ADVERTISEMENT

ഹൃദയമൊരു വേള

പ്രണയാന്ധമായതോ?

മധുര മാതൃ

സങ്കൽപ്പങ്ങൾ മിഥ്യയോ?

പറയണം അമ്മ

എന്നോടൊരിക്കൽ ഞാൻ

എവിടെ വെച്ചെങ്കിലും

നമ്മൾ കാണുകിൽ..

 

അവിടെ ഞാനെന്റെ

ജീവന്റെയവസാന

ചുമടു താങ്ങി

തളർന്നു തീരുമ്പോഴാ-

ണകലെയെന്റെ

കുഞ്ഞനിയനരിയ

പൊൻ വിരലിനാൽ

മായ്ച്ചു നോക്കുന്നു

രാത്രിയെ..

 

നിണമുണങ്ങുന്ന

ചുമര് ചിത്രമായ്

തറ തരിച്ചെന്റെ

തലയെ ഓർക്കയാണെവിടെയും

കണ്ണു കരയുന്ന

 

കരുണയാണമ്മ മാത്രം

മഹാത്ഭുത കാഴ്ചയായ്..

 

ഒന്നു പിന്നാലെ

ഓടി വന്നീടുകിൽ,

പിന്നെ, പൊന്നേ എന്നിടറി

വീണീടുകിൽ,

എന്റെ ചാവു കട്ടിൽ

കാലിനറ്റത്ത്

വന്നു വിങ്ങി

വിതുമ്പി നിന്നീടുകിൽ,

എങ്കിലരികിലെ

മരണ സ്പർശത്തിലും

ചങ്കിലുതിരുന്ന

ചെങ്കനൽ ചീളിലേയ്ക്കെന്റെ

അമ്മയെന്നവസാന സാന്ത്വനം

സ്വന്തമായ് നെയ്തു

യാത്ര പോയേനെ ഞാൻ

 

അച്ഛനില്ലാത്തൊരഭിശപ്ത

നാളുകളിലന്യയായമ്മ

അന്യന്റെ മാത്രമായ്

 

നോട്ടു പുസ്തക

താളിലൂടച്ഛനെ

നോക്കി നെടുവീർപ്പിടും

 

നെരിപ്പോടു ഞാൻ

ചില്ലു പൊട്ടുമാറച്ഛന്റെ

കണ്ണട കണ്ണിലേക്കു

കരഞ്ഞു കവിഞ്ഞു ഞാൻ

 

പശിയറിഞ്ഞുറങ്ങുന്നോരിരവിലും

അസുര ഹസ്തങ്ങളാലേറ്റ

താഡനം..

ആശയറ്റൊരിരുട്ടിന്റെ

കൂട്ടിലാണാഞ്ഞെറിഞ്ഞുടച്ചെൻ

പിഞ്ചു ചേതന..

 

അമ്മ അമ്മ; എന്നെല്ലാരുമീ

ദിനം

ചൊല്ലി വാഴ്ത്തുന്ന

ജന്മ സ്രോതസ്സിനെ

ഇങ്ങു ദൂരത്തിരു-

ന്നോർക്കയാണ് ഞാൻ,

ഇന്നു മാത്രമെന്തസ്വസ്ഥനാണ് ഞാൻ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com