sections
MORE

നന്മമരങ്ങൾ

kappad-beach
SHARE

കോഴിക്കോട് എനിക്കെന്നും ഒരൽപ്പം ഇഷ്ടക്കൂടുതലുള്ള സ്ഥലമാണ്. കുട്ടിക്കാലത്തും കോളജ്പഠനകാലത്തും പലമത്സരങ്ങൾക്കും ക്ലാസ്സുകൾക്കും ആയി കോഴിക്കോട്ട് പോയിരുന്നു. അവിടത്തെ ഹൽവയും ഓട്ടോക്കാരും കൊല്ലങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിറം മങ്ങാത്ത ഓർമ്മകൾ ആണ്. 25 വർഷത്തിൽ ഏറെയായി കേരളത്തിനു വേളിയിൽ ആണ് എന്റെ ജീവിതം. അതിൽതന്നെ കഴിഞ്ഞ 20 വർഷത്തോളം അമേരിക്കയിൽ. വർഷം തോറുമുള്ള 15 ദിവസത്തോളമുള്ള അവധികാലം മിക്കപ്പോഴും ബന്ധുവീടുകളിലൂടെയും ആരാധനാലയങ്ങളിലൂടെയും ഉള്ള ഒരു ഓട്ടപ്രദക്ഷിണം ആയി ചുരുങ്ങിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് അച്ഛന് അർബുദ രോഗ  ബാധയാണെന്നു അറിഞ്ഞത്. തികച്ചും അപ്രതീക്ഷിതം. മംഗലാപുരത്തോ കോഴിക്കോടോ വിദഗ്ദ്ധ ചികിത്സക്കായി പോകണമെന്നു പറഞ്ഞപ്പോൾ, ദൂരക്കൂടുതൽ ആണെങ്കിലും അമ്മയും കുടുംബവും കോഴിക്കോട് മിംസ് തന്നെ അച്ഛന്റെ ചികിത്സക്കായി തിരഞ്ഞെടുത്തു. മിംസിന് അടുത്തു തന്നെ ഒരു താൽക്കാലിക താമസസ്ഥലവും സംഘടിപ്പിച്ചു. ആദ്യത്തെ കീമോകളും റേഡിയേഷനുകളും വലിയ കുഴപ്പമില്ലാതെ കടന്നുപോയി. അച്ഛന്  കീ മോയുടെ പാർശ്വഫലങ്ങൾ കൂടുതൽ അനുഭവപ്പെട്ട  അവസാന ആഴ്ചകളിൽ അമ്മയെയും അനിയനെയും സഹായിക്കാനായി ഞാനും നാട്ടിലേക്കു പുറപ്പെട്ടു. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഇല്ലാത്ത യാത്ര ആയതുകൊണ്ടും , കോഴിക്കോടുമായി കൊല്ലങ്ങളോളം ആയി വലിയബന്ധമൊന്നും ഇല്ലാത്തതുകൊണ്ടും അൽപം ആശങ്കയോടെയാണ് കോഴിക്കോട് വിമാനമിറങ്ങിയത്.

കോഴിക്കോട് വിമാനത്താവളത്തിൽ പ്രീപെയ്‌ഡ്‌ ടാക്സി സർവിസിലൂടെയാണ് ആബിദിക്ക എന്ന ഡ്രൈവറെ പരിചയപ്പെടുന്നത്. വിമാനത്താവളത്തിൽ നിന്ന് അച്ഛന്റെ താമസസ്ഥലത്തേക്കുള്ള മുക്കാൽ മണിക്കൂർ മാത്രമുള്ള യാത്രയിൽ ഇക്കയെപ്പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. ജീവിതത്തെ തുറന്ന പുസ്തകമായി കാണുന്ന ഒരു പച്ചമനുഷ്യൻ. വർഷങ്ങളോളം അറേബ്യൻ നാടുകളിൽ ജോലിചെയ്ത് കഴിഞ്ഞ വര്ഷം നാട്ടിലേക്കു തിരിച്ചു വന്ന ആബിദിക്ക ഇപ്പോൾ ഇവിടെയും ഡ്രൈവർ ആയി ജോലിനോക്കുകയാണ്. പ്രായത്തിന്റെ  അവശതകൾ ഡ്രൈവിങ്ങിലോ സംസാരത്തിലോ ഇല്ല. ഭാര്യ മാത്രമേ കൂടെയുള്ളൂ. നന്മനിറഞ്ഞ സംസാരം,  ഏതൊരു ചോദ്യത്തിനും വിശദമായ,  എന്നാൽ വളച്ചുകെട്ടില്ലാതെ ഉത്തരങ്ങൾ. കണക്കിൽ കവിഞ്ഞ ഒന്നും വാങ്ങാത്ത പ്രകൃതം. കോഴിക്കോട് ഉണ്ടായിരുന്നപ്പോൾ പല തവണ അച്ഛന്റെ കാര്യം ഫോണിലൂടെ അന്വേഷിച്ചു, തിരിച്ചു എയർ പോർട്ടിൽ പോകാൻ എന്നെ വന്നു കൂട്ടി കൊണ്ടുപോയപ്പോഴും നിഷ്കളങ്കമായ സംസാരം തുടർന്നു കൊണ്ടേയിരുന്നു. സത്യസന്ധമായ ആത്മാർത്ഥമായ ഇടപെടലുകൾ മാത്രം.

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരെപറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കാലം ഒരുപാട് മാറിയെങ്കിലും കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ തങ്ങളുടെ സത്യസന്ധതയിലും സേവന മനസ്ഥിതിയിലും ഒട്ടും മാറിയിട്ടില്ല. മര്യാദ കെട്ട ഒരു പെരുമാറ്റം പോലും ഞാൻ കയറി ഇറങ്ങിയ മുപ്പതിലേറെ ഓട്ടോകളിൽ ഇല്ലായിരുന്നു. ഒരു രണ്ടു രൂപ പോലും ഒരു ഡ്രൈവറും അധികമായി വാങ്ങിയില്ല.  കാറില്ലാത്ത വിഷമം അറിഞ്ഞേ ഇല്ല. ഒന്നു രണ്ടു തവണ ഞാൻ കൊടുത്ത അഡ്രസ് തെറ്റിയെങ്കിലും കൃത്യമായ സ്ഥലത്തു എത്തിക്കുവാൻ ഡ്രൈവർമാർ കാണിച്ച സന്മനസ്സ് സ്നേഹത്തോടെ മാത്രമേ സ്മരിക്കാൻ കഴിയുകയുള്ളു.

കോഴിക്കോട്‌ മിംസ് സ്ഥിതി ചെയ്യുന്ന ഗോവിന്ദപുരം ഇന്നും നാട്ടിൻ പുറത്തിന്റെ നന്മകൾ സൂക്ഷിക്കുന്ന ഒരു കൊച്ചു നഗരം ആണ്. അവിടുത്തെ ഹോട്ടലുകളിലും കട കളിലും ഒക്കെ ഒരു സേവനമനോഭാവം നിറഞ്ഞു നിൽക്കുന്നു. അമിതമായ വില ഒന്നിനും ഇല്ല. നാട്ടുകാരോട്  വിശ്വസിച്ചു എന്ത് കാര്യവും ചോദിക്കാം. ഒരുപാട് ആരാധനാലയങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ശാന്തമായ ഒരു സ്ഥലം.

മിംസ് കോഴിക്കോട്ടെ എന്നല്ല കേരളത്തിലെ തന്നെ വലിയ ആശുപത്രികളിൽ ഒന്നാണ്. രോഗികളും അവരുടെ കുടുംബാംഗങ്ങളും, മറ്റു സന്ദർശകരും മറ്റുമായി ആയിരക്കണക്കിന് ആൾക്കാർ ദിവസവും വന്നു പോകുന്നയിടം. നൂറുകണക്കിന് ജീവനക്കാർ. പലരും താൽക്കാലിക ജോലിക്കാർ ആണെന്ന്തോന്നുന്നു. ജീവനക്കാർ ഏതു വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും വളരെ മാന്യതയോടെ അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ ഉള്ള പെരുമാറ്റം. ആശുപത്രിയും പരിസരവും വൃത്തിയോടെയും വെടിപ്പോടെയും നിലനിർത്താൻ നന്നായി ശ്രമിച്ചിരിക്കുന്നു. ഇവിടുത്തെ കാന്റീൻ ഭക്ഷണം അതിസ്വാദിഷ്ടമാണ്. വെറും 60 രൂപയ്ക്ക്  പായസവും തൈരും അടക്കം സുഭിക്ഷമായ സസ്യ ഭക്ഷണം. സസ്യേതര ഭക്ഷണത്തിനു ആവശ്യക്കാർ അതിലേറെ. എന്ത് തിരക്കാണെങ്കിലും യാതൊരു ബഹളവും ഇല്ലാതെ ചിട്ടയായി പ്രവർത്തിക്കുന്ന ജീവനക്കാർ.

ഡോക്ടർ സതീഷ് പത്മനാഭൻ ആണ് ആശുപത്രിയിലെ അച്ഛന്റെ പ്രധാന ഡോക്ടർ. അച്ഛനും അമ്മയ്ക്കും ഡോക്ടറോട്   വല്ലാത്ത ബഹുമാനവും അതെസമയം വാത്സല്യവും ആണ്. സ്വന്തം അച്ഛനോടും അമ്മയോടും എന്നപോലെയാ ഡോക്ടറുടെ പെരുമാറ്റം. വാക്കിലും നോക്കിലും ചികിത്സയിലും കാരുണ്യം നിറയുന്ന സ്വഭാവം. സേതുരാമയ്യർ സിബിഐയെ ഓർമിപ്പിക്കുന്ന വേഷവിധാനം. ഏതുചോദ്യത്തിനും വിശദമായ വിവരണം. സതീഷ് ഡോക്ടറിൻറെയും, ശ്രീലേഷ് ഡോക്ടറിന്റെയും നഴ്സുമാരും മറ്റു ഓഫീസ് ജീവനക്കാരും അതിലേറെ സൗമ്യരാണ്, സേവന തൽപരരാണ്. അച്ഛൻ അഡ്മിറ്റ് ചെയ്ത സമയത്തു അവിടുത്തെ പല നഴ്സുമാരും സ്വന്തം കുടുംബാംഗങ്ങളെപോലെ ആണ്ഞ ങ്ങളോട് പെരുമാറിയിരുന്നത്.

കോഴിക്കോട് അച്ഛനും അമ്മയ്ക്കും അനിയനും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഗോപാലകൃഷ്‌ണേട്ടനും ഉമേച്ചിയും ആണ് .ഗോപാലകൃഷ്‌ണേട്ടൻ നീലേശ്വരത്തു നിന്നാണ്. നാട്ടിൽ ഞങ്ങളുടെ അയൽക്കാർ. വർഷങ്ങൾ ആയി കോഴിക്കോട് ആണ് താമസം. .എന്ത് ആവശ്യം വന്നാലും വിളിക്കാം. എല്ലാ കാര്യത്തിനും ഓടിയെത്തും. അമ്മയ്ക്ക് ഗോപാലകൃഷ്‌ണേട്ടനോടും ഉമേച്ചിയോടും സംസാരിക്കുന്നതു ത്തന്നെ വലിയ ആശ്വാസമാണ്. അമേരിക്കയിൽ ഫീനിക്സിൽ നിന്നും എന്റെ ജേഷ്ഠ തുല്യനായ സതീഷ് അമ്പാടിയും ഭാര്യ നിഷയും രണ്ടു ദിവസത്തെ സന്ദർശനിതിനായി കോഴിക്കോട് ഇല്ലാത്ത സമയ മുണ്ടാക്കി അച്ഛനെകാണാൻ വന്നു. നിഷ കോഴിക്കോട്ടു കാരിയാണ്. നിഷയുടെ അമ്മയെയും കുടുംബാംഗങ്ങളെയും സ്നേഹത്തോടെകൂടി മാത്രമേ ഓർമ്മിക്കുവാൻ പറ്റുകയുള്ളൂ .

കുടുംബത്തിന്റെയും കുടുംബബന്ധങ്ങളുടെയും വില ശരിക്കും അറിയുന്നത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. വിലമതിക്കാനാകാത്ത സമ്പത്താണ് നല്ലബന്ധങ്ങൾ. അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങൾ അവരാൽ കഴിയുന്നതിലേറെ സഹായങ്ങൾ ചെയ്തുതന്നു. എന്റെ കസിൻസ് എന്നേക്കാൾ കൂടുതൽ അമ്മയെയും അനിയനെയും സഹായിച്ചു. പല കുടുംബ സുഹൃത്തക്കളും അച്ഛനെയും  അമ്മയെയും കാണാൻ പലതവണ കോഴിക്കോടേക്ക്‌ യാത്ര ചെയ്തു.

എന്റെ  വീടിനെയും കുടുംബത്തെയും താങ്ങി നിർത്തുന്ന നെടുംതൂണാണ് അമ്മ. ജീവിതത്തിലെ ഏതൊരു വെല്ലുവിളിയെയും സമ ചിത്തതയോടെ നേരിടുവാൻ ഉള്ള കഴിവ് പൊതുവെ അമ്മയ്ക്ക് ഉണ്ട്. അമ്മയ്ക്കും അനിയനും കുടുംബത്തിനും താങ്ങായി നിന്ന കോഴിക്കോടിനോടും അവിടുത്തെ നാട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA