ADVERTISEMENT

കോവിഡ് കാലം വീട്ടിനുള്ളിലെ എന്റെ കൂട്ടുകെട്ട് ഒരു പൂച്ചയുമായിട്ടാണ്. ക്വാറന്റീനില്‍ കൂട്ടിനായി എനിക്കു ക്യാറ്റുണ്ടെന്നു പലരോടും പറഞ്ഞു. അപ്പോഴവർക്കു ചെടികളും കിളികളും തുടങ്ങി പല വളർത്തുമൃഗങ്ങൾ ഉണ്ടെന്നു പറയുന്നു. എന്നാൽ എന്റെ കൂട്ടുകാരനിപ്പോൾ ഒരു വളർത്തുമൃഗമല്ലാതായി. അവനിപ്പോൾ എന്റെ വീട്ടുകാരനാണ്. ചിലനേരത്തു ഗൃഹനാഥൻ തന്നെയാണ്. ഞാനതു ചിലരോടൊക്കെ പറഞ്ഞു. അതു കേട്ടിട്ടെന്ന പോലെ അവനെന്നെ നോക്കിയും ചുറ്റിപ്പറ്റിയും കൂടെത്തന്നെയുണ്ട്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പേ മകളാണ് വഴിയില്‍ നിന്നും കിട്ടിയ പൂച്ചക്കുഞ്ഞുമായി വീട്ടിലെത്തിയത്. ഈ പൂച്ചകുഞ്ഞ് ആദ്യമായി വീട്ടില്‍ വന്ന ദിവസം ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. ഈ ജീവിയെ എന്തിനിവിടെ കൊണ്ടു വന്നു എന്നു ഞാന്‍ കയര്‍ത്തു. പൂച്ചയുടെ രോമം ആയിരുന്നു എന്റെ പേടി. പൂച്ചരോമം അലര്‍ജിയുണ്ടാക്കും എന്നൊരു കേട്ടുകേള്‍വിയോ അറിവോ എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ആ ഭയം ഉള്ളിലുണ്ടായത്. എനിക്കിതിനെ വീട്ടിനുള്ളിൽ പൊറുപ്പിക്കാനാവില്ലെന്നൊരു വികാരമായിരുന്നു. 

മകള്‍ പക്ഷേ, എന്റെ ഇഷ്ടക്കേടു കാര്യമാക്കിയില്ല. എനിക്കതൊരു അന്യജീവി ആയിരുന്നപ്പോള്‍ അവള്‍ക്കതൊരു വീട്ടിലെ അംഗമായിരുന്നു. അവളതിനൊരു പേരും ഇട്ടു. ഷെല്‍ബി. അവൾക്കു പ്രിയമുള്ള പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന സീരീസിലെ ബർമിംഹാം ക്രിമിനൽ ഗാങിലെ നായകന്റെ പേരാണേത്. തോമസ് ഷെൽബി. പൂച്ചക്കൊരു പേരുകൂടി വന്നതോടെ വീട്ടില്‍ അത്, അതിനെ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നിശിദ്ധമായി. അവന്‍ വീട്ടുകാരില്‍ ഒരു പ്രധാനിയായി പതുക്കേ മാറി.

കോവിഡ് ഭീതിയില്‍ വീട്ടിനുള്ളില്‍പെട്ട മനുഷ്യര്‍ക്കൊക്കെ തങ്ങളുടെ വീട്ടിനുള്ളില്‍ തന്നെ ഇരുപത്തിനാലു മണിക്കൂര്‍ ജീവിതത്തിനു വേണ്ട സന്നാഹങ്ങള്‍ ഒരുക്കേണ്ടി വന്നു. വീട്ടിനകമായി ആകെയുള്ള ലോകം. ഏകാന്തത മടുത്തവര്‍ക്കു സൗഹൃദത്തിനു ജീവനുള്ള വല്ലതിനെയും കണ്ടെത്തേണ്ടി വന്നു. ഒറ്റക്കു മേല്‍പോട്ടു നോക്കി കിടക്കുമ്പോള്‍ നാട്ടിലെ വീട്ടിലാണെങ്കില്‍ ചുമരിലെ ചിലന്തിയെങ്കിലും കാണും. ഇവിടെ ആരുമില്ലാത്ത സമയങ്ങളില്‍ ഞാന്‍ ഒരു സുഹൃത്തിനെ തിരഞ്ഞു. അവസാനം ഷെല്‍ബിയെ തെരഞ്ഞെടുത്തു. വായനാമുറിയുടെ കടുപ്പമുള്ള വെളിച്ചത്തില്‍ പൂച്ചയുടെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നപ്പോള്‍ അവന്‍ ഇംഗ്ലീഷ് സീരിയലിലെ ക്രൂരനായ നായകകഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ പ്രകടിപ്പിക്കുന്നത് ഞാനും തിരിച്ചറിഞ്ഞു. മകളവനിട്ട പേര് ശരിയാണല്ലോ എന്നു വിചാരിച്ചു. മിസ്റ്റർ തോമസ് ഷെല്‍ബി; ഞാനവനെ വിളിച്ചു. അവൻ വിളി കേട്ടു.

ഞാന്‍ അത്രം അടുപ്പമൊന്നും കാണിക്കാതിരുന്ന ഒരാളായിട്ടും ഷെല്‍ബി ഇപ്പോൾ എന്നെ വിട്ടു പോവുന്നില്ല. ഞാന്‍ അകലം പാലിക്കുമ്പോഴും അവന്‍ അടുത്തു തന്നെ നിൽക്കുന്നു. ഷെല്‍ബിക്കു എന്നോട് സ്നേഹമാണെന്നു എനിക്കു മനസ്സിലായി. വായിക്കുമ്പോള്‍, ടീവിയില്‍ വാര്‍ത്ത കാണുമ്പോള്‍, ഭക്ഷണം കഴിക്കാനിരിക്കുമ്പോഴെല്ലാം അവനെന്നെ വലംവെക്കുന്നു. അവന്റെ മൃദുവായ രോമവാലു കൊണ്ട് ഇടക്കെന്നെ തലോടുന്നു. അവനെന്നെ സ്‌നേഹിക്കുന്നു എന്ന അറിവില്‍ എന്റെ ഉള്ളിലുണ്ടായിരുന്ന ആശങ്ക ഇല്ലാതാവുകയും ഞങ്ങള്‍ കൂടുതൽ സ്‌നേഹത്തിലാവുകയും ചെയ്തു.

അവനും ഞാനും തമ്മിൽ അകന്നു കഴിഞ്ഞ കാലത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ എനിക്കിപ്പോൾ അവനോട് കുറച്ചു വാൽസല്യം തോന്നുന്നു. ഞാൻ നേരത്തെത്തന്നെ അവനെ ശ്രദ്ധിക്കാഞ്ഞതു മോശമായെന്നു തോന്നുന്നു. ഒരു ദിവസം കിടപ്പുമുറിയില്‍ ഞാനറിയാതെ കയറിയ അവന്‍ അതിന്റെ വാതിലു പൂട്ടിക്കളഞ്ഞു. വാതിലിലേക്കു ചാടി അവന്‍ ചില അഭ്യാസങ്ങള്‍ കാണിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതല്ല. ഞാന്‍ ഊണു കഴിക്കുകയായിരുന്നു. അതു കഴിഞ്ഞു വന്നപ്പോഴാണ് വാതിലു പൂട്ടിയതായി കാണുന്നത്. ഇതാരു പൂട്ടി, ഞാന്‍ മകളോടും ജോലിക്കാരിയോടും തിരക്കി. ഇവിടെ ആരെങ്കിലും വന്നോ..? ആരാണിതു പൂട്ടിയത്. നമ്മളൊക്കെ ഇവിടെ ഉള്ള ഇന്നേരത്ത് ഇവിടെ ആരെങ്കിലും വന്നോ... ഞങ്ങള്‍ പലതും സംശയിച്ചു. സംശയം കാരണം സിസിടിവി ചെക്കു ചെയ്തു. ആരും വന്നിട്ടില്ല. ഒടുവിൽ ഒരു കാർപന്ററെ വിളിച്ചു പൂട്ടുപൊളിച്ചു വാതില്‍ തുറന്നു അകത്തു കയറിയ ഞങ്ങളെ നോക്കി നില്‍ക്കുന്നു തോമസ് ഷെൽബി. വാതിലിന്റെ താക്കോല്‍തുളയില്‍ തന്നെയുണ്ടായിരുന്നു കീയിലെക്കു ചാടിക്കടിച്ചു വാതിലു പൂട്ടിയത് ഷെല്‍ബി തോംസാണ്..! കാർപന്റർ ഉറപ്പിച്ചു.

കിടപ്പു മുറിയില്‍ കയറരുതെന്നു ആജ്ഞാപിക്കുകയും കയറിയപ്പോഴെല്ലാം അവനെ ശകാരിക്കുകയും ചെറിയൊരു വടികൊണ്ട് അവനെ അടിക്കുമെന്നു ഭീണണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഞാൻ. അതിനിങ്ങനെ ഒരു പ്രതികാരം അവന്‍ ചെയ്യുമെന്നു ഞങ്ങള്‍ കരുതിയില്ല. വീട്ടില്‍ അതിഥികള്‍ ഉണ്ടായിരുന്ന ഒരു ദിവസം ഷെൽബിയെ കാണാതായി. വീടാകെ തിരഞ്ഞു. വീട്ടില്‍ വന്നവരും തെരച്ചിലില്‍ പങ്കുചേര്‍ന്നു. മകള്‍ പുറത്തുപോയ സമയവുമായിരുന്നു. അവളില്ലാത്ത നേരത്ത് അവനെ കാണാതായത് ഞങ്ങളുടെ അശ്രദ്ധ കൊണ്ടാണെന്ന പരാതി കൂടി കേള്‍ക്കേണ്ടി വരുമല്ലോ. ഞാന്‍ മകനെ വിളിച്ചു പൂച്ചയെ കാണാനില്ലെന്ന വിവരം പറഞ്ഞു. ഞങ്ങളുടെ വീടുള്ള കെട്ടിടമാകെ എല്ലാവരും അരിച്ചു പെറുക്കി. ആളുകൾ ഒന്നടങ്കം പൂച്ചയെ അന്വേഷിച്ചു. 

മകളും പൂച്ചയും തമ്മിലുള്ള സ്നേഹബന്ധം അറിയുന്ന എല്ലാവരും സങ്കടപ്പെട്ടു. ഒരിടത്തും അവനില്ല. എങ്ങോട്ടേക്കെങ്കിലും ഉള്ള അവന്റെ പൂച്ചനടത്തം ആരും കണ്ടിട്ടില്ല. മകനാവട്ടെ, മുമ്പ് പൂച്ച പോയിട്ടുള്ള ഒരു ഫ്‌ളാറ്റില്‍ പോയി വാതിലില്‍ മുട്ടി. അവിടെ ആളില്ലായിരുന്നു. മകള്‍ എത്തും മുമ്പേ പൂച്ചയെ കണ്ടുകിട്ടിയില്ലെങ്കില്‍ ഉള്ള ശകാരം അവനറിയാം. ഫ്‌ളാറ്റുകാര്‍ വാതില്‍ തുറക്കാത്തതാവും എന്നു കരുതി അവന്‍ വാതിലില്‍ ആഞ്ഞടിച്ചു. കലികൊണ്ടു പറ്റിയ അബദ്ധമാണ്. ഫ്‌ളാറ്റിന്റെ വാതിലു ഒരു ഭാഗം പൊട്ടിപ്പോയി. അതൊരു വലിയ ഗുലുമാലായി. വീട്ടിലേക്കു അതിക്രമിച്ചു കയറി എന്നു പറഞ്ഞു ഫ്‌ളാറ്റ് ഉടമ പൊലീസില്‍ പരാതി നല്‍കി. പൂച്ചയെ കിട്ടിയില്ല എന്നു മാത്രമല്ല, വീട്ടിലെ അഥിതികളും ഈ ബഹളത്തില്‍ പെട്ടു. അവർ വളരെ ദൂരെ നിന്നും വന്നവരായിരുന്നു. അതിനെല്ലാം പുറമെ മകനെ അന്വേഷിച്ചു പൊലീസ് വരാതെ നോക്കുകയും വേണം. ഒരു പൂച്ചയുണ്ടാക്കുന്ന പുകിലു കുറച്ചൊന്നുമല്ലല്ലോ എന്ന കോപവും എനിക്കുണ്ടായി. അഥിതികള്‍ പോയി, മകനോട് ദുബായിലേക്കു പോകാന്‍ പറഞ്ഞു. ഞാനൊറ്റക്കു അസ്വസ്ഥനായി ഇരിക്കുമ്പോള്‍ ഉണ്ട് പിറകില്‍ നിന്നൊരു വിളി. മ്യാവൂ. അവനപ്പോൾ മാവോയുടെ ക്രൗര്യം, ഗാന്ധിയുടെ ശാന്തത.

ഇപ്പോള്‍ അവനെ ഇഷ്ടമായപ്പോഴാണ് ഞാനിതെല്ലാം തിരിച്ചറിയുന്നത്. ഇഷ്ടമാണല്ലോ നമ്മുടെ കണ്ണു തുറക്കുക. അപ്പോഴാണല്ലോ, കാണാതെ വിട്ടുപോയതെല്ലാം നമ്മള്‍ കണ്ടു തുടങ്ങുക. ഞാന്‍ ഇഷ്ടപ്പെടാതിരുന്നപ്പോഴും അവനെന്നെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ സ്നേഹിക്കാതിരുന്നപ്പോഴും അവനെന്നെ സ്നേഹിച്ചിരുന്നു. സ്‌നേഹത്തിന്റെ കാര്യത്തിലും നമ്മള്‍ മനുഷ്യര്‍ക്കു മുന്‍വിധികളും അവിശ്വാസങ്ങളും ഉണ്ട്. ഓഫീസില്‍ നിന്നും വൈകി വരുമ്പോഴെല്ലാം ഷെൽബി വാതില്‍ക്കല്‍ നിന്നിരുന്നത് ഞാൻ ഓർമ്മിക്കുന്നു. എന്താ കുറച്ചു നേരത്തെ വന്നാല്‍, ഞാന്‍ എത്രനേരമായി കാത്തു നില്‍ക്കുന്നു എന്നൊരു മട്ടിലാവും അവന്റെ നില്പ്. അതു കാണുമ്പോള്‍ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു പൂച്ച എന്നു മാറ്റിപ്പാടാന്‍ യേശുദാസിനോടു ഇനി കാണുമ്പോൾ പറയണമെന്നു ഞാൻ വിചാരിക്കും.

ടീവിയിൽ ന്യൂസ് കാണാനിരിക്കുന്ന എന്റെയടുത്തു വന്നിരുന്നു ഒരു കാരണവരുടെ ഭാവത്തിലുള്ള അവന്റെ ടീവിയിലേക്കു നോക്കിയുള്ള ഒരിരിപ്പുണ്ട്. ഇത്രക്ക് അഹങ്കാരം വെണ്ട കേട്ടോ, ഞാന്‍ പറയും. അപ്പോഴൊന്നും ഞാനവനെ തീരെ വകവച്ചില്ല. ഇപ്പോൾ കാണാനാവാത്ത ഒരണു ഞങ്ങളെ വല്ലാതെ ഇണക്കിയിരിക്കുന്നു. അവനെന്നെ നോക്കുന്ന പോലെ ഞാൻ അവനെയും നോക്കുന്നു. ഞാന്‍ വല്ലതും വായിക്കുന്നേരം പുറത്തു കടലോരക്കാഴ്ചകളിലേക്കു നോക്കി അവനിരിക്കും. മുഖത്തു ആരെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരവും ആരെയോ കാത്തിരിക്കുന്നതിന്റെ നിഴലും കാണാം. പക്ഷേ, അവന്റെ കണ്ണുകളിലൊരിക്കലും അതൊന്നും തെളിയില്ല. രാത്രിയില്‍ അവന്റെ കണ്ണുകളിലെ തിളക്കത്തിനു എന്തോ പ്രത്യേകത ഉണ്ട്. അതു കണ്ടു ഞാന്‍ ഇപ്പോഴും ചകിതനാകുന്നു. മൂര്‍ച്ചയേറിയ കണ്ണുകള്‍. അത്രക്കു മൂര്‍ച്ചയുണ്ടോ അവന്റെ കണ്ണുകള്‍ക്ക്. ഒരു വൈദ്യുതി പ്രവാഹം, മിന്നല്‍ വെളിച്ചം. കണ്ണുകളിൽ നിന്നുതിരുന്ന ഈ മിന്നൽ പിണർ ഞാന്‍ മുമ്പും കണ്ടിട്ടുണ്ടല്ലോ...അകാലത്ത് എന്നെ വിട്ടുപോയ എന്റെ മകന്റെ കണ്ണുകളിലായിരുന്നല്ലോ അത്..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com