sections
MORE

കൊറോണകാലത്ത് ഭാര്യ ഭര്‍ത്താവിന് നൽകിയ പിറന്നാൾ ആശംസ

pic
SHARE

പ്രിയ കാന്താ, 

ഇന്ന് നിങ്ങളുടെ പിറന്നാൾ ആണല്ലോ. ( ഇൻട്രോ കണ്ട് പേടിക്കണ്ട കേട്ടോ. ഈ കൊറോണ കാലത്ത് തൃശ്ശൂർപൂരത്തിന് കൊണ്ടുപോണം എന്നൊന്നും ഞാൻ ഒരിക്കലും പറയില്ലന്നെ.) ലോകമെമ്പാടും കോവിഡ് ഭീതിയിലാണെന്നും അത് ഏവരുടേയും ഉള്ളുലച്ചിരിക്കുകയാണെന്നും എനിക്കറിഞ്ഞൂടെ . എങ്കിലും ഒരു സ്നേഹസന്ദേശമെങ്കിലും നിങ്ങൾക്ക് കൈ മാറിയില്ലെങ്കിൽ അതു മോശമാണല്ലോ. ഈ സന്ദേശം വിവാഹ വാർഷികത്തിന് നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ ഒന്നും നാളേക്ക് നീട്ടി വയ്ക്കരുതെന്ന് 'ഈ സമയം' വീണ്ടും ഓർമ്മിപ്പിക്കുന്നു.

മനസ്സിനകത്ത് ഏറ്റവും സന്തോഷം തോന്നിയതും രസകരവുമായ ഓരോർമയാണ് പങ്കുവയ്ക്കുന്നത്. അന്ന് ചേച്ചിയുടെ വീട്ടിൽ വിരുന്നിനു പോയതായിരുന്നു നമ്മൾ . അവിടെ നമ്മുടെ കുറേ ബന്ധുക്കളും ഉണ്ടായിരുന്നു .. ഉച്ചയൂണ് കഴിഞ്ഞ് ഞാൻ പിന്നിലെ തൊടിയിലേക്ക് വെറുതെയൊന്നിയിറങ്ങി. ഒരു പിടക്കോഴി പമ്മി പമ്മി എന്റെ പുറകെ വട്ടം ചുറ്റി വരുന്നത് ഇടക്ക് ഞാൻ ശ്രദ്ധിച്ചു. കഴിഞ്ഞ തവണ ആ വീട്ടിൽ പോയപ്പോൾ ആ കോഴിയും ഞാനും തമ്മിൽ ചെറിയൊരു സംഘർഷം ഉണ്ടായിരുന്നു. അന്ന് ഞാൻ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം വീട്ടിലെ പ്രധാനിയായ അവൾക്കു കൊടുക്കാതെ പിന്നാമ്പുറത്തു കിടന്നിരുന്ന വെളുമ്പി പൂച്ചപ്പെണ്ണിന് കൊടുത്തതാണ് വിഷയം. അപമാനം അസ്ഥിക്ക് പിടിച്ച തള്ളക്കോഴി എനിക്ക് നേരെ ചിറകടിച്ച്‌ പാഞ്ഞടുത്തെങ്കിലും അന്നു ഞാൻ കഷ്ടിച്ച്‌ രക്ഷപ്പെട്ടു. പക്ഷെ പിന്നീട് ആ സംഭവം സ്വാഭാവികമായും ഞാൻ മറന്നേ പോയി. കോഴിപ്പക ഇത്ര വലുതെന്ന് ഞാൻ മുൻപേ അനുഭവിച്ചിട്ടില്ലല്ലോ. 

എന്തായാലും സംഗതി പന്തിയല്ല. ഞാൻ ഒന്നു നിന്നാൽ കോഴിയും ഒന്നും അറിയാത്തതു പോലെ നിൽക്കും.. വീണ്ടും നടക്കുമ്പോൾ പിന്നാലെ വരും. ഒരു രക്ഷയുമില്ല.. ഇനി മുന്നോട്ടു നടക്കുന്നത് ആപത്താണെന്ന് എനിക്ക് മനസ്സിലായി. മുന്നിൽ ഒരു കാട്ടു പറമ്പാണ്. മാത്രമല്ല ഇപ്പോൾ തന്നെ ഞാൻ എല്ലാവരിൽ നിന്നും അൽപം അകലെയാണ്. കൂകി വിളിച്ചു ഏവരോടും കാര്യം പറഞ്ഞു. ആരും കാര്യമായി ഗൗനിക്കുന്നില്ല. എന്റേതു ജീവൻമരണ പോരാട്ടത്തിന്റെ നിലവിളി ആണെന്ന് അവരാരും മനസ്സിലാക്കിയില്ല എന്നതാണ് സത്യം. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ തിരിഞ്ഞു നടക്കാൻ തീരുമാനിച്ചു. ഇരുപതടി അകലത്തിൽ തള്ളക്കോഴി നിൽക്കുന്നുണ്ട്. അവൾ കണ്ണുകൾ ഒന്ന് വട്ടം പായിച്ചു. ശ്വാസം ദീർഘമായൊന്ന് വലിച്ചു വിട്ടു. ചിറകുകൾ വീശി പറക്കാനായി കുടഞ്ഞൊതുക്കി. കൊക്കുകൾ ഒന്നുകൂടി കൂർപ്പിച്ചു നിർത്തി. നെഞ്ചിൽ പതഞ്ഞു പൊങ്ങിയ പകയോടെ എന്നെ ആക്രമിക്കാൻ സർവ്വശക്തിയുമെടുത്ത് കൊണ്ട് അവളുടെ വിരലുകൾ മണ്ണിൽനിന്നുയർന്നു പൊങ്ങി. രണ്ടിലൊന്ന് സംഭവിക്കും എന്നെനിക്ക് ഉറപ്പായി. 'ഒന്നുകിൽ ഞാൻ, അല്ലെങ്കിലും ഞാൻ'. ഒരിറ്റു കരുണയ്ക്കായി ദാഹിച്ചു കൊണ്ട് ഞാൻ വീടിന്റെ പിന്നാമ്പുറത്തേക്ക് നോക്കി.. ആരുമില്ല. പ്രധാന മുറിയിൽ നിന്നും ആണുങ്ങളുടെ വെടി പറച്ചിലും പൊട്ടിച്ചിരികളും ഉയർന്നു കേൾക്കാം. 'അവൾ എന്നെ ഒന്നും ചെയ്യില്ല' എന്ന് തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു.., വീണ്ടും വീണ്ടും മുന്നിലേക്ക്. ദൂരം വീണ്ടും പത്തടിയിൽ നിന്നും അഞ്ചടിയായി കുറഞ്ഞു.. അതാ തൊട്ടടുത്ത നിമിഷം പരാക്രമിയായ ഒരു ചീറ്റപ്പുലിയുടെ ഭാവത്തിൽ ആ ഭയങ്കരി എന്റെ ദേഹത്തേക്ക് ചാടിവീണു. ഞാൻ അലമുറയിട്ട് നിങ്ങളെ വിളിച്ചു. കൈകൾ കൊണ്ട് ഇന്റു രൂപത്തിൽ മുഖം പൊത്തി പിടിച്ചു... അവൾ എന്റെ തലയിലും കൈകളിലും ആഞ്ഞു കൊത്തി.. കൊത്തു കിട്ടുന്നതെല്ലാം നല്ല കടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്റെ വലം കയ്യിലെ ചെറുവിരൽ നീര് വെച്ച് നീലിച്ചു കിടന്നു. ആ സമയത്താണ് എന്റെ ശബ്ദം കേട്ട് നിങ്ങൾ ഓടി വന്നത്. ഓടിയ വഴിയിൽ നിന്നും ഒരു മുരിങ്ങയുടെ കമ്പ് നിങ്ങൾ ഒടിക്കുന്നത് ഞാൻ കണ്ടു.. മഴ പെയ്തു കുതിർന്ന ചെളി മണ്ണിലൂടെ, മുട്ടോളം മൊന്ത പുല്ലു വളർന്ന പറമ്പിലൂടെ ഏറെദൂരം നിങ്ങളാ കോഴിയെ ഓടിച്ചിട്ട് അടിക്കുന്നത് നിറകണ്ണുകളോടെ ഞാൻ കണ്ടു... കൈകളിലേറ്റ മുറിവും, മനസ്സിനേറ്റ അപമാനവും നീറ്റിയെങ്കിലും ഏറെ ആശ്വാസകരമായ കാഴ്ചയായിരുന്നു അത്. 

ഈ പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനിടയിൽ ഞാൻ ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, പൊന്നോ പുടവയോ ഒന്നും. വിശേഷ ദിവസങ്ങളിൽ പോലും നിങ്ങൾ എന്തെങ്കിലും വാങ്ങി തരുമ്പോൾ ഞാൻ അതിനെ എതിർക്കാറുണ്ട്, പ്രോത്സാഹിപ്പിക്കാറില്ല. അത്തരം ഔപചാരികതകൾ എനിക്കിഷ്ടമല്ലെന്ന് നിങ്ങൾക്കറിയാം. എങ്കിലും നിങ്ങൾ എനിക്കു തന്നിട്ടുള്ള സമ്മാനങ്ങളിൽ ഏറ്റവും മൂല്യമുള്ളത് എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും., മറക്കാതെ അവശേഷിച്ചിട്ടുള്ള ഇത്തരം ചില ഓർമ്മകളാണെന്ന്.. നല്ലതും ചീത്തയുമായ എല്ലാ ഓർമ്മകൾക്കും നന്ദി. പിറന്നാളാശംസകൾ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA