ADVERTISEMENT

വൈവിധ്യം നിറഞ്ഞ പ്രപഞ്ചമെന്ന വലിയ നീലക്കണ്ണാടിയുടെ നേരായ പ്രതിബിംബങ്ങളാണ് പ്രണയജോഡികളും അതിലുപരി മാതൃകാ ദമ്പതികളുമായ ആടം ബ്രൂക്‌സും ബൗഷായി ലിങ്ങും അവരുടെ രണ്ടു പെൺകുട്ടികളുമായ മൂന്ന് വയസുള്ള അലിക്‌സാ ആടവും ഒരു വയസിനോടടുത്ത ബീയും ആടവും അടങ്ങുന്ന കുടുംബം. കേംബ്രിഡ്‌ജ് സർവകലാശാലയിലെ  ജീവശാസ്ത്രവും രസതന്ത്രവും ലയിക്കുന്ന പരീക്ഷണശാലയിൽ തുടങ്ങിയ സൗഹൃദം അധികം താമസിയാതെ പ്രണയമായി പരിണമിക്കുവാനും പിന്നീട് അന്യോന്യം പ്രതിബദ്ധതയേറിയ വിവാഹത്തിലും കലാശിച്ചത് ഭാഷയുടെയും സംസ്‍കാരങ്ങളുടെയും വന്മതിലുകൾ ഭേദിച്ചു തന്നെയാണ്. 

ആടം മാത്യൂസിന്റെ പിതാവും ഹൈസ്കൂളിൽ കായികാധ്യാപകനുമായ മാത്യു ബ്രൂക്‌സ്ന് എതിരഭിപ്രായമില്ലായിരുന്നെങ്കിലും ക്രിസ്തീയ ആചാരാനുഷ്‌ഠാനങ്ങളും ജീവിത രീതികളും പരമ്പരാഗതമായി പാലിച്ചിരുന്നു. ആടത്തിന്റെ മാതാവിന് താൽപര്യക്കുറവുണ്ടായിരുന്നു. എങ്കിൽപോലും പ്രിയപുത്രന്റെ താൽപര്യത്തിനെ ക്രിസ്തുമതാചാരമുള്ള വിവാഹം നടത്തണമെന്ന നിബന്ധനകളോടെ അംഗീകരിക്കുവാൻ തയാറായി. ബൗഷായി എന്നാൽ അമൂല്യവും വിലയേറിയതുമായ കേശഭാരമുള്ളവൾ എന്ന വാക്കിനെ അന്വർഥമാക്കുന്നത് തന്നെയാണ് ബൗഷായിയുടെ കേശഭാരവും. ഇടതിങ്ങിയ കറുത്ത മുടികൾക്ക് അനുയോജ്യമായി നേർമയുള്ള കറുത്ത പുരികങ്ങൾ വെളുത്ത മുഖത്തിന്റെ കാന്തി പതിന്മടങ്ങ് വർധിപ്പിക്കുകയാണ് ചെയ്യന്നത്.  

ചൈനാ സ്ത്രീകളുടെ രൂപഭാവങ്ങൾ ബൗഷായിയുടെ മുഖത്തിൽ ഭാഗീകമായി നിഴലിക്കുന്നെങ്കിലും കൃശഗാത്രയും വടിവൊത്തതുമായ അകാരഭംഗി ബൗഷയെ ചീന സാമ്രാജ്യത്തിന്റെ ഭാഗമാക്കുക തന്നെ ചെയ്യും. എന്നാൽ, ബൗഷായിയുടെ മാതാപിതാക്കൾക്ക് ചൈനയിൽ വേരുകളുണ്ടെങ്കിലും ഹോങ്കോങ്ങിലെ സ്ഥിരതാമസം രാജ്യാന്തര മനുഷ്യ ബന്ധങ്ങളെ അംഗീകരിക്കുവാൻ പ്രാപ്തിയുള്ളവരാക്കി മാറ്റിയത് പുതിയൊരു അന്തർഭൂഖണ്ഡ കുടുംബമുണ്ടാകുന്നതിലേയ്ക്ക് നയിച്ചു.

സർവ്വകലാശാലയിലെ പഠനജീവിതത്തിന്റെ അവസാനനാളുകളിൽ തന്നെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചെങ്കിലും വിവാഹം ചെയ്യുവാൻ സാധിച്ചത്  അലിക്‌സാ ആടത്തിന്റെ ജനനത്തിന് തൊട്ടു മുൻപ്  മാത്രമാണ്. പ്രണയം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളിലും പഠനത്തെ കൈവിടാതിരുന്നത് കൊണ്ട്  ആടം ബ്രൂക്‌സിന് അലിക്‌സായുടെ ജനനത്തിന് മുൻപ് തന്നെ സ്വന്തം പേരിനൊപ്പം ഡോക്ടറേറ്റ്‌ ചേർക്കുവാനും ബൗഷായി ലിങ്ങിന്  ബിരുദാനന്തര ബിരുദം നേടുവാനും സാധ്യമായി. രണ്ടു കുടുംബങ്ങളുടെയും ഭാഗീകമായുള്ള സമ്മതത്തോടെ വിവാഹം നടന്നത് ബൗഷായിയുടെ ജന്മസ്ഥലമായ ഹോങ്കോങ്ങിലും. കത്തോലിക്കാ സഭാ വിശ്വാസിയായ ആടത്തിന്റെ മാതാവിന്റെ പ്രത്യേക താൽപര്യങ്ങൾ മാനിച്ചുകൊണ്ട് ക്രിസ്തുവിന്റെ വിശുദ്ധ ഗര്ഭധാരണത്തിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ പള്ളിയിൽ വിവാഹം നടത്തുന്നതിന് മുന്നോടിയായി ക്രിസ്തു വിശ്വാസവും ബൗഷായി സ്വീകരിച്ചു. 

ബുദ്ധമത വിശ്വാസികളായ ബൗഷായിയുടെ മാതാപിതാക്കൾ തുറന്ന ചിന്താഗതികളുള്ള വ്യക്തികളായിരുന്നു. നാനാജാതി മനുഷ്യരെയും സ്നേഹിക്കുവാനും അതിലുപരി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും അതിലൂടെ ഉന്നത വിദ്യാഭ്യാസം നേടുവാനും മറ്റെല്ലാവരെയും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തികൾ. രാഷ്ട്രപുരോഗതിക്ക്  രാഷ്ട്രീയ ചിന്താഗതികൾക്കുപരി സാമൂഹിക ബോധ്യം പൊതുജനങ്ങളിലെത്തിക്കുവാനുള്ള നേരായ മാർഗം തുറന്നതും അതിലുപരി നേരായ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ അവലംബിച്ചിരുന്നവർ. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് സംരക്ഷണവും വളർച്ചയും നൽകുന്ന പ്രസ്ഥാനങ്ങളായ യുവജന ക്ഷേമകേന്ദ്രങ്ങളും ആരോഗ്യപരിപാലന കേന്ദ്രങ്ങളും വൃദ്ധ സദനങ്ങളും ജനസംഖ്യയുടെ ആനുപാതികമായി വിജയകരമായി പ്രവർത്തിപ്പിച്ചവർ. അന്താരാഷ്ട്ര നിലവാരങ്ങളുള്ളതും  തുറന്ന ചിന്താഗതികളും പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സമ്പ്രദായം പുലർത്തിയിരുന്ന ഹോങ്കോങ് നിവാസികളുടെ പിന്തുടർച്ചക്കാർ.

പരമ്പരാഗതമായി ചൈനയിൽ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചിലവുകളും വരന്റെ മാത്രം ഉത്തരവാദിത്വമാണെങ്കിലും അതിനു വിപരീതമായി ആടത്തിന്റെയും ബൗഷായിയുടെയും പ്രത്യേക സാഹചര്യം മാനിച്ചുകൊണ്ട് ബൗഷായിയുടെ മാതാപിതാക്കൾ മുൻകയ്യെടുത്ത് എല്ലാ തയാറെടുപ്പുകളും നടത്തുകയായിരുന്നു. വളരെ വിപുലമായും ആർഭാടമായിത്തന്നെ വിവാഹവും അതിനോടൊത്തൊള്ള വിരുന്നു സൽക്കാരവും ഒരുക്കുവാൻ ഒരു മടിയും കാണിച്ചിരുന്നില്ല.  ആടത്തിന്റെ മാതാപിതാക്കൾക്കും ബന്ധുമിത്രാതികൾക്കും വേണ്ടി പ്രത്യേകം വില്ലകൾ തന്നെ തയ്യാറായിരുന്നു. ചൈനീസ് ആചാരമായി വധുവിനെ വിവാഹവേദിയിലേക്ക് ആനയിക്കുവാൻ വരനും സംഘവും ഒരു ചെറിയ വഞ്ചിയിലെത്തിയത് വലിയ കൗതുകം ഉണർത്തുക തന്നെ ചെയ്തു.  

സാമ്പ്രദായികമായി ചൈനീസ് വധുക്കൾ ധരിക്കുന്ന  ചുവന്ന നിറമുള്ള പട്ടുവസ്‌ത്രങ്ങളിൽ തങ്കലിപികളോടുള്ള ചിത്രപ്പണികൾ സൂചിപ്പിക്കുന്നത് അവരുടെ ജീവിത വിജയവും, സ്നേഹവും, വിശ്വസ്തതയും, പരസ്പരബഹുമാനവും അതിലുപരി ഭാവിയിലെ എല്ലാ അർഥത്തിലുമുള്ള ഫലഭൂയിഷ്ഠതയും. എന്നാൽ ആടത്തിന്റെ മമ്മയോടുള്ള ബഹുമാനസൂചകമായും ദേവാലയത്തോടുള്ള ആദരസൂചകമായും ബൗഷായി ക്രിസ്തീയ വധുവിന്റെ വേഷമായ വെള്ളനിറത്തിലുള്ള ഗൗണാണ് ധരിച്ചിരുന്നത്. തൂവെള്ള നിറമുള്ളതും വളരെ ഇറുക്കത്തിലുമുള്ള ഗൗണായിരുന്നെങ്കിൽ കൂടിയും നല്ല ഉയരവും അതിലുപരി പതിന്മടങ് ആകർഷണവതിയുമായിരുന്നതിനാൽ ബൗഷായിയുടെ നിറവയർ ഒരു പരിധിവരെ അദൃശ്യമായിരുന്നു.

ക്രിസ്തീയാചാരമനുസരിച്ചുള്ള വിവാഹചടങ്ങുകൾക്ക് ശേഷം സ്വീകരണവേദിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ബൗഷായി വേഷവിധാനങ്ങൾ മാറ്റിക്കൊണ്ട് ഒരു പരമ്പരാഗത ചൈനീസ് വധുവായി മാറിയതും വീണ്ടും വളരെ ആകർഷണീയമായി മാറി. പള്ളിയോടു ചേർന്നു തന്നെയുള്ള ഹാളിലാണ് സ്വീകരണം ഒരുക്കിയിരുന്നത് അതുവരെയും നീളത്തിൽ വിരിച്ച ചുവന്ന പരവതാനിയുടെ ഇരുവശവും അഥിതികളെല്ലാവരും തന്നെ നിൽക്കുകയും  വാദ്യമേളങ്ങളോടെ വധൂവരന്മാരെ ആനയിക്കുകയും ചെയ്തു. 

ഏറ്റവും മുന്നിൽ വിളക്കുമേന്തിയ ഒരു കൊച്ചുകുട്ടിയുടെ ഗമയോടുള്ള നടത്തം  ഘോഷയാത്രയെ നയിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ചു. വധൂവരന്മാരുടെ പിന്നിൽ അവരുടെ ബന്ധുക്കളും ഏറ്റവും പിന്നിൽ നന്മയുടെ പ്രതീകമായി അണിയിച്ചൊരുക്കിയ സിംഹത്തിന്റെ ശിരസ്സും. എല്ലാ അതിഥികളും ഉപവിഷ്ടരായതിനുശേഷം ആടം കേക്ക് മുറിച്ചു പകർന്നപ്പോൾ വീണ്ടും ചുംബിക്കണമെന്ന ആവശ്യം അഥിതികളിൽ നിന്നുമുയർന്നു. ചുംബിച്ചതിനു ശേഷം ആടം വീണ്ടും ആചാരമനുസരിച്ചു വധുവിനെ കൈകളിൽ ഉയർത്തിയപ്പോൾ കരഘോഷത്തോടൊപ്പം അഥിതികൾ നൃത്തച്ചുവടുകളും തുടങ്ങി. വിഭവസമൃദ്ധമായ വിവാഹ വിരുന്ന് ആസ്വാദ്യകരമായിരുന്നു, ജീവൻ തുളുമ്പുന്ന ചൈനീസ് വിഭവങ്ങളോടൊപ്പം രുചിയേറിയ പാശ്ചാത്യ വിഭവങ്ങളും.

വളരെയധികം ആഘോഷത്തോടെയുള്ള  വിവാഹസൽക്കാരത്തിനുശേഷം വരൻ വധുവിനെ അവളുടെ മാതാപിതാക്കളിൽ നിന്നും ഏറ്റുവാങ്ങുവാൻ വധുവിന്റെ ഗൃഹത്തിൽ പോകുന്ന ചടങ്ങിനോടൊത്തു വധുവിന്റെ ബന്ധുക്കൾ വരന്റെ ക്ഷമാശക്തിയെ പരീക്ഷിക്കുന്നതും പതിവാണ്. ചൈനീസ് ഭാഷ അത്ര വശമില്ലാത്ത ആടത്തിനെ ബൗഷായിയുടെ ബന്ധുമിത്രാദികൾ  ശരിക്കും ചുറ്റിക്കുക തന്നെ ചെയ്തു. വിവാഹമെന്നത് ഒരു കർമ്മം മാത്രമല്ലെന്നും പരസ്പരം പരിചയമില്ലാത്ത കുടുംബങ്ങൾ തമ്മിലുള്ള സംയോജിക്കലാണെന്ന് എല്ലാ ചടങ്ങുകളുടെയും ഉദ്ദേശ്യമെന്ന്  അറിവുണ്ടായിരുന്ന ആടത്തിന് കൂടുതൽ പരീക്ഷണങ്ങളിലും തോൽവി മാത്രമായിരുന്നു. എന്നാൽ മത്സരങ്ങളെയെല്ലാം തന്നെ അതിന്റെതായ ലാഘവത്തോടെ കാണുവാനുള്ള നർമ്മബോധ്യവും  ആടത്തിനുണ്ടായിരുന്നതിനാൽ ഓരോ പ്രാവശ്യവും തോൽക്കുമ്പോൾ കയ്യിൽ ചുവന്ന കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ പടമുള്ള നോട്ടുകൾ കൊടുക്കുവാൻ മടിയില്ലായിരുന്നു. 

പുരാതന കാലങ്ങളിൽ പുരുഷന്റെ കായികക്ഷമതയുടെ ബലപരീക്ഷണത്തിൽ വിജയിക്കുന്നവർക്കാണ് സ്ത്രീയെ അവളുടെ മാതാപിതാക്കൾ ദാനം ചെയ്തിരുന്നത്. ആധുനിക ലോകത്തിൽ  കായികക്ഷമതയ്ക്ക് പകരം ബുദ്ധിക്ഷമതയുടെയും നർമ്മബോധ്യത്തിന്റേയും  പരീക്ഷണങ്ങൾ മാത്രമാണ് ഓരോ വിനോദങ്ങളും. കളിയും നർമ്മം കലർന്നുള്ള സംഭാഷണങ്ങളും  ഏറെനേരം നീണ്ടുപോയെങ്കിലും ആടം എല്ലാ മത്സരത്തിലും പങ്കെടുക്കുകയും നന്നായി ആസ്വദിക്കുകയും ചെയ്തു. ആടത്തിന്റെ കൈകളിലെ ചുവന്ന കവറിന്റെ എണ്ണം കുറയുകയും ബന്ധുക്കളെല്ലാവരും തന്നെ മതിയായി ആസ്വദിച്ചു കഴിഞ്ഞതിനു ശേഷം  എല്ലാ ബന്ധുമിത്രാദികളുടെയും സാക്ഷ്യത്തിൽ ബൗഷായിയുടെ മാതാപിതാക്കളുടെ പൂർണ്ണ അനുഗ്രഹത്തോടെ വരന്റെ വീട്ടിലേയ്ക്ക് യാത്രയായി.

മധുവിധുനാളുകൾക്കായുള്ള മധുരക്കിനാവുകൾ  നേരത്തെ കൊഴിഞ്ഞിരുന്നതിനാലും കടിഞ്ഞൂൽ പ്രസവം ആടത്തിന്റെ മമ്മ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെ വേണമെന്നാഗ്രഹിച്ചിരുന്നതിനാലും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മടക്കയാത്ര ഒരുക്കിയിരുന്നു. രണ്ടാം ദിവസം തന്നെ ആടത്തിന്റെ മാതാപിതാക്കളടങ്ങുന്ന ബന്ധുമിത്രാദികൾ തിരികെപ്പോവുകയും ചെയ്തു. എല്ലാം മംഗളമായി പൂർണ്ണമാവുകയും ചെയ്തതോടെ തിരികെ പോരുവാനുള്ള തയാറെടുപ്പുകൾ തുടങ്ങി.  എന്നാൽ  ബൗഷായിയുടെ മാതാപിതാക്കളോട് യാത്രപറയുവാനുള്ള യാത്രയിൽ സഞ്ചരിച്ച വാഹനം  അപ്രതീക്ഷിതമായി മറ്റൊരു വാഹനവുമായി ഉരസിയപ്പോളുണ്ടായ ആഘാതത്തിൽ ഗർഭസ്ഥ ശിശുവിനെ ആവരണം ചെയ്തിരുന്ന അമ്നിയോട്ടിക് ദ്രാവകം പൊട്ടിയൊഴുകുവാൻ തുടങ്ങി. ആശുപതിയിലെത്തി അധികം വൈകാതെ സുഖപ്രസവത്തിലൂടെ തന്നെ കടിഞ്ഞൂൽ പുത്രിയായ അലിക്‌സാ ജനിച്ചു. മന്ദാരിനിൽ  മഹത്ത്വത്തിന്റെ സമ്മാനമെന്ന് അർഥമുണ്ടെങ്കിലും നാമകരണം ആടത്തിന്റെ പിതാവിന്റെ സമ്മാനമായിരുന്നു. സുഖപ്രസവമായിരുന്നതിനാലും അമ്മയും കുഞ്ഞും ആരോഗ്യവതികളായിരുന്നതിനാലും ആടം രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെപ്പോന്നു. യാത്രയ്ക്ക് തയ്യാറാകുവാൻ ബൗഷായിയ്ക്ക് വീണ്ടും  മൂന്ന് മാസമെടുത്തു അതോടൊപ്പം തന്നെ യാത്രാരേഖകൾ തയ്യാറാക്കുവാനായി അലിക്‌സായ്ക്ക് ചൈനയുടെ പൗരത്ത്വവും ലഭിച്ചു.

അലിക്‌സായുടെ പരിചരണത്തിന് വേണ്ടി മാത്രം ബൗഷായി ഒരു വർഷത്തിൽ കൂടുതൽ സാധാരണ കുടുംബിനിയുടെ കടമകൾ മാത്രം നിർവഹിച്ചു ജീവിച്ചിരുന്നതിനുശേഷമാണ് വീണ്ടും പ്രവർത്തനമേഖലകളിൽ സജീവമായത്. മാസത്തിലൊരിക്കലെങ്കിലും ആടത്തിന്റെ മാതാപിതാക്കൾക്ക് അലിക്‌സായെ കാണണമെന്ന നിർബന്ധമൊഴിച്ചാൽ സുഗമമായ കുടുംബജീവിതത്തിന് ഇരട്ടിമധുരമായി ചാർളിയും കൂടി. ചാർളി പോമറേനിയൻ സങ്കരവർഗ്ഗത്തിൽ നിന്നുമുള്ള വളരെ ഓജസ്സുള്ള നായ്ക്കുട്ടി, വീടിന്റെ മൂക്കിനും മൂലയിലും സദാ ചുറ്റിനടക്കുന്നവൻ അധിക ബുദ്ധിശാലിയും വിശ്വസ്തനും. ആകാരത്തിൽ വളരെ ചെറുതാണെങ്കിലും കർണ്ണകാടോരമാണ് ശബ്ദനാദം അതുകൊണ്ട് തന്നെ അലിക്‌സായുടെ സംരക്ഷണത്തിന് ഉപകാരിയും. നിലത്തുരുളുകയും ഇരിക്കുവാനും ശ്രമിച്ചുകൊണ്ടിരുന്ന   അലിക്‌സായോടൊപ്പം കളിക്കുവാൻ വലിയ താല്പര്യവും. ആടത്തിനൊപ്പം കൂടുതൽ സമയം ചിലവിടുവാൻ ശ്രമിക്കുമെങ്കിലും ഊര്‍ജ്ജസ്വലത അധികമാകയാൽ നിയന്ധ്രിക്കേണ്ടിവരുക പതിവാണ്. അലിക്‌സായിക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ ജോലിയിൽ പ്രവേശിച്ചു താമസിയാതെ തന്നെ ബീയും ഉദരത്തിലുമെത്തി. പിന്നീടുള്ള എല്ലാ വാരാന്ധ്യങ്ങളിലും ആടത്തിന്റെ മാതാപിതാക്കൾ സഹായത്തിനെത്തിയത് ഉപകാരപ്രദമായി. 

ബീയുമിന്റെ ജനനം ആടത്തിന്റെ മാതാപിതാക്കൾക്കൊപ്പം ഇംഗ്ലണ്ടിൽ തന്നെ സാദ്ധ്യമായപ്പോൾ അധികമായി സന്തോഷിച്ചതും അവർ തന്നെയാണ്. വിലയേറിയ വജ്രക്കല്ലെന്ന വ്യാഖ്യാനമുള്ളതാണ് ബീയും നാമമെങ്കിലും ബൗഷായിയുടെ പൈതൃകത്തെയും അനുസ്മരിപ്പിക്കുന്നതാണെന്ന് ആടത്തിന്റെ പിതാവിന്റെ വാദത്തിൽ കഴമ്പുള്ളതും. പൂർണ്ണ ആരോഗ്യമുള്ള കുട്ടിയായി ജനിച്ചെങ്കിലും മുലയൂട്ടലിനോട് അധികം താല്പര്യം പ്രകടിപ്പിക്കാതെ വന്നപ്പോൾ കുപ്പിയിലൂടെയുള്ള ശ്രമമാരംഭിച്ചു പക്ഷേ, അതിനോടും വിരക്തിയായപ്പോൾ ആകാംക്ഷയേറി. പൊതുവെ വെളുത്തിരുന്ന ചർമ്മഭാഗങ്ങളിൽ നീലനിറം വ്യാപിച്ചപ്പോൾ ആശങ്കയേറി. പലയാവർത്തിയായപ്പോൾ അധികം താമസിയാതെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ബീയുമിന്  ഹൈപ്പോഗ്ലൈസീമിയ സ്ഥിരീകരിച്ചു. 

ആയിരത്തിൽ രണ്ടോ മൂന്നോ ശിശുക്കൾക്കുണ്ടാകുവാൻ സാധ്യതയുള്ള രോഗം. രക്തത്തിൽ പഞ്ചസാരയുടെ കുറവുണ്ടാകുന്ന അവസ്ഥ, പൂർണ്ണ ആരോഗ്യമുള്ള മാതാപിതാക്കന്മാർ ആയിരുന്നിട്ടും ബീയുമിക്ക് ഇതെങ്ങനെ സംഭവിച്ചു എന്നു മാത്രം ആർക്കും മനസിലാവുന്നില്ല. പിന്നീടുള്ള ദിനങ്ങൾ കൂടുതൽ കരുതലിന്റേതായി മാറി, വൈദ്യോപദേശം കൃത്യമായി പാലിക്കുവാൻ തന്നെ തീരുമാനിച്ചതുകൊണ്ട് ആടത്തിന്റെയും  പ്രസവാവധി നീണ്ടുപോയി. ആറുമാസത്തിനുള്ളിൽ തന്നെ ബീയുമിന്റെ സ്ഥിതിയിൽ മാറ്റമുണ്ടായി തന്റെ സഹോദരിയെപ്പോലെ തന്നെ വളരെ ഉന്മേഷവതിയായി മാറിയപ്പോൾ എല്ലാവരിലും സന്തോഷം തിരികെയെത്തി.

ബൗഷായിയുടെ അച്ഛന്റെ അപ്രതീക്ഷിതമായ ഹൃദ്രോഗമാണ് അടിയന്തിരമായി ഹോങ്കോങ്ങിലേയ്ക്ക് കുടുംബസമേതം തിരിക്കുവാൻ നിർബന്ധിതമായത്. അപ്പോൾ മാത്രമാണ്  ബീയുമിന് മതിയായ യാത്രാ രേഖകളില്ലായെന്ന്  തിരിച്ചറിയുന്നതും. തീവ്രപരിചരണത്തിൽ മരണത്തോട് മല്ലിടുന്ന പിതാവിന്റെ അന്ത്യാഭിലാഷമാണ് ബീയുമിനേ  കാണണമെന്നതു ചൈനീസ് എംബസി ഉദ്യോഗസ്ഥർക്ക്  ബോധ്യപെട്ടപ്പോൾ താൽക്കാലികമായ  യാത്രാ രേഖകൾ നൽകുവാൻ തയ്യാറായി. ക്രിസ്തുമസും പുതുവത്സരവും കഴിഞ്ഞെങ്കിലും ചൈനീസ് പുതുവത്സരത്തിന്റെ തിരക്കായതിനാൽ അനുയോജ്യമായ ടിക്കറ്റ് കിട്ടുവാനും താമസിച്ചു. ബൗഷായിയെയും കുടുംബത്തിനെയും കണ്ടപ്പോൾ അച്ഛന്റെ മുഖം പ്രസന്നമായെങ്കിലും സംസാരിക്കുവാൻ സാധിക്കുന്നില്ല.

വായിലും മൂക്കിലും ഘടിപ്പിച്ചിരുന്ന കുഴലുകളിലൂടെ ജീവൻ നിലനിർത്തിയിരുന്നത്. ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതിനാൽ കൂടുതൽ സമയവും ആശുപത്രിയിൽ തന്നെ ചിലവഴിച്ചു. ഹോങ്കോങ്ങിലെത്തി അഞ്ചാം ദിവസം എല്ലാ ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ അച്ഛന്റെ ആൽമാവ് ഈ ലോകത്തോട് വിട പറഞ്ഞു.  മരണാനന്തര ചടങ്ങുകൾ നടത്തുവാനും അച്ഛന്റെ ആഗ്രഹപ്രകാരം ശരീരം ദഹിപ്പിക്കുവാനും വീണ്ടും അഞ്ചു ദിവസം വേണ്ടിവന്നു. ബുദ്ധമതവിശ്വാസിയായ അച്ഛന്റെ ഭൗതീകശരീരം വീടിനുള്ളിൽ കയറ്റാതെ വരാന്തയിൽ നിന്നുമാണ്  ശ്‌മശാനത്തിലേക്ക് എടുത്തത്. ചിതാഭസ്മം ലഭിച്ചപ്പോളാണ് അറിയുന്നത് ചൈനവൻകരയിലുള്ള ഹുബെയ് ദേശത്തിലെ വുഹാൻ പട്ടണത്തിലേ കുടുംബവീട്ടിൽ തന്നെ പ്രതിഷ്ഠിക്കണമെന്ന അന്ത്യാഭിലാഷം.

അച്ഛന്റെ പ്രഥമപുത്രി എന്നനിലയിൽ ബൗഷായി തന്നെ പ്രതിഷ്ഠിക്കണമെന്ന ആചാരം മടികൂടാതെ ഏറ്റെടുക്കുവാൻ ആടമാണ് നിർബന്ധിച്ചത്. ഹോങ്കോങ്ങിൽ നിന്നും ലളിതമായ വിമാനയാത്രയ്ക്ക് പകരം സുഖകരമായ തീവണ്ടിയാത്രയാക്കിയതിനു പിന്നിൽ ചൈനയുടെ വശ്യസുന്ദരമായ നാട്ടിൻപുറങ്ങൾ കാണുവാനുള്ള മോഹവും. അച്ഛന്റെ കുടുംബവീട് തിരക്കേറിയ വുഹാൻ പട്ടണത്തിൽ നിന്നുമകന്ന് പ്രകൃതിരമണീയമായ ഗ്രാമത്തിലും, പ്രകൃതിസ്നേഹിയും കൃഷിക്കാരനുമായ സഹോദരനാണ് സംരക്ഷിക്കുന്നത്. നിഷ്കളങ്കരായ ഗ്രാമീണവാസികൾ എല്ലാവരും തന്നെ അച്ഛന്റെ ചിതാഭസ്മത്തെ വരവേൽക്കുവാനെത്തിയിരുന്നു. 

ചടങ്ങുകളെല്ലാം പൂർത്തിയായപ്പോൾ മടക്കയാത്രക്ക് തിടുക്കം കൂട്ടിയതിനെ തടുത്തത് ആസന്നമായ ചൈനീസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകുവാനുള്ള ക്ഷണം, അതിലുപരി അപങ്കിലമായ പ്രകൃതിയുടെ ശാലീന സൗന്ദര്യം ആസ്വദിക്കാനുള്ള മോഹവും. രണ്ടാം ദിവസം ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമവാസികളോടുള്ള കുശലം പറച്ചിലുമായി സമയം പോയി എന്നാൽ വൈകുന്നേരമായപ്പോൾ ബീയുമിന്  ചെറിയ പനിയും ശ്വാസം മുട്ടലുമാരംഭിച്ചു. പാരസിറ്റമോൾ കഴിച്ചപ്പോൾ ആശ്വാസം തോന്നിയെങ്കിലും പിറ്റേന്ന് രാവിലെ പനികൂടുവാൻ തുടങ്ങിയപ്പോൾ വുഹാനിലെ ജിനിന്റാൻ ആശുപത്രിയിലേക്ക് തിരിച്ചു.  ശിശുവിഭാഗത്തിൽ വല്യതിരക്കനുഭവപെട്ടില്ലെങ്കിലും ആശുപത്രിയിലാകെ പരിഭ്രാന്തി നിഴലിച്ചിരുന്നു.  കുട്ടിയെ പരിശോധിച്ച ഉടനെ തന്നെ അഡ്മിറ്റ് ചെയ്യുവാൻ നിർദേശി ച്ചതിനൊപ്പം ആൻറിബയോട്ടിക്കും തുടങ്ങി. തിരക്കേറിയതിനാൽ ഒരാളൊഴികെ മറ്റെല്ലാവരും തിരികെപ്പോകുവാൻ ആവശ്യപ്പെട്ടു.  

ആടത്തിന് ബീയുമിനെ പിരിഞ്ഞിരിക്കുവാനും  ഗ്രാമത്തിലേക്ക് തനിയെ തിരിച്ചുപോകുവാനും വൈമനസിയമായപ്പോൾ അടുത്തൊരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേദിവസം രാവിലെ തന്നെ വുഹാനിൽ ഉത്ഭവിച്ച ഏതോ അജ്ഞാത സാംക്രമിക രോഗത്തെക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ വ്യാപിക്കുവാൻ തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. ഡോക്ടർമാരും മറ്റു അധികാരികളും സമാധാനിപ്പിച്ചപ്പോഴും ആടം ബ്രിട്ടണ് തിരികെപ്പോകുവാൻ ശഠിച്ചു പക്ഷെ  ബീയുമിന് ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നതിനാൽ അതനുസരിച്ചുതന്നെ യാത്ര തരപ്പെടുത്തി. രണ്ടാം ദിവസം സ്ഥിതിഗതികൾ കൂടുതൽ വഷളായി കൊറോണാ വൈറസാണ് അജ്ഞാതരോഗത്തിന്റെ മൂലകാരണമെന്നു സ്ഥിരീകരിച്ചു അലിക്‌സായെ സംരക്ഷിച്ചുകൊണ്ട് ആടം ഹോട്ടലിൽ തന്നെ താമസിച്ചു. 

മൂന്നാം ദിവസത്തിൽ ബീയുമിന് ആശ്വാസമായതും യാത്രയ്‌ക്കൊരുങ്ങി എന്നാൽ ഡോക്ടർമാർ വിസമ്മതിച്ചു ശ്രവമെടുത്ത പരിശോധനാഫലങ്ങൾ ലഭിച്ചിട്ടില്ല വീണ്ടും യാത്ര രണ്ടു ദിവസത്തേയ്ക്ക് മാറ്റി വച്ചു. ആടത്തിന് ഹോട്ടലിൽ നിന്നും മാറുവാനുള്ള മുന്നറിയിപ്പും ലഭിച്ചു. നാലാം ദിവസത്തിൽ തന്നെ വുഹാൻ പട്ടണം നിശ്ചലമായി ചൈനയിൽ എല്ലായിടത്തും കൊറോണാ വ്യാപിച്ചതിനാൽ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്രവും റദാക്കി. അഞ്ചാം ദിവസം ആശ്വാസമായി ബീയുമിന് കൊറോണ ബാധയില്ലെന്ന സ്ഥിരീകരിച്ചു, എല്ലാവരുമായി വിമാനത്താവളത്തിയപ്പോൾ ചൈനീസ് പൗരന്മാരുടെ സഞ്ചാരനിയന്ത്രണത്തോടൊപ്പം അന്താരാഷ്ട്ര യാത്രകളും അനിശ്ചിതമായി റദാക്കി. ചൈനീസ് പൗരത്വം മാത്രമുള്ള  ബൗഷായിയും കുട്ടികളുടെയും അഭ്യർത്ഥനകൾ മാനിക്കുവാൻ അധികൃതർ തയ്യാറായില്ല. ബ്രിട്ടീഷ് പൗരനായ ആടത്തിന് തിരികെപോവുക തന്നെ വേണെമെന്ന് ശഠിച്ചു. ഗത്യന്തരമില്ലാതെ ബൗഷായി പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആടത്തിന്  യാത്രാനുമതി നൽകിയപ്പോൾ അമിതമായ ആത്മവിശ്വാസത്തെ പഴിച്ചുകൊണ്ട് ആടം  യാത്രയായി.

ബൗഷായിയും കുട്ടികളും വീണ്ടും ആശുപത്രിയിലെത്തി ശ്രവപരിശോധനയ്ക്ക് വിധേയരായി ഗ്രാമത്തിലേക്ക് തിരിച്ചു. രണ്ടുദിവസം മുമ്പുവരെയും ജനനിബിഡമായിരുന്ന നഗരം തീർത്തും വിജനമായി വഴിയാത്രക്കാരും വാഹനങ്ങളുമില്ലാത്ത നിരത്തുകൾ മൂന്ന് മൈലിനുള്ളിൽ തന്നെ അഞ്ചു പോലീസ് ബാരിക്കേടുകൾ.  ബൗഷായിയുടെ പിതാവിന്റെ ബന്ധുക്കൾ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. കുടുംബവീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ കൂടിയും ബൗഷായിവളരെ അസ്വസ്ഥയായിരുന്നു, വർഷങ്ങൾക്ക് ശേഷം ആടത്തിനെ പിരിഞ്ഞപ്പോൾ ജീവിതത്തിൽ സംരക്ഷണം നഷ്ടപ്പെട്ട പ്രതീതി. ബ്രിട്ടണിലെത്തിയ ആടം കുടുംബത്തിന്റെ വിസയ്ക്കുവേണ്ടിയുള്ള ഓട്ടത്തോടൊപ്പം അനുനിമിഷം സമ്പർക്കത്തിലുമിരുന്നു. 

മൂന്നാം ദിവസം അലിക്‌സാ കുത്തി ചുമക്കുന്ന ശബ്ദം കേട്ടാണ്  ബൗഷായി ഉണർന്നത്, വാരിയെടുത്തു ചൂട് നോക്കി, ലേശമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സംഭ്രമം ജനിപ്പിക്കുന്നവ, ഉടൻതന്നെ ആഹാരം കൊടുത്തിട്ടു പരസിറ്റമോൾ കഴിപ്പിച്ചു.  ബന്ധുക്കളെല്ലാവരും തന്നെ ആശങ്കാകുലരായി ആടത്തിന്റെ ഉപദേശത്തിൽ മറ്റൊന്നും ഗൗനിക്കാതെ കുട്ടികളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ഗ്രാമാതിർത്തിയിലെത്തിയപ്പോൾ ഞെട്ടിപ്പോയി ഗ്രാമവും പട്ടണവും തമ്മിൽ ബന്ധിക്കുന്ന പാതയിൽ വലിയ ഗർത്തം കുഴിച്ചിട്ടിരിക്കുന്നു. മനുഷ്യരിലൂടെ മാത്രം പ്രചരിക്കുന്ന കൊറോണയെ ചെറുക്കുവാൻ മനുഷ്യർ തമ്മിലുള്ള സമ്പർക്കമകറ്റുവാനുള്ള  ഗ്രാമവാസികളുടെ ബുദ്ധിയ്ക്ക് തന്റെ പൊന്നുമോളുടെ ജീവൻ അപകടത്തിലാക്കുകയാണ്. വാഹനത്തിൽ നിന്നുമിറങ്ങി കുട്ടികളെയും കൂട്ടി നടക്കുവാൻ തീരുമാനിച്ചു.

ദുഖമുള്ളിൽ കടിച്ചമർത്തി വിങ്ങുന്ന മനസോടെ വിജനമായ പാതയിലൂടെ ആശുപത്രി ലക്ഷ്യമാക്കി നടക്കുവാൻ തുടങ്ങി. ഭാരവും പേറിയുള്ള നടത്തം ഏറെ ക്ലേശകരമായിരുന്നു എന്നാലും കുട്ടികളുടെ ജീവിതം സംരക്ഷിക്കുകയാണ് പരമപ്രധാനം. അരമൈലിനുള്ളിൽ വീണ്ടും മുന്നിലുള്ള വഴി കട്ടകൾകെട്ടി അടച്ചിരിക്കുന്നു,  ഗൽഗതത്തോടുള്ള വിളിക്കു ഭാഗ്യത്തിന് മറുവശത്തുനിന്നു മറുപടി  ലഭിച്ചു. കാര്യങ്ങൾ വിവരിച്ചപ്പോൾ അപ്പുറം കടക്കുവാൻ ഒരു ഏണി വച്ചുതന്നു അതോടൊപ്പം ലഘുഭക്ഷണവും നൽകുവാൻ നല്ലവരായ ഗ്രാമീണർ മറന്നില്ല. വീണ്ടും നടക്കുവാൻ തന്നെ തീരുമാനിച്ചു എന്നാൽ ഭാഗ്യമോ ദൈവാനുഗ്രഹമോ എവിടെനിന്നോ ഒരു പൊലീസ് വാഹനമെത്തി ആശുപത്രിയിലെത്തിക്കുവാൻ തയാറായി. 

വളരെ തളർന്നിരുന്ന കുട്ടികൾ വാഹനത്തിൽ കയറിയ ഉടനെ മടിയിലേക്കു ചാഞ്ഞുവീണു. വിങ്ങിപൊട്ടുന്ന ഹൃദയത്തിൽ നിന്നുള്ള ഏങ്ങലുകൾ വളരെ സാഹസപ്പെട്ടുതന്നെ ഉള്ളിലൊതുക്കി നിറുത്തി. എല്ലാവരുമുണ്ടായിട്ടും ആപത്തുനേരത്തു ആരൊരുമില്ലാതെ പൊട്ടിക്കരയുവാനുംകൂടി സാധിക്കാത്ത അവസ്ഥ. തങ്ങളെ നേരത്തെ പരിശോധിച്ച  വുഹാനിലെ ജിനിന്റാൻ ആശുപത്രിയിലേക്ക് തന്നെ പോകുവാൻ അപേക്ഷിച്ചു. എന്നാൽ ആശുപത്രി കവാടത്തിൽ തന്നെ  ഉപരോധമേർപ്പെടുത്തിയിരിക്കുന്നു രോഗികളെകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ അത്യാസന്നരായ രോഗികളെപ്പോലും എടുക്കുന്നില്ല. ആരെയും കടത്തിവിടരുന്ന കർശനനിർദ്ദേശം. കൂടെയുള്ള പൊലീസുദ്യോഗസ്ഥൻ നേരെ കുട്ടികളുടെ ആശുപത്രിയിലേയ്ക് തിരിച്ചു, അതോടൊപ്പം  അലിക്‌സായുടെ ചുമ കഠിനമായപ്പോൾ എല്ലാവർക്കും മുഖാവരണം ധരിക്കുവാൻ നിർദ്ദേശിച്ചു.

കുട്ടികളുടെ ആശുപത്രിയിലും ഇടമില്ലായെന്ന ബോർഡുണ്ടായിരുന്നെങ്കിലും പൊലീസുദ്യോഗസ്ഥൻ ഉള്ളിലേയ്ക്ക് നയിച്ചു. ഏറെനേരത്തെ കാത്തിരിപ്പിനുശേഷം ഡോക്ടറെത്തി പരിശോധിച്ചു, ശ്രവപരിശോധനാ ഫലം ലഭിക്കാത്തതിനാൽ തല്കാലത്തേയ്ക് മരുന്നു കൊടുത്തിട്ട് പിറ്റേദിവസമെത്തുവാൻ നിർദ്ദേശിച്ചു. വീണ്ടും പൊലീസുദ്യോഗസ്ഥന്റെ സഹായത്താൽ അടുത്തൊരു ഹോട്ടലിൽ ഒരു ദിവസത്തേയ്ക്ക് മുറി അനുവദിച്ചുകിട്ടി. അലിക്‌സായുടെ അസുഖവിവരമറിഞ്ഞ ആടം ആകെത്തകർന്നിരുന്നു യാത്ര ഇൻഷ്വർ ചെയ്തിരുന്ന കാര്യം ഓർമ്മവരുകയും കമ്പനിയെ സമീപിക്കുവാനും ശ്രമിച്ചുകൊണ്ടിരുന്നു. രാത്രിയിൽ ആഹാരം കഴിച്ചെങ്കിലും അലിക്‌സായ്ക്ക് പനിയും ചുമയും കൂടിവന്നു. ഇടതടവില്ലാതെ നെറ്റിയിൽ നനച്ച തുണിവെച്ചു പനി നിയന്ത്രിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

നേരം പുലർന്നതും തിടുക്കത്തിൽ കുട്ടികളുടെ ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ച ഡോക്ടർ കിടത്തുവാൻ നിർദ്ദേശിച്ചെങ്കിലും ബെഡ്‌ഡില്ലായിരുന്നു. ഒരു ടാക്സിയിൽ മറ്റ് രണ്ടാശുപത്രികളിലെത്തിയെങ്കിലും ഇടം ലഭിച്ചില്ല. വളരെ ദൂരെയുള്ള മറ്റൊരാശുപത്രിയിലേക്കുള്ള യാത്രയിൽ അലിക്‌സായ്ക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ പൊട്ടിക്കരയുവാൻ മാത്രമാണ് സാധിച്ചത്. വഴിയരുകിൽ റെഡ് ക്രോസിന്റെ ഒരു ആംബുലന്സ് കണ്ടതും മോളെയും വാരിയെടുത്തു ചെന്നപ്പോൾ തന്നെ ഉള്ളിൽ കിടത്തി പ്രാണവായു നൽകുവാൻ തുടങ്ങി. പിന്നീട് ആംബുലൻസിലുള്ള പ്രയാണമായിരുന്നു, പല ആശുപത്രിയിൽ ചുറ്റിയ ശേഷം ഒരിടത്തിടം ലഭിച്ചു. ഉടനെ തന്നെ കുട്ടിയെ തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ആശ്വാസമായത്. താമസിയാതെ തന്നെ ആടത്തിന്റെ സന്ദേശവുമെത്തി രണ്ടു ദിവസത്തിനുള്ളിൽ ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയ്ക്കുള്ള  ഒരുക്കങ്ങൾ ഇൻഷുറൻസ് കമ്പനി പൂർത്തിയാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com