ADVERTISEMENT

വ്യക്തികളെന്നും വ്യതിരസ്‌ഥത നിലനിർത്തുന്നവരാണ്, വ്യക്തികൾക്ക് വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഒരേസമയം ചെയ്യുവാൻ കഴിവുള്ളവരായതുകൊണ്ടും സാധിക്കുന്നതുകൊണ്ടുമാണ് ഭൂമിയിൽ മനുഷ്യർ എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നത്. ഒരു മനുഷ്യനിൽ നിന്നുമുത്ഭവിച്ചു പല സമൂഹങ്ങളിലൂടെ വളർന്നു വിവിധ രാജ്യങ്ങളായി ഭൂമിയുടെമേൽ അധികാരവും അവകാശവും നിലനിർത്തുന്ന മനുഷ്യർ സദാജാഗരൂകരായി ജീവിക്കുന്നതുകൊണ്ടും കൂടിയാണ് ലോകത്തിലുള്ള എല്ലാ അനർഥങ്ങളുടെ മേലും വിജയം കൈവരിക്കുന്നത്. എന്നാൽ ഓരോ വ്യക്തികൾക്കും ലഭിച്ചിരിക്കുന്ന എല്ലാക്കഴിവുകളും യഥാസമയങ്ങളിൽ പലരും ഉപയോഗിക്കുന്നില്ലാ എന്നതുകൊണ്ട് തന്നെ അവരോരുത്തരുടെയും കഴിവുകൾ വൃഥാവിലാവുകയാണ്. 

അതിസമർഥർ അഥവാ ബുദ്ധിശാലികൾ അഥവാ ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കുന്നവർ നിരന്തരം വായനയിലും ഗവേഷങ്ങളിലുമുപരി പലമേഖലകളിലും പ്രവർത്തനമികവ് പുലർത്തുന്നവരും സമൂഹത്തിലെ പ്രവർത്തനങ്ങളെയും മനുഷ്യന്റെ ജീവിതരീതികളെയും വിമർശനകരമായി ചിന്തിക്കുന്നവരുമാണ്. നിരന്തരമായി വിമർശനകരമായി ചോദ്യങ്ങൾ ചോദിക്കുന്നതിനാലും തങ്ങളുടേതായ അഭിപ്രായങ്ങൾ അനുയോജ്യമായ തെളിവുകൾ സഹിതം നിരത്തുവാൻ സാധിക്കുന്നത് കൊണ്ട് മാത്രമാണ് സമൂഹത്തിലും ലോകത്തെല്ലായിടത്തും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതും നിലവിലുള്ളവയെ പരിഷ്‌ക്കരിക്കുരിച്ചുകൊണ്ട് കൂടുതൽ ഉപകാരപ്രദമാക്കിമാറ്റുവാനും സാധിക്കുന്നത്. എന്നാൽ സമർത്ഥരും ബുദ്ധിജീവികളുമാണെന്ന് സ്വയം അവരോധിക്കുന്ന വ്യക്തികൾ കാലോചിതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവരുടെ ബുദ്ധിസാമർഥ്യം കൊണ്ട് അവർക്കും ലോകത്തൊരാൾക്കും ഗുണം ലഭിക്കാതെ പോവുകയാണ്.

ലബോറട്ടറി ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രം.
ലബോറട്ടറി ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രം.

എല്ലാ സന്ദർഭങ്ങളിലും അധികാരികൾക്ക് അനുയോജ്യമായ തീരുമാനമെടുക്കേണ്ടതിന് നേരായതും ശരിയായതുമായ ഉപദേശങ്ങൾ യോഗ്യതയുള്ളവരും അതിനായി നിയുക്തരായ വ്യക്തികളിൽ നിന്നും തേടേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ തിരിച്ചും മറ്റു വ്യക്തികൾക്ക് ഉപദേശങ്ങൾ കൊടുക്കുന്നവർ ഉത്തമവും ഫലപ്രദമായ ഉപദേശങ്ങളും കൊടുക്കേണ്ടതും അനിവാര്യമാണ്. ജനാധിപത്യ വ്യവസ്ഥിതികളിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ രാജ്യങ്ങളെ നേരായി നയിക്കുന്നുണ്ടെങ്കിലും നിർണ്ണായഘട്ടങ്ങളിലും ചില പ്രത്യേക സാഹചര്യങ്ങളിലും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നത്  അതാത് മേഖലകളിൽ നൈപുണ്യം ലഭിച്ചവരിൽ നിന്നുമാത്രമാണ്.   പ്രത്യേകിച്ചും നിലവിലുള്ള ആരോഗ്യമേഖലകളിലെ അനിശ്ചതത്വങ്ങളിൽ രാഷ്ട്രീയ നേതൃത്ത്വവും പൊതുജനങ്ങളും നേരായ മാർഗം പ്രതീക്ഷിക്കുന്നത്  മെഡിക്കൽ മേഖലകളിലെ വിദഗ്ധരിൽ നിന്നും മാത്രമാണ്. എന്നിരുന്നാൽ കൂടിയും മറ്റെല്ലാ മേഖലകളിലുള്ള വിദഗ്ധരുടെ സഹായ സഹകരണങ്ങൾ അധികമായി ആവശ്യമുള്ള സമയങ്ങളിലൂടെയാണ് ലോകം നിലവിൽ കടന്നു പോയ്കൊണ്ടിരിക്കുന്നത്.  

കോവിഡ് -19 നെന്ന പകര്‍ച്ചവ്യാധി ലോകത്തെല്ലായിടത്തും ഭീതിപരത്തിക്കൊണ്ട് ജനങ്ങളെ വീടുകൾക്കുളളിൽ തളച്ചിടുകയും ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങളും തുടർ നടപടികളും ആരോഗ്യമേഖലകളിലുള്ള  വിധഗ്ധരിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാൽ കൂടിയും സാമൂഹികജീവികളായ മനുഷ്യർ ഈ ആധുനിക യുഗത്തിൽ ഇതുവരെ നേടിയതെല്ലാം ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെയാണെന്ന വസ്തുതയും ഓർമ്മിക്കണം. പ്രത്യേകിച്ചും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന കർമ്മനിരതരും സാമൂഹിക പ്രതിബദ്ധതയുമുള്ള  ബുദ്ധിജീവികളെന്നു വിശേഷിപ്പിക്കാവുന്ന  സാധാരണക്കാർ. ഇതിനുമുന്പ് ലോകം ഇതിലും വലിയ പകർച്ചവ്യാധികളിൽ നിന്നും ഉയർത്തെഴുന്നേറ്റിട്ടുണ്ട്, അപ്പോഴെല്ലാം മനുഷ്യന്റെ ജീവിത രീതികളിലും ചിന്താഗതികളിലും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യമേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന അവശ്യസേവനങ്ങളും അതോടൊപ്പം സർക്കാരിന്റെ സുരക്ഷാസംവിധാനങ്ങളും മാത്രമാണ് അവരുടെ തനത് പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തുന്നത്. എന്നാൽ ബാക്കിയുള്ള എല്ലാ മേഖലകളും തന്നെ ആധുനിക ലോകത്തിന്റെ സംഭാവനായ കംപ്യൂട്ടറുകളുടെ സഹായത്തോടെ  വിദൂരങ്ങളിലുള്ള  സ്വന്തം ഭവനങ്ങളിൽ നിന്നും പ്രവർത്തിക്കുന്നു.  വികസിത രാജ്യങ്ങളിൽ ഭൂരിഭാഗം മനുഷ്യർക്കും ഇതൊരു പുത്തൻ അനുഭവമല്ലെങ്കിലും അവികസിത രാജ്യങ്ങൾക്ക് ഇതൊരു പുതിയ അറിവും അനുഭവുമാണ്.  

covid-19-test

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ മനുഷ്യന്റെ ജീവിതരീതികൾ ഒരേ ആയുസ്സിൽ തന്നെ പലയാവർത്തി മാറിക്കൊണ്ടിരിക്കുകയാണ്. അവികസിത രാജ്യങ്ങളിൽ ഗ്രാമങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും മനുഷ്യർ അധുനികതയെ പുൽകാനും അനുയോജ്യമായ ജോലി സാധ്യതകൾക്കായി പട്ടണങ്ങളിലേയ്ക്ക് ചേക്കേറുമ്പോൾ. പട്ടണങ്ങളിലുള്ളവർ ശുദ്ധമായ വായുവും ജലവും തേടി ഗ്രാമങ്ങളിലേയ്ക് തിരികെപോയ്‌ക്കൊണ്ടിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം വിദഗ്ധ മേഖലകളിലുള്ളവർ  ഏകദേശം എഴുപതു ശതമാനവും ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണ് അതോടൊപ്പം ഏകദേശം അമ്പതു ശതമാനവും ഒരാഴ്ചയുടെ പകുതിയോളം വീട്ടിലിരുന്നു ജോലി ചെയ്യുന്നുണ്ട്  ഇനി വരും കാലങ്ങളിൽ ലോകജനസംഘ്യയുടെ ഇരുപത് ശതമാനവും വീട്ടിലുരുന്ന് ജോലി ചെയ്യുന്നവരായിരിക്കും. 

ഈ പുതിയ ജീവിത രീതികൾക്ക് ടെലികമ്മ്യൂട്ടിംഗ് എന്ന നാമകരണവും നൽകിയിട്ടുണ്ട്. ആഗോള തലങ്ങളിലുള്ള വൻകിട വ്യവസായ മേഖലകളെല്ലാം തന്നെ തങ്ങളുടെ സ്വന്തം ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുവാനായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമായ ചൈനയിൽ രോഗം തുടങ്ങിയ ആദ്യകാലങ്ങളിലെ ഉത്കണ്ഠയും സംഭ്രമവും കഴിഞ്ഞപ്പോൾ തന്നെ എല്ലാ മേഖലകളിലെയും ഉദ്യോഗാസ്ഥർ വീട്ടിലിരുന്നു ജോലി ചെയ്യുവാൻ തുടങ്ങിയിരുന്നു. പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ പഠ്യേതര വിഷയങ്ങളും മറ്റെല്ലാ വിഷയങ്ങളുടെയും ഭാഗീഗമായെങ്കിലും  ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചിരുന്നു. ചുരുക്കത്തിൽ കൊറോണാ വൈറസിനോടുള്ള പേടി ലോകത്തു നിന്നും അപ്രത്യക്ഷമാകുമ്പോൾ മനുഷ്യർക്ക് വീണ്ടും നിലവിലെ ജീവിത രീതികൾക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും.

covid-19

ഇപ്പോൾ പ്രധിരോധത്തിലായിരിക്കുന്ന എല്ലാ രാജ്യങ്ങളിലേയും നിലവിലുള്ള രോഗപ്രതിരോധ നടപടികളെല്ലാം താൽക്കാലികമാണ്, അധികം താമസിയാതെ മനുഷ്യരും സമൂഹവും ഇപ്പോളുള്ള എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുമുന്നേറുക തന്നെ ചെയ്യും. അപ്പോഴും ഊര്‍ജ്ജസ്വലതയുള്ള ഒരു ലോകം നിലനിൽക്കുമെന്ന്  ഉറപ്പ് വരുത്തേണ്ടതും അനിവാര്യമായ വസ്തുതയാണ്. അതിനാവശ്യമുള്ളത് എല്ലാ മേഖലകളിലെയും വിദഗ്ധരെ ഈ മഹാമാരിയെ നിർവീര്യമാക്കുവാനുള്ള പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഉൾപെടുത്തുക എന്നതുമാത്രമാണ്. കൊറോണ ബാധിച്ച ഒരു സ്വീഡിഷ് പൗരൻ കൊറോണയുമായുള്ള തന്റെ  ജീവിതാനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. ഫെബ്രുവരി ആദ്യവാരത്തിൽ ആംസ്റ്റർഡാമിൽ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കൊറോണയെ തുടർന്നുള്ള  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരു ഇറ്റാലിയൻ ചെറുപ്പക്കാരനോട് ചേർന്നിരുന്നു യാത്ര ചെയ്തത്  മാത്രമാണ് അദ്ദേഹത്തിന് രോഗം പിടിപെടുവാനുണ്ടായ സാഹചര്യം. 

മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇക്കോണമി ഫ്ലൈറ്റുകളിൽ ചേർന്നിരുന്നുള്ള യാത്രകളിൽ സാംക്രമിക രോഗങ്ങൾ എളുപ്പത്തിൽ പകരുന്നതിന്റെ ഉദാഹരണം മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ വിവരണം. രോഗാവസ്ഥയിൽ തികച്ചും ഒറ്റപ്പെട്ടുപോയപ്പോൾ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും അത്യാവശ്യം ലഭിക്കേണ്ട പോഷകാഹാരങ്ങളായ പഴങ്ങളും പച്ചക്കറികൾ മുതൽ ചായ കുടിക്കുവാനുള്ള പാലുപോലും വിപണിയിൽ ലഭിക്കാതിരുന്നതിന്റെ വിഷമതകളും. കൂടുതൽ സങ്കടമുളവായ വസ്തുത അദ്ദേഹത്തിനുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകളേക്കാളുപരി ലോകം ഒത്തിരി വളർന്നുയെന്നത് വെറും മിഥ്യാധാരണകൾ ആയിരിന്നു എന്ന തിരിച്ചറിവാണ്. ലോകത്തിനാവശ്യമുള്ളതിൽ കൂടുതൽ ആഹാരപാനീയങ്ങളും അവശ്യസാധനങ്ങളും ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും അത്യാവശ്യ വേളയിൽ ലഭിക്കാതെ വന്നു. ഇവിടെ കൊറോണാ വൈറസല്ലാ മനുഷ്യനെ തോൽപ്പിക്കുന്നത് പകരം മനുഷ്യന്റെ പിടിപ്പുകേടുകൾ മാത്രമാണ്. അവശ്യ വസ്തുക്കൾ ശരിയായ രീതിയിൽ ആവശ്യക്കാരന്റെ പക്കലെത്തിക്കുവാൻ സാധിക്കാത്ത അവസ്ഥകൾ.

കോവിഡിനെത്തുടർന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ട ഇറ്റലിയിൽ നിന്നും ലഭിക്കുന്ന വാർത്തകൾ അതിലും പരിതാപകരമാണ്. ചൈനയിൽ ഉത്ഭവിച്ച മഹാമാരി ലോകത്തെല്ലായിടത്തും വ്യാപിക്കുവാനുള്ള സാദ്ധ്യതകളുണ്ടെന്ന് രാജ്യാന്തര ആരോഗ്യസംഘടനകൾ നൽകിയ മുന്നറിയുപ്പുകളെ അവഗണിച്ചതിലുണ്ടായ തിരിച്ചടികൾ. സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുവാൻ സാധിക്കുന്നില്ലാ എന്ന് തിരിച്ചറിഞ്ഞ നേതൃത്ത്വം മുൻകരുതലുകൾ എടുക്കുവാൻ സാധിക്കാതെ വന്നപ്പോഴുണ്ടായ പിഴവുകൾക്ക്  പരസ്യമായി മാപ്പുചോദിക്കേണ്ടി വന്നു. വികസിത രാജ്യങ്ങളിലെ നേതൃത്ത്വം ആദ്യകാലങ്ങളിൽ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെങ്കിലും അന്യോന്യം പഴിചാരാതെ തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് അവരോരുത്തരുടേയും പ്രവർത്തന ശൈലികളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് തന്നെ പോകുമ്പോൾ പ്രത്യാശയേറുകയാണ്. അവികസിത രാജ്യമെന്ന് മുദ്രകുത്തിയിട്ടുള്ള ഭാരതത്തിന്റെ നിലപാടുകളും മുൻകരുതലുകളും നിലവിൽ മറ്റു ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയാണ്. വർഗ്ഗീയ ശക്തികളുടെ ഒറ്റപ്പെട്ട ചില ഭ്രാന്തൻ ചിന്താഗതികളും കാഴ്ചപ്പാടുകളെയും അവഗണിച്ചാൽ ഭാരതത്തിലെ ആരോഗ്യ വിദഗ്ധരുടെയും രാഷ്ട്രീയ നേതൃത്ത്വത്തിന്റെയും പ്രവർത്തനങ്ങളിലൂടെ കൊറോണയെന്ന മഹാമാരിയിൽ നിന്നും എല്ലാ ഭാരതീയർക്കും സംരക്ഷണ കവചം തീർക്കുവാൻ സാധിക്കും.

covid-19-test-rep

ലോകത്തിൽ മനുഷ്യരെന്നും  അമൂല്യസൃഷ്ടികൾ തന്നെയാണ്, ഏകോപിച്ചുള്ള പ്രവർത്തങ്ങളിലൂടെ ഏതൊരു പ്രതികൂല സാഹചര്യത്തെയും നേരിടുവാൻ കഴിവുള്ളവരെന്നു പലയാവർത്തി തെളിയിച്ചിട്ടുള്ളവർ. ശരാശരി ആരോഗ്യമുള്ള വ്യക്തികൾക്ക്  കോവിഡ് -19 സാധാരണയുണ്ടാവുന്ന ജലദോഷവും പനിയും പരത്തുന്ന പോലുള്ള ഒരു വൈറസ് മാത്രമാണ്. വ്യക്തികളിൽ ശുചിത്ത്വമില്ലായ്‌മ മൂലമുണ്ടാകുന്ന രോഗം. ഓരോ വ്യക്തികളും വ്യതിരസ്‌ഥരാണെന്നും സ്വന്തം ജീവിതം സംരക്ഷിക്കേണ്ടതിന് മറ്റുള്ളവരിൽ നിന്നും എല്ലാക്കാര്യങ്ങളിലും അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് മാത്രമാണ് നിലവിൽ  ഈ വൈറസ് നൽകുന്ന പാഠങ്ങൾ. എന്നാൽ ഇതുമൂലം ലോകരാഷ്ട്രങ്ങൾക്ക് ഉണ്ടാകുവാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണെന്നും എങ്ങനെ തരണം ചെയ്യുവാൻ സാധിക്കുമെന്നും തൽക്കാലത്തേക്ക് ആരും തന്നെ ചിന്തിക്കുന്നുമില്ല. വികസിത രാജ്യങ്ങളിൽ  ധാരാളം കരുതൽ ധനമുണ്ടായിരിക്കും പക്ഷെ അവികസിത രാജ്യങ്ങളിൽ നഷ്ട്ടപ്പെടുന്ന ഓരോ പ്രവൃത്തി ദിനങ്ങളിലും ആഗോളകടബാധ്യതകൾ  കൂടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.

അതോടൊപ്പം ഒരു വൈറസ് ലോകത്തുള്ള എല്ലാ  മനുഷ്യരുടെയും അനുദിന ജീവിതം താറുമാറാക്കിയപ്പോൾ അതിലും വലിയ പ്രശ്‍നങ്ങളിൽ നിന്നും സാധാരണക്കാരുടെ ശ്രദ്ധ മാറിപ്പോവുകയാണ്. യാതൊരുപ്രതിവിധിയുമില്ലാതെ മനുഷ്യന്റെ കുടിവെള്ളം മുട്ടിക്കുന്ന ആഗോളതാപനവും, താഴ്ന്ന പ്രദേശങ്ങൾക്ക് ആശങ്കയേറുന്ന സമുദ്രനിരപ്പുകളിലെ ഉയർച്ചയും, എല്ലാ വർഷവും അനിയന്ധ്രിതമായി കൂടിക്കൊണ്ടിരിക്കുന്ന കാട്ടുതീകളും, ശാസ്ത്രീയ പ്രവചനങ്ങൾക്കതീതമായ കാലാവസ്ഥകളും അതിലെല്ലാമുപരി രാജ്യങ്ങളിൽ നിലനിൽക്കുന്ന മാനുഷിക സംഘർഷങ്ങൾ മൂലമുള്ള ആഗോള അഭയാർഥികളും സാധാരണക്കാരുടെ മുൻപിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യചിന്ഹങ്ങളായി നിലനിൽക്കുന്നു. അതിസമർത്ഥരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യർക്ക് ഒരേ സമയത്തുതന്നെ അതിവേഗത്തിലും അതോടൊപ്പം സാവധാനത്തിലും മാനവരാശിയുടെയും ഭൂമിയുടെയും സുസ്ഥിരമായ നിലനിൽപ്പിനെപ്പറ്റി ചിന്തിച്ചു തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com