ADVERTISEMENT

ഭൂമിയുടെ ഉത്തരദിക്കിനു മുകളിലുള്ള  രാജ്യങ്ങളിലേ വേനൽക്കാലങ്ങളിൽ സാധാരണ പകൽവെളിച്ചമണയുന്നത്  രാത്രി പത്തുമണിയ്ക്കാണെങ്കിലും ദിവസവും വൈകുന്നേരങ്ങളിൽ അറുമണിയ്ക്കു മുൻപുതന്നെ എത്തിയില്ലെങ്കിൽ രാത്രികളിൽ മാത്രം പ്രവർത്തിക്കുന്ന  അഭയകേന്ദ്രങ്ങളിൽ ഇടം ലഭിക്കാതെ വരുകയെന്നുള്ളത് ഇപ്പോൾ പതിവായി. ആഗോള വിപണിയിലെ മാന്ദ്യമാണെങ്കിലും  പ്രാദേശിക വിപണികളിലെ തൊഴിലില്ലായ്‌മ മൂലമാണെങ്കിലും ഭവനരഹിതരാവുന്നവരുടെ സംഖ്യയും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. അഭയം ലഭിക്കാതെ വരുകയെന്നാൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന അത്താഴവും അതോടൊപ്പം മുട്ട റോസ്റ്റ് ചെയ്ത പ്രാതലും മുടങ്ങും. ഒരു ദിവസമെങ്കിലും ഇതു നഷ്ടപ്പെടുകയെന്നാൽ ഒരു ദിവസത്തെ വേതനം നഷ്ട്ടപെടുന്നതിന് തുല്യമാണ്.   ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഇപ്പോൾ ജോലിയും ലഭിക്കുന്നത് അതും ഏജൻസിയിലെ സുഹൃത്ത് മാൽക്കം മാർഷിന്റെ കാരുണ്യത്താൽ. അവനെ പഴിചാരുവാനും  സാധിക്കില്ല തൊഴിലില്ലാത്ത എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന നിയമം അനുസരിച്ചില്ലെങ്കിൽ അവനും നാളെ എന്നെപ്പോലെ തന്നെ തെരുവിൽ ജീവിക്കേണ്ടി വരും. ഭവനരഹിതർ  എന്ന ജീവിത നിലവാരം പുലർത്തുന്ന തെരുവിന്റെ മക്കൾ എന്നാൽ പ്രാദേശിക ഭരണസംവിധാനത്തിലുള്ള സാമൂഹിക സേവന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഭാഷയിൽ ആരും തന്നെ തെരുവിന്റെ മക്കളായി ജനിക്കാറില്ല പക്ഷെ പലരുടെയും കടിഞ്ഞാണില്ലാത്ത ജീവിത രീതികൾ അവരിൽ ചിലരെ തെരുവിന്റെ മക്കളായി രൂപാന്തരപ്പെടുത്തുന്നു.  ഇന്നത്തെ ജോലിയ്ക്കു ശേഷം കരുണ നിറഞ്ഞ ഒരു പരദേശി അദ്ദേഹത്തിന്റെ സ്വന്തം വാഹനത്തിൽ ആറുമണിയ്ക്ക് മുൻപ് എത്തിച്ചതിനാൽ ടോക്കൺ ലഭിക്കുകയും ഒരാൾക്ക് കിടക്കുവാൻ മാത്രം സാധിക്കുന്ന ഒരു  കിടക്ക ഉറപ്പാക്കുവാനും സാധിച്ചു.

സുഖമാണോ എന്നുള്ള പതിവ് പല്ലവിയോട് ഗൗരവത്തിലാണെങ്കിലും ചെറു ചിരിയോടെ മാറ്റ് എന്ന് വിളിക്കുന്ന മാത്യു കോട്ട് ചെറിയ ചുവരലമാരയുടെ താക്കോൽ തന്നു. മാത്യു തപാൽ വകുപ്പിൽ നിന്നും വിരമിച്ചതിനു ശേഷം സാമൂഹിക സേവനം ചെയ്യുകയാണ് ആഴ്ചയിൽ  മൂന്ന് ദിവസം രാത്രികാലങ്ങളിൽ ഭവനരഹിതരുടെ കാവൽക്കാരനും സഹചാരിയും. കൂടുതലൊന്നും സംസാരിക്കാതെയും വരിയിൽ നിൽക്കുന്ന മറ്റുള്ളവരെ ശ്രദ്ധിക്കാതെയും ചെറിയ ബാഗ് എനിയ്ക്കായി അനുവദിച്ചിരുന്ന ചുവരലമാരയിൽ ഭദ്രമായി നിക്ഷേപിച്ചിട്ട് കുളിമുറിയിലേക്ക് നടന്നു. പ്രതീക്ഷച്ചതുപോലെ അവിടെയും തന്റെ ഊഴത്തിനായി കാത്തുനിൽക്കണം. ഏകദേശം നാൽപ്പതു കിടക്കകളുണ്ടെങ്കിലും കുളിമുറി മൂന്ന് മാത്രമാണുള്ളത്. ഇന്നത്തെജോലി ഇത്തിരി  കഠിനമുള്ളതു തന്നെയായിരുന്നതുകൊണ്ട് ചൂടുവെള്ളത്തിലുള്ള സ്നാനം ഉണർവേകുമെന്ന് എവിടെയോ വായിച്ചതായി ഓർത്തെടുത്തു. കുറച്ചധികനേരം ഷവറിനുകീഴിൽ നിൽക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും പുറകിൽ നിന്ന പെൺകുട്ടി ധൃതിപിടിക്കുന്നുണ്ടായിരുന്നു. ചൂടുവെള്ളം ശരീരത്തിനെ വിശ്രമിക്കുന്നതിനൊപ്പം സുഖനിദ്ര പ്രധാനം ചെയ്യുന്നതുമാണ്. മാനസികമായി പിരിമുറുക്കമുള്ള അവസ്ഥയിൽ ചൂടുവെള്ളം  ശരീര താപനില വർദ്ധിപ്പിക്കുകയും മാംസപേശികളെ സാന്ത്വനിക്കുവാൻ അനുവദിക്കുകയും ചെയ്യുമ്പോൾ മനുഷ്യർ യന്ധ്രികമായിത്തന്നെ  ശാരീരികമായും മാനസികമായും വിശ്രാന്തിയിലാവുന്നു. ചെറുപ്പകാലങ്ങളിൽ മണിക്കൂറുകളോളം ബാത്ത് ടബ്ബിൽ നീണ്ടു നിവർന്നിട്ടുള്ള ചെറിയ ഓർമ്മ ഇപ്പോഴും നിലനിൽക്കുന്നു. ചെറുചൂടുവെള്ളം ശരീരത്തിന്റെ ഓരോ കോശങ്ങളിലേയ്ക്കും സമ്മര്‍ദ്ദം ചെലുത്തുന്നത് ഹൃദയകവാടങ്ങൾക്ക് അധിക ബലമേകുവാനും രക്തശുദ്ധീകരണത്തിന്റെ ശീക്രത വർദ്ധിപ്പിക്കുവാനും. കുളിമുറിയുടെ കവാടത്തിൽ വീണ്ടും ആരോ ശക്തമായി തട്ടിയത് ഓർമ്മകളിൽ നിന്നുമുണർത്തുവാനായിരുന്നു.  

നീണ്ടമുടിയും താടിയും ഡ്രയറൂപയോഗിച്ചു തന്നെ ഈർപ്പം മാറ്റിയെടുത്തു, കാലമേറുമ്പോൾ രോഗപ്രതിരോധ ശക്തി വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതിയ രോഗാണുക്കൾ ഈർപ്പത്തിലൂടെ പടരുന്നത് തടയുവാനുള്ള ഏറ്റവും നല്ല മാർഗം ശരീരഭാഗങ്ങൾ ഉണക്കി സംരക്ഷിച്ചു നിർത്തുകയെന്നുമുള്ള വൈദ്യോപദേശവും അവഗണിക്കുവാനും സാധിച്ചില്ല. ഭക്ഷണമുറിയിൽ തിരക്ക് കുറവായിരുന്നു ഇന്ന് മാഗി എന്ന് വിളിക്കുന്ന മാർഗരെറ്റ് കീത്തിനെ കണ്ടില്ല പകരം ജോനാഥൻ ബിഡ്ഡൻ, അടുക്കളയിൽ സഹായിയായി ജോലി ചെയ്യുന്നു, എന്നാൽ എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടി ചെയ്യുന്ന വ്യക്തി.    ഇന്നത്തെ അത്താഴത്തിന് പൊരിച്ച വിഭവങ്ങൾ  ഉടച്ച ഉരുളക്കിഴങ്ങും മുതൽ പൊരിച്ച കോഴിയുടെ കാലും പിന്നെ പച്ചക്കറിയുടെ സാലഡും. എല്ലാം നല്ല രുചിയേറിയതും, മാഗിയുടെ കരവിരുത് തന്നെ. ചോദിക്കാതെ തന്നെ  ജോനാഥൻ മാഗിയുടെ വിവരങ്ങൾ പറഞ്ഞു. അത്താഴം തയ്യാറാക്കിക്കഴിഞ്ഞപ്പോൾ മാഗിയുടെ ഭർത്താവ് റിച്ചാർഡ് കീത്തിനെ  പരിചരിക്കുന്ന വൃദ്ധസദനത്തിൽ വിളിവന്നു മാഗി അങ്ങോട്ട് പോയി എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കുമെന്നും പറഞ്ഞിട്ടാണ് പോയിരിക്കുന്നത്. അത്താഴം കഴിഞ്ഞു ചൂടുള്ള ഒരു കപ്പ് ചായയുമായി വിശാലമായ മുറിയിലേയ്ക്ക് നടന്നു. കട്ടിൽ ലഭിക്കാത്ത നാലോ അഞ്ചോ പേരോട് മാത്യു കോട്ട് എന്തെല്ലാമോ വിവരിക്കുന്നു. പതിവുള്ള കാഴ്ചയായതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ ചില്ലിട്ട അലമാരയിൽ നിന്നും ഒരു പുസ്തകവുമെടുത്തു നേരേ എനിയ്ക്കായി അനുവദിച്ച കട്ടിലിൽ ഇരുന്നു. ഒൻപതുമണിയ്ക്ക് വെളിച്ചം അണയുന്നതുവരെ വായിക്കുവാൻ സമയമുണ്ട്. കട്ടിലിൽ നിവർന്നു കിടന്നു തലയിണയിലേയ്ക്ക് തല ചായിച്ചതും ഏതോ ഒരു കുറിപ്പ് കയ്യിൽ തടഞ്ഞു "മരുന്ന് കഴിക്കുവാൻ മറക്കരുത്".

വെളുത്ത രക്താണുക്കളാണ് മനുഷ്യശരീരത്തിനേ രോഗങ്ങളിൽ നിന്നും അനുദിനം പ്രതിരോധിക്കുന്നത്   എന്നാൽ ഇതേ രക്താണുക്കളെ രോഗാണുക്കൾ ബാധിക്കുമ്പോൾ മനുഷ്യന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെടുന്നു. ഇത്രയും തീവ്രമായ  രോഗാവസ്ഥയിലുള്ള വ്യക്തികൾ  ഭിഷഗ്വരന്മാർ  നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾ അനുദിനം കഴിക്കാതിരിക്കുമ്പോൾ ആരോഗ്യം വീണ്ടെടുക്കുവാൻ കഴിവില്ലാത്ത രീതിയിൽ  ബലഹീനരായി മാറുകയും വീര്യം കൂടിയ മരുന്നുകളോട് പോലും പിന്നീട് ശരീരത്തിന് പ്രതികരിക്കുവാൻ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് മാറുകയും ചെയ്യുമെന്ന് പലയാവർത്തി ശ്രവിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ  ദിവസം മൂന്ന് പ്രാവശ്യം കഴിച്ചുകൊണ്ടിരുന്ന ഗുളികകൾ വല്ലാത്ത അസ്വസ്ഥത ജനിപ്പിച്ചപ്പോൾ വീര്യം വർധിപ്പിച്ചുകൊണ്ട് രണ്ടു പ്രാവശ്യമാക്കി. എന്നാൽ അതിലും ക്രമം പാലിക്കാതായപ്പോൾ വീണ്ടും  വീര്യംകൂട്ടി ദിവസത്തിൽ ഒന്നാക്കി മാറ്റിയിട്ടും അറിഞ്ഞോ അറിയാതെയോ കൃത്യത പാലിക്കുവാൻ കഴിയുന്നില്ല.  ആഹാരത്തിനോട് വിരക്തിയും ശരീരഭാരം അനിയന്ത്രിതമായി കുറഞ്ഞപ്പോഴും രോഗത്തിന് അടിമയായി എന്ന് അംഗീകരിക്കുവാൻ തയ്യാറായില്ല അതുകൊണ്ടു തന്നെ രോഗനിർണയവും വളരെ വൈകി.  ജീവിതം  തെരുവിലെത്തുന്നതിനു മുൻപ് തന്നെ മദ്യസേവയുണ്ടായിരുന്നെങ്കിലും തെരുവിൽ മാത്രമായ ജീവിതം അമിതമായ മദ്യാസക്തിയിലേക്ക്  വഴിതെളിക്കുകയായിരുന്നു. അങ്ങനെയൊരിക്കൽ സുബോധമില്ലാതെ പാതയോരത്തു വീണതിന്റെ പര്യവസാനം ആശുപത്രികിടക്കയിലും പിന്നീടുണ്ടായ പരിശോധനകളിലൂടെ മാറാരോഗിയെന്ന മുദ്രകുത്തലും.

പ്രാഥമിക വിദ്യാലയത്തിൽ നിന്നും ഹൈസ്‌കൂളിലേയ്ക്ക് എത്തിയപ്പോൾ ഉന്മത്തനാകുവാൻ തുടങ്ങിയ ശീലങ്ങളെ ഗുരുനാഥന്മാരും മാതാപിതാക്കളും  ദുശീലങ്ങളായി ചിത്രീകരിച്ചപ്പോൾ അവരോടു യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല. ജീവിത ലക്ഷ്യങ്ങളുടെ അഭാവത്തിൽ ശൂന്യമായ മനസിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുവാൻ കഴിവുള്ള ഏക ഔഷധമായി മാറുകയായിരുന്നു ആസവദ്രവ്യങ്ങൾ.  ഓരോ ദിവസവും  പ്രഭാതത്തിൽ തന്നെ ജോലിയ്ക്ക് പോകുന്ന അച്ഛനെത്തുന്നത് ഉന്മത്തനായി പ്രദോഷത്തിലും. എല്ലാ ദിവസവും മൂന്ന് പബ്ബിൽ കയറണമെന്ന നിർബന്ധമുള്ള അച്ഛൻ ഒരിക്കൽപോലും ചിരിക്കുകയോ   സ്നേഹത്തോടെ കുശലം ചോദിക്കുകയോ അടുത്തുവിളിക്കുകയോ ചെയ്‌തിട്ടില്ല. അച്ഛനെത്തുമ്പോൾ 'സായാന്ഹ ജോലി മാത്രം ചെയ്യുന്ന അമ്മ വീട്ടിലുണ്ടാവാറില്ല, അതുകൊണ്ടു തന്നെ അവർ തമ്മിലുള്ള കൂടിക്കാഴ്ചകൾ കിടക്കയിൽ മാത്രമാണ്. വീടിനടുത്തുള്ള വിദ്യാലയത്തിൽ നിന്നും ദൂരെയുള്ള ഹൈസ്‌കൂളിലേക്ക് മാറിയതുപോലും അവർ രണ്ടുപേരും അറിഞ്ഞതായി ഭാവിച്ചില്ല. വാരാന്ധ്യങ്ങളിൽ അച്ഛന്റെ മിത്രങ്ങളോടൊപ്പം ചേർന്നുള്ള പന്തുകളി വീക്ഷണം അതോടൊപ്പമുള്ള വാതുവെപ്പുകളും ദാരിദ്രത്തിലേയ്ക്ക് നയിച്ചിരുന്നത് തിരിച്ചറിഞ്ഞിരുന്നില്ല. ചില വാരാന്ധ്യങ്ങളിൽ ജോലി ചെയ്തിരുന്ന 'അമ്മ അല്ലാത്ത അവസരങ്ങളിൽ കിടക്കമുറിയിലുള്ള ദൂരദര്‍ശനിയിൽ അഭയം കണ്ടെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന സായംസന്ധ്യകളിൽ അമ്മയ്ക്ക് ബിയറുകുപ്പിയും സിഗരറ്റും മാറിമാറി ആസ്വദിക്കുക മാത്രമായിരുന്നു ആനന്ദലബ്ധി.

ഏകാകിയായി ഹൈസ്‌കൂളിലെത്തിയെങ്കിലും അധികം താമസിയാതെ തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ വൃന്ദം തന്നെ മെനഞ്ഞെടുത്തു. അധ്യാപകരുടെ പഠനസംബന്ധമായ  ചോദ്യങ്ങൾക്ക്  മറുപടിയില്ലായ്മയും മാസപ്പരീക്ഷകളിൽ ശരാശരി നിലവാരം പുലർത്തുവാൻ സാധിക്കാതിരുന്ന എല്ലാവരും തന്നെ പിന്നിലെ കസേരകളിലേയ്ക്ക് എത്തപ്പെട്ടത് തന്നെ ഒരേ കുടക്കീഴിൽ നിൽക്കുവാനുതകുന്ന കാരണവുമായിത്തീർന്നു. നേതൃസ്ഥാനം പ്രായത്തിൽ കവിഞ്ഞ ശാരീരിക വളർച്ചയുള്ള  റേച്ചൽ ഹോളി ഏറ്റെടുത്തതും സ്‌കൂളിലെ തന്നെ പ്രബലമായ ചങ്ങാതിക്കൂട്ടമായി അറിയപ്പെടുവാനും തുടങ്ങി. നിറമുള്ളവളെന്ന് അറിയപ്പെടുമെങ്കിലും ആ വാക്കു കേൾക്കുമ്പോൾ ഭ്രാന്തായി മാറുന്നവൾ. ബ്രിട്ടീഷുകാരിയായ അമ്മയിൽ ആഫ്രിക്കക്കാരനായ അച്ഛനുണ്ടായ പുത്രി വശ്യസുന്ദരമായ വദനത്തിൽ നാഴികക്കണ്ണാടി പോലുള്ള ആകർഷണീയമായ രൂപം.  ത്രസിപ്പിക്കുന്ന സ്തനങ്ങളെ താങ്ങുന്ന വിടർന്ന മാറും ആനുപാതികമായ നിതംബവും ആസ്വദിക്കുവാൻ കൗമാരക്കാർ മത്സരത്തിലും. പിന്നീടുള്ള ദിവസങ്ങളെല്ലാം മറ്റു വിദ്യാർത്ഥികൾക്കിടയിൽ അധിപധ്യം സ്ഥാപിക്കുവാനുള്ള നെട്ടോട്ടത്തിലും. അതിലുപരി റേച്ചലിന്റെ കണ്ണിലുണ്ണിയാകുവാനുള്ള കുറുക്കുവഴികൾ തേടിയുള്ള പരക്കം പാച്ചിലും.  റേച്ചലിന്റെ അഭിനന്ദനമെന്നാൽ പ്രേമഭാജനമാകുവാനുള്ള സാധ്യത, അവളുടെ അടുത്തൊന്നു നിൽക്കുവാൻ പോലും കൗമാരക്കാർക്കിടയിൽ മത്സരം നടക്കുമ്പോൾ ഒരു ആലിംഗനമോ ആശ്ലേഷമോ ലഭിക്കുകയെന്നാൽ സ്വർഗീയ നിമിഷങ്ങളായിരുന്ന കാലങ്ങൾ.

താമസിയാതെ തന്നെ കലാലയത്തിലെ പഠനങ്ങളെക്കാളുപരി പ്രിയമേറിയ പഠ്യേതരവിഷയങ്ങളിൽ നൈപുണ്യം നേടിയത് ഒഴിവുദിവസങ്ങളിൽ പ്രയോഗിക്കുവാനുള്ള  വേദിയായിമാറി വീടിന് സമീപമുള്ള വിശാലമായ മൈതാനവും അതിനോട് ചേർന്നുള്ള ബൈക്കിംഗ് മേഖലകളും.  ദിവസങ്ങൾ കടന്നുപോയപ്പോൾ കൂട്ടുകാർക്കിടയിൽ മെച്ചപ്പെട്ട അംഗീകാരവും സ്വാധീനതയും നേടിയവേളയിലാണ്   റേച്ചലിന്റെ സുഹൃത്ത് ടോം ബൂയിയെ പരിചയപ്പെടുത്തിയത്. സാധാരണ സൗഹാർദ്ദം മാത്രമെന്ന് റേച്ചൽ തന്നെ വ്യക്തമാക്കിയപ്പോഴും തന്റെ ജീവിതം തന്നെ മാറ്റുന്നതാകുമെന്ന് പ്രതീക്ഷിച്ചില്ല. ടോമിന്റെ സന്ദർശനങ്ങൾ  പലപ്പോഴും വേഗതയേറിയതും ആഡംബരമേറിയതുമായ ആകർഷണീയമായ കാറുകളിൽ. മൈതാനത്തിലെ കൂടിക്കാഴ്ചകൾക്ക് പിന്നാലെ ആഡംബരക്കാറുകളിലുള്ള  ചുറ്റികറക്കങ്ങളിലേയ്ക്ക് അറിയാതെ നിപതിച്ച ഒരു ദിവസത്തിൽ  ടോംമാണ് ആദ്യമായി സിഗരറ്റിനുള്ളിൽ ഉണങ്ങിയ ചെടിയിലകൾ ചേർത്ത്  ഉപയോഗിക്കുവാൻ പഠിപ്പിച്ചത് സിഗരറ്റ് വലിക്കുവാൻ തുടങ്ങിയിട്ട് അധികം നാളായില്ലായിരുന്നു ഒരുപക്ഷെ ടോമിന് നിർബന്ധമായിരുന്നു നാഡീഞരമ്പുകൾക്ക് ഉണർവുണ്ടാകുമെന്നും മസ്തിഷ്കത്തിൽ പ്രകാശം തെളിയുമെന്നും പറഞ്ഞപ്പോൾ ആകൃഷ്ടനായി. ആദ്യത്തെ രണ്ടുമൂന്നാഴ്ച്ചകളിൽ സൗജന്യമായിരുന്നു പിന്നീട് പൈസ ആവശ്യപ്പെട്ടു. റേച്ചലിന്റെ ഉത്സാഹിപ്പിക്കലും കൂട്ടുകാർക്കിടയിലെ വീരപരിവേഷവും നിലനിർത്തുവാൻ  പണം മോഷ്ടിക്കുവാനും തുടങ്ങി. വാരാന്ധ്യങ്ങളിൽ ബ്രാണ്ടികുടിച്ചു ഉന്മത്തയായി മയങ്ങിക്കിടന്നിരുന്ന  അമ്മയുടെ പണം അമ്മയറിയാതെ മോഷ്ടിക്കുവാൻ എളുപ്പവുമായിരുന്നു. പലപ്രാവശ്യമായപ്പോൾ പിടിയും വീണപ്പോൾ സ്‌കൂളിലെ ആവശ്യങ്ങളെന്നു ന്യായീകരിക്കുവാൻ ശ്രമിച്ചത് പാളിപ്പോയി. പൈസ കിട്ടാതായപ്പോൾ പഴയ ഒരു മൊബൈൽ ഫോൺ പോൺഷോപ്പിൽ കൊടുത്തു തുടങ്ങിയ മോഷണങ്ങൾ അയല്പക്കങ്ങളിലേ സൈക്കിളും വീട്ടുപകരണങ്ങളും മോഷ്ടിക്കുന്നതിൽ എത്തിയപ്പോൾ  പോലീസിന്റെ കരിംപട്ടികയിലും ഇടംപിടിച്ചു.   റേച്ചലും ടോമും  മാനസികമായി നിരന്തരം സഹായിച്ചുകൊണ്ടിരുന്നത് തെറ്റുകളുടെ തീവ്രത കൂട്ടുകമാത്രമാണ് ചെയ്തത്. സിഗററ്റിലൂടെയുള്ള പ്രയോഗത്തിന്റെ പ്രഭാവമേൽക്കാതായപ്പോൾ പൊടികൾ ഉപയോഗിച്ചു തുടങ്ങി അതിൽനിന്നും സിറിഞ്ചിലെത്താനും കാലതാമസമില്ലാതിരുന്നു.

ആസക്തിയേറിയപ്പോൾ ഉപയോഗത്തിന്റെ തോതുമുയർന്നകൊണ്ടിരുന്ന  ദിവസങ്ങളിലാണ് വിതരണശൃംഖലയിലെ കണ്ണിയാകുവാനുള്ള ക്ഷണമെത്തിയത്. സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ലാതിരുന്നു ആദ്യകാലങ്ങളിൽ ടോമിൽ നിന്നും ലഭിക്കുന്ന ചെറിയ പൊതികൾ മറ്റുള്ളവർക്കെത്തിച്ചു കൊടുക്കുക കൂലിയായി ലഭിക്കുന്നതും പൊടികളങ്ങിയ പൊതികൾ മാത്രം. ചെറിയ തിരിമറികൾ ടോം കണ്ണടച്ചെങ്കിലും ഒരു ബാച്ച് മുഴുവൻ മുക്കിയത് അടിപിടിയിൽ കലാശിച്ചു. കയ്യിനും കാലിലും പരുക്കേറ്റ് വീട്ടിലിരുന്നപ്പോൾ റേച്ചലായിരുന്നു  അനുരഞ്‌ജനത്തിനെത്തിയതും പൊതികൾ വീണ്ടും നൽകിയതും.      ശരീരത്തിലെ മുറിവുകൾ സുഖമാകുവാൻ കാലതാമസമെടുത്തപ്പോൾ ഡോക്ടർ ലഹരിമരുന്നിന്റെ ഉപയോഗത്തിനെപ്പറ്റിയുള്ള ആശങ്ക ഉയർത്തി അവിടെയും നുണപറഞ്ഞൊഴിവാകുവാൻ മാത്രമാണ് ശ്രമിച്ചത്. സ്‌കൂളിൽവച്ച് പൊതികളുമായി പിടികൂടിയപ്പോൾ വീണ്ടുമൊരവസരം നൽകാതെ പുറത്താക്കുന്നതിനൊപ്പം പോലീസിൽ വീണ്ടും കേസായി. അതിലുപരി പോലീസിന്റെ വീട്ടിലെ പരിശോധനയിൽ വലിയ പൊതികൾ കണ്ടെടുത്തപ്പോൾ വീട്ടിൽ നിന്നും പുറത്തായി. പുനരധിവാസ കേന്ദ്രത്തിലെത്തിയപ്പോൾ മാത്രമാണ് ലഹരിയുടെ ആഘാതങ്ങൾ തിരിച്ചറിഞ്ഞത്. കൈവിരലുകളിലെ മരവിപ്പും നിലയ്ക്കാത്ത തലവേദനയും ഓർമ്മകൾ മങ്ങിക്കൊണ്ടിരുന്നതിനു പുറമെ മൂക്കിൽ നിന്നുമൊഴികികൊണ്ടിരിക്കുന്ന രക്തത്തുള്ളികൾ. നാലു മാസത്തെ തീവ്രചികിത്സകൾക്കൊടുവിൽ പുറത്തെത്തിയപ്പോൾ അഭയം നൽകുവാനാരുമില്ലായിരുന്നു. റേച്ചൽ കയ്യൊഴിയില്ലായെന്ന  പ്രതീക്ഷയോടെ അവളുടെ വീട്ടിലെത്തിയപ്പോൾ ടോമാണ് വാതിൽ തുറന്നത്. വീടിനുള്ളിൽ പ്രവേശിക്കുവാനുള്ള അനുമതി പോലും നിരസിച്ചപ്പോൾ നിരാശയും അതിലേറെ വൈരാഗ്യവുമിരട്ടിച്ചു. മനോഹരിയും ശാരീരിക സൗന്ദര്യവദിയുമായ റേച്ചലുമൊത്തുള്ള ശിഷ്ടകാല  ജീവിതസ്വപ്‌നങ്ങളായിരുന്നു പുനരധിവാസ നാളുകളിലേ പ്രതീക്ഷകൾ. എല്ലാ ആകാശക്കോട്ടകളും തകിടം മറിഞ്ഞപ്പോൾ സങ്കടത്തെക്കാളുപരി പ്രതികാരചിന്തകൾ ഉടലെടുത്തു. തെറ്റുകൾ മാത്രം വീണ്ടുമാവർത്തിക്കുവാൻ പ്രചോദനമേകിയവൾ നിർദാക്ഷിണ്യം തള്ളിപ്പറഞ്ഞപ്പോൾ പ്രതികാരാഗ്നി അടിമുടി കത്തിപ്പടർന്നു. 

ആഴമേറിയ മാനസിക മുറിവുകൾ  അകകണ്ണാടിക്കൊപ്പം  ബാഹ്യനേത്രപാളികളിൽ മൂടുപടലങ്ങൾ സൃഷ്ടിച്ചപ്പോൾ വീണ്ടുവിചാരങ്ങളുടെമേൽ ക്ഷണിക കോപക്കനലുകൾ ആളിക്കത്തിപടർന്നു. പുനരധിവാസനാളുകളിൽ ലഭിച്ച സ്വയരക്ഷാ സൂക്തങ്ങളോടൊപ്പം മന്ത്രതന്ത്രങ്ങളും ഓർമ്മയിൽ നിന്നും ഒലിച്ചുപോയപ്പോൾ  ഏറ്റവുമടുത്ത പബ്ബിലഭയം തേടി. വീര്യമുള്ള ചാരായമധികമേറിയ വോഡ്ക്ക സിരകളിലൂടെ തലച്ചോറിലെത്തിയപ്പോൾ പകയുടെ തീനാമ്പുകൾക്ക് വീണ്ടും മുനയേറി. പബ്ബിലെ മൃദുല  സംഗീതവും മറ്റു മദ്യപരുടെ കർണ്ണകഠോര കോലാഹലങ്ങളും ഉള്ളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകളെ തളർത്തുന്നവയല്ലായിരുന്നു. വെളിച്ചത്തിനുമേൽ ഇരുള് പുരളുവാൻ തുടങ്ങിയപ്പോൾ നിലത്തുറയ്ക്കാത്ത കാലുകളുമായി  റേച്ചലിന്റെ ഗൃഹം ലക്ഷ്യമാക്കി നടക്കുവാൻ തുടങ്ങി. ചിരപരിചിതമായ വഴിയെങ്കിലും സിരകളിലോടുന്ന ലഹരി നേത്രങ്ങളെ മന്ദീഭവിപ്പിക്കുന്നു. പ്രതീക്ഷിച്ചിരുന്നെന്നപോലെ ടോം വാതിൽ തുറന്നതും തള്ളിയുള്ളിൽ പ്രവേശിച്ചു റേച്ചലിനേ തിരഞ്ഞു. എന്തിനും തയ്യാറായി ഒരു ഹോക്കി സ്റ്റിക്കുമായി  നിന്ന റേച്ചലിനെ കണ്ടതും കോപമിരട്ടിച്ചു. ആദ്യത്തെ ഞ്ഞെട്ടിത്തരിപ്പിൽ നിന്നും കരകേറിയ ടോം പിറകിലൂടെ കടന്നുപിടിച്ചതും റേച്ചൽ ആഞ്ഞടിച്ചു. തലകുനിച്ചുകൊണ്ട് ഒഴിഞ്ഞുമാറിയതും ടോമിന്റെ പിടി അയഞ്ഞു. രണ്ടും കൈയ്യും ചോരഒഴുകുന്ന തലയിൽവച്ചുകൊണ്ട് ടോം നിലത്തിരുന്നു. ടോം വീണത് കാര്യമാക്കാതെ റേച്ചൽ വീണ്ടും വടിയുയർത്തി അടിക്കുവാൻ ശ്രമിച്ചതും, കയറിപ്പിടിച്ചു ശക്തിയായി പിറകിലോട്ടു തള്ളി.  പിറകിലോട്ടു മറിഞ്ഞ റേച്ചൽ ചെറിയൊരു ഇരിപ്പിടത്തിൽ തട്ടി  വലിയ ശബ്ദത്തോടെ ചില്ലുമേശയും തകർത്തു നിലത്തേക്ക് വീണു. ദൃഢഗാത്രയായ റേച്ചൽ വീണ്ടും ചാടിയെണീക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്തോ പറയുവാൻ വായ് തുറന്നതും ചോരയൊഴുകുവാൻ തുടങ്ങി. ഞെട്ടിത്തരിച്ചു നിന്ന എന്റെ നേരെ വീണ്ടും കയ്യുയർത്തിയെങ്കിലും മെല്ലെ താണുപോയി. ചില്ലുപൊട്ടി വാരിയെല്ലുവഴി കുത്തിക്കയറിയ ഭാഗത്തുനിന്നും ചോര ഒഴുകിക്കൊണ്ടിരുന്നു. വീടിന്റെ മുന്നിൽ സൈറൺ അടിച്ചെത്തിയ പോലീസ് വാഹനം പെട്ടെന്ന് നിർത്തിയ ശബ്ദം കേട്ട് സോഫയിലേക്ക് തളർന്നിരുന്നു.

സ്വയരക്ഷയാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമുള്ള വാദഗതികൾ കർക്കശക്കാരനായ ന്യായാധിപന്റെ മുൻപിൽ വിലപ്പോയില്ല. ശോഭനയെറിയ ഭാവിയുണ്ടാകേണ്ട യുവതിയുടെ ജീവന്റെ വിലയാകില്ലെങ്കിലും ജീവപര്യന്തം ശിക്ഷ തന്നെ വിധിച്ചു. ഭാവനഭേദനത്തിന് വേറേ വിധിച്ചെങ്കിലും ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന ഇളവും. പ്രായപൂർത്തിയാകുവാൻ രണ്ടു മാസം ശേഷിച്ചിരുന്നതുകൊണ്ട് ആദ്യം ദുർഗുണപരിഹാര കേന്ദ്രത്തിലും പിന്നീട് ജയിലിലുമെത്തിച്ചേർന്നു. ആദ്യകാലങ്ങളിൽ ജയിൽ ജീവിതം  കഷ്ടപ്പാടായിരുന്നെങ്കിലും ശീലമായപ്പോൾ ആയാസപ്പെട്ടു തുടങ്ങി. താമസിയാതെ മെച്ചപ്പെട്ട ജയിൽ ഗ്യാങ്ങിലേ അംഗവുമായപ്പോൾ ജീവിതം വീണ്ടും ആസ്വാദ്യകരമായി. വീര്യംകൂടിയ പൊടികൾ ജയിൽ അധികൃതരുടെ മൗനാനുവാദത്തോടെ ലഭിക്കുവാൻ തുടങ്ങിയപ്പോൾ പൂർവ്വകാല ദിനചര്യകൾ പുനരാരംഭിച്ചു. ജയിൽവാസത്തിന്റെ മൂന്നാം വർഷത്തിലെ ഒരു അവധിദിവസം ലഹരിയുടെ മൂർദ്ധന്യത്തിൽ പുതുതായെത്തിയ ജയിൽ വാർഡനുമായുണ്ടായ കശപിശ ലഹളയിൽ പര്യവസാനിച്ചപ്പോൾ ശിക്ഷയുടെ കാലാവധി വീണ്ടും ഏഴുവർഷം കൂടി. അതിനോടൊപ്പം ഒരു വർഷത്തെ ഏകാന്തവാസവും തടവ് ജയിൽ വാർഡന്റെ കാലും കയ്യും ഒടിച്ചതിന് മാത്രം. ശിക്ഷാകാലാവധിയിൽ മനക്ലേശമുണ്ടായില്ലെങ്കിലും പിന്നീടുള്ള എല്ലാ വാർഷിക അവധിയും റദാക്കിയത് വിഷണ്ണതയിലേയ്ക്ക് നയിച്ചു.

ഏകാന്തവാസത്തിൽ ലഭിച്ച പുസ്തകങ്ങളേക്കാളുപരി ക്രിസ്തീയ പുരോഹിതനുമായുള്ള വാരിക സംഭാഷണങ്ങളും സംവാദങ്ങളും  ജീവിതത്തിനെ തിരികെപ്പിടിക്കുവാൻ ഒരു പരിധിവരെ സഹായകമായി.  എന്നാൽ ഏകാന്ത വാസത്തിൽ നേടിയ മനക്കരുത്തും സംയമനവും വീണ്ടും സാധാരണ തടവിൽ നഷ്ടമായി.  പൊടികളുടെ ലഭ്യതയോടൊപ്പം ഉപയോഗവും വർധിച്ചെങ്കിലും പുറംലോകം ഇനിയുമാസ്വദിക്കുവാനുള്ള മോഹങ്ങളാൽ ക്ഷമാശീലം പാലിക്കുവാൻ സാധിച്ചു. നീണ്ട ഇരുത്തിരണ്ടു വർഷത്തെ ജയിൽ ജീവിതത്തിനുശേഷം തികച്ചും വേറിട്ടൊരു മനുഷ്യനായി തിരികെയെത്തിയെങ്കിലും സ്വീകരിക്കുവാൻ ആരുമില്ലാത്തവനായി മാറി. അച്ഛന്റെ മരണത്തോടെ അമ്മ മറ്റൊരാളുടെ കൂടെ വേറോരു പട്ടണത്തിലേയ്ക്ക് താമസം മാറിയെന്നെറിഞ്ഞെങ്കിലും പോയിക്കാണുവാൻ മനസ്സനുവദിച്ചില്ല. ജയിൽവാസത്തിലൊരിക്കൽ  പോലും കാണുവാനോ കത്തെഴുതുവാനോ കൂട്ടാക്കാത്ത മാതൃബന്ധത്തിനെ അവഗണിക്കുവാൻ തന്നെ  തീരുമാനിച്ചു. ജയിലിൽ ലഭിച്ച വേതനത്തിന്റെ ബലത്തിൽ കൗൺസിലിൽ നിന്നും ഒറ്റമുറി വീട് തരപ്പെടുത്തി ജീവിതമാരംഭിച്ചെങ്കിലും ദുശീലങ്ങൾ താമസിയാതെ വീണ്ടും തെരുവിലെത്തിച്ചു.

ഇക്കുറി അഹങ്കാരമായിരുന്നോ അഹംഭാവമായിരിന്നോ എന്ന് കൃത്യമായ ഓർമ്മയില്ലെങ്കിലും തന്നെക്കാളും വളരെ പ്രായം കുറഞ്ഞ ഷിഫ്റ്റ് സൂപ്പർവൈസറുടെ എല്ലാ ആജ്ഞകളും പാലിക്കുവാൻ കൂട്ടാക്കാതെ വന്നപ്പോൾ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് മാത്രമാണ് ജോബ് സെന്ററിൽ അറിയിച്ചിരുന്നത്. മൂന്ന് മാസത്തെ ജോലിയിലൂടെ കോറിയുമായുള്ള സൗഹൃദം ലഭിച്ചതും താമസിയാതെ വിനയായി മാറുകയും ചെയ്തു. തന്നെക്കാൾ പ്രായമധിമുണ്ടായിട്ടും തികഞ്ഞ പക്വമതിയായി ഇടപഴുകുന്നതായിരുന്നു എന്റെ ആകർഷണമെങ്കിൽ കോറിക്കെന്റെ ജീവിത പശ്ചാത്തലങ്ങളൊന്നും അറിയുവാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നതും ഒരുമിച്ചു ജീവിക്കുവാനുള്ള പ്രചോദനമായി. നാലുമാസങ്ങൾക്കുള്ളിൽ തന്നെ രഹസ്യഭാഗങ്ങളിൽ തുടങ്ങിയ കഠിനമായ വേദനകളിലൂടെ മാരകമായ ലൈംഗിക രോഗത്തിനടിമയുമായപ്പോൾ കോറിയിൽ നിന്നുമകന്നു. അതിരൂക്ഷമായ ആന്റിബയോട്ടിക്കുകൾ ആരോഗ്യത്തെ വീണ്ടും തകർത്തപ്പോൾ ജോലി ചെയ്യുവാനാകാതായി. വാടക കൊടുക്കുവാൻ സാധിക്കാതെ വന്നതോടെ വീണ്ടും തെരുവിലെത്തി.

പിന്നെയും തെരുവിലെത്തിയ ജീവിതത്തെയോർത്തു പഴിപറയുവാനും ദുഃഖിക്കുവാനും ശ്രമിക്കാതിരിക്കുവാനും കാരണമുണ്ടായിരുന്നു. കോറിയിലൂടെ ലഭിച്ച ലൈംഗീക രോഗത്തിന് മരുന്നില്ലായിരുന്നു എന്നും തന്റെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി എന്നെന്നേയ്ക്കുമായി നഷ്ടപെട്ടുകൊണ്ടിരിക്കുക മാത്രമാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്. പൊടികളുടെ ഉപയോഗമില്ലായിരുന്നെങ്കിലും വോഡ്ക്കയുടെ അളവുകൾ അമിതമാവുകയും ആഹാരക്കുറവും പാർപ്പിടമില്ലായ്മയും വീണ്ടും തളർത്തിയപ്പോൾ നിർബന്ധിത ആശുപത്രിവാസം ലഭിച്ചു.  കൃത്യമായ പോഷകാഹാരവും സമയോചിതമായ മരുന്നും ഫലം നൽകി. പിന്നീടുള്ള മൂന്ന് മാസത്തെ മദ്യവിടുതൽ കേന്ദ്രത്തിലെ ജീവിതത്തിൽ നിന്നും ലഭിച്ച സുഹൃത്താണ് മാൽക്കം മാർഷൽ. അവന്റെയും ജീവിതം വല്യ വ്യത്യാസമില്ലെങ്കിൽ കൂടിയും ലൈംഗീക രോഗിയല്ലായിരുന്നു. മദ്യാസക്തിയിൽ നിന്നും മുക്തിനേടിയപ്പോൾ വീണ്ടും തെരുവിലെത്തി, എന്നാലും സഹായിക്കുവാൻ  മാൽക്കമുണ്ടായിരുന്നതുകൊണ്ട് വല്ലപ്പോഴുമെങ്കിലും ജോലി ലഭിച്ചുകൊണ്ടിരുന്നു അതോടൊപ്പം രാത്രിയുറക്കം അഭയകേന്ദ്രങ്ങളിലുമാക്കി.

മാൽക്കത്തിന്റെ മരുന്ന് കഴിക്കുവാൻ മറക്കരുതെന്ന കുറിപ്പ് കൈയ്യിൽ തന്നെവച്ചു നിവർന്നു കിടന്നു. ആരോ തോളിൽ തട്ടിവിളിച്ചു, കൺപോളകൾ തുറക്കുവാൻ സാധിക്കുന്നില്ല ചാടിയെണീറ്റ് ചുറ്റും നോക്കി കൂരിരുട്ട് നിറഞ്ഞതിനാലൊന്നും കാണുവാൻ സാധിക്കുന്നില്ലാ അപ്പോളാണവൾ റേച്ചൽ ഹോളി ആരെയും വശീകരിക്കുന്ന അവളുടെ മന്ദഹാസത്തോടെ കൈനീട്ടുന്നു, വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അവളെത്തി കൈയ്യിൽ പിടിക്കുവാനും, മാറോടു ചേർക്കുവാനും മുന്നോട്ടാഞ്ഞതും ചിരിച്ചുകൊണ്ടവൾ തിരിഞ്ഞുനടന്നു. മറ്റൊന്നുമാലോചിക്കാതെ അവളുടെ പുറകെ ഇറങ്ങി നടന്നു. വശ്യമനോഹരമായ അവളുടെ ശരീരം വായുവിൽ ഒഴിവുകയായിരുന്നു, അഭയകേന്ദ്രത്തിന്റെ വാതിൽ  തള്ളിത്തുറന്ന് പച്ചവേഷധാരികൾ അകത്തേയ്ക്കു കുതിക്കുന്നത് ശ്രദ്ധിക്കാതെ അവളോടൊപ്പമെത്തുവാൻ ഓടുകയായിരുന്നു. അഭയകേന്ദ്രത്തിന്റെ മുന്നിലുള്ള പ്രധാന പാതയിലെത്തി അവൾ വീണ്ടും തിരിഞ്ഞു നിന്നു. അടുത്തെത്തുവാൻ ശ്രമിച്ചപ്പോൾ  അവൾ പാതയുടെ നടുവിലെയ്ക്ക് തെന്നിമാറി, അവളുടെ കൈകളിൽ പിടിക്കുവാനാഞ്ഞതും അവൾ നീലവെളിച്ചത്തിൽ അലിഞ്ഞഅപ്രത്യക്ഷമായി. ഏറെനേരം ചുറ്റും പരതിയെങ്കിലും കാണുവാൻ സാധിച്ചില്ല.  നിരാശയോടെ തിരിഞ്ഞു നടന്നപ്പോൾ കണ്ടു രണ്ടുപച്ച വേഷധാരികൾ സ്‌ട്രെച്ചറിൽ അനങ്ങാതെ കിടക്കുന്ന നീണ്ട താടിയും മുടിയുമുള്ള ആരെയോ വാഹനത്തിൽ  കയറ്റുന്നു. വിളിച്ചുകൂകുവാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല, നിമിഷങ്ങൾക്കുള്ളിൽ സൈറൺ മുഴക്കി പായുവാൻ തുടങ്ങിയ ആംബുലൻസിന്റെ പുറകെ ഓടുവാൻ പോലും സാധിക്കാതെ കൈവീശിക്കൊണ്ട് ആഞ്ഞു വിളിച്ചു പക്ഷെ ശബ്ദം തൊണ്ടയിൽ തങ്ങിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com