ADVERTISEMENT

മുറിയിലേയ്ക്കു കയറുമ്പോൾ
ഞാൻ മറ്റൊരാളാവും
പൊടിക്കാറ്റിൽ നിന്ന്
വെയിലിൽ നിന്ന്
പകലിൽ നിന്ന്
ഒച്ചയിൽ നിന്ന്
സ്വയം അടച്ചുവെക്കാൻ
എത്രയും വേഗം
വാതിൽ ചാരും

എന്റെ ഏകാന്തത
എന്റെ നിശ്ശബ്ദത
എന്റെ മൗനം
ആഴത്തിൽ ശ്വസിക്കും

പതുക്കെ
വളരെ പതുക്കെ
ഒരു സൈക്കിൾ ബെൽ
മുഴങ്ങും
ശബ്ദിച്ച് ശബ്ദിച്ച്
നിർത്താതെ...

നീയപ്പോൾ
മുറ്റം തൂക്കാനെന്നോണം
എന്റെ ഏകാന്തതയിലേക്ക്
എന്റെ നിശ്ശബ്ദതയിലേക്ക്
എന്റെ മൗനത്തിലേക്ക്
ചൂലിന്റെ അടിഭാഗം
ഉള്ളം കൈയാൽ തട്ടി തട്ടി
പുഞ്ചിരിച്ച് വരും...

കുറുകെ
ഒരു പട്ടി ചാടും
ബെൽ ശബ്ദം നിലയ്ക്കും
ഉച്ചയ്ക്കത്തെ പിടച്ചിലിൽ
സീതാറാം ബസ്സ്
ചെമ്മണ്ണിന്നുള്ളിലൂടെ
പറക്കും
പൊടിക്കാറ്റ് മൂളും

നമ്മുടെ നോട്ടങ്ങൾ
ചിരികൾ
ഗോഷ്ടികൾ
നമ്മുടേതായ പകലുകൾ
നമ്മുടേത് മാത്രമായ
നിമിഷങ്ങൾ
ആഴത്തിൽ
ആഴത്തിൽ ശ്വസിക്കും

വിരസതയിലേക്ക്
പുസ്തകമെടുത്ത് നിവർത്തും
മുറി നിറയെ
കഥാപാത്രങ്ങൾ
കടന്നിരിക്കും

സങ്കടങ്ങൾ പറഞ്ഞ്
നഷ്ടങ്ങൾ നിരത്തി വിതുമ്പും
പ്രക്ഷോഭങ്ങൾ
ഇങ്കുലാബ് വിളിക്കും
ദുരന്തങ്ങൾ കഷണങ്ങളായി
ചിന്നിച്ചിതറും
വിങ്ങിപ്പൊട്ടിപ്പോവും

അടച്ചുവെച്ച പുസ്തകത്തിന്റെ
പുറം ചട്ടയിൽ
എഴുത്തുകാരൻ ഇരുന്നു ചിരിക്കും
നിന്റെ ഏകാന്തത
നിന്റെ നിശ്ശബ്ദത
നിന്റെ മൗനം
എന്ന് പരിഹസിക്കുന്നതുപോലെ

ശ്വാസം മുട്ടും
ഒറ്റക്കുതിപ്പിന്
വാതിൽ വലിച്ച് തുറക്കും
പിടഞ്ഞ് പുറത്തിറങ്ങും
അത്രയും ആഴത്തിൽ
ശ്വാസം വലിച്ചെടുക്കും
ജീവൻ തിരിച്ചുപിടിക്കുന്നതുപോലെ

അപ്പൊഴേക്കും
"അകത്തിരിക്കുക
നിങ്ങൾ നിരീക്ഷണത്തിലാണ്"
എന്ന്
മൊബേലിൽ
മെസ്സേജ് അലാറം
മുഴങ്ങും !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com