sections
MORE

നന്മവഴിയുടെ പാഠങ്ങൾ

PTI5_18_2018_000208A
SHARE

ദയ, വിനയം, സഹാനുഭൂതി തുടങ്ങിയ അടിസ്ഥാനമൂല്യങ്ങൾക്ക് വേണ്ടത്ര ഗൗരവം നൽകാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്.നമുക്കു മുന്നിൽ തുറന്നുവച്ചിട്ടുള്ള മാധ്യമങ്ങളിലൂടെ സ്വാർഥതയും ധിക്കാരവും നിറഞ്ഞ സ്വഭാവങ്ങളാണ് വാഴ്ത്തപ്പെടുന്നത്. നിത്യജീവിത സമ്മർദ്ദങ്ങളിൽ മുഴുകുമ്പോൾ സാധാരണക്കാർക്ക് ജീവിതത്തിന് ഒരു ലക്ഷ്യം രൂപപ്പെടുത്താനും കഴിയാതെ പോകുന്നു. ഇന്നത്തെ മനുഷ്യനെ വരിഞ്ഞുമുറുക്കിയിട്ടുള്ള അരക്ഷിതാവസ്ഥയും ഈ ലക്ഷ്യവ്യതിചലനത്തിന് കാരണമാകുന്നുണ്ട്. ഓരോരുത്തരും അവനവനിൽനിന്നുതന്നെയാണ് നന്മയുടെയും സമന്വയത്തിൻറെയും വേരുകൾ കണ്ടെത്തേണ്ടത്.

നന്മയാണ് വിജയത്തിലേയ്ക്കും ആനന്ദത്തിലേയ്ക്കുമുള്ള ആദ്യചുവട്.ഇക്കാര്യത്തിൽ മതം നല്ലൊരു മാർഗ്ഗദർശിയാണ്. ആത്യന്തികമായി സ്വയം നിർമ്മിക്കുന്ന ആദർശമാനദണ്ഡങ്ങൾക്കു തന്നെയായിരിക്കണം പ്രാധാന്യം കൽപിക്കേണ്ടത്.നിങ്ങൾ എങ്ങനെ പരിഗണിക്കപ്പെടണം എന്നാഗ്രഹിക്കുന്നുവോ അതേ പരിഗണനയും സ്നേഹവായ്‌പും മറ്റുള്ളവർക്കും നൽകുക എന്നതാണ് നന്മയിലേയ്ക്കുള്ള ഏറ്റവും എളുപ്പമായ ഒരു മാർഗ്ഗം. നിങ്ങൾക്കു മുൻപ് മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുക. നാം ചെയ്യുന്ന ചെറുചെറുകാര്യങ്ങൾക്കുപോലും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കരുത്തുണ്ട്. നമ്മുടെ ദൃഷ്ടിയിൽപ്പെടാത്തവരെപ്പോലും വിശ്വസിക്കുക എന്നത് അത്ര സുഖകരമല്ലാത്തതുകൊണ്ട് നല്ലവനായിത്തീരുക ശ്രമകരംതന്നെ.

വംശവിരോധം വർജ്ജിക്കണം.സകലരും സമത്വവും സമാദരവും സാഹോദര്യവും അർഹിക്കുന്നുണ്ട്. വർണ്ണ, ലിംഗ, ശാരീരിക, മാനസിക, മതഭേദങ്ങൾ തിരിച്ചറിവിനും വേർതിരിച്ചു കാണുന്നതിനും ഒരിക്കലും കാരണമാകരുത്. ദോഷൈകദൃക്കാവാതിരിക്കുക. ആദരം ആദ്യം നിങ്ങൾ ബോധ്യപ്പെടുത്തണം. പ്രതികരണങ്ങൾ ഒരാളുടെ പ്രവൃത്തിയുടെ പ്രതിഫലനങ്ങളായിരിക്കും. കൊടുത്താൽ കൊല്ലത്തും കിട്ടും. സൗമ്യനും സമാദരണീയനും ആകുക.താണ നിലത്തേ നീരോടൂ. വിശ്വാസ്യത സമ്മതിക്ക് അത്യാവശ്യമാണ്. ദുഷ്ടനാകുന്നതിനേക്കാൾ കഷ്ടമാണ് ശിഷ്ടനാകുക എന്ന കാര്യം മറക്കാതിരിക്കുക. ഒറ്റയ്ക്കായാൽപ്പോലും നീതിക്കൊപ്പം മാത്രം നിലയുറപ്പിക്കുക.

താഴ്ത്തിക്കെട്ടാൻ ആളുകൾ ശ്രമിക്കുമ്പോഴും സംയമനം വിട്ട് ചാടിക്കേറി പ്രതികരിക്കാതിരിക്കുക.ഒരു മന്ദസ്മേരംകൊണ്ട് അതിനെ നേരിട്ട് അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതിൽ ക്ഷമാപണം നടത്തുക. തീർച്ചയായും അതിന്റെ ഗുണം നിങ്ങളെ തേടിയെത്തും. പരിതസ്ഥിതി കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ കാണിച്ച പക്വതയും മാന്യതയും സമൂഹത്തിൽ നിങ്ങൾക്കുള്ള പരിഗണനയും വിശ്വാസ്യതയും വർദ്ധിപ്പിക്കും. ശത്രുക്കൾപോലും നിങ്ങളെ ആക്രമിക്കാൻ ഒന്നു മടിക്കും. അവനവനോടും മറ്റുള്ളവരോടും സത്യസന്ധത പാലിക്കുക.മറക്കരുത്. ആനന്ദം ആത്മാവിന്റെ ഒരവസ്ഥ മാത്രമാണ്. മനോനിയന്ത്രണത്തിലൂടെ ആനന്ദത്തിന്റെ പക്ഷം ചേർന്ന് നിങ്ങൾക്കൊപ്പം മറ്റുള്ളവരെയും ശുഭാപ്തിവിശ്വാസത്തിലേയ്ക്ക് നയിക്കുക.

മൂത്തവർ വാക്കും മുതുനെല്ലിക്കയും കൈക്കൊള്ളേണ്ടതുതന്നെയായാണെന്ന് പ്രവർത്തിച്ചു കാണിക്കുക. മാതാപിതാക്കൾക്കും മുതിർന്നവർക്കും എപ്പോഴും കാതു കൊടുക്കുക. അനുഭവപാഠങ്ങൾ ധാരാളം ആർജ്ജിച്ചിട്ടുള്ള അവർ ജീവിതത്തിന് എപ്പോഴും വഴികാട്ടികളാണെന്ന കാര്യം സദാസമയം ഓർക്കുക. നിങ്ങൾ മാതൃകയാക്കുന്നവരുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുക. ചരിത്രം അടി പതറാതിരിക്കാൻ നമുക്കു കിട്ടിയിട്ടുള്ള അഭ്യാസങ്ങളാണെന്ന് എപ്പോഴും മനസിലാക്കുക. തെറ്റുകൾ തിരുത്തി ജീവിതത്തിൽ മുന്നേറാൻ മറ്റുള്ളവരുടെ ജീവിതപാഠങ്ങൾ നമ്മെ സഹായിക്കുകതന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA