ADVERTISEMENT

മഴച്ചാറ്റലുണ്ടായിരുന്നതിനാൽ ഇറങ്ങാൻ നേരം അവൾ ഒരു തൊപ്പി നീട്ടി. രണ്ടുനാളായി ചെറിയ ചൂടുണ്ട് ശരീരത്തിന്, അതിനാലാണ് ആളൊഴിഞ്ഞ നേരം പോകാമെന്ന് തീരുമാനിച്ചത്.

 

പെർമിറ്റ് എടുക്കാതെ പുറത്തിറങ്ങുന്നത് അനുവദനീയമല്ലെങ്കിലും പോകേണ്ട സ്ഥലത്തിന് അനുമതി ലഭിക്കില്ലെന്നറിയാവുന്നതിനാൽ ശ്രമിച്ചില്ല. പകൽ നിയമപാലകരുടെ കണ്ണിൽപെടാൻ സാധ്യത ഏറെ രാത്രി അണുനശീകരണത്തിനായി സമ്പൂർണ്ണ നിയന്ത്രണവും. അതിനാൽ ത്രിസന്ധ്യ മാത്രം അനുയോജ്യം.

 

പകൽ പൂർണ്ണമായും മായുകയോ ഇരുൾ മൂടുകയോ ചെയ്തിട്ടില്ല. ശ്മശാനത്തിനോട് ചേർന്ന പാർക്കിങ് ഏരിയ തികച്ചും ശൂന്യമായിരുന്നു.

 

ശ്മശാനവും അന്നേരം ശൂന്യമാകും എന്നറിയാവുന്നതിനാൽ അവൾ തന്ന തൊപ്പിയല്ലാതെ സുരക്ഷാ സംവിധാനങ്ങളൊന്നും കരുതിയിരുന്നില്ല.

 

തൊപ്പി ധരിച്ച് കവാടം തുറന്ന് അകത്തു കടന്നു. അപ്രതീക്ഷിതമായി ആരോ ഇങ്ങോട്ട് സലാം പറഞ്ഞു.

 

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ പാതി ഇരുളിൽ നിന്ന് മങ്ങിയ കന്തൂറയിട്ട ഒരാൾ കൈയിലൊരുമാസ്കും ഒരു ജോഡി ഗ്ലൗസുമായ് അരികിൽ വന്നു.

 

ഗ്ലൗസ് ധരിക്കും മുമ്പ് കീശയിൽ നിന്ന് പാതി ഒഴിഞ്ഞ ഒരു സാനിറ്ററൈസറിൻ്റെ ബോട്ടിലെടുത്ത് കയ്യിൽ പിഴിഞ്ഞു തന്നു.

 

കൂടെ ഒരുപദേശവും.

 

" ഇന്ന് ആറ് പേരുണ്ടായിരുന്നു, അസറിന് മുമ്പാണ് ഒടുവിലത്തേത് മറമാടിയത്, അഞ്ചെട്ട് പേരേ കൂടെ അനുഗമിച്ച് ഉണ്ടായിരുന്നുള്ളൂ.

തണുപ്പും ചാറ്റലുമല്ലേ, വിട്ടുപോകാതെ നിൽക്കുന്നുണ്ടെങ്കിലോ ആ ശാപം വായുവിൽ" എന്ന്പറഞ്ഞ് ചുണ്ടിന് താഴെമാത്രംനരച്ച താടിതഴുകി എന്നെ നോക്കി.

 

'അപ്പോ ങ്ങളോ,

ങ്ങളെന്താ ഇതൊന്നും ധരിക്കാത്തെ?'

 

എന്ന ചോദ്യത്തിന് അയാൾ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

"വരൂ, 

നിങ്ങളുടെ കൂട്ടുകാരന്റെ ഖബർ ഞാൻ കാട്ടിത്തരാം"

എന്ന് പറഞ്ഞ് അയാൾ മുന്നിൽ നടന്നു.

 

താനതിന് മരിച്ച സുഹൃത്തിന്റെ പേര് ഇയാളോട് പറഞ്ഞില്ലല്ലോ!

ഓർക്കുന്നില്ല, 

ഇനിചിലപ്പോൾ പറഞ്ഞു കാണും

അല്ലാതെ ഇയാൾക്കത് എങ്ങിനെ അറിയാൻ!

 

അല്പനേരം ഞാൻ അവൻ്റെ ഖബറിനടുത്ത് കണ്ണടച്ചു നിന്നു.

 

പ്രവാസത്തുടക്കത്തിലെ ബാച്ചിലർ ജീവിതവും അക്കാലത്തെ കളിതമാശകളും വരും കാല സ്വപ്നങ്ങളെക്കുറിച്ചുള്ള പങ്കുവെക്കലുകളും ഓർത്തു.

 

കുടുംബത്തിനെ കരകയറ്റാനുള്ള ത്യാഗജീവിതത്തിൽ അവധിക്കാലത്തെക്കുറിച്ച് അവനും ചിന്തിക്കാറില്ലാത്തതിനാൽ ഇവിടം തന്നെയാണ് ഞങ്ങൾ കൗമാരലോകം തീർത്തത്.

 

ചെറു ചാറ്റലാണെങ്കിലും തലപ്പാവ് പരുത്തിആയതിനാൽ തല നനഞ്ഞു.

 

തെരുവുവിളക്കുകൾ തെളിഞ്ഞു അല്പമകലെയായ് അടഞ്ഞുകിടക്കുന്ന ഷോപ്പിങ് മാളിന്റെ നിയോണിൽ കത്തുന്ന ചുകന്ന പേര്മാത്രം തെളിഞ്ഞു കാണാനുണ്ട്.

 

വാഹനപ്പുകയും പൊടിക്കാറ്റും മറച്ച നക്ഷത്രങ്ങൾ തെളിമയോടെ മിന്നുന്നു.

 

വ്യവസായശാലകൾ പോലും നിശ്ചലമായതിനാൽ നിശ്ശബ്ദതയിലൂടെ അരിച്ചെത്തുന്ന ശബ്ദം കടൽത്തിരയടിക്കുന്നതാകണം.

 

തിരിച്ചുപോരാൻ നേരം അയാളോട് യാത്ര പറഞ്ഞു, നന്ദിയും.

 

"നാളെ നാലെണ്ണമാ വരാനുള്ളത് 

മഴ കനത്താൽ ഖബറിൽ വെള്ളം നിറയും 

അതിന് മുകളിൽ ടാർപായ കെട്ടണം, ങ്ങള് നടന്നോ" 

 

എന്ന് പറഞ്ഞ് അയാൾ ഇരുട്ടിലേക്ക് നടന്നു.

 

നമസ്കാരമില്ലാതെ അടച്ചിട്ട പള്ളിയിൽ നിന്ന് ഇശായുടെ അറിയിപ്പ്.

 

ധൃതിയിൽ പുറത്തേക്ക് നടന്നു.

 

അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ കവാടത്തിൽ നിൽക്കുന്നു.

 

ഇരുളിലേക്ക് നടന്ന അയാൾ എപ്പോഴാണെന്നെ മറികടന്നത്!?

 

കൈയുറയും മുഖംമൂടിയും അവിടെ കളഞ്ഞോളൂ എന്ന് പറഞ്ഞ് പച്ച നിറത്തിലൊരു വേസ്റ്റ്ബിൻ ചൂണ്ടിക്കാട്ടി.

 

അവ അതിലുപേക്ഷിച്ചു

അയാൾ പോക്കറ്റിൽ നിന്ന് സാനിറ്റൈസറെടുത്ത് വീണ്ടും എൻ്റെ കൈവെള്ളയിൽ പിഴിഞ്ഞുതന്ന് തിരികെ കീശയിലിട്ട് വീണ്ടും പറഞ്ഞു,

 

"നാളെ നാലെണ്ണം വരും!"

 

ഉള്ള് വല്ലാതെ നൊമ്പരപ്പെട്ടു.

 

പുറത്തിറങ്ങി അയാളെ ഒന്ന് തിരിഞ്ഞ് നോക്കി.

 

കവാടം പിടിച്ച് അയാൾ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

യാന്ത്രികമായി കൈവീശി സലാം പറഞ്ഞു പക്ഷേ സലാം വീട്ടുന്നതിന് പകരം,

 

"മറ്റന്നാൾ ഒരാളും..."!

 

എന്ന്പറഞ്ഞ് കവാടത്തിൻ്റെ ഇരുമ്പു വാതിൽ ശബ്ദമില്ലാതെ അടച്ചു.

 

ശൂന്യമായ റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ മഴച്ചാറ്റൽ മറച്ച ചില്ലുകളെ വൈപ്പർ വാളുകൾ വടിച്ചു നീക്കുമ്പോൾ തുള്ളികൾ മാഞ്ഞ് വരകൾ തെളിഞ്ഞു വഴിയും.

 

വീട്ടിലെത്തി കൈയും മുഖവും സോപ്പിട്ട് കഴുകി.

 

കഞ്ഞിയും ഉമ്മ സ്നേഹപൂർവ്വം കൊടുത്തയച്ച ഉപ്പിലിട്ട അമ്പഴങ്ങയും അവൾ തീൻമേശയിൽ ഒരു പഴയ ന്യൂസ്പേപ്പർ വിരിച്ച് നിരത്തിയിരിക്കുന്നു.

 

കഞ്ഞിക്കയിൽ ചുണ്ടിനോട് ചേർക്കുമ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഉള്ളിൽ പ്രതിധ്വനിച്ച് കൈവിറച്ച് തുളുമ്പി.

 

തുളുമ്പിയ ഇടത്തെ നനഞ്ഞപേപ്പറിൽ ഒരു വാർത്തകണ്ട് അതിസൂക്ഷ്മമായി നോക്കി,

 

'ജീവകാരുണ്യ പ്രവർത്തകൻ മഹാമാരിയിൽ മരിച്ചു' 

എന്ന വാർത്തക്കൊപ്പം ചുണ്ടിന് താഴെ മാത്രം നരച്ച താടിയുള്ള ഒരാളുടെ പടം.

 

പേരും മറ്റു വിവരങ്ങളും കഞ്ഞിവീണ് മായ്ഞ്ഞിരുന്നു.

 

ശീർഷകത്തിൽ തീയതി നോക്കി, അതിന് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ടായിരുന്നു.

 

പെട്ടെന്നുണ്ടായ ഷോക്കിൽ ദേഹച്ചൂട് കൂടുകയും വായിലെ കഞ്ഞിശിരസ്സിൽ കയറുകയും ചെയ്തതിനാൽ ചുമനിർത്താനായില്ല.

 

കഞ്ഞിപ്പാത്രം ഉപേക്ഷിച്ച് എണീറ്റ് കൈതുടക്കുമ്പോഴും ചുമച്ചു കൊണ്ടിരുന്നു.

 

"മറ്റന്നാൾ ഒരാൾ... "

 എന്ന അശരീരി മുഴങ്ങി എങ്ങും അപ്പോൾ ഒരു ഇരുമ്പുകവാടം മുന്നിൽ തുറക്കപ്പെടുന്നതായി എനിക്ക് തോന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com