sections
MORE

ജനസാന്ദ്രതയേറിയ പട്ടണങ്ങളിലെ ശുചിത്വമേറിയ പൊതുസ്ഥലങ്ങൾ പ്രയോജനപ്പെടുത്താം

US-DAILY-LIFE-IN-NEW-YORK-CITY-AMID-CORONAVIRUS-OUTBREAK
SHARE

മനുഷ്യനുൾപ്പെടെയുള്ള സകല ജീവജാലങ്ങൾക്കും ലോകത്തിൽ ജീവിക്കുവാൻ അനുയോജ്യമായ പാർപ്പിടങ്ങളുടെ ആവശ്യകതയുള്ളതുപോലെ തന്നെ അന്യോന്യം സന്ധിക്കുവാനും സമ്പർക്കം പുലർത്തുവാനും അനുയോജ്യമായ പൊതുസ്ഥലങ്ങളുടെ ആവശ്യകതയും സമൂഹത്തിൽ  എന്നെന്നും നിലനിൽക്കുന്നു. പ്രത്യേകിച്ചും കോവിഡ്-19 എന്ന പകർച്ചവ്യാധി ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിൽ. കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാനുള്ള ഏകമാർഗം സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാവുമ്പോൾ വിസ്തൃതമായതും വെടിപ്പേറിയതുമായ പൊതുസ്ഥലങ്ങളുടെ ആവശ്യകത വീണ്ടും കൂടുകയാണ്. രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ അവരുടേതായ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നിർവചനങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ ഗ്രാമങ്ങളിലും തന്നെ സ്വതന്ത്രമായി നടക്കുവാൻ സാധിക്കുന്ന പൊതുനിരത്തുകൾ ധാരാളമുണ്ടാകും എന്നാൽ പട്ടണങ്ങളുടെ സ്ഥിതി വേറിട്ടതായിരിക്കും. 

വളർച്ചയുള്ള രാജ്യങ്ങളിലെ പട്ടണങ്ങളിൽ വസിക്കുന്നവർക്ക് സഞ്ചാരയോഗ്യമായതും ഇരുന്നു വിശ്രമിക്കുവാനുമുള്ള ധാരാളം നിരത്തുകളും പൊതുസ്ഥലങ്ങളുമുള്ളപ്പോൾ വളർച്ചപ്രാപിക്കാത്ത രാജ്യങ്ങളിലെ പട്ടണനിവാസികൾ ഒരു പരിധിവരെ ശ്വാസം മുട്ടിതന്നെ ജീവിക്കുകയാണ്. തൽക്കാലം ജോലിചെയ്യുവാനുള്ള സൗകര്യവും സുരക്ഷതമായൊരു പാർപ്പിടവും മാത്രമാണ് ഭൂരിഭാഗം നിവാസികൾക്കും ലഭിക്കുന്നത്. നിലവിലുള്ള ജീവിതം ആസ്വദിക്കുവാനും സഹജീവികളുമായി ഗുണനിലവാരമുള്ള ബന്ധങ്ങളും സമ്പർക്കങ്ങളും പുലർത്തുവാനും നിലനിർത്തുവാനും സാധിക്കുന്നില്ല.  ജനനിബിഡമായ എല്ലാ നഗരങ്ങളിലും തന്നെ കൂടുതൽ മനുഷ്യരും ജീവിക്കുവാനായി തൊഴിലെടുക്കുന്നതിനു പകരം  തൊഴിലെടുക്കുവാനായി ജീവിക്കുന്ന കാഴ്ചകൾ മാത്രമാണ് അനുദിനം കാണുന്നത്.

US-HEALTH-VIRUS-TRANSPORT-LAX

ലോകത്തിലെല്ലായിടത്തും തന്നെ ജനസാന്ദ്രത അതായത് ഓരോ ദേശങ്ങളിലും ആ ദേശത്തിന്റെ വിസ്തീർണത്തിന് ആനുപാതികമായി എത്രത്തോളം മനുഷ്യർ ജീവിക്കുന്നു  എന്നതിന്റെ കണക്കെടുക്കുന്നത് ഒരു ചതുരശ്ര കിലോമീറ്ററിന് എത്ര ആളുകൾ ജീവിക്കുന്നു എന്നതിലൂടെയാണ്.  ബ്രിട്ടണുൾപ്പെടുന്ന യുണൈറ്റഡ് കിങ്ഡത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിന് 260 ആളുകൾ ജീവിക്കുമ്പോൾ ജനനിബിഡമായ പല മഹാനഗരങ്ങളിലും ഇതിന്റെ നിരവധി മടങ്ങ് ജനങ്ങളാണുള്ളത്. ലണ്ടനിൽ മാത്രം ഒരോ  ചതുരശ്ര കിലോമീറ്ററിനും 4932  ആളുകൾ ജീവിക്കുന്നുണ്ട്. ഇതെ ആനുപാതമാണ് ബ്രിട്ടനിലുള്ള മറ്റു നഗരങ്ങളിലെയും അവസ്ഥ എന്നാൽ സ്കോട്ലാൻഡിൽ ഈ ജനസാന്ദ്രത വളരെക്കുറവാണ് ഒരു ചതുരശ്ര കിലോമീറ്ററിന് 65  ആളുകൾ മാത്രമാണവിടെ ജീവിക്കുന്നത്. അതുപോലെ തന്നെ ചില നാട്ടിൻപുറങ്ങളിൽ അതിലും കുറവ് തന്നെയാണ്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യം ചെയ്യുമ്പോൾ യുണൈറ്റഡ് കിങ്ഡാം  ജനസാന്ദ്രതയിൽ വളരെ മുന്നിലാണ്. ഓസ്‌ട്രേലിയയേക്കാൾ 100 മടങ്ങ് ജനസാന്ദ്രതയാണുള്ളത് ഓസ്‌ട്രേലിയയിൽ ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം രണ്ട് ആളുകൾ മാത്രമാണ് ജീവിക്കുന്നത്.  

ഭാരതത്തിൽ ബ്രിട്ടനെ അപേക്ഷിച്ചു ജനസാന്ദ്രത വളരെയധികമാണ് താനും ഒരു ചതുരശ്ര കിലോമീറ്ററിന്  464  ആളുകൾ ജീവിക്കുന്നുണ്ട്. ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനം (വലിപ്പത്തിന്റെ ആപേക്ഷികത) പശ്ചിമ ബംഗാളാണ് അവിടെ ഒരു ചതുരശ്ര കിലോമീറ്ററിന് 1028  ആളുകളാണ് ജീവിക്കുന്നത്. എന്നാൽ കേരളത്തിൽ ഈ കണക്കുകൾ 860-താണ്. എങ്കിൽപ്പോലും വികസിത രാജ്യങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ജനസാന്ദ്രതയും വളരെയധികം ഉത്കണ്ഠജനകമാണ്. പശ്ചിമ ബംഗാളിന്റെ പകുതിപോലുമില്ലാത്ത കേരളത്തിൽ ജനസാന്ദ്രത വളരെയധികം തന്നെയാണ്. 

US-DAILY-LIFE-IN-NEW-YORK-CITY-AMID-CORONAVIRUS-OUTBREAK

നിലവിലെ ജനസംഖ്യ കണക്കുകൾ പ്രകാരം ഭാരത്തിൽ നിലവിൽ 1.35 ബില്യണിലധികം ജനങ്ങളുള്ളപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിലെ (നിലവിലെ ജനസംഖ്യ 1.39 ബില്യൺ)  ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 145 മാത്രമാണ്. പക്ഷെ ഇവിടെ വീണ്ടും താരതമ്യപ്പെടുത്തേണ്ട മറ്റൊരു വലിയ ഘടകം രാജ്യങ്ങളുടെ വലിപ്പവുമാണ്. നിലവിൽ ചൈന ഭാരതത്തേക്കാൾ മൂന്നിരട്ടി വലിയ രാജ്യമാണ് അതായത് ജനസാന്ദ്രതയുടെ അപേക്ഷികതയിൽ ഭാരതം തന്നെയാണ് ചൈനയേക്കാൾ വളരെയധികം മുന്നിൽ നിൽക്കുന്നത്. ഐയ്ക്യ രാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഭാരതത്തേക്കാൾ ജനസാന്ദ്രതയേറിയ മറ്റു പല രാജ്യങ്ങളും ലോകത്തുണ്ട്. കോവിഡ്-19 പോലുള്ള മഹാമാരികളിൽ പ്രത്യേകിച്ചും മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്ന സാഹചര്യത്തിൽ ഓരോ രാജ്യങ്ങളിലെയും ജനസാന്ദ്രത ആ രാജ്യങ്ങളിലെ നേതൃത്ത്വത്തിന് വളരെയധികം ആശങ്ക ജനിപ്പിക്കുന്നതാണ്. 

ഇതുവരെയുള്ള ചരിത്രങ്ങളിലെ മറ്റു മഹാമാരികളെല്ലാം തന്നെ സൂചിപ്പിക്കുന്നത് ഉയർന്ന ജനസാന്ദ്രതയിൽ ജീവിക്കുന്ന മനുഷ്യർക്ക് കൂടുതൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്നുതന്നെയാണ്.   കോവിഡിന്റെ കാര്യത്തിൽ ഇതെത്രത്തോളം ശരിയാണെന്ന് ഇപ്പോൾ പറയുവാൻ സാധിക്കുന്നില്ലെങ്കിലും നിലവിലെ മരണനിരക്കുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇപ്പോഴും നഗരവാസികൾ തന്നെയാണ്. എല്ലാ രാജ്യങ്ങളുടെയും വളർച്ചയിൽ കൂടുതൽ പങ്കാളിത്തം വഹിക്കുന്നവരിലുപരി രാജ്യത്തിൻറെ തന്നെ പ്രതിഛായ സൂക്ഷിപ്പുകാരായ നഗരവാസികൾ  മഹാമാരികളുടെ പ്രഥമ ഇരകളാവുന്നതിൽ ദുഃഖം പ്രകടിപ്പിക്കുവാൻ മാത്രമാണ് മറ്റുള്ളവർക്ക് കഴിയുന്നത്. എന്നാൽ ഈ ആധുനിക യുഗത്തിൽ പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിദ്യകൾ മനുഷ്യനെ മുന്നോട്ട് നയിക്കുമ്പോൾ പട്ടണങ്ങളിലെ ജനസാന്ദ്രതയും ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. 

France

ഉടനടിയല്ലെങ്കിലും ഘട്ടംഘട്ടമായി ജനങ്ങളുടെ ജീവിതശൈലിയിലും പ്രവർത്തനശൈലികളിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ.  നിലവിൽ എല്ലാ രാജ്യങ്ങളും തന്നെ ലോക് ഡൌണിലാണെങ്കിലും അധികം താമസിയാതെ തന്നെ സ്ഥിതിഗതികൾ സാധാരണ നിലവാരത്തിലേയ്ക്ക് തിരിച്ചുവരും. അപ്പോൾ വീണ്ടും പട്ടണങ്ങളിലെ ജനതകളാണ് പ്രതിരോധത്തിലാവുന്നത്. ഇതോടൊപ്പം തന്നെ മറ്റൊരു വസ്തുതകൂടി എടുത്തു പറയുവാനുള്ളത് പട്ടണങ്ങളിലെ ധനികരുടെയും സ്വാധീനശക്തിയുള്ളവരുടെയും സുഖവാസകേന്ദ്രങ്ങളും നിലവിൽ ഈ മഹാമാരിയിൽ നിന്നും മോചിക്കപ്പെട്ടിട്ടില്ലാ എന്നതുമാണ്. അമേരിക്കയിലുള്ള വിശ്രമകേന്ദ്രങ്ങളായ പല  കടൽത്തീരങ്ങളിലും ഗ്രാമങ്ങളിലും കൊറോണ ബാധിതമായത് നഗരങ്ങളിലെ ധനികരിലൂടെയാണ്.

ലോകാരോഗ്യ സംഘടന പട്ടണങ്ങളുൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും പൊതുവായ ഇടങ്ങളും ഉദ്യാനങ്ങളും കളിസ്ഥലങ്ങളും നിർമ്മിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭാരതത്തിൽ പട്ടണങ്ങളിലേക്കുള്ള അനിയന്ധ്രിതമായ  കുടിയേറ്റങ്ങൾ മൂലം ഇതൊന്നും പാലിക്കുവാൻ സാധിക്കുന്നില്ല. തലസ്ഥാനമായ ഡൽഹിയിൽ ഒരു പരിധിവരെ ഇതെല്ലാം നിർമ്മിച്ചിട്ടുണ്ടെങ്കിലും എല്ലാം തന്നെ ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. ഒന്ന് കലാകാലങ്ങളിലുള്ള പരിപാലനങ്ങൾ നടക്കാത്തതും രണ്ടാമത് പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്നുമുള്ള സംരക്ഷണമില്ലായ്മയും. 

love-in-the-time-of-coronavirus

അതിലുപരി പൊതുജനങ്ങളിലും ഉദ്യോഗസ്ഥരിലുമുള്ള വളരെകുറച്ചുപേർ മാത്രമാണ് ഇതിന്റെയൊക്കെ പ്രാധാന്യവും മനസിലാക്കുന്നതും എല്ലാ നഗരങ്ങളിലെയും   പൂന്തോട്ടങ്ങളും പൊതുസ്ഥലങ്ങളും നഗരങ്ങളെ തണുപ്പിക്കുന്നതിനോടൊപ്പം മനുഷ്യർക്ക് പ്രാണവായുവും ആവശ്യത്തിന് ലഭിക്കുവാനുള്ള നിർണായകമായ പ്രവർത്തനവും നടത്തുന്നുണ്ട്. ലോകത്തിലുള്ള മൂന്ന് ശതമാനത്തിലധിക മരണവും സംഭവിക്കുന്നത് ആവശ്യകമായ പൊതുഇടങ്ങളുടെ അഭാവം മൂലമാണ്. മനുഷ്യന് നിന്നുതിരിയാൻ ഇടയില്ലാത്ത മുംബയിലെ ചേരിപ്രദേശമായ ധാരാവിയിലേക്കാണ്  നിലവിൽ ഭാരതത്തിലെ എല്ലാവരുടെയും തന്നെ ശ്രദ്ധാകേന്ദ്രം. ജനസാന്ദ്രതയ്ക്ക് കുപ്രസിദ്ധമാണ് മുംബൈയും അവിടങ്ങളിലുള്ള ചേരിപ്രദേശങ്ങളെല്ലാം. നിലവിൽ ആകെയുള്ള പ്രതീക്ഷ ശക്തമായ പോലീസ് കാവലാണെങ്കിലും ഇപ്പോൾ പോലീസുദ്യോഗസ്ഥർക്കും കൊറോണ ബാധയേൽക്കുവാൻ തുടങ്ങിയത് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.  

കൊറോണയെ നേരിടുവാൻ എല്ലാ ജീവിതങ്ങളും വീടുകളിൽ ബന്ധിക്കപ്പെട്ടപ്പോഴും വികസിതരാജ്യങ്ങളിലെ തുറസായ സ്ഥലങ്ങളെല്ലാം തന്നെ നിരുപാധികം തുറന്നു തന്നെയിടുവാൻ അധികാരികൾ തയ്യാറായത് ജീവിക്കുന്ന മനുഷ്യരുടെ ശാരീരിക വ്യായാമത്തിനുപരി മാനസികോല്ലാസവും കൂടി മുന്നിൽ കണ്ടുകൊണ്ടാണ്. വികസിത രാജ്യങ്ങളിൽ വ്യക്തിഗതദൂരങ്ങൾ പാലിച്ചു കൊണ്ട് തുറസായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുവാൻ മറ്റ് രോഗങ്ങളൊന്നുമില്ലാത്ത മനുഷ്യർ തയ്യാറാവുന്നത് തന്നെയാണ് ഇതിനു കാരണം. അമേരിക്കയിലും യൂറോപ്പിലുമുള്ള വലിയ മൈതാനങ്ങളോടൊപ്പം വിശാലമായ എല്ലാ ഗോൾഫ് കളിക്കുന്ന മൈതാനങ്ങളും പൊതുജനങ്ങൾക്കുവേണ്ടി തുറന്നിടുവാൻ തയറായതിലൂടെ ധാരാളം വ്യക്തികൾക്ക് ശുദ്ധവായു ലഭ്യമായി. 

rome-italy

മ‌റ്റ് അവസരങ്ങളിൽ അംഗത്വഇനത്തിൽ തന്നെ ധാരാളം വരുമാനമുള്ള കേന്ദ്രങ്ങളാണിവയെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. അവികസിത രാജ്യങ്ങളിൽ ഇങ്ങനെയുള്ള അധിക സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനാൽ അധികാരികൾ അനുവദിക്കാറില്ല. പൊതുനിരത്തുകളിലെ സാമാന്യ മര്യാദകൾ പാലിക്കുവാൻ തയ്യാറാവാത്ത ഒരു ചെറിയ ശതമാനം ജനങ്ങൾ മൂലം മറ്റുള്ളവർക്കും ഈ സൗകര്യങ്ങൾ നഷ്ടപ്പെടുകയാണ്. ഇവിടെയും പൊതുജനങ്ങളും പോതുപ്രവർത്തകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സമയങ്ങളാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ സാമൂഹിക മര്യാദകൾ ശീലിക്കുവാൻ പൊതുപ്രവർത്തകർ അന്യോന്യം പഠിപ്പിക്കുകയും പൊതുസമൂഹത്തിനെ ബോധവൽക്കരിക്കുക കൂടി ചെയ്യണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA