ADVERTISEMENT

"ഭൂപടം 

നിവർത്തിയപ്പോൾ 

ചോരപ്പാട് 

കരിഞ്ഞുണങ്ങിയ 

ശരീരങ്ങളുടെ 

പാടുകൾ........."

 

ഫൈസൽ ബാവയുടെ പുസ്തകത്തിലെ ശീർഷകകവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്.തുടർന്നുള്ള വരികളിൽ പന്ത്രണ്ട് പല്ലും കുഞ്ഞസ്ഥിയും കുഞ്ഞുനെഞ്ചും വർത്തമാനകാലത്തിലെ അതിനിഷ്ഠൂരപീഡനങ്ങൾ എങ്ങനെ വംശവിച്ഛേദത്തിൻറെ വിധ്വംസകചരിത്രമായി മാറുന്നു എന്ന് രേഖപ്പെടുത്തുന്നു. അവതാരികയിൽ പറയുന്നപോലെ "കുറുക്കിയ നീതിബോധം നീതി കിട്ടാത്ത മനുഷ്യരുടെ പിടച്ചിലുകൾ മാത്രമല്ല മണ്ണിൻറെയും ഉറവുകളുടെയും പിടച്ചിലുകളാണ്.പച്ചയായ ഒരു മനുഷ്യൻറെ ഉരുകൽ."

എല്ലാവരോടും കുന്നോളം സ്നേഹമുള്ള ഒരാൾ ഏറ്റവും വേവലാതിപ്പെടുന്നത് "ആരോ കാത്തിരിക്കുന്നുണ്ടെന്ന തോന്നലിൽ" കൂടുവിട്ടെത്തിയ കുരുന്നു "ജീവനു'കളെക്കുറിച്ചാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ,രണ്ടു വയസ്സുള്ള പെൺകുട്ടി ചോദിക്കുന്നത്,സിനാൻ എന്ന വേദന, സൂര്യനെല്ലി, ഭൂപടത്തിലെ പാട് എന്നീ കവിതകളിൽ ഈ വേവലാതികൾ കത്തിനിൽക്കുന്നു.ആരും കാത്തിരിക്കാനില്ലെന്ന് ആവലാതിപോലും ആരും കേൾക്കാനില്ലാത്ത ലോകത്ത്  കുരുന്നുകൾക്ക് "പിറവിതന്നെ ഇരുട്ടിൽ-ഇനി ഇരുട്ടോടിരുട്ട്". "അമ്മയുടെ മാറ് നെടുകെ പിളർന്ന ഒരു രക്തഗർത്തം". "തൻറെ ജന്മം ഒരു പൊട്ടിത്തെറിയാണെന്ന്,ആരോ എന്തിനോ വേണ്ടി ചെയ്യുന്ന പാതകമാണെന്ന് ഓരോ കുഞ്ഞും പ്രതികരിക്കേണ്ടിവരുന്നു.

"നേർത്ത കുഴലിലൂടെ അരിച്ചിറങ്ങുന്ന ഇറ്റ് ജീവൻ വേണ്ടായിരുന്നു" എന്നുപോലും അവർ വിലപിച്ചുപോകുന്നു. "ഭൂമിയുടെ കണ്ണീരിലേയ്ക്ക് കരയാനറിയാത്ത എന്നെ വലിച്ചെറിഞ്ഞതെന്തിനാണെന്ന്" അവർ വീർപ്പുമുട്ടി ചോദിക്കുന്നു. "ആദർശം,അഭിമാനം സദാചാരം എന്നീ വാക്കുകൾ എന്തിനാണെന്ന്" അവർക്കറിയില്ല."നിയമം,കോടതി,വാദം എന്നീ വാക്കുകൾക്കിടയിൽ" അവർ നിലനിൽക്കുന്നുമില്ല. "കരയാനറിയാത്ത വേദന" അവരോളം നമ്മൾക്കറിയില്ല."വേദന ഒരാരവമായി" അവരുടെ കാതുകളിൽ മുഴങ്ങുന്നു. അമ്മയുടെ കണ്ണീരാണ് അവർക്കു മുലപ്പാൽ."കൂപ്പിയ കൈകളുടെ അസ്ഥി" "തെറിച്ചുവീണ് തുറിച്ചുനോക്കുന്ന കണ്ണുകളിലൂടെ" ഈ ലോകത്തോടു മുഴുവൻ യാചിക്കുകയാണ്. അവർക്കുവേണ്ടി  "സൂര്യൻ ഉദിച്ചതേയില്ല-നെല്ലി പൂത്തതുമില്ല".

ഭൂഗോളത്തിൻറെ ഓരോ കോണിൽനിന്നും മുഴങ്ങുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും ചോരയും കൊണ്ടാണ് ഫൈസൽ ബാവ തൻറെ കവിതാഭൂപടത്തിലെ  പാടുകൾ രേഖപ്പെടുത്തുന്നത്. അവരോടാലിഞ്ഞ് കവിയും ഒരു കുട്ടിയായിത്തീരുന്നു. 'പുഴ' കവിയെ കുട്ടീ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഈ കുട്ടിക്ക് അമ്മമാരുടെ നെഞ്ചിലെ തീച്ചൂടും പൊള്ളുന്ന അനുഭവമാണ്. കുഞ്ഞിനെ മറവ് ചെയ്ത കബറിനു മുകളിൽ കണ്ണീരുകൊണ്ട് അവർ ചെടി നട്ടു വളർത്തുന്നു. സ്നേഹത്തിൻറെ തണലും കുളിരുമുള്ള ഒരു കാടു തന്നെ അവർ കണ്ണീർ നനച്ചുണ്ടാക്കുന്നു.തന്നിലെ ഇരുട്ടിനെ മുക്കി പുഞ്ചിരികൊണ്ടു പുണർന്നു താലോലിക്കുന്ന പാൽനിലാവും കവിക്ക് മാതൃവാത്സല്യഭാവമാണ്. "മതിൽക്കെട്ടുകളില്ലാത്ത തൊടിയിലെ" ആ വലിയ മരത്തിൻറെ ചില്ലയിൽ കൂടു കൂട്ടാൻ കവിക്കും കൊതിയുണ്ട്. ആ കൂട്ടിലേയ്ക്കു പാറിവരുമെന്ന് കവി കരുതുന്ന ഇല ഭൂമി എന്ന അമ്മയ്ക്കു തിരിച്ചുകിട്ടുമെന്ന് കവി മോഹിക്കുന്ന ഹരിതാഭ തന്നെയാണ്.കല്ലേൻ പൊക്കുടനെക്കുറിച്ചു കൂടിയുള്ള കണ്ടൽക്കാടുകൾ എന്ന കവിതയിൽ പ്രകൃതിമാതാവിനോട് ഇനിയും വറ്റിയിട്ടില്ലാത്ത ഇത്തിനി കനവിൻറെ നനവുണ്ട്.

ആൺകോയ്മ കുരുതിക്കിരയാക്കി നിരന്തരം കുരിശിലേറ്റുന്ന പെണ്ണവസ്ഥയും  ഭൂപടത്തിലെ ചോരപ്പാടുകളിൽ ഏറ്റവും കടുത്തതാണെന്ന്  കവി തിരിച്ചറിയുന്നു."ഒരു പെണ്ണിനെ ജീവിച്ചിരിക്കെ ശവമാക്കാൻ പറ്റുന്ന എളുപ്പവാക്കാ"യി 'തേവിടിശ്ശി'യെ പ്രയോജനപ്പെടുത്തുന്നത് ആണധിനിവേശം തന്നെയാണല്ലോ."ഇരുളിൻറെ മറവിൽ നിസ്സംഗതയാൽ ജീവിതത്തെ മുറിക്കുന്നവൾ"."ഇര പിടിക്കലിൻറെ അധ്വാനമില്ലാതെ ഭക്ഷിക്കാ"മെങ്കിലും വലിച്ചെറിയുന്ന എല്ലിൻകഷണങ്ങളിൽ ആണെല്ലുമുണ്ടെന്ന സത്യം മറക്കേണ്ടെന്ന മുന്നറിയിപ്പ് നൽകാനും കവി ഉണരുന്നു.രണ്ടു വയസ്സുള്ള കുഞ്ഞുങ്ങളെപ്പോലും ചതച്ചരയ്ക്കാൻ ആണുപയോഗിക്കുന്നത് "പെണ്ണ്, പീഡനം, ലൈംഗികത" എന്നീ വാക്കുകളാണല്ലോ എന്ന പരമാർത്ഥം ഓരോ ആൺതരിയെയും കീറിമുറിക്കേണ്ടതാണ്. ഉള്ള് പിടപ്പിക്കേണ്ടതാണ്.

ഫൈസൽ ബാവയുടെ ഭൂപടച്ചിത്രത്തിലെ വളരെക്കുറച്ചു ചോരപ്പാടുകളെക്കുറിച്ചേ ഈ ചെറുകുറിപ്പിൽ പരാമർശിച്ചിട്ടുള്ളൂ. മാനവികതയുടെ അനേകം ഭാവതലങ്ങളിൽ പറ്റിപ്പിച്ചിട്ടുള്ള അനേകം കറകൾ ഈ കുറുങ്കവിതകളിൽ പരാമർശവിധേയമായിട്ടുണ്ട്. അവയോരോന്നും വായിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാനായിട്ടുണ്ടെങ്കിൽ ഈ ചെറുകുറിപ്പ് സാർത്ഥകമാണ്.ഈ കുറിപ്പിൽ ഉദ്ധരിച്ചിട്ടുള്ള വരികൾ ഏതേതു കവിതകളിലേതാണെന്ന് ബോധപൂർവം ഞാൻ സൂചിപ്പിക്കാത്തതാണ്. അവ മാത്രമല്ല എല്ലാ കവിതകളും നിങ്ങൾ വായിക്കണം എന്നാണ് എൻറെ ആഗ്രഹം.ഈ കന്നിക്കൃതിക്കു പിന്നാലെ ഇനിയും കാവ്യക്കനികൾ സമൃദ്ധമായി കായ്ക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.  

(ഫൈസൽ ബാവയുടെ 'ഭൂപടത്തിലെ പാട്' എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള കുറിപ്പ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com