sections
MORE

ഒരു ലോക് ഡൗൺ അപാരത

lockdown
SHARE

ഈ കൊറോണക്കാലത്തു ആരോഗ്യവകുപ്പുകാരെ കഴിഞ്ഞാൽ ബുദ്ധിമുട്ടുന്ന ഒരു സമൂഹം ആരാണെന്നു നിങ്ങൾക്കറിയുമോ? ഞാൻ പറയാം, അമ്മാർ. എല്ലാരും അല്ല. വർക്ക് അറ്റ് ഹോം ചുമതല ഏറ്റെടുത്തിരിക്കുന്ന ഒരു ശരാശരി വീട്ടമ്മ. 

എങ്ങനെയെന്നല്ലേ?

സ്കൂളും ജോലിയുമൊന്നുമില്ലേലും കാലത്തു നാല് മുപ്പതിന് എഴുന്നേൽക്കണം. പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ കുട്ടികളെ പല്ലുതേപ്പിക്കണം. ടോയ്‌ലെറ്റിൽ നിൽക്കുമ്പോൾ തിളച്ചു പൊങ്ങി പുറംലോകം കാണാൻ വെമ്പിനിൽക്കുന്ന ചായയുടെ ശീല്ക്കാരം. സാരിത്തുമ്പ്  അരയിൽ കുത്തി ഓടിവന്നു ഗ്യാസ് തീ കുറച്ചപ്പോഴേക്കും അമ്മുസ് തെന്നിവീണു. ഓടിച്ചെന്നു ഒന്ന് വഴക്കുപറഞ്ഞു അവളെ വിളിച്ചു കിച്ചണിൽ എത്തിയപ്പോഴേക്കും എന്നും  ജോലിക്കു  പൊയ്ക്കൊണ്ടിരുന്ന അമ്മായിയമ്മ സാമ്പാറിന് അരിഞ്ഞുതുടങ്ങി

"അഞ്ജലി മോളെ,  അമ്മയ്ക്ക് ചേനചെത്തിയാൽ കൈ ചൊറിയും. മോൾ ഇതൊന്നു റെഡി ആക്കി അടുപ്പിൽ വെക്കണേ"

"ശരി അമ്മെ"

നിന്ന നിൽപ്പിൽ തന്നെ ഏതാണ്ട് മുപ്പത് ദോശയോളം ഉണ്ടാക്കി. സാമ്പാർ ചില്ലുപാത്രത്തിൽ പകർന്നു. മേശപ്പുറത്തു വെച്ചു. എല്ലാവരെയും കഴിക്കാൻ വിളിക്കാൻ ഉമ്മറത്തെത്തി. അച്ഛൻ പത്രത്തിൽ. ഭർത്താവ് ഉദ്യോഗസ്ഥൻ മൊബൈലിൽ. കുട്ടികൾ ഫിഷ്‌ടാങ്കിനു അരികെ. 

"അച്ഛാ, കഴിക്കാൻ വരൂ" 

"ഈ ഖണ്ണിക കൂടെയുള്ളു മോളെ" 

"ഏട്ടാ വരൂ" 

"ഒരു കാൾ ചെയ്തോട്ടെ ഇപ്പൊ വരാം"

"അമ്മുസ്.. അപ്പു.. വായോ" 

"അമ്മേ, ഈ ഫിഷിനും കൂടെ ഫുഡ് ഒന്ന് കൊടുത്തോട്ടെ പ്ലീസ്" 

വിളിച്ചു വിളിച്ചു വായ കഴച്ചു. അച്ഛൻ ടേബിളിൽ എത്തിയതോടെ അമ്മയും ഏട്ടനും എത്തി. 

"ചായക്ക്‌ ചൂടില്ലല്ലോ മോളെ" അമ്മ

"ഓ, ഇന്ന് ദോശയാണോ? ഇഡലി ഉണ്ടാക്കായിരുന്നില്ലേ? സാമ്പാറിന് കായം ഇട്ടില്ലേ" ഏട്ടൻ. 

പെൺമക്കൾ  ഇല്ലാത്തതു കൊണ്ട് അച്ഛൻ  പരാതിയൊന്നും പറയാറില്ല.  

"അമ്മേ, എനിക്ക് ചായ വേണ്ട. കോഫി മതി" അമ്മു 

എല്ലാവരും  കഴിച്ചു. കഴിപ്പിച്ചു കഴിഞ്ഞപ്പോൾ സമയം രാവിലെ പത്ത് കഴിഞ്ഞു.  ഞാൻ കഴിച്ചോന്ന് ആരും തിരക്കിയില്ല!.

പാത്രം കഴുകി ഉണ്ണുകാലമാക്കാൻ തുടങ്ങിയപ്പോൾ. അമ്മ പറമ്പിലേക്കിറങ്ങി. അച്ഛൻ തിരിച്ചു പത്രത്തിലേക്കും. ഏട്ടൻ ടി.വിയിൽ കണ്ണുറപ്പിച്ചു.  കുട്ടികൾ വീണ്ടും ഫിഷ്‌ടാങ്കിനടുത്തേക്ക്. 

ഒരിക്കലും വേവാത്ത അരി കഴുകി അടുപ്പിൽ വെച്ചു. പയർതോരന് അരിഞ്ഞുകഴിഞ്ഞപ്പോഴാണ്  തേങ്ങാ പൊതിച്ചതു ഇല്ലന്ന് ഓർമവന്നത്. കൊടുവാളും ഞാനും. തേങ്ങയും തമ്മിലുള്ള മൽപ്പിടുത്തം കഴിഞ്ഞു. ഞാൻ ജയിച്ചു, പൊതിച്ചു കിട്ടി. തേങ്ങയും ഉപ്പും സവാളയും കൂട്ടിക്കഴിഞ്ഞപ്പോഴാണ് ഇഞ്ചി ഇല്ല. തൊടിയിലിറങ്ങി മണ്ണ് മാന്തി സംഗതി കൈക്കലാക്കി. പയറുതോരൻ കുശാൽ.  

ചീഞ്ഞു തുടങ്ങിയ മത്തി ചട്ടിയിൽ കുളിച്ചു കയറാനായി എനിക്കായി കാത്തു കിടപ്പുണ്ടായിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. പതിയെപതിയെ മീൻകറിയും വഴുതനങ്ങ മെഴുക്കുപെരട്ടിയും അച്ഛനുള്ള രസവും ഏട്ടന്റെ പച്ചമോരും കുട്ടികളുടെ മോര് കറിയും എല്ലാം റെഡിമണി  മുണ്ടക്കയം.

സമയം ഉച്ചക്ക് രണ്ട് മുപ്പത്.  ബോഫേ സിസ്റ്റം ആയതു കൊണ്ട് വിളമ്പലിൽ നിന്ന് രക്ഷപെട്ടു. അമ്മുനും അപ്പുനും വാരിക്കൊടുക്കണം അത്ര തന്നെ. 

"മത്തി വറക്കായിരുന്നില്ലേ? ഏട്ടൻ.  കലിപ്പുകൊണ്ടെന്റെ മുഖം ചുവന്നത് കണ്ടിട്ടാവാം  പിന്നെ പുള്ളിയുടെ അനക്കം കേട്ടില്ല. കഴിച്ചു എന്ന് വരുത്തി. പാത്രങ്ങൾ കഴുകിക്കഴിഞ്ഞപ്പോൾ മൂന്ന് കഴിഞ്ഞു.

എല്ലാവരും ഉച്ചമയക്കത്തിന് കയറി.  രണ്ടുദിവസത്തെ തുണികൾ കൂടിക്കിടന്നതു അപ്പഴാണ് ഓർമവന്നത്. ചൂടുകാലമല്ലേ ടാങ്കിൽ വെള്ളമില്ലാത്തതുകൊണ്ട് വെള്ളം കോരി കഴുകണം എന്നാണ്  അച്ഛന്റെ ഓർഡർ.  എന്ത്  ചെയ്യാം? ഏട്ടന്റെ പാന്റും, ബെഡ്ഷീറ്റുകളും കഴുകിക്കഴിഞ്ഞപ്പോൾ നടുവിന്റെ കാര്യം തീരുമാനമായി.

"അഞ്ജലി, ചായ ആയില്ലേ?" 

ഞാൻ ഓടി. അടുക്കളയിലേക്ക്. ഏട്ടന് ചായക്ക്‌ കടി നിര്ബന്ധമാ. ചായയും വടയും പതുക്കെ റെഡി ആയി. അവർക്കു ചായകൊടുത്തപ്പോഴാണ് മുറ്റം മുഴുവൻ മുട്ടൊപ്പം കരിയില. തൂത്തു വന്നപ്പോഴേക്കും എന്റെ ചായ 'സോ കോൾഡ് ടി' ആയി. പോരാതെ ഡെക്കറേഷന് ഈച്ചയും ചുംബിച്ചു

സമയം രാത്രി ഏഴ്.

ടീ... എനിക്ക് രാത്രി ചപ്പാത്തിക്ക് മുട്ടക്കറി മതിട്ടോ. ഏട്ടന് ചപ്പാത്തി നല്ല പോളിംഗ് ആണ്. ഒരു പതിനഞ്ച് വരെയൊക്കെ ഉണ്ടാക്കി. പിന്നെ കാൽവേദനകൊണ്ട് നിർത്തി. 

അച്ഛന് കഞ്ഞി.

എല്ലാം കഴിഞ്ഞു ഫ്ലാസ്കിൽ വെള്ളവുമെടുത്തു ബെഡ്‌റൂമിൽ എത്തിയപ്പോൾ സമയം പതിനൊന്ന്. ഇനി ഓഫീസിലെ വർക് എപ്പോ ചെയ്യും? നടുവ് പൊട്ടുന്നു. ഇന്നിനി പറ്റില്ല. 

കിടന്നു. ശരീരത്തിന്റെ വേദനകൊണ്ടാവാം ഉറക്കം വന്നില്ല. നാളത്തേക്കുള്ള ചിന്തകൾ. പ്രാതൽ എന്തുണ്ടാക്കും? ഉച്ചക്കത്തെക്കു മീനില്ലല്ലോ. എന്ത് ചെയ്യും?  

"വന്നു  വന്നു നീയങ്ങു സുന്ദരിയായല്ലോ അഞ്ജു. ഒരു നയൻതാര ലുക്ക്"ഏട്ടന്റെ ഒരു അളിഞ്ഞ ഡയലോഗ് കേട്ടാണ് ചിന്തകൾമാഞ്ഞത്. 

പിന്നെ നിങ്ങള്ക്ക് ഊഹിക്കാലോ ഞാൻ എപ്പോ ഉറങ്ങിക്കാണുമെന്ന്. 

ഇതുതാൻ വർക്ക് അറ്റ് ഹോം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA