sections
MORE

വിക്രമന്‍റെ ആധി

sky
SHARE

നാട്ടുംപ്രദേശം എന്ന് തീർത്തും പറയാൻ സാധിക്കില്ലെങ്കിലും സാധാരണ വേണ്ട ഭൂപ്രകൃതിയും അധികം ബുദ്ധിജീവികളും ഇല്ലാത്ത കൊച്ചു പഞ്ചായത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് പട്ടണത്തിന്‍റെ ആർഭാടങ്ങളിലും തിരക്കുകളിലും പിന്നെ പടർന്നു പിടിക്കുന്ന ധൂർത്തിലും ഒട്ടും ഭ്രമം തോന്നിയിരുന്നില്ല. 

സ്ഥിരമായി ജോലിചെയ്യുകയും ക്രമമായി ചിട്ടപ്പെടുത്തിയുള്ള ഒരു യാന്ത്രിക ജീവിതം നയിക്കുന്ന ആളുകളെക്കാളും വല്ലപ്പോഴും ജോലി ചെയ്യുകയും ആവശ്യത്തിനു മാത്രം കാശ് അന്വേഷിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കുമിടയിൽ വിക്രമൻ ഒരു വിചിത്ര മനുഷ്യൻ ആയിരുന്നു.  വിചിത്രജീവി എന്ന് പറയുന്നതാവും കൂടുതൽ ശരി. രൂപം, ഭാവം ചെയ്‌തികൾ എല്ലാം കൊണ്ടും അയാൾ ഒരു വിചിത്ര മനുഷ്യനായി,  എല്ലായിടത്തും. 

മുഴച്ചുനില്‍കുന്നതും കൂർത്ത് മുകളിലോട്ടു കയറി നിൽക്കുന്നതുമായ ചെവികൾ വിക്രമന്റെ പ്രത്യേകതയായിരുന്നു. കണ്ണുകൾ ചെറുതാണെങ്കിലും തള്ളി നില്‍ക്കുന്ന രീതിയില്‍. പലർക്കും മുഖത്തിന്‌ മാറ്റ് കൂട്ടുന്ന നീണ്ട  മൂക്ക് പോലും ആ മുഖത്തിന്‍റെ ആകൃതിയുടെ ബാധ്യത കൂട്ടി. മുടി ചീകി ശീലമില്ലാത്തതിനാലും പിശുക്കിന്റെ ഭാഗമായി മുടിമുറിക്കൽ പരിപാടി സ്വന്തമായി കൈകാര്യം ചെയ്യുന്നത് കൊണ്ടും , പറഞ്ഞാൽ കേൾക്കാത്ത കുരുത്തംകെട്ട വള്ളികളെപോലെ അവ സ്വതന്ത്രമായി  പാറി നടന്നു. സാമാന്യം പൊക്കം ഉണ്ടായിരുന്നെങ്കിലും കാലിനു നീളം കുറവായിരുന്നു. എന്നാൽ കാൽ പാദങ്ങളും വിരലുകളും നീളത്തിലായിരുന്നുതാനും.

വിക്രമന്‍റെ ഏറ്റവും വലിയ ഒരു ദൗർബല്യമായിരുന്നു അവന്‍റെ ആധി. എന്തിനും ഏതിനും ആധിപിടിക്കുന്ന ശീലം നാട്ടില്‍ പാട്ടായിരുന്നു. ഏതുജോലി ചെയ്യുമ്പോഴും അവന് ആവശ്യത്തിലധികം ആധി ആയിരുന്നു. ഒരു പക്ഷെ ജോലിയിൽ എന്തെങ്കിലും പിഴവുകൾ സംഭവിക്കുമോ അല്ലെങ്കില്‍ ആ പിഴവുകളുടെ മേൽ പഴി കേൾക്കേണ്ടി വരുമോ  എന്നെല്ലാമായിരിക്കാം അതിനു കാരണം. 

വീടുകളിലെ പുറം പണികള്‍, അത്യാവശ്യം കൃഷിപ്പണികൾ, റേഷന്‍ വാങ്ങിക്കുക, നികുതി അടയ്ക്കുക, പലവ്യഞ്ജനങ്ങളും പച്ചകറികളും മേടിക്കുക, പാല്‍-പത്രം വിതരണം അങ്ങനെ അവന്‍ ചെയ്യാത്ത പണികള്‍ കുറവായിരുന്നു. വിക്രമനോളം ജോലി ചെയ്യുന്ന വേറെ ആരും ആ പഞ്ചായത്തിൽ വേറെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാലും തീരെ അതിശയോക്തി ആവില്ല.  ഒരു സ്ഥലത്തും പ്രതേകിച്ചു ഒതുങ്ങികൂടി ജോലി നോക്കാതെ പഞ്ചായത്തിലെ ഏകദേശം എല്ലാവീടുകളിലെയും പലവിധത്തിൽ പെട്ട ജോലികൾ ഏറ്റെടുത്ത്  ഒരേദിവസം പലകൂലികൾ വാങ്ങിക്കൂട്ടിയ കാശ് ചെലവാക്കുന്നതിൽ സാമാന്യം നല്ല പിശുക്കൻ ആയിരുന്നു വിക്രമൻ. പോകപ്പോകെ അയാൾ ഇല്ലെങ്കിൽ പല വീടുകളിലെയും ജോലികൾ വേണ്ട സമയത്ത് നടക്കില്ല എന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. 

വിക്രമന്‍റെ അച്ഛനും അമ്മയും  നിത്യരോഗികൾ ആയിരുന്നുവെന്നും തീരെ ചെറുപ്രായം മുതൽ അവരുടെ ഉത്തരവാദിത്തം കൂടി അവൻറെ തലയിൽ വീണെന്നും നാട്ടുകാർ പറഞ്ഞെനിക്ക്  അറിയാം. സമൂഹത്തെ ഭീതിയോടെ കണ്ടുവന്ന മാതാപിതാക്കളുടെ ഒരു ആഗ്രഹമായിരുന്നു തന്‍റെ ഒരേയൊരു മകൻ വീരനായി വളരണമെന്നത്. അതിന്‍റെ ഭാഗമെന്നോണമാണ് വിക്രമൻ എന്ന പേരിന്‍റെ ഉത്ഭവം പോലും. ജന്മദോഷം കൊണ്ടാവാം മകൻ ഏറെക്കുറെ തന്‍റെ മാതാപിതാകളുടെ പാതയിലായിരുന്നു. അപസ്മാരത്തിന്റെ അസുഖം  ഉണ്ടായിരുന്നു. ആകെയുള്ള കൂട്ട് ഭഗവതിക്ഷേത്രത്തിലെ കുശ്ശിനികാരൻ കുമാരേട്ടൻ.  ഒറ്റത്തടി കുമാരേട്ടൻ വിക്രമനെ മകനെപ്പോലെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ഇല നിവേദ്യചോറ് രണ്ടാളും കൂടി കഴിക്കാൻ കുമാരേട്ടൻ അവസരമൊരുക്കി. വിക്രമന്‍റെ ക്ഷേത്രസന്ദര്‍ശനത്തിലും ഒരു വൈചിത്രം ഉണ്ടായിരുന്നു. ദീപാരാധന കഴിഞ്ഞു ഭക്തജനങ്ങള്‍ എല്ലാവരും പിരിഞ്ഞുപോയ ശേഷം ക്ഷേത്രാങ്കണത്തില്‍‍ എത്തി അവിടെ ഒറ്റയ്ക്ക് കുറെ നേരം ചെലവിടും. ആ സമയത്ത് ആരോടോക്കെയൊ എന്നപോലേ സംസാരിക്കുന്നത് കാണാം. സ്വസ്ഥമായി ഭഗവതിയുമായി ആശയവിനിമയം ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞ് കുമാരേട്ടന്‍ പോലും അവിടെ നിന്നും ആ സമയം മാറി നില്‍ക്കാറുണ്ടായിരുന്നു.

പൊതുവേ ഒറ്റപ്പെട്ടു ജീവിക്കുന്ന വിക്രമന്‍റെ സുഖക്കേട് വരുമ്പോഴുള്ള അവസ്ഥ ദയനീയമായിരുന്നു. ചില അവസരങ്ങളിൽ അപസ്മാരം വന്ന്  പൊതുയിടങ്ങളിൽ നിലത്തു വീണ് കൈയും കാലും ഇട്ടടിക്കും വായിൽ നിന്നും നുരയും പതയും വന്ന് പരിതാപകരമായ അവസ്ഥ കണ്ടു നിൽക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. മിക്കവാറും ഭഗവതി ക്ഷേത്ര പരിസരത്ത് സംഭവിക്കുന്ന ഈ രംഗങ്ങളിൽ കുമാരേട്ടൻ തന്നെ ആയിരുന്നു രക്ഷകൻ. കൈയിലുള്ള അമ്പലത്തിലെ കലവറയുടെ ഒരു താക്കോൽകൂട്ടം വിക്രമന്‍റെ കൈയിൽ ചേർത്തുവെച്ച് കുമാരേട്ടൻ രക്ഷാപ്രവർത്തനം നടത്തും. പക്ഷേ ആ കിടപ്പിൽ നിന്നും ദേഹം മുഴുവൻ പൊടിയും മണ്ണുമായി എഴുന്നേറ്റുവരുന്ന അവൻറെ അവസ്ഥ ആരിലും ദുഃഖം ജനിപ്പിക്കുന്നതാണ്. സ്വതവേ ആത്മവിശ്വാസം ഇല്ലാത്ത ഒരു മനുഷ്യപ്രാണിയുടെ വേദനാജനകമായ മുഖവും ശരീരഭാഷയും കണ്ടു കണ്ണ് നിറയാത്തവർ കുറവായിരുന്നു. ആ അവസരങ്ങളിൽ കുമാരേട്ടൻ കാണിക്കുന്ന ഒരു രക്ഷകർത്താവിന്‍റെ പക്വതയും വാത്സല്യവും അനിതരസാധാരണമായിരുന്നു. ആരും ഇല്ലാത്ത വിക്രമന് ദൈവം കുമാരേട്ടന്‍റെ രൂപത്തിൽ അവതരിച്ചതായി തോന്നാറുണ്ടെന്നു എന്‍റെ അമ്മ പലപ്പോഴും പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ വിങ്ങലിൻറെ തുടിപ്പുയരും. അപസ്മാരം വന്ന് വിക്രമന് അന്യസഹായം വേണ്ട ചില സന്ദർഭങ്ങളിൽ കുമാരേട്ടൻ ഇല്ലാതെയും വന്നിട്ടുണ്ട്. പലവിധ ജോലികൾ ചെയ്യുന്ന വിക്രമന്  ആ അവസരങ്ങളിൽ അന്യസഹായം കിട്ടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. 

ഇങ്ങനെയൊക്കെ ആണെങ്കിലും പഞ്ചായത്തിലെ ജനങ്ങൾ എല്ലാവർക്കും വിക്രമൻ ഒരു ഹാസ്യകഥാപാത്രവും ആയിരുന്നു. എല്ലാവരുടെയും ജോലികൾ ചെയ്തിട്ടും അവന്‍റെ രൂപഭാവങ്ങൾ  പലർക്കും കളിയാക്കിച്ചിരിക്കുവാനുള്ള നേരമ്പോക്ക് ആയിരുന്നു. കുറച്ചുകൂടി തെളിച്ചു പറയുകയാണെങ്കിൽ, ജോലിയും കൂലിയും ഇല്ലാതെ മറ്റുള്ളവർക്കു തങ്ങളാലാവും വിധം ഒരുപകാരവും ചെയ്യാത്തവർ ആൽമരചുവട്ടിലെ കലുങ്കിൽ ഇരുന്നു നേരംകൊല്ലുന്ന 'മഹാന്മാർ' എന്ന് കുമാരേട്ടൻ വിശേഷിപ്പിക്കുന്ന സാഗറും, ഉല്ലാസും, സുന്ദറും ചേർന്ന സംഘമാണ് പരിഹാസങ്ങളുടെ മുഖ്യ കാർമ്മികത്വം വഹിക്കുന്നത്. വിക്രമനെ കുറിച്ച് പാരഡി പാട്ടുകൾ ഉണ്ടാക്കുക തങ്ങളാവുംവിധം അവനെ കൊഞ്ഞനംകുത്തുക, അതൊക്കെ ആയിരുന്നു അവരുടെ ഇഷ്ട വിനോദങ്ങൾ. എന്നാൽ 

വിക്രമൻ ഒരിക്കൽപ്പോലും ഇവർക്കെതിരെ പ്രതികരണം ഒന്നും നടത്തിയതായി കേട്ടിട്ടില്ല. ഒരിക്കൽ ഇതിനെക്കുറിച്ചുള്ള സംഭാഷണത്തിനിടയിൽ കുമാരേട്ടൻ അവരോട് മന്ദഹാസത്തോടെ പറയുന്നത് കേട്ടത് ഇങ്ങനെയാണ് "നിങ്ങൾ അറിയുന്നില്ല കുട്ടികളെ, അവന്‍റെ പ്രവർത്തിയിലൂടെ ഒരിക്കൽ അവൻ ജീവിതം മഹത്തരമാക്കും...നോക്കിക്കോളൂ”.

ജോലിക്ക് ഒത്ത കൂലി ചോദിച്ചു വാങ്ങാൻ കഴിവില്ലായിരുന്നെങ്കിലും  പ്രതീക്ഷിക്കുന്ന കൂലി കിട്ടിയില്ലെങ്കിൽ ഒരു അഞ്ചു രൂപ കൂടി വേണം എന്ന് മുഖത്ത് നോക്കാതെ പറയുന്ന ഒരു ശീലം വിക്രമന് ഉണ്ടായിരുന്നു.  അന്നത്തെ ജോലിക്ക് അഞ്ചുരൂപ അധികം ലഭിച്ചില്ലെങ്കിലും അടുത്ത തവണ അതും ചേർത്ത് കിട്ടണം എന്നതാണ് ഉദ്ദേശം.

വിക്രമൻ തന്‍റെ സമ്പാദ്യം എന്ത്‌ ചെയ്യുന്നു എന്ന് അറിയാൻ പഞ്ചായത്തിലെ പലർക്കും നല്ല താത്പര്യവും ജിജ്ഞാസയും ഉണ്ടായിരുന്നു. എന്നാൽ ആ കാര്യം എന്നും രഹസ്യമായി തുടർന്നു ബാങ്കിൽ അക്കൗണ്ട് പോലും ഇല്ലാതിരുന്ന വിക്രമന്‍റെ വീട്ടിലെ സമ്പാദ്യം കൈക്കലാക്കാന്‍ കുറുക്കുവഴി നോക്കിനടന്ന പഞ്ചായത്തിലെ പുകൾപെറ്റ കള്ളുകുടിയൻ ടാങ്ക് വാസു രണ്ടു തവണ നടത്തിയ മോഷണശ്രമം വിഫലമായതായി വാസുതന്നെ കള്ള് മൂത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ആ ചെറിയ കൂരയിൽ ഏത് അറയിലാണെടാ  അവന്‍റെ നിധിശേഖരം എന്ന് ആശ്ചര്യപൂർവ്വം ചോദിക്കുന്ന ടാങ്ക് വാസുവിന്‍റെ ചോദ്യം പഞ്ചായത്തുകാർ ഏറ്റെടുത്തു തമ്മിൽതമ്മിൽ ചോദിക്കുമായിരുന്നു.

‍വിക്രമനെ സന്തോഷത്തോടെയുള്ള  മുഖഭാവത്തോടെ ആരും കണ്ടിട്ടില്ലെങ്കിലും  കുമാരേട്ടൻ അതിനു ഒരു താത്ത്വികമായ  ന്യായീകരണം നൽകുമായിരുന്നു. ഒരു മനുഷ്യന്‍റെ ആകെയുള്ള സ്വഭാവസവിശേഷതകൾ വച്ച് സന്തോഷം പ്രകടിപ്പിക്കാനും ഒരു പ്രത്യേകത ഉണ്ടാകാം. അതുകൊണ്ട് തന്നെ വിക്രമന്‍റെ സന്തോഷ പ്രകടനങ്ങൾ താൻ അറിയാറുണ്ട് എന്നും.

പ്രകടമായി സന്തോഷം കാണിക്കാറില്ലെങ്കിലും സന്തോഷം അറിയുവാനുള്ള ഒരു അളവുകോൽ കുമാരേട്ടന് ഉണ്ടായിരുന്നു. അതിന്‍റെ പേര് ആയിരുന്നു ഒ.സി.ആർ. അഥവാ ഓൾഡ് കാസ്‌ക് റം. വളരെ സന്തോഷവാനാകുമ്പോൾ വിക്രമൻ കുമാരേട്ടന് വേണ്ടി ക്യു നിന്ന് മേടിച്ചു കൊണ്ടുവരുന്ന ഒരു പ്രതേക സമ്മാനം ആണ് ഒ.സി.ആർ. ദുഃശീലങ്ങൾ ഒന്നും തീരെ ഇല്ലാത്ത വിക്രമൻ കുമാരേട്ടന് മാത്രമേ ഇങ്ങനെയുള്ള  അവസരം നൽകാറുള്ളൂ. പക്ഷെ വിക്രമൻ എത്ര പറഞ്ഞാലും  കുമാരേട്ടനുമായി ഇടയുന്ന ഒരു കാര്യവും ഒസിആർ.ന്‍റെ കൂടെ സംഭവിക്കാറുണ്ട്. അതിൻറെ മണമറിഞ്ഞ് ടാങ്ക് വാസു വന്നാൽ കുമാരേട്ടൻ രണ്ടെണ്ണം ഒഴിച്ച് കൊടുക്കും. അത് വിക്രമന് തീരെ ബോധികില്ല. ഇനിയും ഇത് ആവർത്തിക്കില്ല എന്ന് പറഞ്ഞു രണ്ടുപേരും താത്കാലികമായി സമരസപ്പെടുമെങ്കിലും അതു തന്നെ ആവർത്തിക്കുകയും ചെയ്യും. ഒസിആർ. ലഹരിയിൽ കുമാരേട്ടൻ ചില നാടൻ പാട്ടുപ്രയോഗം നടത്തുന്നത് വിക്രമൻ ശരിക്കും ആസ്വദിക്കാറുണ്ട്. എന്നാൽ ആ ആസ്വാദനം വിക്രമന്‍റെ കണ്ണിൽ മാത്രമേ  പ്രതിഫലിക്കുകയുള്ളൂ. ഇതെല്ലാം നാട്ടുകാരെ അറിയിക്കുന്നതും ടാങ്ക് വാസുവിന്‍റെ ദൗത്യം ആയിരുന്നു. 

അങ്ങനെയിരിക്കെയാണ് വിക്രമന്‍റെ ഏറ്റവും പുതിയ ഒരു ആധിയെ കുറിച്ച് നാട്ടുകാരുടെ ഇടയിൽ ഒരു ചർച്ച ഉണ്ടായത്. നടക്കുന്നതിനിടയിലും ഓടുന്നതിനിടയിലും സ്വന്തം മുണ്ട് ഉരിഞ്ഞു പോകുമോ എന്ന് ഭീമമായ ആധി. പട്ടാളത്തിൽ നിന്നും പിരിഞ്ഞുവന്ന് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കിയ എല്ലാവരും സ്പെല്ലിങ് തെറ്റിക്കുന്ന എഡ്‌വേഡ് അച്ചായന്‍റെ വീട്ടിൽ പച്ചക്കറി കൊടുക്കാൻ പോയസമയത്ത് മുണ്ട് ഉരിഞ്ഞു പോകുമെന്ന് കരുതി കൈയിലുള്ള മൊത്തം സാധനങ്ങളും താഴെ ഇട്ട് അതിലുള്ള മുട്ടകൾ പൊട്ടിയപ്പോഴാണ് ഈ കാര്യം പഞ്ചായത്തിലെ ജനങ്ങൾ ഏറ്റെടുത്തത്. ഇതുവരെയുള്ള ആധികളുടെ കൂട്ടത്തിൽ മുന്തിയ ഇനമായ മറ്റൊരു ആധി. ആൽച്ചുവട്ടിലെ മഹാൻമാർ പുത്തൻ കഥകളും പാരഡി ഗാനങ്ങളുമായി അരങ്ങു കൊഴുപ്പിച്ചു.  സ്വതവേ പിശുക്കനായ വിക്രമൻ അടിവസ്ത്രങ്ങൾ വാങ്ങാതെ നാട്ടുകാരുടെ അടിവാങ്ങൽ കോപ്പ് കൂട്ടുകയാണെന്നു പോലും കരക്കാർ പറഞ്ഞുപരത്തി. മറ്റുള്ള ആധികൾ പോലെ ആയിരുന്നില്ല ഈ പുതിയത്. അവന് ജോലിയുള്ള ആത്മവിശ്വാസം കുറഞ്ഞു. അങ്ങനെ കൂടുതൽ പഴികളും കേട്ട്,  കൂലിയും കിട്ടാതെ ജീവിതം തീർത്തും ദുസ്സഹമായി തീർന്നു.  സൗഹൃദങ്ങളും ബന്ധങ്ങളും ഇല്ലാതിരുന്ന വിക്രമന് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിച്ചില്ല. 

ജോലിക്ക് പോകുന്നത് തീരെ കുറഞ്ഞ വിക്രമൻ കൂടുതൽ നേരവും തന്‍റെ കൂരയിൽ കഴിയാൻ തുടങ്ങി. വല്ലപ്പോഴും മാത്രം പൊതുയിടങ്ങളിൽ പ്രത്യക്ഷപെടുമ്പോഴെല്ലാം അവന്‍റെ മുണ്ടിന്‍റെ ആധി കൂടെ ചേർന്ന്നിന്നു.

കുംഭമാസത്തിലെ ഉത്സവം പഞ്ചായത്തിലെ എല്ലാവരും ജാതിമത ഭേദമില്ലാതെ ആഘോഷിക്കുന്ന പതിവുള്ളതാണ്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന നിറപകിട്ടാര്‍ന്ന ഈ ഉല്‍സവത്തിന് മാത്രമാണ് വിക്രമന്‍ മറ്റുളളവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ കൂടാറുള്ളത്. ആദ്യത്തെ ഒന്‍പത് ദിവസവും ക്ഷേത്രത്തിന് ഉള്ളില്‍ കയറാതെ  പുറത്തു ഒറ്റയ്ക്കു മാറിനിന്ന വിക്രമനെ പത്താം ദിവസം ക്ഷേത്രത്തിലോ പരിസരത്തോ എങ്ങും ആരും കണ്ടില്ല. ഉല്‍സവത്തിന്‍റെ തിരക്കുകുകളിലായിരുന്ന കുമാരേട്ടന്‍ ദീപാരാധന നേരം ആയപ്പോള്‍, വാസുവിനെ അവന്‍റെ കൂരയിലേക്ക് അയച്ചു. വാസു ആദ്യം പോകാൻ കൂട്ടാക്കിയില്ലെങ്കലും അവസാനം കുമാരേട്ടന്‍റെ നിർബന്ധത്തിനു വഴങ്ങി. ഉത്സവം തുടങ്ങിയത് കൊണ്ട് വിക്രമനും കുമാരേട്ടനും തമ്മിൽ മൂന്നുനാലു ദിവസമായി ശരിക്കും കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. കുമാരേട്ടൻ നിർബന്ധിക്കാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. എല്ലാ കൊല്ലവും മുടങ്ങാതെ കാവിലെ ഉത്സവത്തിന്‍റെ ദിവസങ്ങളില്‍ ദീപാരാധനയ്കു ശേഷമുള്ള തുള്ളല്‍ തൊഴുവാന്‍ അവന്‍ മുടങ്ങാതെ എത്തുമായിരുന്നു. പത്താം ദിവസത്തെ തുള്ളല്‍ ഉല്‍സവത്തിന്‍റെ ഏറ്റവും വിശിഷ്ടവും ശ്രേഷ്ഠവുമായ ചടങ്ങായിരുന്നു. വിക്രമന്‍റെ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട് പോലും, ആ കാവിലെ തുള്ളൽ സമയത്ത് ഭഗവതിക്ക് നേർന്ന വഴിപാടിന്‍റെ പുണ്യമാണത്രെ വിക്രമന്‍റെ ജനനം.

വിക്രമന്‍റെ കൂരയിൽചെന്ന വാസു ഭയന്നോടി. വലിയ വായിൽ ഒച്ചയിട്ടും  പറഞ്ഞു. “ന്‍റെ ഭഗവതിയെ, നീ അവനെ അങ്ങ് കൊണ്ടുപോയോ?” ഒരു കൂട്ടം ജനങ്ങൾ കൂരയിലേക്കു പാഞ്ഞു. അവിടെ വിക്രമൻ നിശഛലനായി വീണു കിടക്കുന്നുണ്ടായിരുന്നു. പഞ്ചായത്തില്‍ വൈദ്യുതി ഇല്ലാതിരുന്ന സായാഹ്നത്തില്‍ അപസ്മാരം വന്ന് തല ശക്തിയായി നിലത്തടിച്ചു വീണ് അന്യസഹായം കിട്ടാതെ മരണപെട്ടതാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ഉല്‍സവ സമയമായതുകൊണ്ട് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. അല്ലെങ്കില്‍ ‍‍‍തന്നെ  ഇതൊക്കെ ആരു ശ്രദ്ധിക്കുന്നു?

പട്ടണത്തിൽ നിന്നും വന്ന ആംബുലൻസിലേക്ക് പഞ്ചായത്തിലെ ജീവനക്കാർ വിക്രമന്‍റെ മൃതദേഹം മാറ്റുന്ന അവസരത്തിൽ നാട്ടുകാർ ആ കാഴ്ച കണ്ട് അമ്പരന്നു. മുണ്ടിനുള്ളിൽ വിക്രമൻ ധരിച്ചിരിക്കുന്ന ബഹുവർണ്ണത്തിലുള്ള ബർമുഡ എന്ന് വിളി പേരുള്ള നിക്കർ!!

നാട്ടുകാർ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കാൻ തുടങ്ങി... ഈ ബർമുഡ ഇട്ടു നടന്നവനാണോ ഇവൻ ഈ കണ്ട ആധി എല്ലാം പിടിച്ചത് ?

പിന്നീട് പയ്യെപയ്യെ കാര്യങ്ങൾ അറിഞ്ഞു വന്ന നാട്ടുകാർ കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി. വിക്രമൻ കുമാരേട്ടനോട് മാത്രം പറയാറുള്ള കാര്യങ്ങൾ ഓരോന്നായി നാട്ടുകാർ അറിയുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ ആരോടും പറയരുതെന്നു ചട്ടം കെട്ടിയകാര്യങ്ങൾ.  

കൂലി വാങ്ങി മാത്രം ജോലി ചെയ്തിരുന്ന വിക്രമൻ തന്‍റെ എല്ലാ വരുമാനവും അന്നദാനത്തിനുള്ള ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയായിരുന്നു.  എന്നും ചോറു തരുന്ന ഭഗവതിക്ക് അർഹതപ്പെട്ടതാണ് തന്‍റെ കൂലിയും സമ്പാദ്യവും എന്ന് വിക്രമൻ വിശ്വസിച്ചിരുന്നു. കൂടാതെ കുമാരേട്ടനെ പോലെ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന അന്നത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം അഗതികൾ ആ പഞ്ചായത്തിൽ ഉണ്ടായിരുന്നു. നിരന്തരം കളിയാക്കുകയും ഒരു ബഫൂണ്ണിനെ പോലെ പുച്ഛിക്കുകയും ചെയ്ത പലർക്കും ഭയങ്കരമായ മനഃക്ലേശം ഉണ്ടായി.ബർമുഡയുടെ കഥയും പിന്നീട് പുറത്തുവന്നു. വല്ലപ്പോഴും സിനിമ കാണാൻ ഇഷ്ട മുണ്ടായിരുന്ന വിക്രമന്‍റെ ഇഷ്ട താരങ്ങൾ ആയിരുന്നു ഫഹദ് ഫാസിലും ദുൽഖർ സൽമാനും. അവരോടുള്ള ആരാധന മൂത്ത് അവൻ ധരിച്ചിരുന്ന ബർമുഡ ധരിച്ചു നടക്കാൻ വിക്രമൻ ഏറെ ആഗ്രഹിച്ചിരുന്നത്രേ. പക്ഷേ ആ പഞ്ചായത്തിലൂടെ ബർമുഡയും പ്രദർശിപ്പിച്ചു നടക്കാൻ മാത്രം ആത്മവിശ്വാസം ഇല്ലാതിരുന്ന വിക്രമൻ അതിന്‍റെ പേരിലാണ് മുകളിൽ മുണ്ട് ഉടുക്കുകയും അതു ഉരിഞ്ഞു പോയി നാട്ടുകാർ തന്‍റെ ബർമുഡ ഭ്രാന്ത് അറിയുമോ എന്ന ഭയം മൂത്ത് ആധിയോടെ തന്‍റെ കാലംകഴിച്ചതും.

ആധികളെല്ലാം ഒഴിഞ്ഞ് അവൻ യാത്രയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA