ADVERTISEMENT

ആളുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് പലവിധമാണ്. മനോധൈര്യം കൊണ്ട് ഏത് മഹാമാരിയെയും തോൽപ്പിക്കുന്ന ചിലരുണ്ട്. ചുറ്റുമുള്ളവരുടെ വേവലാതികളെയെല്ലാം ജലരേഖയാക്കി മാറ്റുന്ന ജാലവിദ്യക്കാർ. ഒന്നിനും തോറ്റു കൊടുക്കാത്ത അഹങ്കാരം കൊണ്ട് വിസ്മയിപ്പിക്കുന്നവർ.

അക്കൂട്ടത്തിൽ ഒരാളാണ് ആത്മ സുഹൃത്ത് അലി. നമ്മൾ യാ അലിയെന്ന് നീട്ടിവിളിക്കും. യാത്രകളിലെ സഹയാത്രികൻ. രാക്കഥകളിലും രാപ്പകലുകളിലും കൂടെയുള്ളവൻ. കട്ടക്ക് നിൽക്കുന്നവൻ.

'ഇന്ത്യയെ അറിയുക' എന്ന ബാനറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അറുപത്തിയഞ്ച് പേർ നടത്തിയ ദൽഹി-ആഗ്ര പഠന വിനോദ യാത്രയാണ് ആദ്യ രംഗം. എല്ലാവരും തകർത്താടുകയാണ്. കളിയും കൈമുട്ടുമായി നഗരങ്ങൾ, തെരുവുകൾ, സ്മാരകങ്ങൾ, വിശ്രമ കേന്ദ്രങ്ങളെല്ലാം കയറിയിറങ്ങി തുടരുന്ന ഉല്ലാസ യാത്ര. യാത്രയെ അവിസ്മരണീയമാക്കുന്ന കലാപ്രകടനങ്ങളും നിറസാന്നിധ്യവുമായി കുറെ കഥാപാത്രങ്ങളുണ്ട്. ഗൗരവതരമായ വിഷയങ്ങളുമായി കുറച്ചു ബുദ്ധിജീവികൾ. കുട്ടികളെ കളിപ്പിക്കാൻ ഫാറൂഖ്. ശശി തരൂർ സ്റ്റൈലിൽ എമണ്ടൻ ഇംഗ്ലീഷുമായി റയീസ്. ഫോട്ടോഗ്രാഫിയിൽ കീഴ്‌പ്പെടുത്തി മുനീറും സൽമാനും. പാട്ടും നൃത്തവുമായി വേറെ ചിലർ. അലി തന്നെ അവരിലെ പുലി. പാർലമെന്റ് മന്ദിരവും രാഷ്‌ട്രപതി ഭവനും ഉൾപ്പെടെ ചുറ്റിക്കറങ്ങി കാണാൻ പലർക്കും അവസരം കിട്ടിയ അപൂർവ യാത്രയുടെ ആദ്യ ദിനം അവസാനിക്കാൻ പോകുന്നു.

പൊടുന്നനെ എല്ലാവരെയും നിരാശരാക്കി ഒരു വാർത്ത വന്നു. അലി ക്ഷീണിതനാണ്. കല്യാണപ്പന്തലിൽ നിന്ന് വധു ഒളിച്ചോടിയെന്ന പോലെ, പെട്ടെന്നൊരു ശാന്തതയും മൂകതയും വന്നു. അലിയുടെ മുഖം വാടിയിരിക്കുന്നു. പുരാതന ഡൽഹിയോട് ചേർന്ന താമസ സ്ഥലത്ത് എത്തുന്നത് വരെ അലി സീറ്റിൽ അനങ്ങാതെ ഇരുന്നു. നാദസ്വരങ്ങളെല്ലാം പെട്ടെന്നു നിശ്ചലമായ സംഗീതക്കച്ചേരി പോലെയായി രംഗം. അളിയന്റെ കല്യാണത്തിന് നാട്ടിലെത്താൻ ലീവെടുത്ത്, ടൂറിന്റെ ആവേശം മൂത്ത് വന്നയാളാണ്.

റൂമിലെത്തി വിശ്രമിച്ചെങ്കിലും പാതിരാക്ക് ശക്തമായ പനി വന്നു. സമയം രാത്രി ഒരുമണി ആയിരിക്കുന്നു. ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ നാല് പേർ അലിയെയും കൂട്ടി പുറത്തിറങ്ങി. കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഓട്ടോ വന്നു മുന്നിൽ നിന്നു. ഉടൻ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അജ്ഞാതനായ ആ ഓട്ടോക്കാരൻ ആഞ്ഞു പിടിക്കുകയാണ്. വഴിയേ ഒന്ന് രണ്ടു ഹോസ്പിറ്റലുകൾ പിന്നിട്ടെങ്കിലും കക്ഷി നിർത്തുന്നില്ല. മറ്റൊരു ഹോസ്പിറ്റലിന് മുന്നിലെത്തിയപ്പോൾ നിർബന്ധിച്ചു നിർത്തിച്ചു. പക്ഷേ, അവിടെ ഡോക്ടറില്ല. കപൂർ ഹോസ്പിറ്റലിൽ പോകാം എന്ന് അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. വേറെ വഴിയില്ലാത്തത് കൊണ്ട് കപൂർ ഹോസ്പിറ്റലിലേക്ക് വിടാൻ പറഞ്ഞു. പുറത്തിങ്ങി നോക്കിയപ്പോൾ തന്നെ ഒരു പന്തികേട്. ഒരാശുപത്രിയുടെ ലുക്കോ വെടിപ്പോ ഇല്ല. പാതിരായ്ക്ക് വേറെ മാർഗമില്ല. അപ്പോഴേക്കും അലിയുടെ ശരീരത്തിൽ കുമിളകൾ പോലെ പാടുകൾ വന്നിരുന്നു.

അകത്തു കയറി. ഒരു നേഴ്‌സ് വന്നു കാര്യങ്ങൾ ചോദിച്ചു ഇരിക്കാൻ പറഞ്ഞു. കാത്തിരിപ്പിനിടയിൽ കാണുന്നത് പേടിപ്പെടുത്തുന്ന കാര്യങ്ങൾ. എലിയും കൂറയും കുറുകെയും പിറകെയും പായുന്നു!. ഒടുവിൽ ഒരു ചെറുപ്പക്കാരൻ ഡോക്ടർ വന്നു. ഞങ്ങളൊരു യാത്രാ സംഘമാണെന്നും പെട്ടെന്നാണ് ക്ഷീണം പിടിപെട്ടത് എന്നും ഞങ്ങളുടെ തലൈവർ റയീസ് വിശദീകരിച്ചു. അലിയെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു; 'സാരമില്ല. അലർജിയാണ്. വെള്ളത്തിന്റെ പ്രശ്‌നമാകും'. ആ രോഗ നിർണയത്തിൽ ഞങ്ങൾ സംതൃപതരായില്ലെങ്കിലും മറ്റൊരു കാര്യത്തിൽ സംതൃപതരായി. പുലരിയോടടുത്ത നേരത്ത് സ്റ്റെതസ്കോപ് ഉപയോഗിച്ചിട്ടും അയാൾ ഫീസ് വാങ്ങിയില്ല.

ali-travel-JPG

പിറ്റേന്ന് കാലത്ത് രണ്ടാം നാളത്തെ യാത്രക്കായി എല്ലാവരും റിസപ്‌ഷനിലേക്ക് വന്നു. അലി ഡോക്ടർ നൽകിയ ആത്മ വിശ്വാസത്തിൽ ഉണർവ് കാട്ടി. ബസിലേക്ക് കയറാൻ നേരത്ത് കരൾ പറിക്കുന്ന ആ കാഴ്ച നമ്മൾ കണ്ടു. മൈലുകളോളം താണ്ടി ഓട്ടോക്കാരൻ കൊണ്ടുപോയ കപൂർ ഹോസ്‌പിറ്റൽ അതാ കിടക്കുന്നു; ഹോട്ടലിന്റെ തൊട്ടു പിറകിൽ!

നാലു നാൾ നീണ്ട യാത്രക്ക് ശേഷം അലി ഡൽഹിയിൽ നിന്നും നാട്ടിലേക്കു തിരിച്ചു. ശരീരത്തിൽ അപ്പോഴും പാടുകളുളളതിനാൽ ഡോക്ടറെ കണ്ടപ്പോഴായിരുന്നു അറിയുന്നത്, ഡൽഹിയിൽ അലിക്ക് ചിക്കൻ പോക്സ് ആയിരുന്നുവെന്ന്. ഒരു യാത്രാ സംഘത്തിന്റെ ഉത്സവാന്തരീക്ഷം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാകുമോ അയാൾ അലിക്ക് അലർജിയാണെന്നു പറഞ്ഞത്? അതല്ല; ഒന്നും മനസ്സിലാകാതെ വെച്ചു കാച്ചിയതാണോ?. എന്തായാലും കപൂർ ഹോസ്പിറ്റലിലെ ആ യുവ ഡോക്ടർക്ക് ബിഗ്‌ സലൂട്ട്. അലിയുടെ ചിക്കൻ പോക്സ് മറച്ചുവെച്ച് വിനോദയാത്രയുടെ ലഹരി തിരികെ തന്നതിന്. അലിയുടെ നടന വൈഭവം ആസ്വദിക്കാൻ  യാത്രാ സംഘത്തിന് രണ്ടാം നാളും അവസരമൊരുക്കിയതിന്. (മറിച്ചായിരുന്നുവെങ്കിൽ, അറുപത്തഞ്ച് പേരും മരണവീട്ടിലെന്ന പോലെ മൂന്ന് ദിവസം കഴിയേണ്ടി വന്നേനേ).

ആ പാതിരാത്രിയിൽ ദൽഹി നഗരം ചുറ്റിച്ച ഓട്ടോക്കാരനും നന്ദി. വേദന പടർന്ന ആ യാത്രയിലൂടെ നഗരത്തിന്റെ സൂക്ഷ്മ സഞ്ചാരങ്ങൾ കാണിച്ചു തന്നതിന്. കപൂർ ഹോസ്പിറ്റൽ പിന്നീടെപ്പോഴും നമ്മുടെ സംഭാഷണങ്ങളിൽ ഒരു നർമ്മ വിഷയമായി കൊണ്ടുവന്നതിന്. ബുദ്ധിജീവികളായി അഭിനയിക്കുന്ന കുറേപ്പേരെ കൂളായി തേച്ചതിന്. ക്ഷീണമോ അസുഖമോ വരുമ്പോഴെല്ലാം ഇപ്പോൾ നമ്മൾ പരസ്പരം ചോദിക്കുന്നു: നമുക്ക് കപൂർ ഹോസ്പിറ്റലിൽ കാണിച്ചാലോ?..

∙∙∙∙∙

രണ്ട്

ഇപ്പോൾ അലി വർസാനിൽ നിന്ന് മടങ്ങിയിരിക്കുന്നു. കമ്പനി നൽകിയ ഹോട്ടൽ മുറിയിൽ ഏകാന്ത ജീവിതം ആസ്വദിക്കുകയാണ്. കോവിഡ് ടെസ്റ്റുകളെല്ലാം നെഗറ്റീവാണ്.ഞാൻ ടെസ്റ്റിന് പോകുകയാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവ്. ഹെല്പ് ഡസ്കുകളിൽ ബന്ധപ്പെട്ട് വർസാനിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് അലിയെ ഉടനെ മാറ്റാനായി. അവൻ ചിരിച്ചും തമാശകൾ പങ്കുവെച്ചുമാണ് അങ്ങോട്ട് പോയത്. വാഹനത്തിൽ കൂടെയുള്ളവരാകട്ടെ, മരണം മുന്നിലെത്തിയിരിക്കുന്നു എന്ന മട്ടിൽ സങ്കടപ്പെട്ടും.

അസാധാരണമായ ഒരാത്മ വിശ്വാസത്തിൽ തന്നെയാണ് അവൻ കോവിഡിനെ നേരിട്ടതും. എല്ലാ ദിവസവും ചാറ്റ് ചെയ്തതും സംസാരിച്ചതും ചിരിയുടെ വൻകരകളായി മാറിയ കാര്യങ്ങൾ. കപൂർ ഹോസ്പിറ്റൽ അപ്പോഴും നമുക്കിടയിൽ വന്നു നിന്നു. ഒരു എലിയും കൂറയും നമുക്കിടയിലൂടെ ഓടി നടന്നു. കപൂർ ഹോസ്പിറ്റലിന്റെ അറേബ്യൻ പേരാണ് വർസാൻ എന്നവൻ തമാശക്ക് പറഞ്ഞു നമ്മളെ വീണ്ടും ചിരിപ്പിച്ചു.

വർസാനിൽ തനിക്ക് ചുറ്റും പാർക്കുന്നവരെല്ലാം ഭീതിയിൽ കഴിയുമ്പോഴും അലി ആരവങ്ങളിലായിരുന്നു. തനിക്കൊന്നും പറ്റിയില്ലെന്ന ആത്മവിശ്വാസം കൊണ്ട് അവൻ ഒരിക്കൽ ജയിച്ചു വന്നിരിക്കുന്നു. നമുക്ക് ചുറ്റുമുള്ളവർ നൽകുന്ന കരുത്താണ് ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. പേമാരിയിലും മഹാമാരിയിലും ചൂടാൻ ഒരു കുടയുമായി കാത്തിരിക്കുന്ന സൗഹൃദങ്ങളുണ്ടോ നിങ്ങൾക്ക്? എല്ലാ സ്വകാര്യതകളും പങ്കുവെക്കാൻ പറ്റുന്ന ഒരാൾ? ശരീരം കൊണ്ടല്ലാതെ, ഹൃദയം കൊണ്ട് തൊട്ടുരുമ്മി നിൽക്കുന്ന ഒരാൾ? എങ്കിൽ ഉറപ്പാണ്; ഒരു വൈറസിനും നിങ്ങളെ തോൽപ്പിക്കാനാവില്ല.

മുറുക്കിച്ചുവന്ന മോണ കാട്ടി, ഗുണ്ടാ സ്റ്റൈലിൽ സംസാരിക്കുമ്പോഴും ആ ഓട്ടോക്കാരൻ അറിയാതെ കേൾപ്പിച്ചത് അന്യഭാഷാ ഗാനം. തണുപ്പിൽ രണ്ടു ഭാഗത്തു നിന്നും കാറ്റടിച്ചു വീശുമ്പോൾ, മനസിലേക്ക് ഇരച്ചുകയറിയ വരികൾ - ജീവിതം ഒരു സഞ്ചാരമാണ്. ഗ്രാമങ്ങളും നഗരങ്ങളും തെരുവുകളും പിന്നിട്ട് നിശ്ചയമില്ലത്ത വിജനതയിലേക്ക് നിങ്ങൾ കടക്കുന്നു. അലിയോടൊപ്പമുള്ള സ്നേഹ യാത്രകൾ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com