ADVERTISEMENT

മറക്കുവതെങ്ങനെ സുഹൃത്തേ 

മറവിയായ് നീ മാഞ്ഞ ദിവസം 

ചിരിക്കുരുതിയിൽ നിരാനന്ദം 

കരുതിവെച്ചു നീ മറഞ്ഞിരിപ്പൂ 

 

മരിക്കുന്നതിൻ തലേന്നു രാത്രി നിൻ 

ചിരി തെല്ലുമേശാത്തൊരു സന്ദേശം 

ഫെയ്‌സ് ബുക്കിലൂടെന്നെത്തേടി 

നിർവികാരമരികിലെത്തി 

 

ഒരു ലിങ്കു മാത്രമുണ്ടിൻബോക്സിൽ 

ഉരിയാട്ടമില്ലൊരക്ഷരംപോലും 

ഒന്നും തിരിയാതിരുന്നിത്തിരി നേരം 

പിന്നെ ലിങ്കിൽ പ്രസ് ചെയ്തു കാത്തു 

 

ഒന്നുമുണ്ടായില്ലേറെ കാത്തിട്ടും 

ലിങ്കിലെന്തോ വശപ്പിശകു മണത്തു 

ചോദ്യചിഹ്നമിട്ടിൻ ബോക്സിൽ

കാര്യം തിരക്കി ഞാൻ വേഗം 

 

കാര്യമൊന്നുമില്ലൊരു വൈറസ് 

കൂട്ടത്തിലയച്ചുപോയ് മാഷിനും 

കാത്തുവയ്ക്കണ്ടതു ഡിലിറ്റാം 

നേർത്തു വീർത്തു പിന്നെയും മൗനം 

 

ഓൺലൈനിൽത്തന്നെ കണ്ടു കവിയെ 

പാതിരാക്കടവിൽ പുലരിനിഴലടരുവോളം 

പിന്നെ ബൈ പറഞ്ഞു കെടുത്തി വെളിച്ചം 

ഖിന്നനായ് കിടന്നു ഞാനും പതുക്കെ 

 

എന്തിനിങ്ങനൊരു മൗനനാടകത്തിനായ് 

അന്തിയിൽ വന്നരികിലിരുന്നു പുലരുവോളം 

അന്തികത്തെത്തിയ മരണത്തിൻ മുഖം 

പന്തികേടായിത്തോന്നി മൗനമാർന്നോ 

 

ഇഴുകിച്ചേർന്നു പിറ്റേന്നു ലോകചക്രത്തിൻ 

പഴകിദ്രവിച്ചൊരു പൽച്ചക്രത്തിൽ 

മുഴുകിത്തിരിഞ്ഞതിൻ തീച്ചുറ്റലിൽ 

അഴുകിയ മനമോർത്തില്ലൊന്നും കാര്യമായ് 

 

കഴുകിവെളുപ്പിച്ച മനസ്സുമായുസ്‌കൂളിൽ 

കുഴഞ്ഞാടിത്തളർന്നെത്തി വൈകുന്നേരം ഫ്ലാറ്റിൽ 

കഴിയുന്നില്ലൊന്നിലും മനസ്സുറപ്പിക്കാൻ 

വഴുതിവഴുതിക്കളിക്കുന്നെന്തിനോ 

 

ഒടുവിലവ്യക്തതയൊക്കെ മാച്ചൊരു മെസ്സേജ് 

നടുക്കമേകിയെത്തി മൊബൈലിൽ 

'ഒന്നുമുണ്ടായില്ലൊരു തല ചുറ്റൽ മാത്രം 

അസ്‌മോ വിട്ടുപോയ് നമ്മളെയെന്നേക്കുമായ്'

 

പതുങ്ങിവന്നെന്നരികിലിരുന്നൊരു വൈറസ്സിൻ 

ചതിക്കുഴിയെപ്പറ്റി വാ തുറക്കാതറിയിച്ചു 

വാ മൂടിക്കെട്ടിയടങ്ങാതിരുന്നിപ്പോൾ നിൻ 

വാചാലമൗനത്തിൻ പൊരുൾ തിരയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com