ADVERTISEMENT

പ്രവാസ ജീവിതം തുടങ്ങിയ കാലത്തു കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് (ഒരുപാട് നാളായി നേരിൽ കണ്ടിട്ട്) ഈയടുത്ത ദിവസം മുഖപുസ്തകത്തിൽ ഒരു കുറിപ്പ് രേഖപ്പെടുത്തി. നാട്ടിലേക്ക് മടങ്ങിപ്പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളോടുള്ള ഒരു ഉപദേശം. ‘കേരളത്തിൽനിന്ന് മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾ ചെയ്തിരുന്ന ജോലികൾ ഏറ്റെടുത്തു ചെയ്ത് അവിടെത്തന്നെ കൂടുന്നതാണ് ഇനിയുള്ള കാലം സുരക്ഷിതം’ എന്ന്. 26 വർഷം നീണ്ട പ്രവാസ ജീവിതം ചണ്ടിയാക്കി അവശേഷിപ്പിച്ച ഈ ശരീരത്തിന് അത് കഴിയും എന്ന് തോന്നുന്നില്ലെങ്കിലും സുഹൃത്തേ ഞങ്ങളിൽ ഭൂരിഭാഗം പേരും തയാറാണ്. ഒരു ചോദ്യം മാത്രം, എങ്ങിനെയാണ് നമ്മുടെ നാട്ടിലെ തൊഴിലിടങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ നിറഞ്ഞത്?

എൺപതുകളിൽ സ്കൂളിൽ പഠിക്കുമ്പോൾ, മൂന്നു കൊല്ലത്തെ വേനലവധിക്കാലം അച്ഛന്റെ സുഹൃത്തിന്റെ വർക്‌ഷോപ്പിൽ മുഴുവൻ നേരം പണിയെടുത്തത്തിനു കിട്ടിയ പണം. പിന്നെ അച്ഛന്റെ തുച്ഛ വരുമാനത്തിൽ നിന്ന് ബാക്കി വെച്ചതും ചേർത്താണ് പ്രീ ഡിഗ്രിക്ക് (അതത്ര മോശം ഡിഗ്രിയല്ല) ചേർന്നപ്പോൾ സൈക്കിൾ വാങ്ങിയത്(ആറു മാസത്തെ അധ്വാനത്തിന് കിട്ടിയ കൂലി അന്നത്തെ നിലയ്ക്ക് കൂടുതലായിരുന്നു എന്ന് ഇന്ന് മനസ്സിലാകുന്നു.) ഡിഗ്രിക്കു പഠിച്ച കാലത്തു കോളജ് കഴിഞ്ഞു മുഴുവൻ നേരം ഒരു ലോഡ്ജിലെ കണക്കെഴുത്തു മുതൽ റിസപ്ഷനിസ്റ്റും റൂം ബോയ്‌ ആയും പണിയെടുത്താണ് കോളജിലെ ‘കയ്യിൽ കാശുള്ള’ പയ്യനായത്. അന്നു കൂടെ പഠിച്ചിരുന്നവരിൽ ഒന്നിലധികം പേർ എന്നെപ്പോലെ ക്ലാസ് കഴിഞ്ഞു സ്വർണപ്പണി മുതൽ ലോഡിങ്, അൺലോഡിങ് വരെ ചെയ്തിരുന്നു. 

ഡിഗ്രി കഴിഞ്ഞു അടുത്ത പഠനത്തിന് തയാറെടുക്കുന്ന ഇടവേളയിൽ കുറച്ചു കൂട്ടുകാരേയും കൂട്ടി കെട്ടിടം പണിയും പ്ലംബിങ്ങും ചെയ്ത്, വൈകുന്നേരങ്ങളിൽ അടുത്ത കലുങ്കിൽ കൂടി, ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയും കഴിച്ചു വീട്ടിൽ പോയിരുന്നത് അന്നത്തെ കൂലി കിട്ടിയ പൈസ കൊണ്ടായിരുന്നു.

Benu-Thankappan
ബെനു തങ്കപ്പൻ

ഒരിക്കൽ ഒരു വീട്ടിൽ പണിയെടുത്തു കൊണ്ടിരുന്നപ്പോൾ വീട്ടുടമസ്ഥനുമായുള്ള ചെറു സംഭാഷണത്തിനിടയിൽ പഠനത്തെപ്പറ്റി അറിയാതെ പറഞ്ഞു പോയി. അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ഭാവം ഇപ്പോഴും മനസ്സിലുണ്ട്. ഏതോ അദ്ഭുത ജീവിയെ കണ്ടതു പോലെയുള്ള ആ നോട്ടം. പിന്നെ അകത്തു പോയി മൂന്ന് മക്കളേയും കൂട്ടി വന്നു അവരോട് ഞങ്ങളെ ചൂണ്ടി ‘ഡിഗ്രിക്കാരാ ഈ പണിയെടുക്കുന്നേ, കണ്ടു പഠി’ എന്നു പറഞ്ഞു. എന്തു കണ്ടുപഠിക്കാനാണ് പറഞ്ഞതെന്ന് ഇന്നും മനസ്സിലായിട്ടില്ല.

സുഹൃത്തേ, ഇന്നു നമ്മൾ നമ്മുടെ കുഞ്ഞു ജനിക്കുമ്പോൾ തന്നെ അവനെ അല്ലെങ്കിൽ അവളെ പ്രോഗ്രാം ചെയ്തു വളർത്തുകയാണ്. എൻജിനീയർ അല്ലെങ്കിൽ ഡോക്ടർ ആയില്ലെങ്കിൽ ജീവിതം പോയി എന്ന പ്രോഗ്രാമിനപ്പുറം നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ മാത്രമല്ല, നമ്മുടെ മനസ്സിലും ഒന്നുമില്ല. പ്ലസ് ടൂവിന് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയ എന്റെ മകളെ ജേണലിസം പഠിക്കാൻ അവളുടെ ആഗ്രഹപ്രകാരം ചേർത്തപ്പോൾ ‘നിങ്ങൾ അവളുടെ ഭാവി നശിപ്പിക്കുകയാണ്’ എന്ന് എന്നെ കുറ്റപ്പെടുത്തിയവരിൽ അവളുടെ ടീച്ചർമാരും ഉണ്ടായിരുന്നു.

ഇപ്പോൾ നമുക്ക് പണിയില്ലാത്ത ആയിരക്കണക്കിന് കുഞ്ഞുങ്ങളുണ്ട്. ഡോക്ടർമാരും എഞ്ചിനീർമാരും. കുറ്റം സർക്കാരിനും. ഇവർക്കെല്ലാവർക്കും പഠിച്ച ജോലി തന്നെ കൊടുക്കണമെങ്കിൽ ചൊവ്വയിലെ കോളനികളും മതിയാകാതെ വരും. എന്തു കൊണ്ട് നാം നമ്മുടെ കുഞ്ഞുങ്ങളെ ചെയ്യുന്ന ജോലിയുടെ മഹത്വം പഠിപ്പിച്ചില്ല? എന്തുകൊണ്ടവരെ പാടവും പറമ്പും പൂക്കളും കിളികളും പുഴകളും ഉള്ള ഒരു ലോകം ഉണ്ടെന്നുകൂടി പഠിപ്പിച്ചില്ല? നമ്മുടെ വലിയ പിഴ.

മുന്നോട്ടു നീങ്ങുമ്പോൾ ഉപദേശിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം കൂടി. ഞങ്ങൾ തിരിച്ചുവരുന്ന പ്രവാസികൾ പാടത്തും പറമ്പിലും (ബാക്കിയുള്ളിടത്തും) പണിയെടുക്കാൻ തയാറാണ്. നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളോടൊപ്പം പണിക്കയക്കാൻ തയ്യാറാണോ? അവരിലാരെങ്കിലും തയാറായി മുന്നോട്ടു വന്നാൽ അവരെ അദ്ഭുത ജീവികളായി കാണാതിരിക്കാനെങ്കിലും തയാറാണോ...?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com