ADVERTISEMENT

കാൽഗരിയിൽ പ്രഭാതങ്ങൾ വിരിയുന്നത് നനുത്ത കുളിർമയുള്ള സൂര്യരശ്മികൾ എന്റെ ബെഡ്റൂമിന്റെ കട്ടിയുള്ള നീല കർട്ടനുകളെ കീറിമുറിച്ചു കൊണ്ടാണെന്ന് എന്നും ഓർക്കാറുണ്ട്. കട്ടിയുള്ള ഡ്രെയ്‌പുകൾ വകഞ്ഞുമാറ്റി വെറുതെ നോക്കി നിൽക്കാൻ സുഖമാണ്. കാണാവുന്നത്ര ദൂരെവരെ മഞ്ഞിന്റെ നേർത്ത പുതപ്പിനുള്ളിൽ നഗ്നയായി ഉറങ്ങിയെഴുന്നേൽക്കുന്ന നഗരസുന്ദരി. അങ്ങ് ദൂരെ ഉയർന്നുനിൽക്കുന്ന കാൽഗരി ടൗവറിനെ മൂടൽ മഞ്ഞിനിടയിലൂടെ നോക്കിനിൽക്കുമ്പോൾ നേരിയ ഏകാന്തതയുടെ വിഹ്വലത മനസ്സിനെ വേട്ടയാടാറുണ്ടായിരുന്നു. എങ്കിലും ശാന്തതയിൽ നിമഗ്നമായ ഈ നോക്കിനിൽപ്പിൽ പലപ്പോഴും കൂട്ടിനായി ഓടിയെത്താറുള്ള ഗതകാലസ്മരണകൾ തഴുകിത്തലോടി സുപ്രഭാതങ്ങളെ ആസ്വാദ്യകരമാക്കിയിരുന്നു.റിട്ടയർ ചെയ്തിരിക്കുമ്പോൾ ഉണർവേകാൻ ഇത്രയും അനുഭവങ്ങളും സ്മരണകളും കൂട്ടിനുണ്ടെന്ന് ഓർത്തിരുന്നില്ല.

പതിവിനു വിപരീതമായി ഫോൺ അടിച്ചപ്പോൾ അത്ഭുതമായിരുന്നു. ആരാണപ്പാ ഇത്രയും കാലത്തെ എന്നെ വിളിക്കാൻ എന്ന ചിന്തയോടെ ഫോൺ കാതോടടുപ്പിക്കുമ്പോഴേക്കും “ഹലോ ഗുഡ് മോർണിങ് അല്ലെ, ഇത് മേടയിലെ ആലീസ് തന്നെയല്ലേ“ അസാധാരണമായ ഒരു ചോദ്യമായിരുന്നു ഫോണിലൂടെ കേട്ടത്.

“യേസ് ഗുഡ് മോർണിങ്, മേ ഐ നോ ഹൂ ഈസ് കോളിംഗ്” എന്നാണ് എനിക്ക് തിരിച്ചു ചോദിക്കാൻ തോന്നിയത്.

“ ഹോ ആശ്വാസമായി, ഞാൻ പഴയ ഒരു ബാല്യകാല പരിചയക്കാരൻ ആണേ … പീ എം എന്ന് നിങ്ങൾ കളിയാക്കി പറയാറുണ്ടായിരുന്ന.. പൊടിമീശക്കാരൻ ടോമിച്ചൻ” 

“ഓ മൈ ഗോഡ്”, എന്റെ സർവ്വ നാഡീഞരമ്പുകളും വിജൃംഭിച്ചു. രോമകൂപങ്ങൾ സടകുടഞ്ഞ് എന്തോ അനിർവചനീയമായ അനുഭൂതിയിൽ എന്നെ വികാര തരളിതയാക്കുന്നത് ഞാനറിഞ്ഞു. ഒന്നും പറയാനാവാതെ,  ബാല്യത്തിലൂടെ കൗമാരത്തിലേക്ക് കുസൃതിയുടെ ചിന്തകൾക്ക് മനസ്സ് വഴിമാറിപ്പോയി.

ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും പൊട്ടിച്ചിരിയുടെ ചോദ്യം“ അയ്യോ എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു”

“ ടോമിച്ചാ, ഞാൻ പെട്ടെന്ന് ഈ പേര് കേട്ടപ്പോൾ സന്തോഷവും അത്ഭുതവും കാരണം ഷോക്ക് അടിച്ച പോലെ ആയിപ്പോയി, ഐ ആം സോറി “

“ എന്നാൽ കേട്ടോളു, ഞാൻ നിങ്ങളുടെ മഹാരാജ്യത്തിൽ വന്നെത്തിയിരിക്കുന്നു. എന്റെ സഹോദരിയുടെ മകൾ ആൻസി, ഇവിടെ വാൻകൂവറിൽ … അവളുടെ കല്യാണം അടുത്ത തിങ്കളാഴ്ചയാണ്. രണ്ടാഴ്ച കഴിഞ്ഞു ഞാൻ നാട്ടിലേക്ക് തിരിച്ചുപോകും. അതിനിടയിൽ കാനഡയിൽ എന്റെ കൂടെ പഠിച്ച ഒരു ആലീസ് ഉണ്ടെന്ന് ഞാൻ അവളോട്  പറഞ്ഞിരുന്നു. വിവരങ്ങൾ വിശദമായി കേട്ടപ്പോൾ, അത് കണിശമായും അവളെ സെന്റ്‌ മേരീസ് യൂണിവേഴ്‌സിറ്റി കോളേജിൽ പഠിപ്പിച്ച ആലീസ്‌ മാഡം തന്നെയെന്ന് അവളാണ് ഉറപ്പിച്ചു പറഞ്ഞത്. അവൾ ആരൊക്കെയോ വിളിച്ചു തപ്പിപ്പിടിച്ചു ഈ നമ്പർ എന്നെ ഏൽപ്പിക്കുമ്പോഴേക്കും എന്റെ സന്തോഷം പറയാനുണ്ടോ?.” ടോമിച്ചൻ എന്ന തന്റെ ബാല്യകാല സുഹൃത്ത് തന്റെ  അടുത്തു നിന്നുകൊണ്ട് ചോദിക്കുമ്പോലെ തോന്നി. 

“ നമ്മള് തമ്മിൽ കണ്ടിട്ട് കുറഞ്ഞത് അമ്പത് വർഷമെങ്കിലും ആയില്ലേ ടോമിച്ചാ?” ഓർമ്മയുടെ ഏടുകളിലൂടെ ഞാൻ അന്നത്തെ ഗ്രാമശാലീനതയിലേക്ക് അറിയാതെ വഴുതിവീണുപോയിരുന്നു.

“ ഇനി കൂടുതൽ ഒന്നും പറയേണ്ട, രണ്ടാഴ്ചക്കകം ഞാൻ ഫ്‌ളൈറ്റ് പിടിച്ചു കാൽഗരിയിൽ വന്നെന്റെ ആലീസിനെ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ. ഏതാണ്ട് ഒന്നര മണിക്കൂർ മഞ്ഞു മേഘങ്ങളിലൂടെ ഊളിയിട്ട്  ഞാൻ പറന്നെത്തും . ഒരു കാര്യം ചെയ്യ്‌, മാഡത്തിന്റെ ഇമെയിലും അഡ്രസ്സും ഈ ഫോണിലോട്ട്  ഒന്ന് ടെക്സ്റ്റ് ചെയ്‌തേക്കു”

“ അതെങ്ങനാ ശരിയാവുന്നേ, ഞാൻ എയർപോർട്ടിൽ വന്നു പിക് ചെയ്യാം, പക്ഷേ എന്നെ കണ്ടാൽ ടോമിച്ചൻ തിരിച്ചറിയുമോ, ഫോട്ടോ കൂടെ അയക്കണോ” ഞാൻ സന്തോഷത്തിൽ മതിമറന്നു ചോദിച്ചു.

“ ഫോട്ടോയൊന്നും അയക്കേണ്ട, എത്ര യുഗങ്ങൾ പോയാലും എന്റെ ആ പഴയ പാവാടക്കാരിയുടെ ചിരിക്കുന്ന മുഖം എന്റെ ഹൃദയത്തിലുണ്ടെന്നേ ….. പോരാഞ്ഞിട്ട് ഇടത്തെ കവിളിലെ മറുക് ഇപ്പോഴും ഇല്ലേ അതു മതി, വന്നു കണ്ടിട്ടേ ഇനി ഞാൻ നാട്ടിലേക്കുള്ളു.” പറഞ്ഞുകൊണ്ട് ചിരിച്ചത് ഞാനറിഞ്ഞു.

“ പൊടിമീശേ, താനിത്രയും റൊമാന്റിക് ആയിരുന്നെന്നു ഒരു സൂചന പണ്ടേ കിട്ടിയിരുന്നെങ്കിൽ ….” ബാക്കി പറയാൻ കൊതിച്ചെങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി.

“ബാക്കിയൊക്കെ അവിടെ വന്നിരുന്നിട്ടു നമുക്ക് സ്വസ്ഥമായിട്ടു പങ്കിട്ടിട്ടു  പിറ്റേ ദിവസമേ ഞാൻ തിരിച്ചു പോരുന്നൊള്ളു പോരേ ..

ഇവിടെ ഏതോ കൊറോണാ എന്ന അസുഖം പടരുന്നതിനാൽ ഫ്‌ളൈറ്റ് പ്രശ്നമാകാതിരുന്നാൽ മതിയായിരുന്നു. ഓക്കേ ഞാൻ വരുന്ന സമയം അറിയിക്കാം, തത്കാലം ഫോൺ വെക്കട്ടെ”  ടോമിച്ചൻ അത്രയും പറഞ്ഞപ്പോഴേക്കും, താമസിയാതെ ഇവിടെ വന്നെത്തുമെന്നും, വന്നാൽ മുട്ടിയുരുമ്മിയിരുന്നു സ്മരണകളെ താലോലിച്ചു പലതും പറയാമല്ലോ എന്നോർത്തപ്പോൾ, പണ്ട് നാട്ടിലെ അപ്പർ പ്രൈമറിയിൽ പഠിച്ച തൊട്ടാവാടി പെൺകുട്ടിയായി. തലമുടി രണ്ടായി പിന്നിയതിൽ വല്യമ്മച്ചിതന്നെ റോസ് റിബ്ബൺ കെട്ടി..” അടങ്ങിയൊതുങ്ങി പോണേ മോളേ” എന്ന വാണിങ്ങും കേട്ട് പുസ്തകവും സ്റ്റീൽ ടിഫിൻ പാത്രവും മാറോടു ചേർത്തു കുടയും ആട്ടി സ്‌കൂളിലേക്ക് പോകുന്ന ആലീസ് ആയി മാറിയെന്നു തോന്നി .

വർഷങ്ങൾക്കുമുൻപ് മധ്യവേനൽ അവധികഴിഞ്ഞു, ഞാൻ ആദ്യമായി ഹാഫ് സാരിയും ചുറ്റി തേർഡ്‌ഫോമിൽ പോകുന്ന ഇടവഴിയിൽ നിന്ന ടോമിച്ചനെ കണ്ടപ്പോൾ എനിക്ക് നാണമായിരുന്നു. സ്‌കൂൾ യൂണിഫോമായ ചെറിയ കളംകളം ചെക്ക്ഷർട്ടും കടുംനീല നീക്കറുമിട്ട് പുസ്തകകെട്ടുമായി ഇന്നവനെ കണ്ടപ്പോൾ കഴിഞ്ഞ വർഷം കണ്ടതിനേക്കാൾ സ്വല്പം കൂടെ പൊക്കം വെച്ച് സുന്ദരനായിരിക്കുന്നതുപോലെ തോന്നാതിരുന്നില്ല.

“അവധിക്കാലത്ത് ആലീസ് ഇവിടെങ്ങും ഇല്ലായിരുന്നോ, കണ്ടില്ലല്ലോ” ഒരുമിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ ടോമിച്ചൻ ചോദിച്ചു.

“ അമ്മ വീട്ടിൽ പോയിരുന്നു, അവിടെ അങ്കിൾ വന്നപ്പോൾ ബാംഗ്ലൂരിൽ കൊണ്ടുപോയി, ഇന്നലെ തിരിച്ചു വന്നതേയുള്ളു” ഞാൻ അറിയാതെ വാചാലയായി. “ എന്നാ രസവാരുന്നെന്നോ അവിടെ” 

തിരിഞ്ഞുനോക്കിയപ്പോൾ ഹെഡ്‌മാസ്റ്റർ എബ്രഹാം സാർ വേഗം കുടയും ചൂടി വരുന്നത് കണ്ടിട്ടാവണം “ബാക്കി പിന്നെപ്പറഞ്ഞാൽ മതി” എന്നു  പറഞ്ഞുകൊണ്ട് ടോമിച്ചൻ വേഗം നടന്നുപോയി. പോകുന്നതിനിടയിൽ, സ്വതവേ നാണംകുണുങ്ങിയായ പൊടിമീശക്കാരൻ പറഞ്ഞിട്ട് പോയത് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.

“ ഈ ഹാഫ്സാരിയും പുള്ളിപ്പാവാടയും തന്നെ സുന്ദരിക്കുട്ടിയാക്കിയിട്ട് ഉണ്ട് കേട്ടോ ..” 

പിന്നെ പലപ്പോഴും കാണാൻ കൊതിച്ചെങ്കിലും, ഒളികൺ നോട്ടത്തിലും ചെറുപുഞ്ചിരിയിലും അടങ്ങിയൊതുങ്ങിയതായിരുന്നു അന്നത്തെ ആ സൗഹൃദം. ആ സൗഹൃദങ്ങൾ നിസ്വാർത്ഥമായ ഹൃദയബന്ധങ്ങളിൽ പ്രണയാദ്രമാകാൻ മനസ് തുടിച്ച ചില രാവുകളും ഉണ്ടായിരുന്നു.

സന്ധ്യാമേഘങ്ങളുടെ ശോണിമക്കിടയിലൂടെ മഴവില്ലിന്റെ നിറഭേദങ്ങൾ വിരിഞ്ഞു മായുമ്പോൾ, ജീവിതത്തിൽ അപൂർവ്വരാഗങ്ങൾ മീട്ടാൻ  കൊതിച്ചിരുന്നുവെന്നത് വാസ്തവമാണോ എന്ന് ഇന്നിപ്പോൾ നിശ്ചയമില്ല.

തേർഡ് ഫോമിലെ പരീക്ഷകൾ കഴിഞ്ഞു. തുള്ളിച്ചാടി നടന്നിരുന്ന അതേ  ഇടവഴികളിൽ പിന്നീട് ആ പൊടിമീശക്കാരനെ കാണാനോ കൊച്ചുവർത്തമാനം പറയാനോ അധികം അവസരങ്ങൾ  കിട്ടിയില്ല. ഹൈസ്‌കൂൾ സൗകര്യങ്ങൾ അന്ന് മൂന്നു മൈൽ അകലെയായിരുന്നതിനാൽ എന്റെ തുടർന്നുമുള്ള പഠിപ്പുകൾ ദൂരെയുള്ള അമ്മവീട്ടിൽ നിന്നായിരുന്നു.

പലപ്പോഴും “ടോമിച്ചാ” എന്ന ആ പേര് ഒരിക്കൽ കൂടി വിളിക്കണമെന്ന് തോന്നിയിരുന്നു അത്ര തന്നെ. ഇനിയൊരു ബാല്യവും നിന്നോടൊത്തൊരെൻ കൗമാരവും അതിമോഹം മാത്രമായിരിക്കാം, പൂർത്തീകരിക്കാനാവാത്ത  കഥകളായി.

വന്നുകഴിഞ്ഞു, പോകുന്നതു വരെ മുട്ടിയിരുന്നു കൊണ്ടു തന്നെ, പണ്ട് പറയാൻ വെമ്പിയതും മറന്നതും എല്ലാം വെറുതെ പറഞ്ഞു ചിരിച്ചിരിക്കണം, ഇഷ്ടമുള്ളതെന്തും വിളമ്പിക്കൊടുക്കണം; അങ്ങനെ പഴയ സുഹൃത്തിനെ വീണ്ടും ഒരിക്കൽ കാണാമെന്നുള്ള സുന്ദര ചിന്തകളോടെ, പത്തു ദിവസ്സങ്ങൾ വേഗം കടന്നു പോവുകയായിരുന്നു.

.  *.  *.  *.  * *. * *. *. .  *.  *.  *.  * *. * *. *.

സാധാരണ രാത്രിയിൽ ഉറങ്ങാൻ പോകുന്നതു മുൻപായി ഫോൺ ഓഫ് ചെയ്തു ചാർജറിൽ കുത്തിവയ്ക്കുന്നതായിരുന്നു പതിവ്. പക്ഷെ ഈയിടെ എന്തോ ഓഫ് ചെയ്തു വയ്ക്കാറില്ലായിരുന്നു.

രാത്രിയുടെ ഏകാന്തതയിൽ, നിദ്രാദേവിയുടെ പരിരംഭണത്തിൽ ഗാഢനിദ്രയിൽ ആയിരുന്നതിനാൽ, ആദ്യം ഫോൺ ബെല്ലടിച്ചപ്പോൾ, അത്ര ഗൗനിച്ചില്ല. പക്ഷെ വീണ്ടും നിർത്താതെ ബെല്ലടി തുടർന്നപ്പോൾ, ഉപബോധമനസ്സിൽ അറിയാതെ എന്തോ ആകാക്ഷയും ഭയവും ഉരുത്തിരിഞ്ഞു.

“ ഹലോ ആലീസ് ആന്റിയല്ലേ....സോറി….  ഞാൻ വാൻകൂവറിൽനിന്നും ആൻസി ആണ്.. മിഡ് നൈറ്റിൽ വിളിച്ചുണർത്തിയതിൽ സോറി,..ആന്റി”

“ ഇറ്റ് ഈസ് ഓക്കേ ആൻസി …...എന്തുണ്ട് വിശേഷങ്ങൾ?” അത്രയും ചോദിച്ചപ്പോഴേക്കും ഫോണിൽ അങ്ങേത്തലക്കൽ ഒരു വിങ്ങിപ്പൊട്ടൽ ആയിരുന്നു കേട്ടത്. ആരുടെയൊക്കെയോ അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ, ഒരു പഴുതാരയുടെ ഇഴഞ്ഞു കയറ്റംപോലെ ഭീതിയുടെ വീചികൾ ആയി എന്റെ മസ്തിഷ്കത്തെ വരിഞ്ഞുമുറുക്കി.

“ ആന്റീ, ഒരു സാഡ് ന്യൂസ് പറഞ്ഞോട്ടെ.. ടോമിച്ചൻ അങ്കിൾ ഈസ് നോ മോർ… രണ്ടു ദിവസം മുമ്പ് പനിയായിട്ടു ഹോസ്പിറ്റലിൽ ചെന്നപ്പോൾ കോവിഡ് ആണെന്ന്..പറഞ്ഞു വിട്ടതായിരുന്നു..രണ്ടു മണിക്കൂർ മുൻപ് ബ്രീത്തിങ് ബുദ്ധിമുട്ടായി…ബോധം നഷ്ട്പ്പെടുകയും ചെയ്തു. ഇന്നലെയും ആന്റി …...എന്നോട് പറഞ്ഞിരുന്നു രണ്ട് ദിവസം കഴിഞ്ഞു കാൽഗരിയിൽ പോയി ആലീസിനെ കാണാനുള്ളതാണെന്ന് ….” പിന്നീട് അവൾ പറഞ്ഞതൊന്നും കേൾക്കാൻ എനിക്ക് ത്രാണിയില്ലായിരുന്നു.

ഇവിടെ വന്നു കാണുമ്പോൾ ടോമിച്ചനെ ഒന്ന് ഹഗ്ഗ് ചെയ്യുമ്പോൾ ഒരുപക്ഷെ എന്റെ കണ്ണിൽ നിന്നും ഉതിരാമായിരുന്ന ആനന്ദാശ്രുക്കൾ, അപ്രതീക്ഷമായ ദുഃഖവാർത്തയിൽ, എന്റെ പൊട്ടിക്കരച്ചിലായി, ഒരു ചൂടുകണ്ണീർ പ്രവാഹമായി എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. എന്റെ നാഡീഞരമ്പുകൾ ബലഹീനമായി....ഫോൺ അറിയാതെ കയ്യിൽനിന്നും വീണുപോയി.....

“ഒന്ന് കാണാനോ ഒരു അന്ത്യചുംബനം പോലും നൽകാൻ എന്നെ അനുവദിച്ചില്ലല്ലോ…ടോമിച്ചാ” മരവിച്ച ഹൃദയവുമായി ഏങ്ങലടിച്ചു കൊച്ചു കുഞ്ഞിനെപ്പോലെ, ബെഡിലേക്കു മറിഞ്ഞു വീഴുമ്പോൾ എന്റെ ഗദ്ഗദം ഒരു വിതുമ്പലിൽ ഒതുങ്ങി.

"എന്റെ ടോമിച്ചന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം”

ഇനി  നീയെന്നും എന്റെ  ഹൃദയത്തിൽ ജീവിക്കും, ഗുഡ് ബൈ, എന്റെ പൊടിമീശക്കാരാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com