതുകണ്ട ഞാൻ ആവേശത്തോടെ തുടർന്നു. ഗൂഗിൾ എടുത്ത് മാൽ ന്യൂട്രീഷ്യസ് ആയ കുഞ്ഞുങ്ങളുടെ ഫോട്ടോ എടുത്തു കാണിച്ചുകൊടുത്തു. അമ്പു എല്ലാം മനസ്സിലാക്കിയ മട്ടാണ്. ഹോ സമാധാനമായി. അല്ലെങ്കിലും നല്ല കുട്ടിയാണ് അവൻ. പറഞ്ഞുകൊടുത്താൽ പെട്ടെന്ന് മനസ്സിലാകും.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. 'കണ്ടോ, പറയേണ്ടപോലെ പറഞ്ഞപ്പോൾ അവന് കാര്യം മനസ്സിലായി. ഇനി അവൻ ചിക്കൻ ആവശ്യപ്പെടുകയേ ഇല്ല. നല്ല മനസ്സലിവുള്ള കുട്ടിയാണ് അവൻ.'പുള്ളി എല്ലാം മൂളി കേൾക്കുന്നുണ്ട്. 

'ബൈ ദി ബൈ അവൻ എവിടെ.. നമ്മുടെ ഇടയിൽ കിടന്നില്ലെങ്കിൽ ഉറക്കം വരാത്ത കൊച്ച് ആണല്ലോ.'

'അവൻ ഇന്ന് മോൾക്കൊപ്പം ആണെന്ന്.'

'എന്ത്.. ഇത്ര പെട്ടന്ന് അവന് എങ്ങനെ ധൈര്യം വച്ചു? എനിക്ക് അദ്ഭുതമായി.' 

'ആ അതൊക്കെ വെച്ചു. പിന്നെ ജനുവരി 9ന് അവൻ സ്കൂളിലെ ഓവർ നൈറ്റ് ക്യാമ്പിന് പോകുന്നുണ്ടെന്ന്. 75 ദിർഹം  വാങ്ങിച്ചു കൊണ്ടുപോയിട്ടുണ്ട്', പുള്ളി പറഞ്ഞു. 

ഞാൻ ആകെ വണ്ടർ അടിച്ചു പോയി. എൻറെ  ഒരു കൊച്ചുപദേശത്തിൽ അവൻ ഇത്രയധികം നന്നാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. 'ശോ എന്നെക്കൊണ്ട് ഞാൻ തോറ്റു',വീണ്ടും ആത്മപ്രശംസയ്ക്കായി വാ തുറക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞുകൊണ്ട് പറഞ്ഞു. 

'ഇനിം പറഞ്ഞു വെറുപ്പിക്കരുത്. ക്യാപിന് മൂന്നുനേരം ചിക്കൻ ഫ്രൈ ഉണ്ടെന്ന് പറഞ്ഞിട്ടാ ഇതുവരെ പോണ്ടാന്ന് പറഞ്ഞ കുട്ടി ഇന്ന് എൻറെന്ന് കാശും വാങ്ങി പോയത്. ഇനിയെന്നും ക്യാപ് ഉണ്ടെങ്കിൽ സ്കൂളിൽത്തന്നെ നിന്നോളാംന്ന്. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. സോമാലിയയുടെ കാര്യം ഓർത്ത് അമ്മ ഇത്രയധികം വിഷമിക്കരുത്, ആ പ്രശ്നം ഒക്കെ യൂണിസെഫ് എപ്പഴേ ഏറ്റെടുത്തു കഴിഞ്ഞൂന്ന്.

പകച്ചു പോയെൻറെ വാർദ്ധക്യം പോലും.

'ചന്തുവിനെ വേണമെങ്കിൽ കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല മക്കളെ' എന്ന വിശുദ്ധവാക്യത്തിൻറെ  പൊരുൾ ഇന്നലെ അർദ്ധരാത്രി 12 മണിക്ക് മനസ്സിലാക്കിയപോലെ ഞാൻ.. 

 കട്ടപ്പയും ബാഹുബലിയും

വർഷങ്ങൾക്കു മുൻപുണ്ടായ ഒരു കുടിപ്പകയുടെ കഥയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. അന്ന് അമ്പു നാലു വയസ്സു മാത്രം പ്രായമുള്ള ഒരു പൊടിക്കൊച്ച് ആയിരുന്നു. മൃഗങ്ങളെയും പക്ഷികളെയും എല്ലാം വളരെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന പ്രായം. അങ്ങനെ ഒരു മഴക്കാലവധിക്ക്  ഞങ്ങൾ നാട്ടിലെത്തി. പുതുമഴയിൽ പുളകം കൊണ്ട പൂച്ചെടികളും വൃക്ഷലതാദികളും ഗ്രാമാന്തരീക്ഷത്തിൽ വൃന്ദാവനം ഒരുക്കി നിൽക്കുന്നു. കുളിരണിഞ്ഞു നിൽക്കുന്ന വഴിയോരപ്പൂവാകകളിൽ, ഇലച്ചാർത്തുകളിൽ തളിരിട്ട വസന്തം പോലെ മഴമുത്തുകൾ കൺചിമ്മിക്കളിക്കുന്നു. അതെ സ്വന്തം നാട് എപ്പോഴും മറ്റൊരു ലോകമാണ്. ഒടുവിൽ ഞാനിതാ വന്നിരിക്കുന്നു, ഇത്രയും നാൾ നിന്നെ പിരിഞ്ഞിരുന്നതിൻറെ  കുറ്റസമ്മതവും പേറിക്കൊണ്ട്..' എന്ന് ഞാൻ ക്ഷമാപണ സ്വരത്തിൽ പറയുമ്പോൾ ഒരു നനുത്ത കുളിർകാറ്റായി വാത്സല്യപൂർവ്വം അവൾ എന്നെ തഴുകിപ്പോകുന്നു.. അതെ പ്രകൃതിയും ആത്മാവും ഒന്നായി ലയിക്കുന്ന ആ സുരഭിലനിമിഷം നമ്മൾ പ്രവാസികൾ എത്രവട്ടം അനുഭവിച്ചിരുന്നു.. 

അയ്യോ പറഞ്ഞുവന്നത് ഇതൊന്നുമല്ല സുഹൃത്തുക്കളേ.. നമ്മുടെ അമ്പുക്കുട്ടി നാടാകെ കണ്ട് അന്തംവിട്ട മട്ടാണ്‌. മുറ്റത്തും തൊടികളിലും കടവത്തും പാടത്തും ഒക്കെ ഇങ്ങനെ വിഹരിച്ചു പറന്നുനടക്കുന്നത് അയൽവക്കത്തെ കരിങ്കോഴിച്ചാത്തന് അത്രയ്ക്കങ്ങ് പിടിച്ചില്ല.

ഇത് ഏതാടാ ഇവൻ! ഈ നാട്ടിൽ മുൻപൊന്നും കണ്ടിട്ടില്ലല്ലോ, ഒരു വെള്ളക്കാരൻ സായിപ്പ്! എന്താ അവൻറെ  ഒരു പത്രാസ്.. ഇവനെയൊന്നു ശരിയാക്കണം. ചാത്തൻകോഴി മനസ്സിലുറപ്പിച്ചു.. തക്കം കിട്ടിയ ഒരു ദിവസം കരിയിലകളും ചകിരിത്തൊണ്ടുകളും നനഞ്ഞുകിടന്ന ഒരു തെങ്ങിൻ കുഴിയിൽ ഇട്ട് മ്മടെ ചെക്കനെ ചാത്തൻ ഒന്ന് ചാമ്പി. അടുക്കളപ്പുറത്തെ തെങ്ങിൻ ചുവട്ടിൽനിന്ന് ദയനീയമാം ഒരലർച്ച കേട്ട ഞങ്ങൾ ഓടിച്ചെന്നപ്പോൾ കണ്ടത് കരളലിയിക്കുന്ന  കാഴ്ചയായിരുന്നു. മറിച്ചിട്ട അമ്പുക്കുട്ടൻറെ  ദേഹത്ത് സംഹാരതാണ്ഡവം ആടുകയാണ്  ദുഷ്ടനായ ചാത്തൻകോഴി..അന്നു തുടങ്ങിയതാണ് മക്കളേ,  ചന്തുവിന് കോഴികളോടുള്ള കുടിപ്പക.. ചുട്ട കോഴിയെ പറപ്പിച്ചും പീഡിപ്പിച്ചും രസിച്ചു ശാപ്പിട്ടു കളയും അവൻ. ജീവനുള്ളവയെ കണ്ടാൽ മാത്രം വെറുതെ വിടും.. പാവം ജീവിച്ചുപൊയ്ക്കോട്ടേന്നൊക്കെ.

ബൈ ദ ബൈ എനിക്കിപ്പോ സംശയം ഇതിൽ ആരാണപ്പാ കട്ടപ്പ എന്നുള്ളതാണ്. എൻറെ  വംശത്തെ ഇവൻ മുടിക്കും എന്ന് മുൻകൂട്ടി മനസ്സിലാക്കി 'പിന്നിൽ നിന്നും കുത്തി വീഴ്ത്തിയ' കോഴി ചാത്തപ്പൻ ആണോ? അതോ കുടിപ്പകയുടെ പേരിൽ ഒരു വംശത്തെ വിടാതെ പിന്തുടരുന്ന മ്മടെ വീരൻ ചന്തുവോ?  ദാരാണയാൾ?? !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA