ADVERTISEMENT

ഉമ്മ മരണപ്പെടുമ്പോൾ ഉമ്മയുടെ കൈവിരലുകളോട് ചേര്‍ന്ന് 'ദിക്റുണ്ട' ഉണ്ടായിരുന്നു. ദിക്റുണ്ട എന്താണെന്ന് പലര്‍ക്കും മനസ്സിലായിക്കാണില്ല.. പ്രായമായവര്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോൾ കൃത്യമായ ഒരു കണക്ക് കിട്ടുന്നതിനായി ഉപയോഗിക്കുന്ന തസ്ബീഹ് മാലയും കൊന്തയുംപോലെ തന്നെ ഉമ്മ വളരെ പ്രധാന്യത്തോടെ കൊണ്ടുനടന്നിരുന്ന ഒന്നായിരുന്നു ദിക്റുണ്ട. കൗണ്ടിങ് മെഷീന്‍ അഥവാ ഞെക്കടിയന്ത്രം എന്നൊക്കെ പറയാം. ഗൾഫില്‍ നിന്നും വരുന്ന മക്കളോട് ഉമ്മ ദിക്റുണ്ടയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. പലപ്പോഴും അതിശയിച്ചിട്ടുണ്ട് ഉമ്മാക്ക് എന്തിനാണ് ഇത്രയധികം ദിക്റുണ്ടകളെന്ന്. പിന്നീടാണ് മനസ്സിലായത് മദ്രസ്സയിലെ അധ്യാപകര്‍ക്കും ഉച്ചഭക്ഷണത്തിനായ് വരുന്ന മോയില്യാര്‍കുട്ടിക്കും ബന്ധുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കും സമ്മാനമായി കൊടുക്കുവാനായിരുന്നു ഈ ദിക്റുണ്ടകള്‍ പ്രത്യേകം ഉമ്മ പറഞ്ഞു വരുത്തിയിരുന്നത്.. 

അവധി നാളുകളില്‍ ഉമ്മയോട് ചേര്‍ന്ന് കിടക്കുമ്പോഴും സംസാരങ്ങള്‍ക്കിടയില്‍ അറിയാതെ ഉമ്മയുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ എന്തോക്കെയോ ഉരുവിടുന്നത് കേള്‍ക്കാം. മക്കള്‍ക്ക് വേണ്ടി നിയ്യത്ത് (കരുതല്‍) ചെയ്ത നാരിയത്തു സ്വലാത്തും മറ്റ് പ്രാര്‍ഥനാമന്ത്രങ്ങളും ആയിരുന്നു ഉമ്മയുടെ ചുണ്ടുകള്‍ ഉരുവിട്ടിരുന്നത്. ആ ദിക്റുണ്ടയ്ക്കു എപ്പോഴും  ഉമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. മഹത്വപ്പെടുത്തുക, സ്മരിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക എന്നിങ്ങനെയാണ് ദിക്റു എന്ന അറബിക് ഭാഷാര്‍ഥം. സമാധാനവും സ്വസ്ഥതയും നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും ദൈവീക ചിന്തകള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനും മുതിര്‍ന്നവര്‍ വളരെ പ്രധാന്യത്തോടെ കൂടെ കൊണ്ടുനടക്കുന്ന ഒരു അനുസാരരണിയാണ് ദിക്റുണ്ട.   

tasbeeh-beads-2

പതിമൂന്നു കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍  പ്രാര്‍ത്ഥനയ്ക്കായുള്ള സമയം എത്രമാത്രം ഉമ്മയ്ക്ക് കൈവന്നിരുന്നു എന്നറിയില്ല. ഉമ്മ പറഞ്ഞിട്ടുണ്ടു മക്കളെ നോക്കുന്നതിനിടയില്‍ അല്ലാഹുവിനോടു അടുക്കാനുള്ള സമയം എനിക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല.  കൗമാരകാലത്ത് ഏറ്റവും സമാധാനം കിട്ടിയിരുന്ന ഒരു കാഴ്ചയായിരുന്നു നോമ്പു തുറന്നതിന് ശേഷം  വെള്ളവസ്ത്രധാരിയായ ഉമ്മയുടെ മടിയില്‍ തലചായ്ച്ചങ്ങനെ കിടക്കുന്നത്..  ഉമ്മ ചൊല്ലി വെച്ച ദിക്റുണ്ടയില്‍ ഞാന്‍ പതുക്കെ ഞെക്കി നോക്കും. ഒരിക്കല്‍ ഉമ്മ  ചൊല്ലിവെച്ചിരുന്ന ദിക്റുകള്‍ അറിയാതെ ഞാന്‍ മായ്ച്ചുകളഞ്ഞു. മോനേ അതില്‍ തൊടല്ലേ എന്നു പറഞ്ഞ് ഭക്തിപൂര്‍വം വാങ്ങി വയ്ക്കുമ്പോള്‍ ഉമ്മയുടെ മുഖത്ത് പ്രസരണമായിരുന്ന ആത്മീയ ചൈതന്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ആ മുഖത്തെ പ്രകാശം മാറ്റാരിലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ദിക്റുണ്ടകള്‍ വ്യാപകമാകുന്നതിന് മുന്പ് ഉമ്മ ഉപയോഗിച്ചിരുന്നത് ഫ്ലൂറസന്റ് നിറമുള്ള തസ്ബീഹ്  മാലയായിരുന്നു. ഏത് ഇരുട്ടിലും ആ തസ്ബീഹ് മാല പ്രകാശം ചൊരിഞ്ഞിരുന്നു. ഉമ്മ അറിയാതെ ഞങ്ങള്‍ കുട്ടികള്‍ അതെടുത്ത് കളിക്കുമായിരുന്നു. ഇന്ന് ഏതൊരു മുസ്ലിം വീടുകളിലും പരതിയാല്‍ അലമാരകളുടെ ഏതെങ്കിലുമൊരു കോണില്‍ കാണാം..ആത്മീയതയുടെ കരസ്പര്‍ശം കൊതിച്ച് ഇങ്ങനെ കുറെ ദിക്റുണ്ടകളുടെ മൗനഭാഷണം... ആത്മീയതയുടെയും ഭൗതികതയുടെയും ഇടയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആ ദിക് റുണ്ടായിൽ വിരലുകള്‍ ചേര്‍ക്കും...ഒരു സംഗീതജ്ഞന്‍ അവനേറ്റവും ഇഷ്ടമുള്ള സംഗീതോപകരണത്തിൽ വിരല്‍ ചേര്‍ക്കുന്നതു പോലെ ആത്മീയതയുടെ തന്ത്രികളില്‍ വിരലുകള്‍ പായിക്കും.   

ഉടനെയൊന്നും ഉമ്മ മരിച്ചു പോകില്ല എന്നായിരുന്നു എല്ലാവരെയും പോലെ ഞങ്ങളും വിശ്വസിച്ചിരുന്നത്. ഓരോ മനുഷ്യരുടെയും ചിന്തയും വിശ്വാസവും അങ്ങനെ തന്നെയാണ്. ചെരുപ്പിന്റെ വാര്‍ എത്രമേല്‍ നമ്മുടെ കാലുകളുമായി ചേര്‍ന്നു നില്‍ക്കുന്നുവോ അത്രമാത്രം മരണം നമ്മോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട്. മരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റൊന്നും ചെയ്യാന്‍ തോന്നില്ല. എന്തിനു ജീവിക്കുന്നു എന്ന തോന്നല്‍ നിരന്തരം ചിന്തകളെ പ്രഹരമേല്‍പ്പിക്കും. അപ്പോള്‍ സൗഹൃദങ്ങളും ബന്ധങ്ങളും ഉപേക്ഷിച്ച് ഏകാന്തതയുടെ തീരങ്ങള്‍ തേടിപ്പോകാന്‍ കൊതിയാകും..

പക്ഷേ അതൊക്കെ കുറച്ചു നേരത്തേക്കേ ഉണ്ടാകൂ. വീണ്ടും ഭൗതികതയുടെ അതിപ്രസരത്തിലേക്ക് നടന്നടുക്കും. ബ്രാഹ്മിൺ മൊഹല്ല എന്ന നോവലില്‍  ഷമീം അഹ്മദ് എന്ന കഥാപാത്രം  ഉമ്മയെ കുറിച്ച് ഓര്‍ക്കുന്നുണ്ട്.. അതൊക്കെ യഥാര്‍ഥ്യങ്ങളാണ്... അതില്‍ മാത്രം സങ്കല്പങ്ങളുടെ മേമ്പൊടികള്‍ ലവലേശമില്ല... എല്ലാം സത്യങ്ങള്‍... മരിച്ചു പോയാലും അങ്ങനെ ഒരുമ്മ മനസ്സില്‍ ഉള്ളത് ഒരു ശക്തിയാണ്... അതേ ദിക്റുണ്ടകളുമായി ശൂന്യതയിലേക്കെന്ന പോലെ കോലായിയില്‍ മക്കളെ കാത്തിരിക്കുന്ന ഉമ്മയോര്‍മ്മകള്‍ പതിനാലാം രാവുപോലെ എല്ലാവരിലും തെളിഞ്ഞു നില്‍ക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com