ADVERTISEMENT

ഒരു ഗ്രന്ഥ പ്രകാശനത്തിന്റെ സ്മരണയിൽ നിറഞ്ഞുനിൽക്കുന്ന മാസമാണ് റമസാൻ. മാനവരാശിയുടെ സന്മാർഗദീപമെന്ന് സ്വയം അഭിസംബോധന ചെയ്യുന്ന ഒരു മഹാഗ്രന്ഥത്തിന്റെ പ്രകാശനം നടന്ന മാസം. ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന 'ലൈലത്തുൽ ഖദ്ർ' എന്ന രാവിൽ, ആകാശത്തു നിന്നും മാലാഖമാർ ഇറങ്ങിവരുന്ന ഉത്സവച്ഛായയിൽ, ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റ തീവ്രതയിൽ, ലോകം ഒരു പുസ്തകപ്രകാശനത്തിന്റെ ഓർമ്മകൾ അയവിറക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന, മറ്റൊരു ഗ്രന്ഥത്തിനും ലഭിക്കാത്ത ഉജ്വലമായ വാർഷികം. റമസാനിലെയെന്നല്ല, വിശ്വാസിയുടെ ജീവിത്തത്തിലെ തന്നെ ഏറ്റവും പവിത്രമായ രാവാണ് 'ലൈലത്തുൽ ഖദ്ർ' എന്ന പുണ്യരാവ്. ആ രാവിലാണ് ഖുർആൻ പ്രകാശിതമായത്. (അധ്യായം:97).

'പ്രപഞ്ചനാഥന്റെ നാമത്തിൽ വായിക്കുക' എന്നാണ് ആദ്യവചനം. ഖുർആൻ എന്ന പദത്തിന്റെ അർഥം വായിക്കപ്പെടുന്നത് എന്നാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും സംബന്ധിച്ച വായനക്ക് ലോക്ഡൗണില്ല. ഏത് മഹാമാരിയുടെ കാലത്തും അനുസ്യൂതം അതിന്റെ പാരായണം നടന്നുകൊണ്ടിരിക്കുന്നു. എന്നല്ല, കുറെക്കൂടി പ്രാർഥനാനിർഭരമായി, ഹൃദയ വിങ്ങലോടെ വായിക്കപ്പെടുന്നു. നാഗരികതകളുടെ ഉത്ഥാന-പതനങ്ങൾ വായിച്ചു കേൾപ്പിക്കുന്ന ദൗത്യം തന്നെയാണ് ഖുർആൻ നിർവഹിക്കുന്നത്. ജീവിതവും ചുറ്റുപാടുകളും കോവിഡിന് ശേഷം പിറവികൊള്ളാനിരിക്കുന്ന പുതിയ ലോക ക്രമവും ഖുർആനിന്റെ വാർഷിക ചിന്തയിൽ ഉയരേണ്ട വിഷയങ്ങളാണ്. മഹാദുരന്തങ്ങളിൽ നിന്ന് മനുഷ്യരാശി മുക്തി നേടാനുള്ള, വ്യക്തിപരവും സാമൂഹ്യവുമായ ചിന്തകളാണ് വായിക്കപ്പെടേണ്ടത്. അത്തരം സമകാലികമായ വായനനയുടെ പ്രചോദനം കൂടിയാകും ഈ വർഷത്തെ റമസാൻ. 

മനുഷ്യനാണ് ഖുർആന്റെ കേന്ദ്രബിന്ദു. മനുഷ്യകുലം ഒരൊറ്റ താവഴിയാണെന്ന് ആവർത്തിക്കുകയും മനുഷ്യസമൂഹത്തെ ആകമാനം അഭിസംബോധന ചെയ്യുകയും, മാനവികമായ ഏകതയെ കുറിച്ച് ഓർമ്മപെടുത്തുകയും ചെയ്യുന്നതാണ് ഒട്ടുമിക്ക സൂക്തങ്ങളും. ചരിത്രം പ്രധാന വിഷയമായി ഖുർആൻ കൈകാര്യം ചെയ്യുന്നു. അതാകട്ടെ, അധർമ്മകാരികളായ പൂർവകാല ജനതയിൽ നിന്ന് പാഠം ഉൾക്കൊണ്ട് നന്മയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാനുള്ള സാരോപദേശങ്ങളുടെ ഭാഗമായിട്ട് കൂടിയാണ്. ചരിത്രത്തിലുടനീളം വന്ന പ്രവാചകന്മാരെയെല്ലാം ഖുർആൻ അനുവാചകർക്ക് പരിചയപ്പെടുത്തുന്നു. അവരുടെയെല്ലാം കാലം, ജനത, ദേശം, വിശ്വാസം എന്നിവ ചേർത്തുവെക്കുന്ന ഒരാദർശ സമന്വയമാണ് ഖുർആന്റെ ആശയപ്രപഞ്ചം. നന്മയും തിന്മയും തമ്മിലുള്ള അന്തരം ഖുർആൻ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. മറ്റൊരു ലോകക്രമം എന്ന രാഷ്ട്രീയ പ്രമേയം പോലെത്തന്നെ, മറുലോകം എന്ന  മനുഷ്യയുക്തിക്കപ്പുറമുള്ള വിശ്വാസവും ഖുർആൻ ഉയർത്തിപ്പിടിക്കുന്നു. പരലോകം, സ്വർഗ-നരകങ്ങൾ എന്ന സന്തോഷ വാർത്തയും ശാസനയും താക്കീതുമെല്ലാം ഖുർആൻ വായനയെ വ്യതിരികതമാക്കുന്നു. ചെറുകഥകളായി, കവിതപോലെ, ശ്രവണസുന്ദരമായ വചനങ്ങളായിയി അത് മനുഷ്യ ഹൃദയങ്ങളെ തേടിയൊഴുകുന്നു. 

ശരീരവും മനസ്സും മാത്രമല്ല, സമ്പത്തും സൗഭാഗ്യങ്ങളും സംശുദ്ധീകരിക്കാനുള്ള പാഠങ്ങളാണ് ഖുർആന്റെ ഉള്ളടക്കം. 'തഖ്‌വ' എന്ന ആത്മസംസ്‌കരണവും 'സകാത്ത്' എന്ന സാമ്പത്തിക ശുദ്ധീകരണവും ഒരേസമയം പ്രയോഗവൽക്കരിക്കാൻ  ഉത്ഘോഷിക്കുന്നു. ജ്ഞാന വഴികൾ, പരസഹായങ്ങൾ, മാതാപിതാക്കളോടുള്ള കടമകൾ, കുടുംബ ജീവിതം, സാമൂഹ്യ മര്യാദകൾ, പോരാട്ടങ്ങൾ, ദാനധർമ്മങ്ങൾ, ആരോഗ്യപരിപാലനം, തുടങ്ങിയവയെല്ലാം പ്രാർത്ഥനകളാക്കി മാറ്റുന്ന പ്രേരണകളാണ് അധികവും. തിന്മയോട് സമരോല്സുകമായ ജീവിതമാണ് ആത്യന്തികമായി ഖുർആൻ ലക്‌ഷ്യം വെക്കുന്നത്. പലിശ, ചൂതാട്ടങ്ങൾ, മദ്യപാനം, വ്യഭിചാരം, പരദൂഷണങ്ങൾ, കൊലപാതകങ്ങൾ തുടങ്ങി മഹാപാപങ്ങളിൽ നിന്നുള്ള മുക്തി വിളംബരം ചെയ്യുകയും അതിർത്തികൾ, ദേശം, വേഷം, ഭാഷ തുടങ്ങിയ വൈജാത്യങ്ങളെയെല്ലാം തിരസ്കരിക്കുകയും ചെയ്യുന്നു. 'ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങളുടെ ഉദയം, വൈജാത്യങ്ങളെല്ലാം തിരിച്ചറിയൽ രേഖ മാത്രമാണ്. സമർപ്പിത ജീവിതം നയിക്കുന്നവർ മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവർ (അധ്യായം: 49:13).

വാക്കും പ്രവർത്തിയും ഒന്നാക്കുകയും നന്നാക്കുകയും ചെയ്യേണ്ട വസന്തകാലമാണ് റമദാൻ. നല്ല വാക്കിൻറെ ഉപമ ഖുർആനിലിങ്ങനെ കാണാം. 'മണ്ണിൽ വേരുകളാഴ്ന്ന, ആകാശത്തേക്ക് നീളുള്ള ചില്ലകളുള്ള, എന്നും ഫലം കായ്ക്കുന്ന മഹാവൃക്ഷമാകുന്നു നല്ല വാക്ക്. ഭൂമിയിൽ നിന്നും പിഴുതുമാറ്റേണ്ട പാഴ്മരമാകുന്നു ചീത്ത വാക്ക് (അധ്യായം14:25,26). നല്ല മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിക്ക് തുല്യമാകുന്നു. അത് ഏഴ് കതിര് വിളയും. ഓരോ കതിരിലും നൂറ് മണികളുണ്ടാകും (അധ്യായം 2:262).

ഉപഭോഗ സംസ്കാരത്തിന്റെയും പുതുസാമ്പത്തിക വ്യവസ്ഥകളുടെയും കാലത്ത് മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതായി എന്ന് പരിതപിക്കാറുണ്ട്. ആർത്തിയാണ് മനുഷ്യനെ നശിപ്പിക്കുന്ന പ്രധാന ഘടകം. അത് ധൂർത്തിലും ധാരാളിത്തത്തിലും ചെന്നവസാനിക്കും. കോവിഡ് പ്രകൃതി സംരക്ഷണത്തിന്റെയും വിഭവങ്ങൾ പങ്കുവെക്കപ്പെടേണ്ടതിന്റെയും സാമ്പത്തിക അച്ചടക്കം ശീലിക്കേണ്ടതിന്റെയും നല്ല പാഠങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട്. ഭക്ഷണത്തിനും മരുന്നിനും വേണ്ടിയുള്ള നിലവിളികൾ കേൾക്കുന്നില്ലേ?. ഏതോ ഒരു ചുഴിയിലെന്ന പോലെ ലോകം ഒന്നിച്ചൊരിടത്ത് ചെന്നുനിൽക്കുന്നു. ക്വാറന്റീൻ കാലം രോഗമുക്തിയുടെയും സ്വമേധയാ പുതുക്കിപ്പണിയുന്നതിന്റെയും കാലഘട്ടം കൂടിയാവണം. പുതുനാഗരികതയുടെ വാതിൽപ്പടിയിൽ നിൽക്കുമ്പോൾ, മാനവരാശിയുടെ നല്ല ഭാവിക്ക് വേണ്ടി നമുക്ക് കൂടുതൽ പ്രാർഥനാനിരതരാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com