sections
MORE

ബാപ്പയെത്തേടി

ten-qualities-of-a-good-father
SHARE

ഇരുട്ടിപ്പുഴ അവന്റെ സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ഓർമ്മയിലെ ഭൂതകാലത്ത് നിന്നും വർത്തമാന കാലത്തേക്ക് നീണ്ട് പരന്ന് നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു . മൂവന്തിയിലെ ഇരുട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് പുറത്ത് ചീവീടുകൾ ഗസൽ മീട്ടി . വീടിനടുത്ത് വാഴത്തോപ്പിലെ കുലച്ച വാഴയിൽ നിന്നും തേൻ നുകരാനായി നരിച്ചീറുകൾ തലങ്ങും വിലങ്ങും പാറിപ്പറന്നുകൊണ്ടിരുന്നു. മൂവന്തി ഇരുളിൻ കറുത്ത വർണ്ണത്തിൽ  മുക്കിയ കുടിലിലെ റാന്തലിൻ ഇത്തിരി വെട്ടത്തിരുന്ന് അവൻ വിശുദ്ധ ഖുർആനിലെ യാസീൻ അദ്ധ്യായം പാരായണം ചെയ്തു. ''ബാപ്പയേയോ ബന്ധുക്കളേയോ കണ്ട് കിട്ടാനായി അവൻ പതിവ് പോലെ സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു''.  നീറുന്ന മനോതാപത്തിൽ നിന്നും ആശ്വാസത്തിനായി അവൻ അവരുടെ അയൽവാസിയും ഉമ്മയുടെ പ്രിയപ്പെട്ട തോഴിയുമായ അമ്മിണിയമ്മയുടെ വീട്ടിലേക്ക് നടന്നു .

മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിൻ വെട്ടത്തിരുന്ന് അവർ  അരിയിൽ നിന്നും  കല്ലും നെല്ലും പെറുക്കുകയാണ് .

‘’യോസഫേ  ഉമ്മ എത്തിയില്ലേ’’ ? – അമ്മിണിയമ്മ ചോദിച്ചു.

        ‘’ഇല്ല , അര മണിക്കൂറിനുള്ളിൽ എത്തുമായിരിക്കും ഇന്ന് വള്ളിത്തോട് വരെ പോകുമെന്ന് പറഞ്ഞിരുന്നു’’ .

       ‘’നീ ചായ കുടിച്ചോടാ’’  ?

‘’കുടിച്ചു. പ്രാർത്ഥിക്കുകയും യാസീനോതുകയും ചെയ്തിട്ടുണ്ടെന്ന്’’ അടുത്ത് ചോദിക്കാനുള്ള ചോദ്യത്തിനും കൂടി അവൻ ഉത്തരം നൽകി .

      ‘’അമ്മേ പ്രാത്ഥനയൊക്കെ വെറുതെയാണെന്നാ  എനിക്ക് തോന്നുന്നത്’’ - യൂസുഫ് പറഞ്ഞു .

       ‘’കുട്ടീ അങ്ങനെ ഈശ്വരനെ തള്ളിപ്പറയാതെ, ഏതെങ്കിലുമൊര് ദിവസം അവൻ നിന്നെ ബാപ്പയുടേയോ അവരുടെ ബന്ധുക്കളുടേയോ അടുത്ത് എത്തിക്കാതിരിക്കില്ല’’ .

അവന്റെ തൊണ്ടയിൽ സങ്കടത്തിന്റെ മൊട്ടുസൂചികൾ തറക്കുന്നത് പോലെ അവന്  തോന്നി. നിറഞ്ഞ കണ്ണുകൾ തുടച്ച് മറുപടിയായി അവൻ ഒന്നമർത്തി മൂളുക മാത്രം ചെയ്തു.

‘’ഞാൻ പറഞ്ഞ മൂന്നും നാലും സ്ഥലങ്ങളിൽ നീ ചെന്ന് അന്വേഷിച്ചില്ലേ ? അവരെ കണ്ടെത്താൻ പറ്റിയില്ലല്ലോ ?  ഇനി രണ്ടേ രണ്ട് വഴികളേ  ഞാൻ കാണുന്നുള്ളൂ’’ - ഒര്  നിരാശാ  ബോധത്തോടെ അമ്മിണിയമ്മ അവനോട് പറഞ്ഞു .

     ‘’ഞാൻ എത്രസ്ഥലത്ത് പോവാനും തയ്യാറാണ്. ഏതാണ് ഇനിയുള്ള രണ്ട് വഴികൾ, അത്കൂടി നിങ്ങളെനിക്ക് പറഞ്ഞ് തരൂ’’. 

പുറത്തെ ഇരുട്ടിൽ നിന്നും ഒരു കണ്ടൻ പൂച്ച വയറ് നോവിയിട്ടെന്നപോലെ നീട്ടിക്കരഞ്ഞുകൊണ്ടിരുന്നു. പുറത്ത് നിന്നും അകത്തേക്ക് കടന്നുവരുന്ന കാറ്റിനൊത്ത് വിളക്കിന് മീതെ തീ നാളം നൃത്തമാടി. അവന്റെ പൊള്ളി വെന്ത മനസ്സുകൾക്ക് അമ്മിണിയമ്മയുടെ വാക്കുകൾ ആശ്വാസമേകി.      

‘’നീ നാളെ പള്ളിയിൽ പോയി ഹംസ മുല്ലയെ കാണണം. എന്നിട്ട് 1975 ലെ വിവാഹ രജിസ്റ്റർ എടുത്ത് തരാൻ പറയണം. ആ വർഷമാണ് ഉമ്മയുടെ വിവാഹം നടന്നത്. അത് മുഴുവൻ തിരയുമ്പോൾ നിന്റെ ബാപ്പയുടേയും വലിയുപ്പയുടേയും അഡ്രസ് കാണും . അത് നോക്കി അവരെ തേടിപ്പോയാൽ കണ്ടെത്താൻ കഴിയുമായിരിക്കും’’. പൂമുഖത്തെ ടേബിളിന് മുകളിലൂടെ രണ്ട് മിന്നാമിനുങ്ങുകൾ പാറിനടന്നു  .

‘’അവിടേയും കാണാൻ കഴിഞ്ഞില്ലെങ്കിൽ നീ മമ്പുറം മഖാമിൽ ചെന്ന് പ്രാർത്ഥിക്കുക, എന്തെങ്കിലുമൊരു വഴി കാണിച്ച് തരാൻ പറയുക’’ .

        പിറ്റേന്ന് അവൻ ഹംസ മുല്ലയെ കണ്ട്  കാര്യം പറഞ്ഞു . അയാൾ അവനേയും കൂട്ടി അകത്തേ പള്ളിയിലെ പഴയ അലമാര തുറന്ന് രജിസ്റ്ററിനായി കുറേ തിരഞ്ഞു . അവസാനം 1975 ലെ രജിസ്റ്റർ കിട്ടി. അവന്റെ ശ്വാസോച്ഛാസം അധികരിക്കാൻ തുടങ്ങി. ഓരോ പേജുകളും മറിച്ച് അതിലെ അക്ഷരങ്ങൾക്ക് മീതെ മുല്ലയുടെ ചൂണ്ടുവിരലുകൾ ഓടിക്കൊണ്ടിരുന്നു. കളർ മങ്ങിയ ഓരോ പേജുകളും രഹസ്യങ്ങൾ  ഒളിഞ്ഞിരിക്കുന്ന ഓരോ ചരിത്ര താളുകളാണെന്ന് അവന് തോന്നി. രജിസ്റ്ററിലെ നാൽപ്പത്തൊന്നാമത്തെ പേജിൽ അവന്റെ ബാപ്പയുടെ അഡ്രസ് കണ്ടെത്തി . സഫർ 21, ഹസൻ മുല്ലയുടെ വിരലുകൾ ആ തിയ്യതിക്ക് മുകളിലൂടെ ഒന്ന് രണ്ട് തവണ ഓടിനടന്നു. അയാളുടെ വിരലിലെ മോതിരത്തിന്റെ നീലക്കല്ല് സ്വർണ്ണ വെളിച്ചത്തെ പേജിലേക്ക് വിതറുന്നപോലെ യൂസുഫിന് തോന്നി. സന്തോഷത്താൽ യൂസുഫിന്റെ കണ്ണ് നിറഞ്ഞു. ഹസ്സൻ മുല്ല ഒരു പഴയ സിഗരറ്റ് കൂടെടുത്ത് ചീന്തി അതിൻറെ വെളുത്ത പുറത്ത് ആ അഡ്രസ് എഴുതിക്കൊടുത്തു. അയാളുടെ തടിച്ച ഹീറോ പെൻ ആ സിഗരറ്റുകൂടിനുമേൽ  മറ്റൊരു ചരിത്രത്തെ രചിക്കുകയായിരുന്നു .  ഉണ്ണിമൊയ്തീൻ, കീഴേപറമ്പ് (വീട്) , അരുവയിൽ (പോസ്റ്റ്) , മലപ്പുറം (ജില്ല). രജിസ്റ്ററിലെ ആ അഡ്രസ്സും അതിൻറെ വരികൾക്കിടയിലെ അവന്റെ ബാപ്പയുടെ ഒപ്പും അവൻ കൺ കുളിർക്കെ നോക്കിക്കൊണ്ടിരുന്നു. ആ പേജിനു മുകളിലൂടെ അവൻ കൈ വെള്ള പായിച്ചു. ബാപ്പയുടെ ഒപ്പിനുമീതെ അവൻ മുത്തം നൽകി. മുഖം പൊള്ളിച്ചുകൊണ്ട് ധാരധാരയായ് അവന്റെ കണ്ണുനീരൊഴുകാൻ തുടങ്ങി. 

ഹംസ മുല്ല  അവന്റെ തോളത്ത് തട്ടി, ‘’മോനേ  നീ  സങ്കടപ്പെടാതെ. എല്ലാം  നല്ലതിനാലാണെന്ന് സമാധാനിക്ക്. ബാപ്പ ജീവിച്ചിരിപ്പുണ്ടെങ്കിൽ  അവരെ കണ്ടെത്താൻ അള്ളാഹു നിന്നെ സഹായിക്കട്ടേ  ആമീൻ . ഈ അഡ്രസ്സിൽ ചോദിച്ച് പോയാൽ അവരുടെ ബന്ധുക്കളേയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് എന്റെ മനസ്സ് പറയുന്നത്’’ . അതുകേട്ടപ്പോൾ യൂസുഫിന് സന്തോഷം . അകത്തേ പള്ളിയിലെ പഴയ ഘടികാരത്തിൽ നിന്നും ഉച്ചക്ക്  മണി ഒന്നായപ്പോൾ നിശബ്ദതയെ വകഞ്ഞുമാറ്റി അത് മണി നാഥങ്ങളെ പുറപ്പെടുവിച്ച്കൊണ്ടിരുന്നു .

ഹംസമുല്ലയും അവനും ഓടുമേഞ്ഞ പള്ളിയുടെ വരാന്തയിലേക്ക് നടന്നു, അവർ  അവിടുത്തെ പഴയ ചേറ്റുപടിയിലിരുന്നു .       

''നിന്റെ ഉമ്മയുടെ ബാപ്പ വളരെ മാന്യനും അഭിമാനിയുമായിരുന്നു. നിന്നെ വയറ്റിലുള്ളപ്പോൾ നിന്റെ ബാപ്പ വീട്ടിലൊന്നും പറയാതെ എവിടേക്കോ നാട് കടന്ന് പോയി !  വല്ല്യുപ്പ ഒരുപാടന്വേഷിച്ചു , നിന്റെ ഉമ്മ ഒരുപാട് വേദന തിന്ന് മാസങ്ങൾ തള്ളി നീക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും ഒരുപാട് കഴിഞ്ഞു. പിന്നെ നിനക്ക് രണ്ട്‌  വയസ്സുള്ളപ്പോഴാണ് നിന്റെ ബാപ്പ തിരിച്ചുവന്നത്. അങ്ങനെ നിന്നേയും മടിയിലിരുത്തി ലാളിക്കുകയായിരുന്നു. അപ്പോഴാണ് വല്ല്യുപ്പ കടയടച്ച് വീട്ടിലെത്തുന്നത്. നിന്നേയും മടിയിലിരുത്തി ലാളിക്കുന്നതും കണ്ട് കൊണ്ടാണ് വല്ല്യുപ്പ കയറിവന്നത്. വല്ല്യുപ്പ കോപം കൊണ്ട് കലി തുള്ളി’’. '' ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്നും. ഈ പടി ഇനി നീ ചവിട്ടരുത്, എൻറെ മോളെ ത്വലാഖ് ചൊല്ലി കാര്യം ഒഴിവാക്കി പോടാ ജാഹിലേ'' - അയാൾ അലറി. ഏഴാനാകാശത്തെ അർഷിന്റെ ഗോപുരം പോലും ത്വലാഖ് കേട്ട് ദുഃഖത്താൽ കണ്ണീർ വാർത്തു. ഇത്രയും കാര്യം എല്ലാവർക്കും അറിയുന്നത്. വേറെ ഒരു രഹസ്യവും കൂടിയുണ്ട്. നീ ഗർഭത്തിലിരിക്കുന്ന സമയം ബാപ്പ ഇവിടുന്ന് പോയതിന് ശേഷം രഹസ്യമായി  വേറെ ഒര് പെണ്ണ് കൂടി കെട്ടിയിരുന്നു, അത് വല്ല്യുപ്പ അറിഞ്ഞു. അതുകൊണ്ടാണ് വല്ല്യുപ്പ ത്വലാഖ് ചൊല്ലിച്ചതെന്ന് എന്നോട് പറഞ്ഞിരുന്നു .

പള്ളിക്കാട്ടിലെ മീസാൻ കല്ലിനുമീതെ തളിർത്ത് നിൽക്കുന്ന  ചെമ്പരത്തിച്ചെടിയിലെ ചുവന്ന പുഷ്പങ്ങൾക്ക് മീതെ നീളൻ ചുണ്ടുകളുള്ള കുഞ്ഞുകുരുവികൾ തേൻ നുകരനായ് ചുണ്ടുകൾ താഴ്ത്തി വായുവിൽ ചിറകടിച്ച് കൊണ്ടിരുന്നു. പള്ളിക്കാട്ടിലെ മൈലാഞ്ചി പുഷ്പത്തിൻ ഗന്ധമുള്ള കാറ്റ് അവരെ തഴുകിക്കൊണ്ട് അകത്തേ പള്ളിയിലെ തസ്ബീഹ് മാലകളെ  മുത്തം വെക്കാനായ് കടന്നു പോയി . 

അവൻ വീട്ടിലേക്ക് മടങ്ങി, അഡ്രസ് കിട്ടിയ വിവരം ഉമ്മയോടും അമ്മയോടും പറഞ്ഞു. അവൻ ബാപ്പയെത്തേടിയുള്ള പുതിയ  യാത്രക്കായ് ഒരുക്കമാരംഭിച്ചു . വസ്ത്രങ്ങളൊക്കെ മടക്കി ഓരോന്നായി ബാഗിൽ വെച്ചു. നോവുന്ന മനസ്സുമായി അവൻ ഉമ്മയോടും അമ്മയോടും യാത്രപറഞ്ഞിറങ്ങി. അവന്റെ നീറുന്ന വ്യഥകളെയോർത്ത് ഉമ്മ ശബ്ദമമർത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു . ഭഗവാനേ  നീയാ കുട്ടിയെ അനുഗ്രഹിക്കണേ എന്ന് അമ്മ പ്രാർത്ഥിച്ചു . വഴി വക്കിലെ തെങ്ങും മാവും അതിന്റെ നിഴൽ രൂപങ്ങളെ ഭൂമിയെന്ന ക്യാൻവാസിനുമീതെ മനോഹരമായി വരച്ചിട്ടു . അവൻ കോഴിക്കോട്ടേക്ക് ബസ്സ് കയറി, രാത്രിയിൽ അയൽവാസി ചിന്നുട്ടി യുടെ ഹോട്ടലിൽ തങ്ങി. പിറ്റേന്ന് രാവിലെ മലപ്പുറത്തേക്കുള്ള മയിൽ വാഹനത്തിൽ കയറി. മലപ്പുറത്ത് നിന്നും അരുവയിലേക്കും ബസ്സ് കയറി. ഒന്നര മണിക്കൂർ യാത്രക്ക് ശേഷം അരുവയിൽ ബസ്സിറങ്ങി. സ്റ്റാൻഡിൽ ഒരു ചെറിയ ചായക്കടയിൽ നിന്നും കടുങ്കാപ്പിയും പഴംപൊരിയും കഴിച്ചു. കീഴേപറമ്പിലേക്ക് എവിടെ നിന്നാണ് വാഹനം കിട്ടുക എന്നന്വേഷിച്ചു.

      ‘’ താഴെ ഒരു ബേക്കറിയുണ്ട്. അതിനുമുമ്പിൽ കുറെ ജീപ്പുകൾ ഉൾഗ്രാമങ്ങളിലേക്ക് സർവീസ് നടത്തുന്നവയുണ്ട് . കീഴേപറമ്പിലേക്ക് അവിടുന്ന് ജീപ്പ് കിട്ടും’’ - കടക്കാരൻ പറഞ്ഞു. അയാൾ താഴെ റോഡിലൂടെ ജീപ്പന്വേഷിച്ചു നടന്നു. ജീപ്പും ബേക്കറിയും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് മൂന്ന് തവണ അതിലെ നടന്ന് നോക്കിയെങ്കിലും ഒരൊറ്റ ജീപ്പും ബേക്കറിയും കണ്ടെത്താനായില്ല. നിരാശയോടെ ബാപ്പയെത്തേടി അവന്റെ മനസ്സ് നൊന്തു. റോഡിന് ഇടതു വശത്തെ ചീനി വൃക്ഷത്തിനടുത്തെത്തിയപ്പോൾ അവിടെ കൽബെഞ്ചിലിരിക്കുന്ന യുവാക്കൾ അവനെ കൈ കൊട്ടി വിളിച്ചു . 

 ‘’ഇങ്ങോട്ട് വരിൻ , എന്ത് പറ്റി? നിങ്ങൾ കുറച്ച് നേരമായല്ലോ നടക്കുന്നു, ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്’’ ?

അവൻ പറഞ്ഞു '' എനിക്ക് കീഴേപറമ്പിലേക്ക് പോവണം, ഇവിടുന്ന് ജീപ്പ് കിട്ടും എന്ന് പറഞ്ഞു, വല്ല ജീപ്പും ഉണ്ടോയെന്ന് തെരഞ്ഞ് നടന്നതാണ്’’.

      ‘’ഒര് ജീപ്പ് ഇപ്പോൾ പോയതേയുള്ളൂ. ഇനി ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് വരൂ . നിങ്ങൾ ഇവിടെ ഇരുന്നോളൂ . വണ്ടി വരുമ്പോൾ പോയാൽ മതി’’ .

കൂട്ടത്തിലൊരുവൻ ചോദിച്ചു , ‘’സംസാരം കേട്ടിട്ട് നിങ്ങൾ കണ്ണൂർകാരനെ പോലുണ്ടല്ലോ ? നാടെവിടെയാണ്’’ ? 

        ‘’കണ്ണൂരിലെ ഇരുട്ടിയിൽ’’ 

‘’ഓഹ്.ഇവിടെ കീഴേപറമ്പിൽ ആരെ കാണാനാണ് വന്നത്’’ ?  അവൻ അവന്റെ ബാപ്പയെത്തേടിയുള്ള സഞ്ചാര കഥകൾ അവരോട് പറഞ്ഞു . 

അവർ പറഞ്ഞു ‘’നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട, നിങ്ങളുടെ ബാപ്പയേയും ബന്ധുക്കളേയും കണ്ടെത്താൻ ഞങ്ങൾ സഹായിക്കാം’’. യൂസുഫ് അവരെ അഡ്രസ് കാണിച്ചു. കീഴേപറമ്പിൽ മൊയ്‌തീൻ. നിങ്ങളുടെ അഡ്രസ്സിലുള്ള കീഴേപറമ്പുകാർ വെസ്റ്റിലാണ് കൂടുതലുള്ളത്. അവിടെ ചെന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റു മായിരിക്കും. ഷാഫിക്ക അജിത്തിനേയും അഷ്റഫിനേയും അടുത്ത് വിളിച്ചു, അവരുടെ ചെവിയിൽ എന്തോ സ്വകാര്യമായിപ്പറഞ്ഞു . അപ്പോൾ അവർ ദൃതിയിൽ എങ്ങോട്ടേക്കോ നടന്നു നീങ്ങി. മഞ്ഞക്കളർ ഫുട്‌ബോൾ ജഴ്സിയണിഞ്ഞ അവരിലെ ഒരാൾ ചോദിച്ചു- ‘’ നിങ്ങൾ ഫുട്‌ബോൾ കളിക്കുമോ’’ ?

      ‘’നാട്ടിലെ ക്ലബ്ബിനും വേണ്ടി കളിച്ചിട്ടുണ്ട്’’. അവരുടെ മുഖത്ത് സന്തോഷം .

‘’ഞങ്ങൾ ഇവിടുത്തെ ടൗൺ ടീമിൻറെ പ്ലയേഴ്‌സാണ്. ഇന്ന് ഞങ്ങൾക്ക് തൃശൂരിൽ ഒരു   ഫൈനൽ ടൂർണ്ണമെന്റുണ്ട്, സത്യേട്ടന്റെ തൃശൂർ ടീമാണ് എതിരാളികൾ. അവർ കട്ടക്ക് ടീമുണ്ട്. അവരുടെ ബാക്ക് ലൈൻ അഭാരമാണ്. ബോള് അപ്പുറത്തേക്ക് കടന്ന് കിട്ടണമെങ്കിൽ വലിയ പാടാണ്. എന്നാലും ഞങ്ങള് ഒരു കൈ നോക്കും. ഇവർ മൂന്നുപേരും കേരളാപോലീസിന്റെ പ്ലയേഴ്‌സാണ് . ഞങ്ങളുടെ ടീം വിജയിക്കാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം’’ .

        ‘’തീർച്ചയായും’’ 

‘’നിങ്ങൾക്ക് അഥവാ അവിടെ കീഴേപറമ്പിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പേടിക്കേണ്ട, അവിടെ ആ ബില്ഡിങ്ങിനുമുകളിലുള്ള മൂന്ന് റൂം നമ്മുടെ ക്ലബ്ബിന്റേതാണ്. എപ്പോൾ വന്നാലും ഞങ്ങളിലൊരു പ്ലയറായി അവിടെ നിങ്ങൾക്ക് പ്രവേശനമുണ്ടാകും. ഒരു ഫുട്‌ബോൾ പ്ലയർ ലോകത്തൊരിടത്തും തനിച്ചാകില്ല ഭായ് . മസിൽ തിരുമ്മിക്കൊണ്ട് സഹീർക്ക പറഞ്ഞു’’. ഷാഫിക്ക അഡ്രസ്സും ഫോൺ നമ്പറും ഫോട്ടോയുമുള്ള ഒരു വിസിറ്റിങ് കാർഡ് യൂസുഫിന് നൽകി. എന്ത് ആവശ്യമുണ്ടേലും അറിയിക്കണമെന്ന് പറഞ്ഞു. യൂസുഫിൻറെ അഡ്രസ് അയാളും വാങ്ങി. ചീനി മരത്തിന് മുകളിൽ നിന്നും കുയിൽ അതിൻറെ സായാഹ്ന സംഗീതമാലപിച്ച് കൊണ്ടിരുന്നു. ഉണങ്ങിയ ചെറിയ കമ്പുകൾ കാറ്റിൽ മഞ്ഞ ഇലകളോടൊപ്പം താഴേക്ക് വീണു. ഷാഫിക്ക നേരത്തെ പറഞ്ഞയച്ച അജിത്തും അഷ്റഫും ഒരു ഓട്ടോ വിളിച്ച്  വന്നു . അവരുടെ രണ്ട് പേരുടെ കയ്യിലും വലിയ രണ്ട് കവറുകളിൽ നിറയെ പഴങ്ങളും പലഹാരങ്ങളും കുട്ടികൾക്കുള്ള സമ്മാനപ്പൊതികളുമുണ്ട്. അതെല്ലാം അവർ യൂസുഫിന്റെ കയ്യിൽ   നൽകി. ഷാഫിക്ക നൂറിന്റെ മൂന്ന് നോട്ടുകൾ ചുരുട്ടി യൂസുഫിന്റെ പോക്കറ്റിലേക്ക് അമർത്തിയിട്ടു. അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കുന്നില്ല. അപ്പോൾ ഷാഫിക്ക പറഞ്ഞു, ‘’ഭായ് ഒര് ഫുട്‍ബോൾ പ്ലയർ ലോകത്തൊരിടത്തും തനിച്ചാകരുത്. നിങ്ങളോട് കൂടെ ഞങ്ങൾ എന്നുമുണ്ടാകും. നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്’’. ഓട്ടോക്കാരനോട് ഷാഫിക്ക പറഞ്ഞു - ''ഇദ്ദേഹത്തെ കീഴേപറമ്പ് വെസ്റ്റിൽ കൊണ്ടെത്തിക്കൂ '' 

      ‘’ശരി സർ’’ .

അങ്ങിനെ യൂസുഫ് അവിടുന്ന് യാത്രയായി. ഗ്രാമപാതകളേയും പറമ്പിനേയും വയലിനേയുമൊക്കെ കീറിമുറിച്ച് ഓട്ടോ പതിനഞ്ചുമിനുട്ട് ഓടിയിട്ടുണ്ടാകും. കീഴേപറമ്പ് വെസ്റ്റിൽ അങ്ങാടിയുടെ ഇടത് ഓരം ചേർന്നുള്ള അത്താണിയുടെ ഭാഗത്ത് ഓട്ടോ നിർത്തി , യൂസുഫ് ഇറങ്ങി.

''കാശെത്രയായി ''?  അവൻ ചോദിച്ചു .

         ‘’കാശ് അവിടെ നിന്നും ഷാഫി സാർ തന്നിട്ടുണ്ട്’’ .

യൂസുഫ് തൻറെ ബാഗും പലഹാരക്കവറും മറ്റും എടുത്ത് അവിടെയുള്ള പഴയ കടയുടെ ബെഞ്ചിലേക്കിരുന്നു. ആ നാട്ടിലെ ആഡംബര വാഹനമായ ഓട്ടോയിൽ വന്നിറങ്ങിയ ആ വി ഐ പി യെ എല്ലാവരും ശ്രദ്ധിച്ചു നോക്കി . അവൻ തന്റെ പേഴ്സിൽ നിന്നും വിറയ്ക്കുന്ന കൈകളാൽ തൻറെ ബാപ്പയുടെ അഡ്രസെഴുതിയ കടലാസെടുത്തു . അപ്പുറത്തിരിക്കുന്ന ഒരു വയസ്സൻറെ അടുത്ത് ചെന്നു , അഡ്രസ് വായിച്ചു കേൾപ്പിച്ചു. അപ്പോഴേക്കും കുറേ വയസ്സന്മാർ അവർക്കു ചുറ്റും കൂടിയിരുന്നു. ‘’നീ ഞങ്ങളുദ്ദേശിച്ച ആൾ തന്നെയാണ്. പക്ഷേ നീ വായിച്ച പേരല്ല നിൻറെ ബാപ്പയുടെ യഥാർത്ഥ പേര്, ഉണ്ണിമോയിൻ എന്നാണ് ശരിക്കുള്ള പേര്. ഉണ്ണിമോയിൻറെ മകനാണ് നീയെന്ന് ഈ കണ്ണും മുഖവും കണ്ടാലറിയാം. നിന്റെ ബാപ്പയുടെ ബന്ധുക്കൾ ഇവിടെ ധാരയാളമുണ്ട്. അവർ നിന്റെ ബാപ്പയേയും അന്വേഷിച്ച് കുറേ  കാലം നടന്നതാണ്’’. 

കൂട്ടത്തിൽ ഉണ്ണിമോയിൻറെ പഴയ സുഹൃത്ത് സൈനുദ്ധീൻക്ക പറഞ്ഞു , ‘’നിന്റെ ബാപ്പാന്റെ അനിയന്റെ വീട് അപ്പുറത്താണ്. വാ ഞാൻ ആക്കിത്തരാം’’. അവൻറെ മനസ്സിൽ പതിനാലാം രാവിൻറെ  തെളിമയുള്ള ആയിരം നിലാവുകൾ  പൂത്തുലഞ്ഞു. ആ ഗ്രാമത്തിലെ നാട്ടുപാതയിലൂടെ മുൾവേലി കെട്ടിയ പറമ്പിന്നരികിലൂടെ നടന്ന് ഒരു പ്രതാപമുള്ള തറവാട്ടു വീട്ടിലെത്തി .

‘’മുഹമ്മൂട്ടി മുഹമ്മൂട്ടീ’’ ... സൈനുക്ക നീട്ടി വിളിച്ചു ’ആങ് . സൈനുക്കാക്കേ എന്തേ’’ ? - വീട്ടുകാരൻ അകത്ത് നിന്നും മറുപടിയായി ചോദിച്ചു .

     ‘’നിനക്ക് ഒര് പ്രധാനപ്പെട്ട അതിഥിയുണ്ട് , ഉണ്ണിമോയിൻറെ മകൻ’’. വീട്ടുകാരൻ ആകാംക്ഷയോടെ പുറത്ത് വന്നു .

തന്റെ ജേഷ്ടൻറെ  അതേ മുഖം , അതേ ശരീര ആകാരം അതേ ശബ്ദം അതേ നടത്തം . മുഹമ്മൂട്ടി യൂസുഫിനെ പുത്രവാത്സല്യത്തോടെ കെട്ടിപ്പിടിച്ചു. വർഷങ്ങളോളം ജേഷ്ടനെത്തേടിയലഞ്ഞ അനിയൻറെ സങ്കട കണ്ണീർ അനിയന്ത്രിതമായൊഴുകി. ആ വീട്ടിൽ എന്നോ കളഞ്ഞുപോയ ഒരു രത്നമുത്ത് തിരിച്ച് കിട്ടിയതുപോലെ ആഹ്ളാദം അലയടിച്ചു. മുഹമ്മൂട്ടിയുടെ ഭാര്യ സൽക്കാരത്തിനായി തേങ്ങാചോറും നാടൻ കോഴിക്കറിയും പാചകം ചെയ്യാൻ തുടങ്ങി. കുട്ടികൾ അടുക്കളയിൽ ആഹ്ളാദത്തോടെ സൊറ പറഞ്ഞിരുന്നു. അവരുടെ മഞ്ചയുടെ താഴെ കറുത്ത പൂച്ചയും മാംസ ഗന്ധത്തിൻറെ ആഹ്ളാദത്തിൽ അവരുടെ കാലുകളിൽ ദേഹമുരസി  നടന്നു. എന്നും കഞ്ഞിയും തേങ്ങാ ചമ്മന്തിയുമാണ് നാട്ടിലെ മിക്ക വീടുകളിലും , ചിലപ്പോൾ പുഴുക്കോ ഉണക്കൽ മീനോ ആവും എന്നുമാത്രം. ചോറ് ആകെ രണ്ട്  മാസത്തിൽ ഒരു ദിവസത്തെ ഒരു നേരം മാത്രം ! മദ്രസയിലെ ഉസ്താദിന് വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കുന്ന അന്ന് മാത്രമേ ചോറ് കാണൂ, പൊരിച്ച പപ്പടവും പയറുപ്പേരിയും മാംസക്കറിയുമൊക്കെ ഒരേ ഒരുദിവസം മാത്രം. ഇന്ന് അതേപോലെയാണ്. 

മക്കളിൽ മുതിർന്ന മോനുവും കുഞ്ഞിമ്മും പരസ്പരം ഇങ്ങനെ അടക്കം പറഞ്ഞു ''ഇന്ന് ആയത്തുൽ കുർസീ ഓതി കിടന്നാൽ മതി. ആ വന്നത്  ആരാണെന്ന് നമുക്കറിയില്ലല്ലോ. ഏതോ ഒരു തട്ടിപ്പുകാരനല്ല എന്ന് എന്താണൊരുറപ്പ് ? നേരം പാതിരയാവുമ്പോൾ ഇയാൾക്ക് പുറമേ  വേറെയും ആളുകൾ വരില്ലെന്നാര് കണ്ടു ? അവർ നമ്മെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യില്ലെന്നാർക്കറിയാം!'' അവരുടെ അടക്കം പറച്ചിൽ മുഹമ്മൂട്ടി കേട്ടു. അവരെ രണ്ട് പേരെയുമൊന്ന് തറപ്പിച്ചു നോക്കി അയാൾ പൂമുഖത്തേക്ക് നടന്നു നീങ്ങി . കുട്ടികളുടെ ഭയത്തിൽ അയാൾക്ക് സങ്കടം തോന്നി. നിശാ പ്രാർത്ഥനക്കായ് ദൂരെ നിന്നും മസ്ജിദിന്റെ മിനാരങ്ങളിലൂടെ നേർത്ത ബാങ്കൊലി ഒഴുകിയെത്തി . ഓർമ്മയിൽ ഏടുകളിലെ ചരിത്ര പേജുകളെ ആ ബാങ്കൊലി പൊടി തട്ടിയെടുക്കുന്നപോലെ . ഉണ്ണിമോയിൻറെ പഴയ കൂട്ടുകാരും ഓത്തുപള്ളിയിലെ പഴയ സഹപാഠികളും യൂസുഫിനെ കാണാനായി മുഹമ്മൂട്ടിയുടെ വീട്ടിലേക്ക് വന്നു . ‘’തലയും താടിയും നരച്ച ഓരോ മനുഷ്യർ.    എൻറെ ബാപ്പ ഈ ഭൂമിയിലെവിടെയെങ്കിലുമുണ്ടെങ്കിൽ ഇതേ പ്രായമായിരിക്കും അദ്ദേഹത്തിനും’’ , അവൻ ആത്മഗതം പോലെ ഒന്ന് നെടുവീർപ്പിട്ടു .

      ‘’നിന്റെ ബാപ്പ വളരെ രസികനായിരുന്നു . ഏത് ചിരിക്കാത്തോനേം തമാശ പറഞ്ഞ് ചിരിപ്പിക്കും’’ .

       ‘’ഓൻ ആദ്യം ഇവിടെ ഒരു പെണ്ണ് കെട്ടി. അതിൽ നാലുമക്കളുണ്ട്. കൂപ്പിൽ പണിക്ക് പോവുന്നു എന്നും പറഞ്ഞ് പോയതാ. അവനെ ഇവരന്വേഷിക്കാത്ത സ്ഥലങ്ങളില്ല . അവനെ പല സ്ഥലത്തും ജോലിക്ക് കണ്ടവരുണ്ട്. അതറിഞ്ഞ് ഇവർ ബന്ധുക്കൾ അവിടെ എത്തുമ്പോഴേക്കും അവൻ അവിടുന്ന് മാറും. നിന്റെ ഉമ്മയുൾപ്പെടെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടവൻ’’. യൂസുഫ് മനസ്സിൽ പറഞ്ഞു , ‘’ആർക്കറിയാം  എന്റെ അറിവിൽ മൂന്നായി’’. 

പിറ്റേന്ന് രാവിലെ മുഹമ്മൂട്ടി അവനേയും കൂട്ടി ബന്ധുവീടുകളിൽ മുഴുവനും പോയി അവനെ എല്ലാവർക്കും  പരിചയപ്പെടുത്തി. വയസ്സായവരൊക്കെ പറഞ്ഞു, ‘’ഉണ്ണി മോയിനെ മുറിച്ച് വെച്ചതുപോലുണ്ട്‌‘’. അവർക്കെല്ലാം സന്തോഷമായി . അടുത്ത തവണ വരുമ്പോൾ ഉമ്മയേയും കൂട്ടി വരണമെന്ന് അവർ നിർദേശിച്ചു . വീട്ടിലെത്തിയതിന് ശേഷം മുഹമ്മൂട്ടി ഒരു കറുത്ത തോൽ ബാഗെടുത്തു. 

അതിൽ നിന്നും പറമ്പിന്റെ ആധാരങ്ങളെടുത്തു '' യൂസുഫേ ഇനിമുതൽ നീയാണ് ഇത് സൂക്ഷിക്കേണ്ടത്. ഞാൻ നിന്നെയേല്പിക്കുന്നു. നിന്റെ ബാപ്പയുടെ  ഓഹരി സ്വത്തിൻറെ ആധാരമാണ് . അത് കണ്ട അവൻ അത്ഭുതപ്പെട്ടു! . ഇത്രവലിയ ഒരു ധനാട്യന്റെ മോനാണോ ഞാൻ! അവനെ അയാൾ പറമ്പുകൾ കാണിച്ചുകൊടുക്കാനായി കൊണ്ടുപോയി. നിറയെ കാഴ്ച്ച് നിൽക്കുന്ന തെങ്ങുകൾ തടിച്ചുനീണ്ട പ്ലാവുകൾ നിറയെ തേക്കുകൾ. അവന്റെ മനസ്സിൽ സന്തോഷം വിടർന്നു .

     ‘’യൂസുഫേ എനിക്ക് അറുപത് വയസ്സ് കഴിഞ്ഞു മോനെ , ഒന്ന് ഹജ്ജിന് പോവണം. ഈ സാമ്പത്തിക ഉത്തരവാദിത്വം എന്റെ പിരടിയിലായിരുന്നത് കാരണം ഹജ്ജ് നിർവഹിച്ചാൽ പടച്ചോൻ സ്വീകരിക്കുമോ എന്ന  സംശയമായിരുന്നു . ഇപ്പോൾ നിന്നെ കണ്ടപ്പോൾ വളരെ സമാധാനമായി’’ .

       ‘’എളാപ്പാ,  ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ബാപ്പ എന്തേ ഇവിടുന്ന് നാട് കടന്ന് അവിടെ വന്ന് ഉമ്മയെ കല്ല്യാണം കഴിച്ചത്’’ ?

       ‘’ ആ ചോദ്യത്തിനുത്തരം ഞാനൊരുപാട് തവണ ആലോചിച്ചതാണ്, എനിക്ക് തോന്നുന്നത് ഞങ്ങളുടെ ബാപ്പ കുറച്ച് കണിശക്കാരനായിരുന്നു . ചെറിയ തെറ്റുകൾ പോലും വിചാരണക്ക് വിധേയമായിരുന്നു. ഉണ്ണിമോയിൻ സാമ്പത്തിക അച്ചടക്കം കുറഞ്ഞ ആളായിരുന്നു. അതിന്റെ പേരിൽ അവനെ ബാപ്പ വഴക്ക് പറയാറുണ്ടായിരുന്നു.  അതിൽ മനം നൊന്തായിരിക്കാം’’.... മുഹമ്മൂട്ടി കണ്ണുനീർ തുടച്ചു .

    ‘’ എളാപ്പാ ഒരു രഹസ്യം കൂടെ എനിക്ക് പറയാനുണ്ട്,  ബാപ്പാക്ക് വേറെ ഒരു ഭാര്യ കൂടിയുണ്ടെന്ന് പള്ളിയിലെ മുല്ല പറഞ്ഞിരുന്നു. അതിൽ മക്കളുണ്ടോ ഇല്ലേ എന്നറിയില്ല’’.  അത് കേട്ട് മുഹമ്മൂട്ടി സ്തപ്തനായി! ‘’അവരെ കണ്ടെത്താൻ പരിശ്രമിക്കുക , അവരുടെ അവകാശങ്ങൾ അവർക്ക് നൽകുക’’ .

‘’ഒന്ന് സ്വസ്ഥമായി ഹജ്ജിന് പോവണം. പ്രവാചകന്റെ പാദസ്പർശമേറ്റ മണ ൽത്തരികളെയൊന്ന് മുത്തണം. ജിബ്‌രീലിന്റെ ചിറകടിയേറ്റ ഹിറാഗുഹയൊന്ന് കാണണം . നജ്‌റാനിൽ നിന്നും അതിഥികളായെത്തിയ കൃസ്തുമത വിശ്വാസികൾക്ക് താമസിക്കാനും പ്രാർത്ഥിക്കാനും പ്രവാചകൻ ഇടം നൽകിയ  മസ്ജിദിൻറെ മിനാരമൊന്ന് കാണണം. ഗോത്ര മഹിമയുടെ അഹങ്കാരത്തിന്റെ ഭാണ്ഡം തൂക്കി നടന്നവന്റെ മുന്നിൽ മനുഷ്യ വർഗ്ഗം ഒന്നേയുള്ളൂ എന്ന് ബോധനം നടത്തി കറുത്ത ആഫ്രിക്കൻ നീഗ്രോ അടിമയായ ബിലാലിനെ തന്റെ വെളുവെളുത്ത ചുമലിൽ ചവിട്ടിക്കൊണ്ട് കഅബയുടെ മുകളിൽ കയറി അത്യുച്ചത്തിൽ അതിമനോഹരമായി സർവ്വേശ്വരൻ മാത്രമാണ് അത്യുന്നതൻ എന്ന് തുടങ്ങുന്ന ബാങ്കൊലി മുഴക്കാൻ പറഞ്ഞപ്പോൾ വീണുടഞ്ഞ ഗോത്ര മഹിമ കണ്ട കഅബയുടെ ചുമരൊന്ന് സ്പർശിക്കണം’’.

‘’പ്രവിശാലമായ സാമ്രാജ്യത്തിൻറെ ഭരണാധികാരിയായിരുന്നിട്ടും സർവ്വേശ്വരനെ പ്രണയിച്ച് നിദ്രക്കായ് ഈന്തപ്പനയോല  മാത്രം വിരിച്ച് കിടന്ന ഖലീഫ ഉമറിനെ കണ്ട തെരുവുകളെയെനിക്ക് കാണണം’’. ‘’നിൻറെ മാതാവിൻറെ കാൽക്കീഴിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചക ഗുരുവിൻറെ മസ്ജിദിലെ പാഠശാലയിലൊന്ന് കയറണം’’. അയാൾ തൻറെ ഹജ്ജ് മോഹത്തിന്റെ ജപമാലയിലെ കിനാക്കളുടെ ഓരോ മുത്തുകളും എണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.

അനാഥനായ് വന്ന യൂസുഫ് സനാഥനായ് ധനാട്യൻറെ പ്രൗഢിയുള്ള തറവാട്ട് പുത്രനായ്‌ തലയുയർത്തി തിരിച്ച് നടന്നു . ഭൂമിയിലെ മനുഷ്യൻറെ വിധിവൈപരീത്യങ്ങളുടെ ഒഴുക്ക് കണ്ട് തേക്കും പ്ലാവും ചന്ദനവും കാറ്റിൽ പൊട്ടിച്ചിരിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA