ADVERTISEMENT

പൊട്ടിയ മൂലയോടിന്മേൽ താളം ചവിട്ടുന്നു 

കാലം തെറ്റിപ്പെയ്യുന്ന പെരുമഴ...

തൂവാനം പുതപ്പിച്ച തണുപ്പുമായ്‌,

തനിച്ചു നിൽക്കുന്നുണ്ട്‌ ഇരുൾപുരണ്ടൊരു രൂപം

ഇടവഴിക്കോണിലുടക്കിനിൽക്കയാണ്‌

തിമിരം വെളുപ്പിച്ച കണ്ണുകൾ...

 

എന്നോ പടിയിറങ്ങിപ്പോയോരുണ്ണിതൻ

നിഴലവിടെയെങ്ങാനും പതുങ്ങിനിൽപ്പുണ്ടാവുമോ..?

ജീവനിൽ തിരിയിട്ടു കാത്തുനിൽക്കയാണമ്മ...

ഇല്ല, തോൽക്കില്ലെന്നൊരു ജ്വാല

കണ്ണിൽ കെടാതെ നിൽക്കുന്നുണ്ടിപ്പൊഴും!

'അവൻ വരും, വരാതിരിക്കില്ല’

ജപമണി മന്ത്രിക്കുന്നതിതൊന്നു മാത്രം..

 

വാശിയിൽ മകനെത്തോൽപ്പിച്ചൊരച്ഛനെന്നോ

മണ്മറഞ്ഞതവനറിഞ്ഞിട്ടുണ്ടാകുമോയെന്തോ?!

നഗരത്തിൽ പുതിയവീടുവച്ചു മാറിയപ്പോൾ 

കൂടെച്ചെല്ലുവാൻ വിളിച്ചതാണിളയ പുത്രൻ

കഴിയില്ല തനിക്കതെന്നു നിലത്തൂന്നിയ കണ്ണാൽ

മറുപടിചൊല്ലി നിൽക്കുവാനേ കഴിഞ്ഞുള്ളു...

 

അവനൊരിക്കൽ തിരികെവരുമപ്പോൾ

താനിവിടെയില്ലാതിരിക്കുന്നതെങ്ങിനെ? 

അവനീ നടവഴിയേ പരിചിതമായുള്ളൂ..

പഴകിപ്പൊട്ടിയടർന്നുവെങ്കിലുമീ

വീടേ ഓർമ്മകളിലുണ്ടാവൂ...

വഴിക്കണ്ണുമായ്, ‌ ചെറുതിരി വെളിച്ചമായ്‌

താനിവിടെയുണ്ടാവാതിരിക്കുവതെങ്ങനെ?! 

 

മറ്റാർക്കുമൊന്നും മനസ്സിലാവില്ല,

കാത്തിരിപ്പൊരു പാഴ്ശ്രമമാണത്രേ..

എങ്കിലും ജീവനിൽ തിരിയിട്ടു കാത്തിരിപ്പുണ്ടമ്മ,

തോറ്റുപോകില്ലെന്നൊരു ജ്വാല കണ്ണിൽ 

നിരന്തരം തെളിഞ്ഞു കത്തുന്നുമുണ്ട്‌...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com